പ്രിയപ്പെട്ടവനേ…
നിനക്ക് സുഖമെന്ന് വിശ്വസിക്കുന്നു. എങ്ങനെ തുടങ്ങണമെന്നറിയില്ല.
വർഷങ്ങൾക്കുമുമ്പ് സ്കൂൾവരാന്തയിൽനിന്ന് പരസ്പരം, മിഴികൾ യാത്രപറഞ്ഞ് പിരിഞ്ഞെങ്കിലും മനസ്സിന്റെ ഒരു കോണിൽ ഓർമ്മകളുടെ പച്ചത്തുരുത്തിൽ നീയിന്നും മഴവില്ലിന്റെ ഏഴു വർണ്ണങ്ങൾചാലിച്ച് നിറഞ്ഞുനിൽപ്പുണ്ട്.
അന്നവസാനമായി, ഒറ്റയ്ക്കു സംസാരിക്കണമെന്നു നീ പറഞ്ഞപ്പോൾ പറ്റില്ലെന്നു ഞാൻ നിരസിച്ചതും നീ കൊടുത്തുവിട്ട നാരങ്ങമിഠായികൾ നീ കാൺകെ നിലത്തിട്ട് ചവിട്ടിയരച്ചതും നിന്റെ കണ്ണുകളിൽ നിറഞ്ഞ ജലകണികകൾ കണ്ടില്ലെന്നു നടിച്ചുതും ഞാനൊരു ക്രൂരയായതുകൊണ്ടല്ലെടോ…
വീട്ടിൽ എനിക്കുതാഴെയുള്ള അഞ്ചുസഹോദരങ്ങളുടെ ജീവിതം പ്രണയമെന്ന എന്റെ സ്വാർത്ഥതക്കുമുമ്പിൽ ഇല്ലാതാകുമെന്ന ഭയമായിരുന്നെടോ. മാത്രമല്ല, പ്രണയമെന്ന പേരുകേട്ടാലുടൻ വാളെടുക്കുന്ന ഉമ്മയും ഉപ്പയും അമ്മാവന്മാരുടെയൊക്കെ മുഖമായിരുന്നു നിന്റെ പ്രണയത്തിനു തടസ്സമായി ഞാൻ ഭയന്നിരുന്നത്.
എന്നിട്ടും നീയയച്ച രണ്ട് കത്തുകൾക്കും മറുപടി എഴുതാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അതേ പേടിതന്നെയായിരുന്നു അവിടെയും എന്നെ വിലക്കിയത്. എന്നിട്ടും ഓരോരോ യാത്രകളിലും ഞാൻ ആഗ്രഹിക്കുമായിരുന്നു നിന്നെയൊന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്.
നീ സ്ഥിരംകയറാറുള്ള ബസ്റ്റോപ്പിലെത്തുമ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ താളം ഞാൻപോലുമറിയാതെ വർദ്ധിക്കുമായിരുന്നു. പരസ്പരം ഒന്നും സംസാരിച്ചില്ലെങ്കിലും കണ്ണുകൾ തമ്മിലുടക്കുമ്പോളുണ്ടായിരുന്ന ആത്മനിർവൃതിക്കായ് ഞാൻ ഒരുപാടു മോഹിച്ചിരുന്നു. ആയൊരു നോട്ടംമാത്രം മതിയായിരുന്നു പ്രണയമെന്ന മാസ്മരികലോകം എന്നെ കീഴടക്കാൻ. വർഷങ്ങളേറെ കാത്തിരുന്നു ഞാൻ അങ്ങനെയൊരു നിമിഷത്തിനായ്. പക്ഷേ, ഞാൻ പ്രണയം തിരസ്‌ക്കരിച്ചതിലുള്ള വേദനയിൽ എന്നെ മറന്ന് നീ മറ്റൊരു പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച വാർത്തയറിഞ്ഞ അന്ന് ഞാനും എന്റെ ഹൃദയവും തകർന്നുപോയിരുന്നു. ഊണും ഉറക്കവുമില്ലാതെ മുഴുഭ്രാന്തിയുടെ അവസ്ഥ. നിന്നോടുള്ള കടുത്ത പ്രണയം എന്നെ ഉന്മാദത്തിന്റെ ലോകത്തേക്കു നയിക്കുമെന്നുപോലും ഞാൻ ഭയന്നു.
വർഷങ്ങൾക്കുശേഷം സ്കൂൾ അലുമിനിയിൽവെച്ച് വീണ്ടും നമ്മൾ കണ്ടുമുട്ടിയപ്പോൾ എന്നോടൊഴികെ മറ്റെല്ലാവരോടും നീ സംസാരിച്ചിരുന്നു. അന്നതിലുണ്ടായ അതിയായ വേദനയും ദേഷ്യവുമാണ് എന്നെ മറ്റൊരാളുമായുള്ള വിവാഹഹത്തിലെത്തിച്ചത്. പക്ഷേ, അപ്പോളും നിന്റെയോർമ്മകൾ എന്റെയുള്ളിൽ തിങ്ങിനിറഞ്ഞിരുന്നു.
മറക്കാൻ ആയിരംവട്ടം ശ്രമിച്ചിട്ടും കഴിയാതെ…
വിവാഹത്തിനു നിന്നെക്ഷണിച്ചിട്ടും നീ വന്നില്ലല്ലോ. വിവാഹം ക്ഷണിക്കാൻ വേണ്ടി സാലിഹിനെ വിളിച്ചപ്പോൾ അവനാണ് പറഞ്ഞത് വർഷങ്ങളോളം നീയെന്നെ മനസ്സിലേറ്റിനടന്നിരുന്നതും എന്റെ അവഗണന നിന്നെ വേദനിപ്പിച്ചതുമൊക്കെ. നിന്റെ പ്രണയത്തിന്റെ ആഴം എത്രയായിരുന്നുവെന്ന് അറിഞ്ഞതും അവനിലൂടെ ആയിരുന്നു. പക്ഷേ, അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു.
പ്രണയത്തിന്റെ പുനഃസമാഗത്തിനു വേണ്ടിയല്ല ഈ കത്ത്. മറിച്ച് നിന്റെ പ്രണയം നിരസിച്ചതിനുള്ള ക്ഷമാപണവും ഇനി വരുന്ന ജന്മം നിനക്കായ് പിറവിയെടുക്കാനുള്ള എൻ്റെ മോഹവുമാണ്.
കാലത്തിനേടുകൾ എത്രയൊക്കെ പാറിപ്പറന്നാലും നിന്റെ ഓർമ്മകൾ ജീവനുള്ള കാലംവരെ എന്നിൽ അവശേഷിച്ചിരിക്കും. നിന്നിലേക്കുള്ള ദൂരം ഒരു പുനർജന്മമാണ്. അന്ന് പ്രണയത്തിന്റെ മാന്ത്രികക്കൊട്ടാരത്തിൽ രാജാവും റാണിയുമായ് നമുക്കു വാണിടാം. നമ്മുടെ മോഹങ്ങളും സ്വപ്നങ്ങളും പൂവണിയുന്ന മറ്റൊരു ജന്മത്തിനായ് പ്രതീക്ഷയോടെ കാത്തിരിക്കാം.
എന്ന് സ്നേഹത്തോടെ ഇന്നും നിന്നെ ഹൃദയത്തിൽ സൂക്ഷിക്കുന്ന നിന്റെ കൂട്ടുകാരി.
റംസീന നാസർ
#പ്രേമക്കത്ത്


8 Comments
💕💕 നഷ്ട പ്രണയം
🥰🥰🥰🥰
School പ്രണയം …നഷ്ടപ്രണയം.👍🌹♥️ കത്ത് നന്നായിട്ടുണ്ട്♥️.
Nandhi chutki 🥰🥰🙏
ഡിയർ ക്ഷമാപണം കലക്കി
നന്ദേച്ചി നന്ദി 😘😘😘sneham
❤️🌹👌
നന്ദി സമാജയ്‌മോഹൻ