കഥ നടക്കുന്നത് ഒരു പഴയ സ്കൂളിലാണ്… പഴയതെന്നു വച്ചാൽ ടീച്ചർമാരുടെ തല്ല്, ഇമ്പോസിഷൻ, ക്ലാസിൽ നിന്ന് പുറത്താക്കൽ തുടങ്ങിയ കലാരൂപങ്ങൾ അരങ്ങു വാണിരുന്ന കാലം.
ഒരു നാൽപതോളം കുട്ടികളുള്ള ഒരു 6 th std ഡിവിഷൻ. അവിടെ എല്ലാവരുടെയും പേടി സ്വപ്നമായ ഒരു കണക്കു ടീച്ചർ. തല്ല്, പിച്ച്, ചീത്ത വിളി എല്ലാമുണ്ട് പക്ഷെ നന്നായി പഠിപ്പിക്കുകയും ചെയ്യും. പേടിയിലും പഠിപ്പിലും അഞ്ചാം സ്ഥാനത്തു നിൽക്കുന്ന കുട്ടിയാണ് കഥാ നായിക.
സംഭവ ദിവസം…അല്ല…ഒരു ഫ്ലാഷ് ബാക്കുണ്ട്.. അതാദ്യം പറയാം..
കണക്കു പരീക്ഷയുടെയെന്നു പതിവു പോലെ ഞാൻ പനി പിടിച്ചു കരഞ്ഞു അവസാനം അമ്മയുടെ തല്ല് പേടിച്ചു പോയി പരീക്ഷയെഴുതി പുറത്തു വന്നപ്പോൾ, അര മാർക്കിന്റെ ഒരുത്തരം തെറ്റിയിരിക്കുന്നു. ടീച്ചറുടെ കഴിവാണോ അതോ എന്റെ കഴിവാണോ എന്നറിയില്ല…ബാക്കിയെല്ലാം ശരിയാണ് . പിന്നെ ഒരുത്തരം അല്ലെ അതിനു കൂടി പ്പോയാൽ ഒരടി കിട്ടും. അതൊക്കെയെന്ത്?
സത്യത്തിൽ അത് തെറ്റിയതല്ല. അറിയില്ലായിരുന്നു.. ഒരൂഹം വച്ച് എന്തോ എഴുതിയതാ… എന്തായാലും ബാക്കി എല്ലാവരും പറഞ്ഞതല്ല ഞാൻ എഴുതിയത്.
അങ്ങനെ സംഭവ ദിവസം….അതായത് answer paper കൊടുക്കുന്ന ദിവസം. രാവിലെ ടീച്ചർ വന്നു പറഞ്ഞു.. “എല്ലാവർക്കും നല്ല മാർക്ക് ഉണ്ട്. Good.. പക്ഷെ ഒരാൾക്ക്… ഒറ്റയൊരാൾക്കു മാത്രം ഫുൾമാർക് ഉണ്ട്..”
“അതിനു എന്റെ വക ഒരു സമ്മാനം ഉണ്ട്.
ഒരാൾക്കെങ്കിലും തോന്നിയല്ലോ…”
ടീച്ചർ വളരെ സന്തോഷത്തിലാണ്.
എനിക്ക് ചെറിയ വിഷമം… അര മാർക്ക് ഉണ്ടായിരുന്നെങ്കിൽ…
‘ടീച്ചർമാർ അങ്ങനെ സമ്മാനമൊന്നും കൊടുക്കാറില്ല……Class first ആയാൽ മാത്രമേ സ്കൂളിൽ നിന്നും സമ്മാനം കിട്ടു. അതും ഇതുവരെ കിട്ടിയിട്ടില്ല.’
‘എന്നാലും ആർക്കായിരിക്കും…’
‘അതും ഈ ടീച്ചറുടെ കയ്യിൽ നിന്ന്…’ ‘
എന്ത് സമ്മാനമാണോ കൊടുക്കുക.’
ഞാൻ ആലോചിച്ചു.
‘കഷ്ടമായിപ്പോയി…ആ അര മാർക്ക് കൂടി ഉണ്ടായിരുന്നെങ്കിൽ…’
കുട്ടികൾ ആകാംഷ കാരണം നറുക്കിട്ട് നോക്കുന്നു വരെയുണ്ട്.
ഒടുവിൽ ടീച്ചർ വന്നു.. പേപ്പർ കൊടുത്തു തുടങ്ങി… 5 ഉത്തരങ്ങളിൽ കൂടുതൽ തെറ്റിച്ചവർക് അടിയും ഉണ്ട്.
എന്റെ പേര് വിളിച്ചപ്പോൾ ഞാൻ എണീറ്റു. കൈ നീട്ടാൻ പറഞ്ഞു… ‘ഏഹ്.. വേറെയും തെറ്റുണ്ടോ ‘?
‘എത്രയെണ്ണം ആണോ.. ആവോ.. ഒരടി തന്നാൽ മതിയായിരുന്നു ദൈവമേ….’
ആ വിളി ദൈവം കേട്ടു.,
അടി കിട്ടിയില്ല…
‘പകരം നീട്ടിയ കയ്യിൽ ഭംഗിയുള്ള ഒരു പേന’…
ഞാൻ ടീച്ചറെ നോക്കി..” മിടുക്കി”… ടീച്ചർ ചിരിച്ചു.
ആ നിമിഷം.. എന്റെ സന്തോഷം വർണ്ണിക്കാൻ വാക്കുകളില്ല…
പക്ഷെ അടുത്ത നിമിഷം… ‘അയ്യോ’.. ആ അര മാർക്ക്? അത് തെറ്റല്ലേ’?
നോക്കിയപ്പോൾ ശരിയിട്ടിരിക്കുന്നു…
അടുത്ത കുട്ടികളുടെ പേപ്പറിൽ എത്തി നോക്കി… അവർ എല്ലാവരും ഒരുപോലെ വേറെ ഉത്തരമാണ് എഴുതിയിരിക്കുന്നത്. ‘അപ്പോൾ ഞാൻ എഴുതിയത്? ടീച്ചർക്ക് തെറ്റിപോയതാണോ’?
‘എന്തു ചെയ്യും… ടീച്ചരോട് പറയണ്ടേ…
സമ്മാനം തിരിച്ചു വാങ്ങും.. ചിലപ്പോൾ തല്ലും കിട്ടും…
നാണക്കേട്… എനിക്ക് മാത്രമല്ല ടീച്ചർക്കും..
അര മാർക്ക് കുറഞ്ഞാലും ഫസ്റ്റ് ഞാൻ തന്നെയല്ലേ… അപ്പോൾ പിന്നെ സമ്മാനം തിരിച്ചു വാങ്ങുമോ’?
ഞാൻ അവിടെത്തന്നെ നില്കുകയായിരുന്നു. ടീച്ചർ ഇരിക്കാൻ പറഞ്ഞു. ഞാൻ ഇരുന്നപ്പോഴേക്കും.. അടുത്തിരുന്നയാൾ പേപ്പർ തട്ടിയെടുത്തു.. ശരിയുത്തരങ്ങൾ ഒത്തു നോക്കുവാനാണ്. പേപ്പർ എല്ലാവരും വാങ്ങി നോക്കുന്നുണ്ട്..
‘ഇപ്പോൾ ആരെങ്കിലും കണ്ടുപിടിക്കും അതിനു മുൻപ് ഞാൻ തന്നെ പറയുന്നതല്ലേ നല്ലത്’.
‘എങ്ങനെ പറയും… എന്താ പറയാ..ആലോചിച്ചിട്ട് പേടിയാവുന്നു’.
പെട്ടെന്ന് ഒരുത്തി… “നോക്ക് ഈ ഉത്തരം തെറ്റാ.. നിനക്ക് ഫുൾ മാർക്ക് ഒന്നുമില്ല”. ഞാൻ ദയനീയമായി അവളെ നോക്കി. അവൾ ടീച്ചറുടെ അടുത്തേക് പോയി. പഠിക്കാൻ എല്ലാവരും തമ്മിൽ competition ഉണ്ട്… So, ഒരു ഹെല്പും കിട്ടില്ല.
‘ആദ്യമായിട്ടു കിട്ടിയ സമ്മാനം… അതും ഈ ടീച്ചറുടെ കയ്യിൽ നിന്നും. കുട്ടികൾ നോക്കുന്നുണ്ട്…’
‘ഭൂമി പിളർന്നു താഴേക്കു പോകാൻ എന്തായാലും വഴിയില്ല. അതുകൊണ്ട് ഞാൻ അവളുടെ പിറകെ പോയി.’
ടീച്ചർ എന്റെ പേപ്പർ വാങ്ങി നോക്കി ചോദിച്ചു… എന്താ ഇതിന്റെ ഉത്തരം…
എന്റെ കണ്ണ് നിറഞ്ഞു…ടീച്ചർ അത് ശ്രദ്ധിച്ചില്ല.
ടീച്ചർ മറ്റുള്ളവരോട് ചോദിച്ചു.. അവർ ഉത്തരം പറഞ്ഞു. ടീച്ചർ ഞാൻ എഴുതിയത് വായിച്ചു. എന്നിട്ട് ചോദിച്ചു… ഇതോ. ഇത് ശരിയാണോ.?
ആരും ഒന്നും മിണ്ടിയില്ല.
‘ഇങ്ങനെയും ഒരു പേരുണ്ട്, ഞാൻ ക്ലാസ്സിൽ ഇത് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇവൾ മാത്രമേ ഇതെഴുതിയുള്ളു.
അത് ശരി.. ഇങ്ങനെയൊരു സംഭവം എനിക്ക് ഓർമയെ ഇല്ല.
എന്നിട്ടും എനിക്ക്എങ്ങനെ ആ ഉത്തരം കിട്ടി എന്നത് ഇന്നും ചുരുളഴിയാത്ത ഒരു രഹസ്യമാണ്…

