പണ്ട് സ്കൂളിൽ അഞ്ചിലോ ആറിലോ പഠിക്കുന്ന പ്രായമാണ്. വീട്ടിൽ ഹിന്ദി പാട്ടുകളൊക്കെ ദൂരദര്ശനിലോ, റേഡിയോയിലോ, അച്ഛൻ വാങ്ങിക്കുന്ന ഓഡിയോ കേസെറ്റുകളിലോ മാത്രം കാണുകയും കേൾക്കുകയും ചെയ്യുന്ന സമയം. ആ സമയത്തിറങ്ങിയ രണ്ട് ഹിന്ദി പാട്ടുകൾ എന്നെ ഹഠാദാകർഷിച്ചു.
ഒന്ന് ‘ചോളി കേ പീച്ചേ ക്യാ ഹേ’ എന്ന പാട്ടും അതിന് തൊട്ടടുത്ത വർഷം ഇറങ്ങിയ “തു ചീസ് ബഡീ ഹേ മസ്ത് മസ്ത്” എന്ന പാട്ടും. എല്ലാവരുടെ നാവിൻ തുമ്പിലും ഒരു ചെറിയ നാണത്തോടെ ഈ പാട്ടുകൾ തന്നെ തത്തിക്കളിച്ചു.
അന്നത്തെ സുഗമ ഹിന്ദിയിലൊക്കെ സ്കൂളിൽ ഫസ്റ്റ് വാങ്ങിച്ചിരുന്ന പഠിപ്പിയും ബുദ്ധിജീവിയും ഒക്കെ ആയിരുന്ന ഈ എനിക്ക് എത്ര ആലോചിച്ചിട്ടും ആ രണ്ട് പാട്ടുകളുടെയും അർത്ഥം അത്ര കലങ്ങുന്നില്ല. “ചോളി കെ പീച്ചേ ക്യാ ഹേ” അർത്ഥം ആലോചിച്ച് തല പുകഞ്ഞ് നിർത്തിയപ്പോഴാണ് മറ്റേ പാട്ടിറങ്ങുന്നത്. അത് അതിലും വലുത്. ‘തൂ’ എന്ന് പറഞ്ഞാൽ ‘നീ’.. മസ്ത് എന്ന് പറഞ്ഞാൽ ‘മത്ത്’ ( എന്റെ നാട്ടിലൊക്കെ അന്ന് മസ്ത് പിടിച്ചു എന്ന് പറഞ്ഞാൽ ‘മത്ത്’ പിടിച്ചു എന്നായിരുന്നു അർത്ഥം..😁) പക്ഷെ, അതിനിടയിൽ ഈ ചീസ് എവിടുന്നു വന്നു. അതങ്ങട് എത്ര ആലോചിച്ചിട്ടും ശരിയാവുന്നില്ല. അന്നാണെങ്കിൽ ഈ കഴിക്കുന്ന ചീസൊന്നും അത്ര പ്രചാരത്തിൽ ഇല്ല താനും. അല്ലെങ്കിൽ, അതാണെന്നെങ്കിലും ഓർത്ത് സമാധാനിക്കമായിരുന്നു. ഇതിന് എന്തോ കുനിഷ്ട് പിടിച്ച അർത്ഥം ആണെന്ന് പാട്ട് കേൾക്കുമ്പോൾ ഉള്ള വലിയവരുടെ മുഖഭാവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയെടുത്തിരുന്നു. അതിന്റെ അർത്ഥമറിയാതെ എന്നിലെ വിജ്ഞാന ദാഹിക്ക് ഇരിക്കപ്പൊറുതി കിട്ടിയില്ല. അപ്പോൾ നിങ്ങൾ വിചാരിക്കും, ബാക്കിയുള്ള ഹിന്ദിപ്പാട്ടുകളുടെ അർത്ഥം മുഴുവൻ എനിക്കറിയാം എന്ന്. അതങ്ങനെയല്ല, ഇതിലെ ആ കുനുഷ്ട്, അതാണെന്നെ ആകർഷിച്ചത്. യൂ നോ..!🤭
അങ്ങനെ ഇരിക്കുമ്പോൾ, ഏഴാം ക്ലാസ്സിലെ ഏതോ ഒരുത്തൻ ആറാം ക്ലാസിൽ പഠിക്കുന്ന നരുന്ത് പൊടിക്കുപ്പി പോലുള്ള എന്നെ നോക്കി ‘തൂ ചീസ് ബഡീ ഹേ മസ്ത് മസ്ത്’ എന്ന് ചിരിച്ച് താളാത്മകമായി പാടുന്നു. ഏഴാം ക്ലാസ് എന്ന് കേട്ട് ആരും അവനെയൊന്നും വില കുറച്ചു കാണരുത്. അന്നൊന്നും ഗ്രെയ്ഡും ഫുൾ പാസ്സും ഒന്നും ഇല്ലായിരുന്നല്ലോ. അതുകൊണ്ട് അവനൊക്കെ ഒന്ന് മുതൽ ഏഴ് വരെ മിക്കവാറും എല്ലാ ക്ലാസ്സിലും തോറ്റ് തോറ്റ് മീശയും താടിയും മുളച്ചവനാണ്. ഞാനാണെങ്കിൽ, പഠിക്കുന്നത് ആറിലും, നാക്ക് ഡിഗ്രിക്കും, കാണാൻ രണ്ടാം ക്ലാസിലും.. അതാണ് അവസ്‌ഥ. അവൻ പാടുന്നു, കൂടെയുള്ള മറ്റു മൂത്താപ്പമാർ ഞങ്ങളെ നോക്കി ചിരിക്കുന്നു. ഞങ്ങൾ അന്തം വിട്ട് നിക്കുന്നു. ഇതിൽ ഇത്ര മാത്രം ചിരിക്കാനെന്താണ്! അന്ന് തന്നെ ഉറപ്പിച്ചു, ഇതിന്റെ അർത്ഥം കണ്ട് പിടിച്ചിട്ടു തന്നെ വേറെ കാര്യം.
ആദ്യം ചോദിക്കേണ്ടത് അച്ഛനോടണല്ലോ. അന്നും ഇന്നും അച്ഛനാണെന്റെ എൻസൈക്ലോപീഡിയ.🥰
“അച്ഛാ..അച്ഛാ.. ഈ ‘തൂ ചീസ് ബഡീ ഹേ മസ്ത് മസ്ത്’ ന്റെ അര്ഥമെന്താ, അച്ഛാ?” എന്റെ എന്ത് ചോദ്യത്തിനും മുൻപിലും പുറകിലും ഒരു നാലഞ്ച് ‘അച്ഛാ’ ഉണ്ടാവും എന്നാണ് എന്റമ്മ എന്നും പറയുന്നത്. ആ ചോദ്യം കേട്ട് അച്ഛന്റെ ഭാവം എന്തായിരുന്നു എന്നെനിക്കോർമയില്ല. എന്തായാലും സൗമ്യമാവാൻ സാധ്യതയില്ല. അച്ഛൻ ഒഴുക്കിൽ ‘നീ സുന്ദരി ആണ്’ എന്നോ മറ്റോ പറഞ്ഞ് എന്നെ ഓടിച്ചു വിട്ടു. ആ ഉത്തരത്തിൽ ഞാൻ തൃപ്തയായില്ല. ഏയ് അതല്ല, അച്ഛൻ അങ്ങനെ വെറുതെ പറഞ്ഞതാവും എന്ന് എന്റെ കുഞ്ഞു മനസ്സ് എന്നോട് മന്ത്രിച്ചു. വീണ്ടും ചോദിക്കാനുള്ള ധൈര്യവുമില്ല. പിന്നെ ഇനി ആരോട് ചോദിക്കും!
‘പപ്പൻ മാഷ്!’ സ്കൂളിലെ ഞങ്ങളുടെ പ്രിയപ്പെട്ട ഹിന്ദി മാഷ്. ഹിന്ദിയിൽ പപ്പൻമാഷേ വെല്ലാൻ ആ പ്രദേശത്തൊന്നും ആരുമില്ല. വെള്ളയും വെള്ളയും ഖദർ വസ്ത്രമൊക്കെ ധരിച്ച് എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന, വളരെ മെല്ലെ സംസാരിക്കുന്ന പരമ സാത്വികനായ ഹിന്ദി അധ്യാപകൻ. ഒരു പാവം ചെറുപ്പക്കാരൻ. എല്ലാവർക്കും പ്രിയപ്പെട്ട മാഷ്. മാഷ് കാരണമാണ് അന്നൊക്കെ ഹിന്ദിയോട് അത്രയും സ്നേഹം വന്നത്. സുഗമ ഹിന്ദിയും ഹിന്ദി പ്രചാർ സഭയുടെ പ്രഥമയും മധ്യമയും വേറെന്തൊക്കെയോ പരീക്ഷകളും ഒക്കെ പാസ്സായിട്ട് ഒരു ഹിന്ദി സ്നേഹി ആയിട്ടാണ് ഞാൻ പിന്നീട് ഏഴാം ക്ലാസിൽ ആ സ്‌കൂളിൽ നിന്ന് പടിയിറങ്ങിയത്. പപ്പൻ മാഷിന് മാത്രമേ ഇതിനൊക്കെയുള്ള കൃത്യമായ ഉത്തരം അറിയുള്ളൂ. അപ്പോൾ, ഇതിനുത്തരം തരാൻ ഏറ്റവും അനുയോജ്യൻ പപ്പൻ മാഷ് തന്നെ. മാത്രവുമല്ല, എന്ത് സംശയമുണ്ടെങ്കിലും ടീച്ചേഴ്സിനോട് ചോദിച്ച് നിവാരണം നടത്തണം എന്നാണ് വീട്ടിൽ നിന്ന് അച്ഛനും അമ്മയും, സ്കൂളിൽ നിന്ന് ടീച്ചേഴ്സും പറയാറുള്ളത്.
പിറ്റേന്ന് കുളിച്ചൊരുങ്ങി, സ്‌കൂളിലെത്തി. പപ്പൻമാഷെ കാത്തിരുന്നു. പപ്പന്മാഷ് സ്വത സിദ്ധമായ ചിരിയോടെ ക്ലാസ്സിലെത്തി. ക്ലാസ്സിൽ നിന്ന് ചോദിക്കാനുള്ള അവസരം കിട്ടിയില്ല. പിന്നീടെപ്പോഴോ ബ്രേക്ക് സമയത്ത്, മാഷേ അന്വേഷിച്ച് ചെന്നപ്പോൾ മാഷ് സ്റ്റാഫ് റൂമിൽ ഇരുന്ന് കുട്ടികളുടെ കോപ്പി നോക്കുന്നു. വേറെ ടീച്ചേഴ്സ് ഒന്നുമില്ല.
മെല്ലെ, അടുത്ത് ചെന്ന് വിളിച്ചു,
“മാഷേ..”
“ അല്ല, ഇതാര്..നിമക്കുട്ടിയോ..” മാഷ് പുഞ്ചിരിയോടെ തലയുയർത്തി.
“ മാഷേ.. എനക്കൊരു സംശയം ഇണ്ടേനും..”
“ആഹാ.. സന്തോഷം.. ചോയ്ക്ക്..” മാഷ് ഉഷാറായി. ആ സ്കൂളിലെ തന്നെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയാണ് സംശയവുമായി മുന്നിൽ നിക്കുന്നത്.
“ മാഷേ.. ഈ ‘ചീസ് ബഡീ ഹേ മസ്ത് മസ്ത്’ ന്ന് പറഞ്ഞാലെന്താ.?
മാഷിന്റെ മുഖം പോയ പോക്ക് ഇപ്പോഴും എനിക്കോർമയുണ്ട്. എന്റെ ചോദ്യം വളരെ നിഷ്കളങ്കമായിരുന്നതുകൊണ്ട് മാഷ് ദേഷ്യമൊന്നും കാണിച്ചില്ല. മെല്ലെ അച്ഛൻ പറഞ്ഞതുപോലെ എന്തോ തന്നെ എന്നോട് പറഞ്ഞു. അതും എനിക്കത്ര വിശ്വാസമായില്ല.
“അപ്പൊ, ഈ ചീസ് എന്ന് പറഞ്ഞാലെന്താ..?”
ഈ കുരിപ്പിനെ ഇനി എന്ത് പറഞ്ഞൊഴിവാക്കും എന്നാലോചിച്ച് മാഷിന്റെ സമാധാനം പോയി.. തട്ടിയും മുട്ടിയും മാഷ് എന്തൊക്കെയോ പറഞ്ഞൊഴിവാക്കി. അതെനിക്കത്രയ്ക്ക് ബോധിച്ചില്ലെങ്കിലും, ഞാൻ പോട്ടെന്ന് വെച്ചു. എന്നാപ്പിന്നെ അടുത്തത് ചോദിച്ചേക്കാം.
“ എന്നാ ഞാൻ വേറൊന്ന് ചോദിക്കട്ടെ..?”
ഇനിയുമുണ്ടോ കുരിശ്, എന്ന അർത്ഥത്തിൽ മാഷ് ദയനീയമായി എന്നെയൊന്ന് നോക്കി..
“ആ.. ചോദിക്ക്..”
“എന്നാൽ, ഈ ‘ചോളീ കേ പീച്ചേ ക്യാ ഹേ’..” എന്ന് പറഞ്ഞാലോ?” ആവശ്യത്തിലും അധികം നിഷ്കളങ്കതയോടെ ആ ചോദ്യം ഞാനെറിഞ്ഞു.😂
ഹോ.. അന്നാദ്യമായാണ് മാഷിന്റെ മുഖം അത്രയും ദേഷ്യത്തിൽ ചുവന്ന് വിജൃംഭിച്ച് കണ്ടത്. കുട്ടിക്ക് വേറൊന്നും ചോദിക്കാനില്ലേ, എനിക്കിവിടെ വേറെ പണിയുണ്ടെന്നും പറഞ്ഞ് മാഷിന്റെ അലർച്ച മാത്രമേ പിന്നെ ഞാൻ കേട്ടുള്ളൂ. ഭാഗ്യത്തിന് അത് ഞാനേ കേട്ടുള്ളൂ.. ഞാൻ മാത്രമേ കേട്ടുള്ളൂ..😁അലമ്പ് കുട്ടിയല്ല എന്നറിയുന്നത് കൊണ്ട് മാത്രം മാഷിന് അതിലപ്പുറം ദേഷ്യമൊന്നും എന്നോട് തോന്നിയില്ലെന്ന് തോന്നുന്നു. പിറ്റേന്ന് മുതൽ എന്നത്തേയും പോലെ സ്നേഹത്തോടെ തന്നെയാണ് മാഷെന്നോട് പെരുമാറിയത്.
മാഷുടെ പ്രതികരണം ഇങ്ങനെ ആയതുകൊണ്ട്, പിന്നീട് അച്ഛനോട് ചോദിച്ചതും ഇല്ല. പിന്നീടെന്നോ ഇതിന്റെയൊക്കെ അർത്ഥം മനസ്സിലായപ്പോഴാണ്, മാഷിന്റെ അവസ്‌ഥ ഓർത്ത് എനിക്ക് സഹതാപം തോന്നിയത്. പപ്പൻമാഷൊക്കെ ഇപ്പൊ എവിടെ ഉണ്ടോ ആവോ! ഓരോരോ തൊല്ല പിടിച്ച പാട്ടുകൾ വരുത്തി വെക്കുന്ന അവസ്ഥകളേ! ഇപ്പൊ, ഡിജിറ്റൽ യുഗത്തിൽ ടീച്ചർമാര്ക്കൊന്നും ഇമ്മാതിരി ബുദ്ധിമുട്ടുകളൊന്നും ഉണ്ടാവില്ലെന്ന് തോന്നുന്നു! അർത്ഥമറിയാതെ കുട്ടികൾക്കും!😂


9 Comments
മനോഹരം. രസകരം.. 😀
😍😍😀
🤣🤣
Superrrr !!
Thank you, dear😍
Nice one ❤️
Thank you, da😘
😂😂
🤣🤣