ബോർഡിങ് പാസ്സെടുത്ത് ലോഞ്ചിൽ ഇരിക്കുമ്പോൾ കുറച്ചു നേരമായി അസ്വസ്ഥതയോടെ കർച്ചീഫ് കൊണ്ട് ഇടയ്ക്കിടക്ക് കണ്ണ് തുടയ്ക്കുന്ന ആ ചെറുപ്പക്കാരനിലായിരുന്നു അയാളുടെ ശ്രദ്ധ. ഇരുപത്തിയഞ്ച് വർഷം മുൻപുള്ള തന്നെയായിരുന്നു അയാൾ ആ ചെറുപ്പക്കാരനിൽ കണ്ടത്. അന്ന് നെഞ്ച് പൊട്ടിക്കൊണ്ട് ഇത് പോലെ താനും… ഗൾഫിൽ പോയി രണ്ടാമത്തെ വരവിലാണ് വിവാഹം. വിവാഹത്തിന് മുൻപുള്ള ഗൾഫിൽ പൊക്കു പോലെയായിരുന്നില്ല വിവാഹം കഴിഞ്ഞുള്ള തിരിച്ചു പോക്ക്. വിരഹവേദന കൊണ്ട് ഉള്ളം പൊടിഞ്ഞു ചോര കിനിഞ്ഞ നാളുകൾ. അവളുടെ കരഞ്ഞു കൊണ്ടുള്ള ” നിയ്ക്ക് ഇങ്ങളിലാണ്ടിവിടെ പറ്റിണില്ല ഇക്ക. ഇങ്ങള് ഇങ്ങട്ട് പോരി. നാട്ടിൽ എല്ലാരും ഗൾഫിൽ പോയിട്ടാണോ ജീവിക്കുന്നേ..? “എന്ന എന്നുമുള്ള ചോദ്യം ആ മുറിവിന്റെ ആഴം കൂട്ടിക്കൊണ്ടിരുന്നു.
ഒടുവിൽ ഒരു വർഷം എങ്ങിനെയോ തീർത്ത് പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ഉള്ള ജോലി കളഞ്ഞ് പോന്നതിന് കുറ്റപ്പെടുത്താൻ സ്വന്തക്കാരും ബന്ധുക്കാരും എല്ലാവരുമുണ്ടായിരുന്നു. വർഷങ്ങൾ കൂടും തോറും ആവശ്യങ്ങൾ കൂടിക്കൊണ്ടിരുന്നു. പണ്ട് സ്നേഹം കൊണ്ട് പൊതിഞ്ഞിരുന്നവളിൽ നിന്ന് പിന്നീട് കേൾക്കാൻ കഴിഞ്ഞത് പരാതികളും പരിഭവങ്ങളും മാത്രം. ഒടുവിൽ ഒരിക്കൽ അവൾ “ബുദ്ധിയും വിവരവുമില്ലാത്ത പ്രായത്തിൽ ഞാനെന്തെങ്കിലും പറഞ്ഞെന്ന് വെച്ച് ഇങ്ങളെന്തിനാ ഗൾഫ് ഒഴിവാക്കിപ്പൊന്നേ ” എന്ന് ചോദിച്ചപ്പോൾ പതിനഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രവാസജീവിതം തിരഞ്ഞെടുക്കുമ്പോൾ ഒന്നു തീരുമാനിച്ചിരുന്നു ഇനി മരണം വരെ പ്രവാസിയുടെ കുപ്പായമഴിക്കില്ലെന്ന്. ഇപ്പോൾ നാലു വർഷം കഴിഞ്ഞു. ഓരോന്നോർത്തപ്പോൾ കരച്ചിൽ തൊണ്ടയിൽ വന്നു നിൽക്കുന്ന പോലെ. അത് പക്ഷേ വിരഹ വേദന കൊണ്ടായിരുന്നില്ല. ഹൃദയവേദന കൊണ്ടായിരുന്നു.
3 Comments
Thank you dear🥰
Touch the heart ❤️
Thank you dear❤️