Author: Shaheera K V

തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശിനി. ഓർമ വെച്ച കാലം മുതലേ പുസ്തകങ്ങളായിരുന്നു അടുത്ത കൂട്ടുകാർ. വായനക്കിടയിലെപ്പോഴോ എഴുതിത്തുടങ്ങി. എഴുത്തുകാരി എന്നറിയപ്പെടാൻ ആഗ്രഹമുണ്ടെങ്കിലും 'നീ അത്രക്കൊന്നുമായില്ലെന്ന' ഉൾവിളിക്കിടയിൽ വഴിതെറ്റി പോകുന്ന അക്ഷരങ്ങളേയും വാക്കുകളേയും ചേർത്തു പിടിച്ചു കഥകളാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

അന്ന കിടക്കുകയാണ്. അല്ല, അന്ന സ്വപ്നത്തിനും മരണത്തിനുമിടയിലുള്ള വെള്ളി നൂൽ പാലത്തിന് നടുവിൽ നിൽക്കുകയാണ്. സ്വപ്നത്തിൻ്റെ ഇങ്ങേയറ്റത്ത് സങ്കടത്തോടെയും പ്രതീക്ഷയോടെയും ഡേവിഡ് നിൽക്കുന്നു, മരണത്തിൻ്റെ അങ്ങേയറ്റത്ത് ചിരിച്ച മുഖത്തോടെ അപ്പൻ നിൽക്കുന്നു. താനെങ്ങനെ ഇവിടെ എത്തിപ്പെട്ടു എന്നോർത്തു നോക്കി അന്ന. ക്രിസ്തുമസ് വെക്കേഷന് ഹോസ്റ്റലിൽ നിന്നുമെത്തിയ മക്കളെ അന്നക്കോർമ്മ വന്നു. വൈകീട്ട് ചായ കുടിക്കാൻ വേണ്ടി അന്നയും ഡേവിഡും മക്കളും തീൻമേശയിൽ വട്ടമിട്ടിരുന്നു. നല്ല മൊരിഞ്ഞ എരിവുള്ള മിച്ചറിലെ കടലകൾ പെറുക്കിക്കഴിക്കുന്നതിനിടക്ക് ഡേവിഡ് എന്തിനോ വേണ്ടി എഴുന്നേറ്റപ്പോൾ അന്ന കസേര നീക്കിയത് മാത്രം അവൾക്കോർമ്മയുണ്ട്. പിന്നെ കണ്ടതൊരു വെള്ളവെളിച്ചമാണ്. അതിൻ്റെ തീവ്രത കുറഞ്ഞു വന്നപ്പോഴാണ് അന്ന ഈ പാലത്തിന് നടുവിലാണെന്ന് അവൾക്ക് മനസ്സിലായത്. വർഷങ്ങൾക്ക് ശേഷമാണ് അന്ന അപ്പനെ കാണുന്നത്. ഇടക്കൊക്കെ അപ്പൻ സ്വപ്നങ്ങളിൽ വന്നു പോയിക്കഴിഞ്ഞാലൊക്കെ അവൾ ഡേവിഡിൻ്റെ നെഞ്ചിൽ അമർന്നു കിടന്ന് കരഞ്ഞു കരഞ്ഞ് സ്വപ്നം മുഴുവൻ അവനോട് പറയാറുണ്ട്, ഇത്തിരി നേരം കൂടെ…

Read More

“എല്ലാം നേടിയോ?” “ഉവ്വ്.” “എന്തെല്ലാം നേടി?” “പണം… പദവി… പ്രശസ്തി… അങ്ങനെ എല്ലാം.” “എന്നാൽ യാത്രയാകാം?” “എങ്ങോട്ട്?” “അതു ശരി, ഇനിയങ്ങോട്ട് അനന്തതയിലേക്കുളള യാത്രയാണ്. ഇവിടത്തെ കാലം കഴിഞ്ഞു.” “അയ്യോ, അതു പറ്റില്ല. എനിക്ക് നേടാനിനിയും ബാക്കിയുണ്ട്. ഈ സ്വത്തുക്കളൊന്നും പങ്കു വെക്കാനെനിക്കാരുമില്ല. ദയവു ചെയ്ത് കുറച്ചു സമയം കൂടി എനിക്കു തരൂ. ഇല്ലെങ്കിൽ അവയെല്ലാം സ്വപ്നങ്ങളായി തന്നെ അവസാനിക്കും.” ********** “എല്ലാം നേടിയോ?” “ഉവ്വ്.” “എന്തെല്ലാം നേടി?” “നല്ല ആരോഗ്യം…സ്നേഹം നിറഞ്ഞ കുടുംബം…സന്തോഷം നിറഞ്ഞ ജീവിതം…” “എന്നാൽ യാത്രയാകാം?” “ങ്ഹേ?” “പിന്നല്ലാതെ? ഇവിടത്തെ സമയം കഴിഞ്ഞു. വേഗം തയ്യാറാകൂ.” “അങ്ങനെ പറയല്ലേ. എന്റെ കുടുംബം ഞാൻ പോയാൽ അനാഥമാകും. അവർക്കാരുണ്ട് തുണ? അവർക്കാവശ്യത്തിനുളള സമ്പത്ത് നേടാനെനിക്കായില്ല. ഞാൻ പോയാൽ എല്ലാം നഷ്ടങ്ങളായി അവസാനിക്കും. എന്നോട് ദയയുണ്ടാകണം. കുറച്ചു സമയം കൂടി എനിക്ക് തരൂ.” ******* “എല്ലാം നേടിയോ?” “ഇല്ല, നേടാനൊന്നും നമുക്ക് സ്വന്തമല്ലല്ലോ?” “പിന്നെന്താണ് ഇത്രയും കാലം നിങ്ങൾ ചെയ്തത്?”…

Read More

ചില സിനിമകളങ്ങനെയാണ്, ഒരു നേർത്ത തെന്നലായ് നമ്മെ തലോടിയൊന്നു തുടങ്ങി കുളിരുള്ളൊരു മഞ്ഞായ് നമ്മെ പൊതിഞ്ഞ് അവസാനിക്കുമ്പോൾ സുഖമുളളൊരു നോവായങ്ങനെ നമ്മെ ചുറ്റിയങ്ങനെ നിൽക്കും. ഇന്ന് രാത്രി കണ്ട “അഭിലാഷം” അങ്ങനെ എന്നെയും എന്റെ എട്ടു വയസ്സുകാരനെയും ചുറ്റിയങ്ങനെ നിൽപാണിപ്പോൾ. (സ്പോയിലർ അലർട്ട്: സിനിമയുടെ ചില ഭാഗങ്ങൾ ഉൾപ്പെട്ടേക്കാം, കാണാത്തവർ ശ്രദ്ധിക്കുമല്ലോ) “ചില ഇഷ്ടങ്ങൾ അങ്ങനെയാണ്, അതൊരു ശീലമാകും, പിന്നെയതില്ലാതെ ജീവിക്കാൻ പറ്റാതാകും” അഭിലാഷിന്റെ അമ്മ പറയുന്നത് സത്യമാണ്. അത്തരത്തിലുളളൊരു ഇഷ്ടമാണ് അഭിലാഷിന്റേത്, ഷെറിന്റേയും. അതെത്ര മാത്രം ത്രീവമാണെന്ന് ഞാനറിഞ്ഞത് സിനിമ അവസാനിച്ച് ക്രെഡിറ്റ്സ് സ്ക്രോൾ ചെയ്തു തുടങ്ങിയപ്പോൾ ലൈറ്റിടാനെഴുന്നേറ്റ എന്റെ മകൻ കണ്ണുകൾ തുടച്ച് സങ്കടപ്പെടുന്നത് കണ്ടപ്പോഴാണ്. വൈകാരികമായ ചെറിയ രംഗങ്ങൾ കാണുമ്പോൾ പോലും മനസ്സുവിങ്ങിക്കരയുന്ന ഞാൻ ഇതിനോടകം കരഞ്ഞു കഴിഞ്ഞിരുന്നു. എന്നാൽ, തല്ലുമാലയും ഭീഷ്മപർവ്വവും ആവേശവുമൊക്കെ കണ്ട് കയ്യും കാലും വീശിയടിച്ച് നടക്കുന്ന അവൻ കരഞ്ഞത് കണ്ടപ്പോൾ പണ്ട് “വന്ദനം” കണ്ട് ദിവസങ്ങളോളം കരഞ്ഞ എന്നെ ഞാനോർത്തു. ഇപ്പോഴത്തെ…

Read More

തല വെട്ടിപ്പൊളിക്കുന്ന വേദനയുമായാണ് ഞാൻ വണ്ടി നിർത്തിയത്. നേരെ ഫ്ലാറ്റിലേക്ക് കയറി നല്ല കടുപ്പത്തിലൊരു കട്ടൻചായ കുടിച്ചേ ഇന്നിനി ഏതു സർക്കസുമുളളൂ എന്ന തീരുമാനത്തിലാണ് പടികൾ ഞാൻ കയറുന്നത്. എതിരെയതാ ഒരു പുഞ്ചിരിയോടെ നന്ദുക്കുട്ടൻ. അവനോടിയിറങ്ങുന്നതിനിടയിലാണ് എന്നെ കണ്ടത്. സരസ്വതീദേവി കുടിയിരിക്കുന്നത് അവന്റെ തൊണ്ടക്കുഴിയിലാണ് എന്നത് അവനെ കാണുന്ന ഓരോ നിമിഷവും ഞാനോർക്കാറുണ്ട്. അത്ര മനോഹരമാണ് അവന്റെ സ്വരം. പഴയ യൂട്യൂബ് റീലുകളിൽ വാക്കുകൾ തെളിയാത്ത പ്രായത്തിലും തികഞ്ഞ താളബോധത്തോടെ മതിമറന്നു പാടുന്ന അവന്റെ കുഞ്ഞുമുഖം ഓർമയിൽ തെളിഞ്ഞു വന്നു. “നന്ദൂന് അവന്റെ അച്ഛനെ നല്ല പേടിയാ. അന്ന് അവൻ കുറുമ്പു കാണിച്ചപ്പോൾ അച്ഛനോട് പറയട്ടേന്ന് ചോദിച്ചപ്പോൾ വേണ്ടാന്റീ ന്നു പറഞ്ഞ് അവൻ പേടിച്ചു നിന്നു. നല്ല അടിയാണത്രേ…” നൂറ്റിനാലിലെ സുമ അന്നൊരിക്കൽ പറഞ്ഞതും അപ്പോൾ തന്നെ ഓർമ വന്നു. പാവമുണ്ട്, ഇപ്പോൾ അവന്റെ പാട്ടുകളിലൊന്നും സന്തോഷം കാണാറില്ലല്ലോ എന്നും പാടുമ്പോഴൊക്കെ തൊട്ടരികിൽ നിൽക്കുന്ന അച്ഛനെ നോക്കി പേടിയോടെയാണല്ലോ അവൻ…

Read More

ഈ യാത്ര ആരംഭിക്കുന്നത് ഒരു ആംബുലൻസിൽ വെച്ചാണ്. യാത്ര തുടങ്ങുമ്പോൾ അതിനുള്ളിലെ യാത്രക്കാരിലാരും അതിന്റെ അവസാനം എങ്ങനെയാകും എന്ന് ചിന്തിച്ചിരുന്നില്ല. ഈ നിമിഷം എങ്ങനെ കടന്നു പോകും എന്ന് മാത്രമാണ് അതിനുള്ളിലെ ഓരോരുത്തരും ചിന്തിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓ.പി യുടെ മെയിൻഗേറ്റിന്റെ മുൻവശം ഒട്ടും ബഹളമില്ലാതെ ഇരുട്ടിന്റെ കയ്യും പിടിച്ച് മൂകമായിരിക്കുകയായിരുന്നു അപ്പോൾ. പകലിലെ ബഹളങ്ങളുടേയും ആംബുലൻസുകളുടെ കൂക്കിവിളിയുടേയും സെക്യൂരിറ്റിമാരുടെ ചീത്ത വിളിയുടേയും വേദന കൊണ്ട് പുളയുന്നവരുടെ രോദനങ്ങളുടേയും കൂട്ടിരിപ്പുകാരുടെ തേങ്ങലുകളുടേയും സമയമില്ലാതെ ഓടുന്ന ഒരു പറ്റം ആളുകളുടേയും പ്രേതങ്ങൾ ശബ്ദമില്ലാതെ അവിടങ്ങനെ ഒഴുകി നടന്നു. അവിടെ നിർത്തിയിട്ട ആംബുലൻസിൽ ഒട്ടേറെ ശ്രമപ്പെട്ട് കയറിക്കിടക്കുമ്പോഴും ഉപ്പയുടെ കണ്ണിൽ പ്രതീക്ഷയായിരുന്നു, ബി.ഡി.എസ് രണ്ടാം വർഷം പഠിക്കുന്ന തന്റെ മകൾക്ക് കാര്യങ്ങളെല്ലാം അറിയാമെന്നും എല്ലാം ശരിയാകുമെന്നും. ആ കണ്ണിലെ തിളക്കം മാത്രം മതിയായിരുന്നു ഞാനെന്ന ആ മകൾക്ക് അവളുടെ ഭയത്തിന്റേയും അജ്ഞതയുടേയും വേലിക്കെട്ടുകൾ ചാടിക്കടന്ന് ഈ ദുനിയാവിന്റെ ഏതറ്റം വരെയും ഉപ്പയുമായി പോകാനും.…

Read More

അവളുടെ അങ്കിൾ അവളെ കാണാനായി വന്ന നാളിലാണ് ഞാനവളോട് ആദ്യമായി അടുക്കുന്നത്. വുമൻസ് കോളേജിന്റെ പടിവാതിലിൽ നിൽക്കുന്ന ഒരു സുന്ദരകോമളനെ കണ്ടു എന്ന വാർത്ത ഞങ്ങളുടെ മൈക്രോബയോളജി ക്ലാസിൽ പടർന്ന അതേ സെക്കൻറ്റിലാണ് അവളെ പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് ദേവിച്ചേച്ചി വന്നു പറഞ്ഞത്. എന്തോ തമാശ പറഞ്ഞ് ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്ന അവൾ പോകും നേരം കൈവീശിക്കാണിച്ചു “ബാക്കി വന്നിട്ടെടീ…” എന്നും പറഞ്ഞാണ് അവിടെ നിന്നും മറഞ്ഞത്. അന്ന് തരുണീമണികൾ മൊത്തം അവൾക്ക് പുറകെയായിരുന്നു. അവളെ കാണാൻ വന്ന ആ സുന്ദരൻ ആരാണെന്നറിയുകയായിരുന്നു എല്ലാവരുടേയും ഉദ്ദേശം. പറ്റുകയാണെങ്കിൽ ഒന്നു വെറുതെ ട്യൂൺ ചെയ്യാമെന്ന ഒരു ഗൂഢലക്ഷ്യവും അവർക്കില്ലാതില്ല. എല്ലാവരോടും ഒറ്റശ്വാസത്തിൽ “അതെന്റെ അങ്കിളാ, കെട്ടി രണ്ട് കുട്ടികളുണ്ട്, മമ്മി കൊടുത്തയച്ച സാധനങ്ങൾ തരാൻ വന്നതാ…” എന്ന് പറഞ്ഞവസാനിപ്പിച്ചു അവൾ. ”യുവർ അങ്കിൾ? ഹി ഈസ് സോ യങ്” എന്നു മാലിനി മാം പറഞ്ഞതും ക്ലാസിലുയർന്ന പൊട്ടിച്ചിരികളിൽ അവളുടെ ശബ്ദവും ഉയർന്നു കേട്ടിരുന്നു.…

Read More

“ദാ ഇവിടെ വെച്ചാണ് ഇയ്യാക്ക എന്നോട് ആദ്യമായി ഇഷ്ടം പറഞ്ഞത്. ഇഷ്ടാന്നല്ലാട്ടോ പറഞ്ഞത്, നേരെ എതിരെ നടന്ന് വന്ന് കയ്യിലൊരു പൊതി വെച്ചു തന്നങ്ങ് നടന്ന് പോയി. തുറന്ന് നോക്കിയപ്പോ ഒരു രണ്ടു മുഴം മുല്ലപ്പൂ…” വീശിക്കൊണ്ടിരിക്കുന്ന കാറ്റിനൊപ്പം പാറുന്ന ചാരമണ്ണിൽ കൂടെ ഞാനും ടീച്ചറുമ്മയും അപ്പോൾ ഓടുകയായിരുന്നു. ടീച്ചറുമ്മയുടെ സാരിത്തലപ്പും തലയിൽ നിന്നും വീണ് കാറ്റിനോടൊപ്പം പായുകയാണ്. അവരുടെ ഒപ്പമെത്താൻ ഞാനും ഓടുകയാണ്. “അന്നെന്റെ കയ്യിൽ മുടിപ്പിന്നൊന്നുമില്ലേ… പിന്നെ ഈ മുല്ലപ്പൂ പിറ്റേന്ന് ഞാൻ ചൂടിച്ചെന്നാലും തട്ടത്തിനുള്ളിലൂടെ കാണോ… മ്മങ്ങാനും കണ്ടാൽ ഇതെവിട്ന്ന് കിട്ടീന്ന് ചോദിച്ച് തല്ലോന്നൊക്കെ പേടിച്ചാ അന്ന് കഴിഞ്ഞേ… ന്നട്ടും പിറ്റേന്ന് മുടിടെ എടേൽക്കൂടൊക്കെ വെച്ച് ഞാനൊപ്പിച്ച്…”നാണം കലർന്ന ചെറുചിരിയോടെ അതും പറഞ്ഞ് ഓടുന്ന ടീച്ചറുമ്മയുടെ കണ്ണിലെ തിളക്കം എന്നിൽ ചെറിയൊരസൂയ നിറച്ചോ? നാട്ടിൻപുറത്തെ വിജനമായ ഏതോ ഒരു വഴിയിലൂടെ ടീച്ചറുമ്മയ്ക്കൊപ്പം ഞാനും പാഞ്ഞു. അസ്തമിക്കാൻ തയ്യാറെടുക്കുന്ന സൂര്യന്റെ ചെറുചൂടെന്റെ പുറമാകെ പടർന്നു. പെട്ടെന്നാണ് എല്ലുകളെ തുളക്കുന്ന…

Read More

പെണ്ണുങ്ങൾ മാത്രമുള്ളൊരു വീട്ടിലേക്ക് നിങ്ങളെപ്പോഴെങ്കിലും കയറിച്ചെന്നിട്ടുണ്ടോ? പല പ്രായത്തിലും വലുപ്പത്തിലും രൂപത്തിലും നിറത്തിലും സ്വഭാവത്തിലുമുള്ള പെണ്ണുങ്ങൾ മാത്രം നിറഞ്ഞൊരു വീട്? വല്ലാത്തൊരു ലോകമാണത്. എത്ര കാലം കഴിഞ്ഞാലും ഒരിക്കലും മടുക്കാത്തൊരു മനോഹരലോകം. മുമ്പാരത്ത്(പൂമുഖത്ത്) നിരത്തിയിട്ടിരിക്കുന്ന കളിപ്പാട്ടങ്ങൾ വെച്ചു കളിക്കുന്ന നറുങ്ങണിമണികൾ… അതിനോട് ചേർന്നുള്ള മുറിയിലെ തൊട്ടിലിൽ കിടന്നുറങ്ങുന്ന പീക്കിരികൾ… അവരുണർന്നാൽ തൊട്ടിലാട്ടി വീണ്ടും ഉറക്കും പുറത്തെ നറുങ്ങണിമണികൾ… അകത്തേക്ക് കയറിയാൽ മച്ചിന്റകത്ത് കൂട്ടം കൂടിയിരിക്കുന്ന കൗമാരക്കാരികൾ… പൊടി തട്ടാനും വീട് അടിച്ചുവാരാനും തുണികൾ മടക്കിവെക്കാനുമുള്ള കൂട്ടർ… സ്കൂളിലെ വിശേഷങ്ങളും പ്രണയങ്ങളും മറ്റു സ്വകാര്യങ്ങളും കുശുകുശുത്തങ്ങനെ അവരും സ്വയം മറന്നാസ്വദിക്കുകയാണ്… ഇനിയും അകത്തേക്ക് കടന്നാൽ നേരെ അടുക്കളയിലേക്കും വടക്കോറ(വീട്ടിന്റെ പുറകുവശം)ത്തേക്കും വിട്ടോണം. ചോറും കറികളും വെക്കുന്നവരും കറിക്കരിയുന്നവരും കൂടി കലപില പറഞ്ഞും കലഹിച്ചും ബഹളമയമായിടം… നാട്ടിലെയും കുടുംബത്തിലേയും മുഴുവൻ വിശേഷങ്ങളും അറിയാൻ ഇവിടെയൊരു മൂലയിൽ വന്നിരുന്നാൽ മാത്രം മതി. വഴക്കുകളും പിണക്കങ്ങളും പരിഭവങ്ങളും മാത്രമല്ല ഇവിടെയുള്ളത്, മറിച്ച് ഒരിക്കലും അളന്നുതിട്ടപ്പെടുത്താൻ സാധിക്കാത്രത്തയും സ്നേഹവും…

Read More

“ഒരു പൊട്ടു കുത്തിയിരുന്നേൽ സുന്ദരി ആയേനേ…” “ഒന്നു മുടി ചീകിയൊതുക്കിയിരുന്നേൽ സുന്ദരി ആയേനേ…” “ആ മുഖമൊന്നു കഴുകിയിരുന്നേൽ സുന്ദരി ആയേനേ…” “ആ സാരിയൊന്നൊതുക്കിയുടുത്തിരുന്നേൽ സുന്ദരി ആയേനേ…” “ആ തടിയൊന്നു കുറച്ചിരുന്നേൽ സുന്ദരി ആയേനേ…” “ആ കൈനഖങ്ങളൊന്നു നീട്ടി വളർത്തിയിരുന്നേൽ സുന്ദരി ആയേനേ…” “ഒരിത്തിരി ഉയരമുണ്ടായിരുന്നേൽ സുന്ദരി ആയേനേ…” “എന്റെ പൊന്നു കുലസ്ത്രീ…” “ഇങ്ങനെ ചന്തം നോക്കുന്ന ആ ഉണ്ടക്കണ്ണും കുറ്റം പറഞ്ഞോണ്ടിരിക്കുന്ന എല്ലില്ലാത്ത ആ നാക്കും ഒന്നടക്കി വെച്ചിരുന്നേൽ ശരിയായ സൗന്ദര്യം മനസ്സിനകത്താണ് എന്നു തിരിച്ചറിഞ്ഞേനേ…” “അല്ലേലും ആരോട് പറയാൻ? ആര് കേൾക്കാൻ?:

Read More

“ന്നട്ട്?” അച്ഛന്റെ ശ്വാസത്തിനൊപ്പം ഉയർന്നു താഴുന്ന നെഞ്ചിനു മുകളിൽ പാറിക്കളിക്കുന്ന രോമകൂപങ്ങളിൽ വിരലിഴകൾ കുരുക്കി അമ്മുക്കുട്ടി കാതുകൾ കൂർപ്പിച്ചു ശ്വാസമടക്കി ചോദിച്ചു. “എന്നിട്ടോ? വഴി ചോദിച്ചു ചോദിച്ചു പൊട്ടി* നമ്മളേയും വഴി തെറ്റിക്കും. നടന്ന വഴികളിലൂടെ പിന്നേയും പിന്നേയും നടത്തിക്കും. എന്നിട്ടൊടുവിൽ ഏതെങ്കിലും പൊട്ടക്കിണറ്റിൽ നമ്മളെ അങ്ങെത്തിക്കും. നമ്മോട് ചാടാൻ പറയും. ” തന്റെ ചെവിക്കു പുറകിൽ ഒരു ദീർഘനിശ്വാസത്തിന്റെ ചൂട് അമ്മുക്കുട്ടി അറിഞ്ഞു. “അമ്മേ… എന്റടുത്താരോ ഉണ്ട്.” അവൾ അമ്മയെ മുറുകെ പിടിച്ചു അവരോട് ചേർന്നു കിടന്നു. “ഒന്നു മിണ്ടാതെ കിടക്ക് പെണ്ണേ… മനുഷ്യന് ഒന്നുറങ്ങണം.” അമ്മയും ഉറക്കമില്ലാതെ തന്നെ കിടക്കുകയാണോ? അല്ലേലും ഇത്രയും നിശബ്ദമായൊരു രാത്രി ഇതാദ്യമാണല്ലോ. “അമ്മേ… അച്ഛനെ പൊട്ടിയാണോ ആ പൊട്ടക്കിണറ്റിൽ കൊണ്ടുപോയിട്ടിട്ടുണ്ടാവുക?” അവൾ വീണ്ടും സംശയത്തോടെ ചോദിച്ചു. “ഇനിയൊരിക്കലും അച്ഛനെ നമുക്ക് കാണാൻ പറ്റില്ല? ഞാൻ പോയി പൊട്ടിയോട് അച്ഛനെ കൊണ്ടുതരാൻ പറയട്ടെ?” അവൾ പിന്നേയും പിന്നേയും ചോദിച്ചു കൊണ്ടിരുന്നു. “പൊട്ടിയും ചട്ടിയുമൊന്നുമില്ല കുട്ടീ……

Read More