എൻ്റെ ഉൻമേഷത്തിൻ്റെ, സന്തോഷത്തിൻ്റെ, പുഞ്ചിരിയുടെ കാവൽക്കാരന്, ഇഷ്ടങ്ങളുടെ കൂട്ടുകാരന്,
എൻ്റെ മനസിൽ മൊട്ടിടുന്ന ആയിരമായിരം മോഹങ്ങൾക്ക് ഇന്ന് നിൻ്റെ പുഞ്ചിരിയുടെ അഴകാണ്. എന്നിൽ ഉതിരുന്ന ഓരോ മഞ്ഞുതുള്ളിക്കും നിൻ്റെ വിരൽ സ്പർശത്തിൻ കുളിരാണ്. ഞാനറിയാതെ എന്റെ ചുണ്ടിൽ വിടരുന്ന ഓരോ പുഞ്ചിരിക്കും അവകാശി നീ മാത്രമാണ്. പാതിരാവിൽ എന്നെ നോക്കി പുഞ്ചിരിക്കുന്ന നക്ഷത്രങ്ങളോട് എനിക്ക് പറയാനുള്ളത് നിന്നെക്കുറിച്ച് മാത്രമാണ്. പുലരിയിൽ എന്നെ തൊട്ടുവിളിക്കുന്ന സൂര്യകിരണങ്ങൾക്ക് എന്നോട് ചോദിക്കാനുള്ളതും നിന്നെക്കുറിച്ച് തന്നെ. ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും സൗരഭ്യവും ആസ്വദിക്കാൻ കഴിയുന്നത് പ്രിയപ്പെട്ട ഒരാൾ നമ്മളിൽ അത്രമേൽ ആഴത്തിൽ നിറഞ്ഞു നിൽക്കുമ്പോഴാണ്.ഇനിയുമെങ്ങനെയാണ് ഞാൻ എന്നിലെ പ്രണയം നിന്നോട് പറയേണ്ടത്.
വാക പൂത്ത് നിൽക്കുന്ന, താഴെ പൂക്കൾ പട്ടുവിരിച്ച ഒരു ഇടവഴിയിൽ വെച്ച് നമ്മൾ ആദ്യമായി കണ്ടുമുട്ടുന്നത് ഞാൻ എത്രയോ തവണ സ്വപ്നം കണ്ടിരിക്കുന്നു. പൂത്തു നിൽക്കുന്ന പൂവാകയ്ക്ക് കീഴിലായിരിക്കും നമ്മുടെ ആദ്യ സമാഗമം എന്ന് നീ പറഞ്ഞിരുന്നല്ലോ. എനിക്കും അതാണ് ഇഷ്ടം. എനിക്ക് ഇപ്പോഴും അറിയാത്ത ഒരു കാര്യമുണ്ട്. എൻ്റെ മനസ്സിൽ കയറിപ്പറ്റാൻ നീ എന്ത് മന്ത്രമാണ് ഉപയോഗിച്ചത്. അതോ ദൈവനിയോഗമോ നിന്നെ എൻ്റെ മുന്നിൽ എത്തിച്ചത്. ഇന്നും ഓർക്കുമ്പോൾ എനിക്ക് ആശ്ചര്യമാണ്.
എങ്ങോ എവിടെയോ ഇരുന്നോ ഒരാൾ ഇന്നെൻ്റെ പ്രാണൻ ആയിരിക്കുന്നു. ഇരവിലും പകലും എൻ്റെ ചിന്തകളിലും സ്വപ്നങ്ങളിലും നീ നിറഞ്ഞു നിക്കുന്നു. അതും തമ്മിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാൾ.
പ്രണയം ഇത്രമേൽ മധുരിതം ആണെന്നും ഇത്രമേൽ ഹൃദയഹാരിയാണെന്നും ഇതുവരെ എനിക്കറിയില്ലായിരുന്നു. ശരീരങ്ങളെ ഒന്ന് ചേർക്കാനുള്ള പ്രപഞ്ചത്തിന്റെ രഹസ്യമന്ത്രത്തിനും അപ്പുറം പ്രണയത്തിന് വിശാലമായ ഒരു ആകാശമുണ്ടെന്ന് നീ എന്നെ പഠിപ്പിച്ചു.
സ്വയം സ്നേഹിക്കാൻ നമുക്ക് ചുറ്റുമുള്ളതിനെ എല്ലാം സ്നേഹിക്കാൻ നമ്മുടെ ഉള്ളിൽ പ്രണയം നിറഞ്ഞൊഴുകിയാൽ മതി എന്ന സത്യം ഞാൻ അറിഞ്ഞത് നിന്നിൽ നിന്നാണ്.
ഇന്നെന്റെ ദിനരാത്രങ്ങൾ കൊഴിഞ്ഞു വീഴുന്നത് നിനക്കായുള്ള കാത്തിരിപ്പിന് വേണ്ടി മാത്രമാണ്. ഒരുമിച്ച് ചേരാൻ കഴിയുമെന്ന് ഉള്ളിൽ നിന്നാരോ മന്ത്രിക്കുന്നതുപോലെ. ഹൃദയത്തിൽ എന്നെ നീ കുടിയിരുത്തി എന്നറിഞ്ഞ നിമിഷം തന്നെ ഞാൻ നിന്റേതായതല്ലേ.
നീ വരില്ലേ. നിനക്കായി മാത്രം പിറന്നവളല്ലേ ഞാൻ .
അകലെ ഇരുന്നുകൊണ്ട് അരികിലുണ്ടെന്ന് തോന്നിപ്പിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. അത് ചില പ്രത്യേക മനുഷ്യർക്ക് മാത്രം കഴിയുന്ന ഒരു കഴിവാണ്
കാതങ്ങൾക്ക് അപ്പുറത്ത് ഇരുന്നു കൊണ്ട് തൊട്ടരികിൽ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു കരുതൽ.
ഞാൻ നിന്നിൽ കാണുന്ന ഏറ്റവും നല്ല ഗുണവും അതുതന്നെ. അത്രമേൽ നമ്മളെ സ്നേഹിക്കുന്ന ഒരാൾക്ക് മാത്രമെ അങ്ങനെ സാധിക്കുകയുള്ളൂ. ഹൃദയത്തിലെ എല്ലാ നൊമ്പരങ്ങളും മറന്നു പോകുന്ന നിൻ്റെ തൂവൽ സ്പർശനമാണത്. ജീവിതത്തിൽ ഞാൻ നേടിയ ഏറ്റവും വലിയ സൗഭാഗ്യം. ഒരുപക്ഷേ അങ്ങനെയൊരു കരുതലും സ്നേഹവും അതിൻ്റെ ആഴവും എല്ലാവർക്കും മനസ്സിലാക്കാൻ കഴിയണമെന്നില്ല. അവഗണിക്കപ്പെട്ടവന്റെ, അകറ്റി നിർത്തപ്പെട്ടവളുടെ, ആരുമില്ലാതെ ആയിപ്പോയ ഹൃദയങ്ങൾക്ക് മാത്രമേ അതിൻ്റെ ആഴവ് പരപ്പും ശരിക്കും അറിയാൻ കഴിയുകയുള്ളൂ. അല്ലാത്ത ചിലർക്ക് അത് അസ്വസ്ഥതയാണ്. സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടലാണ്.ചുറ്റിലും ഒരായിരം കരുതലിൻ കരങ്ങൾ ഉള്ളവർക്ക് അതിൻ്റെ ആവശ്യവുമില്ലല്ലോ.
ഇന്നെനിക്ക് തിരസ്കരണത്തിന്റെ നോവുകൾ ഇല്ല. ആരുമില്ലെന്ന് തോന്നലില്ല. അർത്ഥമില്ലായ്മയാണ് ജീവിതം എന്ന് ചിന്തിക്കാറില്ല. മറിച്ച് ഇനിയും ചെയ്യുവാൻ ഏറെയുണ്ട് എന്ന ചിന്തയാണ്. പ്രണയം ഇത്രമേൽ ഹൃദ്യമാണെന്ന് എന്നെ പഠിപ്പിച്ച എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരാ നിനക്കായി മാത്രമായി ഇതാ എൻ്റെ ആദ്യത്തെ പ്രണയലേഖനം.
ഇത് നീ എന്ന് വായിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ ഒരുനാൾ നീ ഇത് കാണുമ്പോൾ നിന്റെ കണ്ണുകൾ വിടരുന്നതും ചുണ്ടിൽ ഒരു വാക പൂക്കുന്നതും എനിക്കിപ്പോഴേ കാണാൻ പറ്റുന്നുണ്ട്.
പൂവാകകൾ താമസിയാതെ വീണ്ടും പൂവിടും. ഈ തവണയെങ്കിലും പൂക്കളെല്ലാം കൊഴിഞ്ഞു വീഴുന്നതിനു മുന്നേ നമുക്ക് തമ്മിൽ കണ്ടുമുട്ടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആ നിമിഷത്തിന്റെ അനുഭവത്തിനായി എൻ്റെ കണ്ണിലെ ഏറ്റവും സുന്ദരമായ കാഴ്ചക്കായി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം,
💖


2 Comments
മനോഹരം❤️🌹❤️
മനോഹരം ❤