പണ്ടു പണ്ട് അതായത് പത്തിരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് കുഞ്ഞാപ്പു ഒരു യാത്ര പോയി. ദൂരെയെങ്ങുമല്ല, കുറച്ചപ്പുറത്തേക്ക് തന്നെ.
മിനി ബസ്സുകൾ നിരത്തുകൾ കയ്യടക്കും മുന്നെ ജീപ്പുകളായിരുന്നല്ലൊ ആ ജോലി ഭംഗിയായി നിർവ്വഹിച്ചിരുന്നത്.
യുവാവായ കുഞ്ഞാപ്പൂന് ജീപ്പിന് പിന്നിൽ തൂങ്ങിപ്പോവുക ഒരു ഹരമുള്ള കാര്യമായിരുന്നു. അതെന്താന്ന് വച്ചാൽ എല്ലാവരും ജീപ്പിൽ നിന്ന് ഒരുമിച്ച് ഇറങ്ങുമ്പോൾ ആദ്യം ഇറങ്ങി കാശ് കൊടുക്കാതെ സൂത്രത്തിൽ ചാടി ഓടാമല്ലൊ.
അന്നും കുഞ്ഞാപ്പു ജീപ്പിൽ പോയത് തൂങ്ങിയിട്ടു തന്നെയായിരുന്നു. എളുപ്പത്തിൽ ഇറങ്ങാൻ നടുവിലെ സ്റ്റപ്പിൽ കുഞ്ഞാപ്പു നിലയുറപ്പിച്ചു. രണ്ട് കൊമ്പത്തും വേറെയാളുകൾ.
ഉള്ളിൽ സ്ത്രീകളും കുട്ടികളും അവരുടെ പുരുഷൻമാരും.
നമ്മുടെ കുഞ്ഞാപ്പൂൻ്റെ രണ്ടു ഭാഗത്തുമായി നാല് പേരോളം ഉണ്ട്.
അങ്ങിനെ അടിപ്പാടി ജീപ്പ് ലക്ഷ്യസ്ഥാനത്തെത്തിച്ചേർന്നു.
പക്ഷേ നിർത്തുന്നതിന് മുന്നേ മുന്നിലെ വണ്ടി പെട്ടെന്ന് നിർത്തിയത് കുഞ്ഞാപ്പൂൻ്റെ ഡ്രൈവർ ശ്രദ്ധിച്ചില്ല.
ശ്രഡ മുഴുവൻ ആരൊക്കെ ഇറങ്ങിയോടും എന്നതിലായിരുന്നു.
പക്ഷേ മുന്നിലെ വണ്ടിയുടെ അകാലത്തിലുള്ള നിർത്തൽ കാരണം കുഞ്ഞാപ്പൂൻ്റെ വണ്ടിക്ക് സഡൻ ബ്രേക്കിട്ട് നിർത്തേണ്ടി വന്നു.
സഡൻ ബ്രേക്കിട്ടതോടെ വണ്ടി ഒന്നു കുലുങ്ങി.
പുറകിൽ ചാടി ഓടാൻ നിന്നിരുന്ന മാന്യന്മാരിൽ ചിലർ മോങ്ങാനിരുന്ന കുറുക്കൻ്റെ തലയിൽ തേങ്ങാ വീണു എന്ന് പറഞ്ഞ പോലെ താഴേക്ക് പതിച്ചു.
അതിൽ കുഞ്ഞാപ്പുവിൻ്റെ ശബ്ദമാണ് ആദ്യം ഉയർന്നുപൊങ്ങിയത്.
പുറത്തു നിന്നുള്ള കുഞ്ഞാപ്പുൻ്റെ നിലവിളി ഉയർന്നതോടെ വണ്ടിക്കുള്ളിൽ നിന്നും സ്ത്രീകളും കുട്ടികളും ഒന്നു കൂടി ഉച്ചത്തിൽ നിലവിളിച്ചു.
നിലവിളികൾ അങ്ങാടിയെ പ്രകമ്പനം കൊള്ളിച്ചു. അങ്ങാടിയൊന്നാകെ സംഭവസ്ഥലത്തേക്ക് കുതിച്ചു.
സ്ഥലകാലബോധം വീണ്ടെടുത്ത കുഞ്ഞാപ്പു എണീക്കാനുള്ള ഒരു ശ്രമം നടത്തി നോക്കിയെങ്കിലും തൻ്റെ മുഖത്തേക്ക് ഒലിച്ചിറങ്ങിയ ചോര കണ്ട് ആകെ പരിഭ്രാന്തനായി.
മുഖത്തെ ചോര കണ്ട് തലയിൽ കൈവച്ച കുഞ്ഞാപ്പു ഞെട്ടി. തലയിൽ നിന്നൊരു മാംസക്കഷ്ണം താഴേയ്ക്ക് വീണു.
താൻ തലയടിച്ച് വീണു തല പൊട്ടി മാംസം ചിതറിത്തെറിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കിയ കുഞ്ഞാപ്പുവിൽ നിന്നും അവസാനമായി ഒരു നിലവിളി കൂടി ഉയർന്നു.
“ഇൻ്റെ തലച്ചോറേ,,,,,’
ഏറെ സമയത്തിന് ശേഷം കണ്ണു തുറന്ന കുഞ്ഞാപ്പു കണ്ടത് മിഷ്യൻ ഹോസ്പിറ്റലിലെ കറങ്ങുന്ന ഫാനാണ്.
എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചപ്പോഴാണ് ചിതറിത്തെറിച്ച തൻ്റെ തലച്ചോറിനെക്കുറിച്ച് കുഞ്ഞാപ്പൂനോർമ്മ വന്നത്.
വേഗം തല മുഴുവൻ തടവി നോക്കിയെങ്കിലും കെട്ടും മുറിവും കാണാത്തതിനാൽ തല വേറെ ഫിറ്റു ചെയ്തോ എന്നു വരെ പാവം കുഞ്ഞാപ്പു സത്യസന്ധമായി ചിന്തിച്ചു പോയി.
അപ്പോഴാണ് തൻ്റെ അടുത്തു നിൽക്കുന്ന നാട്ടുകാരനെ കുഞ്ഞാപ്പു ശ്രദ്ധിച്ചത്.
അവനോട് കുഞ്ഞാപ്പു വളരെ സങ്കടത്തിൽ ചോദിച്ചു ” ഇൻ്റെ തലച്ചോറ് എവിടെടാ,,,”
“അൻ്റെ തലച്ചോറായിരുന്നോ റോട്ടില് കെടന്നീന്നത്, അത് അൻ്റൊപ്പം ണ്ടാർന്ന ആള് അയാൾടെ ആണ് എന്ന് പറഞ്ഞ് വീട്ടീക്ക് കൊണ്ടുപോയി. അയാൾ മാർക്കറ്റിന്ന് വാങ്ങിയതാണെന്നാ പറഞ്ഞെ”.
പക്ഷേ ആപ്പറഞ്ഞത് കുഞ്ഞാപ്പു വിശ്വസിക്കാൻ തയാറായില്ല.
ഒരാൾ മാർക്കറ്റിൽ നിന്ന് മാംസം വാങ്ങി വരുന്ന വഴിക്ക് കുഞ്ഞാപ്പു കയറിയ ജീപ്പിൻ്റെ പിന്നില് തൂങ്ങി. വണ്ടി സഡൻ ബ്രേക്കിട്ടപ്പൊ കയ്യിലുണ്ടായിരുന്ന ഇറച്ചിപ്പൊതി കമ്പിയിൽ കുളത്തിക്കീറി മാംസമൊക്കെ കുഞ്ഞാപ്പുവിൻ്റെ തലയിലേക്ക് വീണു.
ഇതാണ് സംഭവിച്ചത് സൂർത്തുക്കളെ.
അയിനാണ് ഞമ്മളെ കുഞ്ഞാപ്പു?.
പക്ഷേ അന്നു മുതലാണ് സൂർത്തുക്കളെ കുഞ്ഞാപ്പൂന് തലച്ചോറ് നഷ്ടപ്പെട്ടത്.
ഹുസൈൻ എം കെ
1 Comment
😀nice