പൂർണ്ണതയെന്നത് മനോഹരമാം
സങ്കല്പം മാത്രമല്ലോ,
പൂർണ്ണനാം മർത്യൻ ആരുണ്ട് ഭൂവിൽ,
രൂപത്തിൽ, സ്വഭാവഗുണങ്ങളിൽ, ഭൗതികനേട്ടങ്ങളിൽ,
പൂർണ്ണനാകാൻ ശ്രമിക്കുന്നവൻ നിത്യവും,
അതൃപ്തി തൻ തീയിൽ ഉരുകിടുന്നു.
ഉലകിൽ കാണും വസ്തുക്കളെല്ലാം
അപൂർണ്ണമായ് തന്നെ ചമച്ചു ദൈവം.
സുന്ദരമാം പനിനീർപ്പൂവിനു മൂർച്ചയേറും
മുള്ളെന്ന പോലെ,
വെളിച്ചത്തിന് പിന്നിലുണ്ട് സുനിശ്ചിതമാം തമസ്സും.
കുളിരേകും ശൈത്യം കഴിഞ്ഞാലെത്തും
ചുട്ടുപൊള്ളും ഗ്രീഷ്മവും.
സമ്പൂർണനല്ല മനുഷ്യനും, പക്ഷേ
മനസ്സിൽ നിറയും സംതൃപ്തിയും
ശുഭചിന്തകളുമവനെ,
പൂർണ്ണത തൻ നിറവിലെത്തിച്ചിടും.
