“ജോസേട്ടാ, നിങ്ങൾ ഇപ്പോഴും ജെസ്സിമോളോട് കെറുവിലാണോ? ആദ്യായിട്ടാ മോൾ ഒപ്പം ഇല്ലാത്ത ഒരു ഈസ്റ്റർ. പഠിക്കുമ്പോഴും ജോലി കിട്ടിയപ്പോഴും ഒക്കെ അമ്മച്ചിടെ ഈസ്റ്റർ വിഭവങ്ങൾ ഇല്ലാതെ പറ്റൂല്ല എന്ന് പറഞ്ഞു അവൾ ഇങ്ങോട്ട് ഓടി എത്തുമായിരുന്നു.”
“അതവൾ ആ നായർ ചെറുക്കന്റെ കൂടെ ഇറങ്ങിപ്പോവുമ്പോ ഓർക്കണമായിരുന്നു ”
“മറ്റാരുടെയും കൂടെ അല്ലല്ലോ. നിങ്ങളുടെ ഉറ്റ സുഹൃത്തിന്റെ മോന്റെ കൂടെയല്ലേ? ഒരൊറ്റ കുടുംബം പോലെ കഴിഞ്ഞതല്ലേ നമ്മൾ. ഈസ്റ്ററിനു നമ്മൾ അവിടുത്തെ കോഴി കൊണ്ട് കറി വയ്ക്കുന്നതും അവിടുത്തെ മുട്ടകൾ എടുത്തുകൊണ്ടു വന്ന് ജെസ്സിമോൾ അലങ്കാരപ്പണികൾ ചെയ്യാറുള്ളതും ഓർമ്മയില്ലേ? നമുക്ക് വേണ്ടി മാത്രം അവർ അതൊക്കെ റെഡിയാക്കി വയ്ക്കാറില്ലേ? ജാതിയും മതവും ഒന്നുമല്ല, മനുഷ്യനാണ് വലുതെന്നല്ലേ നിങ്ങൾ പറയാറ് ”
അവരുടെ ഇടയിലെ മൗനം ഒരു കോളിംഗ് ബെൽ ഇല്ലാതാക്കി. ഉമ്മറത്ത് ഒരു കൂടയിൽ പൂവൻകോഴിയും കുറെ മുട്ടകളും ആരോ വച്ചിരിക്കുന്നു. അതിൽ കുറെ മുട്ടകൾ കളർ ചെയ്തു അലങ്കരിച്ചിരുന്നു. പ്രത്യാശയുടെ പ്രതീകമെന്നോണം .
അവരുടെ മുറ്റത്തെ കണിക്കൊന്നമരം അടുത്ത ആഴ്ചയിലെ വിഷുവിനായി ഒരുങ്ങുന്നുണ്ടായിരുന്നു. അവരുടെ സന്തോഷം കൊണ്ടുള്ള ഇരട്ടി തിളക്കവുമായി.