പുലരാറായപ്പോഴാണ് അവൾ ഒന്നു മയങ്ങിയത്. മയക്കത്തിൽ നിന്നും ഗാഢനിദ്രയിലേക്ക് പോകുന്ന ഇടവഴിയിൽ വെച്ചാണ് അവളുടെ ഭർത്താവ് കൂടെ ജോലി ചെയ്യുന്ന പെൺകുട്ടിയുമായി വീട്ടിലേക്ക് കയറി വരുന്നത് അവൾ കണ്ടത്. പതിവുപോലെ, അവൾ കാൺകെ റൂമിന്റെ വാതിൽ അടഞ്ഞപ്പോൾ പത്തുവയസ്സുകാരിയായ മകളെയും കൊണ്ട് അവൾ അടുക്കളയിലേക്ക് വലിഞ്ഞു. അടുക്കളത്തിണ്ണയിലിരുന്ന് മകൾക്ക് എന്തൊക്കെയോ പഠിപ്പിച്ചു കൊടുക്കാൻ വൃഥാ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് അവൾ തല കുടഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക് മകൾ ചോദിച്ച നരഭോജിയെ കുറിച്ചുള്ള ചോദ്യത്തിൽ അവളുടെ മനസ്സുടക്കി. ആ ചോദ്യത്തിന് ഉത്തരം വാക്കാൽ പറഞ്ഞു കൊടുക്കാതെ അച്ഛന്റെ മാംസളമായ ശരീര ഭാഗങ്ങൾ
അത്താഴത്തിന് നല്ല രുചിയുള്ള ഫ്രൈ ആയി മോൾക്ക് വിളമ്പുമ്പോൾ ഗൂഢ സംതൃപ്തിയോടെ അവൾ മനസ്സിൽ പറഞ്ഞു…. “ കൊന്ന പാപം തിന്നാൽ തീരുമെന്നാ”….
“അമ്മാ.. ഇതെന്തൊരു ഉറക്കമാ.. ഏഴരയായി… എണീക്കുന്നില്ലേ… എനിക്ക് സ്കൂളിൽ പോകണ്ടേ… അച്ഛൻ ഇന്നലെ രാത്രിയിലും വന്നില്ലല്ലേ… വാതിൽ തുറന്നിട്ടാണോ അമ്മ ഉറങ്ങിയത്..?
മകൾ കുലുക്കി വിളിച്ചപ്പോൾ അവളുടെ നൂറുകണക്കിന് ചോദ്യങ്ങളിൽ തട്ടിത്തടഞ്ഞ് ഉറക്കച്ചടവോടെ അടുക്കളയിലേക്ക് ഓടുമ്പോഴും പുലർച്ച കണ്ട സ്വപ്നത്തിന്റെ ഗൂഢമായ സംതൃപ്തി അവളുടെ ചുണ്ടിൽ വിരിഞ്ഞിരുന്നു.
1 Comment
നല്ല അവതരണം 🥰🥰