രാത്രി ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്ന് ആർത്തു കരയുമ്പോൾ ഓടിയെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു അമ്മയും അച്ഛനും മുത്തശ്ശിയും.
“എൻ്റെ നെഞ്ചിൽ എന്തോ ഇഴഞ്ഞു “അവൾ വിങ്ങിപ്പൊട്ടി.
“മോളേ, പേക്കിനാവ് കണ്ടതാകും. നാമം ജപിച്ചിട്ട് കിടന്നുറങ്ങ് ” – അമ്മ
“സർപ്പത്തിന് നൂറുംപാലും കൊടുത്തിട്ട് എത്ര നാളായി? വെറുതെയല്ല ഇങ്ങനെ.” മുത്തശ്ശിയുടെ ആത്മഗതം.
പ്രാതലിനിരിക്കുമ്പോൾ പ്ലേറ്റിൽ വിരലിട്ടിളക്കിയിരിക്കുന്ന സ്വന്തം അനിയനെ നോക്കി അമ്മ ചോദിച്ചു,
“സുധീ. ഇന്നലെ രാത്രിയിലെ കോലാഹലങ്ങളൊന്നും നീയറിഞ്ഞില്ലേ?”
മറുപടിയില്ലാത്തതുകണ്ട് അവൾ സുധിമാമനെ നോക്കി. കറുത്തുതടിച്ച കൈത്തണ്ട നിറയെ കറുത്ത രോമങ്ങൾ – ഇന്നലെ രാത്രിയിൽ നെഞ്ചിൽ ഇഴഞ്ഞതിനെ തട്ടിമാറ്റുമ്പോൾ കയ്യിൽത്തടഞ്ഞ അതേ രോമങ്ങൾ! അവളുടെ ഞെട്ടലിൽ തകർന്നുവീണത് സുധി മാമനോടുള്ള സ്നേഹമായിരുന്നു, സുധിമാമനിലുള്ള വിശ്വാസമായിരുന്നു.
ഡോക്ടർ വീനസ്