നുണ പറയുന്നത് ഒരു വലിയ ദുശ്ശീലം തന്നെയാണല്ലോ. കഷ്ടകാലത്തിന് നുണകൾ എന്റേയും ഒരു ദുശ്ശീലം തന്നെയാണ്. അവ മാറ്റിയാലുള്ള സമാധാനം അറിഞ്ഞുവരുന്നതിനാൽ ആ ശീലത്തെ പടിയടച്ചു പിണ്ഡം വയ്ക്കാനുള്ള ശ്രമത്തിലാണ് ഞാനും.
തെറ്റു ചെയ്താൽ കിട്ടുന്ന വഴക്കു പേടിച്ച് നുണ പറഞ്ഞുപോകുന്ന എന്റെ കുട്ടികളെ അതിൽ നിന്നും മാറ്റാനേറെ നാളായി ഞാനും പരിശ്രമിക്കുന്നു. തെറ്റായ കാര്യങ്ങൾ ചെയ്താലും സത്യം പറഞ്ഞാലൊരുപക്ഷേ കിട്ടുന്ന ശിക്ഷ കുറയും എന്നാവർത്തിച്ചാവർത്തിച്ച് അവർക്കുറപ്പ് നൽകിയതിനാലാകാം ഇന്നലെ രാത്രി ഉറങ്ങാൻ കിടക്കവേ എന്റെ മകൾ എന്നെ വിളിച്ചു.
“ഉമ്മാ…അന്ന് നമ്മള് ബാംഗ്ളൂര്‍ പോയിട്ട് മ്മ ന്നോട് സ്പ്രൈറ്റ് കുടിക്കണ്ടാന്ന് പറഞ്ഞില്ലേ?”
“ഉം…”
“ന്നട്ട് ഞാൻ രാത്രി മൂത്രൊഴിക്കാൻ പോയില്ലേ? അപ്പൊ ഞാൻ മ്മ കാണാണ്ട് കൊറച്ച് അത് കുടിച്ച്… മ്മ പ്ലീസ് ന്നെ ചീത്ത പറയല്ലേ… ചീത്ത പറയോ?”
കണ്ണും നിറച്ച് പേടിച്ചു നില്ക്കുന്ന അവളെ ഞാനെങ്ങനെ വഴക്കു പറയും. കോള കുടിച്ചാലുള്ള ദൂഷ്യഫലങ്ങളെ പറ്റി പലയാവര്‍ത്തി പറഞ്ഞതാണെങ്കിലും ഇന്നലെ അവളെ ചേർത്തു പിടിച്ച് വീണ്ടും ഉപദേശിച്ചു.
ഇന്നുറങ്ങാൻ കിടക്കവേ അവളെന്നെ വീണ്ടും വിളിച്ചു.
“ഉമ്മാ… ഞാനേ ഇന്നുമ്മ വേണ്ടാന്ന് പറഞ്ഞിട്ടും മ്മ കാണാണ്ട് രണ്ട് പ്രാവശ്യം മിച്ചറ് തിന്ന് ട്ടാ… ന്നെ ചീത്ത പറയോ? പ്ലീസ്…”
“സാരല്ല… മോളുമ്മാട് പറഞ്ഞില്ലേ… കൊഴപ്പല്ല… ഇനി മോള് ചെയ്യരുത് ട്ടാ…”
“പിന്നെ മ്മാ… ന്നാള് ഞാനൊറ്റക്ക് കുളിക്കുമ്പം ഷാമ്പൂ ഒറ്റക്ക് തലയിൽ തേച്ചൂന്നും പറഞ്ഞ് മ്മ ന്നെ ചീത്ത പറഞ്ഞില്ലേ?”
“ഉം… അന്ന് മോളെ തല ഭയങ്കര ഡ്രൈ ആയിരുന്നില്ലേ… അത് കൊണ്ടല്ലേ അന്ന് തേച്ചതിന് ഉമ്മ ചീത്ത പറഞ്ഞത്?”
“ഉം… അന്ന് ഞാനേ തലേല് മാത്രല്ല മേലും കൊറേ തേച്ചിര്ന്ന്…”
“സാരല്ല… മോൾടെ ദേഹം വരണ്ട് പോകില്ലേ… ഇനി ചെയ്യരുത് ട്ടാ…”
(അമ്പടി കേമീ… വെറുതെയല്ല ഇത്തവണ പെട്ടെന്ന് ഷാമ്പൂ തീർന്നതായി തോന്നിയത്)
എന്നെ കെട്ടിപ്പിടിച്ച് സമാധാനമായി അവളുറങ്ങുമ്പോൾ നാളത്തെ കുമ്പസാര രഹസ്യം ഏതാകുമെന്ന ചിന്തയിൽ ഉറക്കം വരാതെ കിടപ്പാണ് ഞാൻ.
1 Comment
🤭😆