പഴുത്ത് കൊഴിഞ്ഞ മനുഷ്യനെ വേണം. തൊലി പൊളിച്ചു ചെന്നാൽ
കാമ്പുള്ളതാകണം!
കാമ്പടർത്തി മാറ്റി അകകാമ്പിനുമകത്ത് ഉണക്ക് പിടിച്ചൊരു വിത്തുണ്ടാകണം!
ഇന്നത്തെ ബോൺസായ് മരങ്ങളുടെ ഇടയിൽ അതൊന്ന് പാകി നോക്കണം!കച്ചവടനിരത്തുകളിൽ മനുഷ്യതൈകൾ നിരത്തി വെയ്ക്കുമ്പോൾ തെരഞ്ഞെടുപ്പ് മികച്ചതാകാൻ ശ്രദ്ധിയ്ക്കുക!
തണൽമരങ്ങൾക്ക് വിലയൽപ്പം കൂടിയ നിലയിലാണ്!
അപൂർവ്വങ്ങളിൽ അപൂർവ്വയിനമായ ഈ തൈകൾക്ക് കീഴെ വെള്ളവും വളവും നൽകാതെ ഇരിയ്ക്കുക! ഇടയ്ക്കിടെ ചെന്ന് നാട്ടുവർത്തമാനങ്ങൾ പറഞ്ഞു പോരുക,കൂടുതലൊന്നും തന്നെ വേണ്ടതില്ല!
അങ്ങനെ നൂറ് ആയിരവും ആയിരം ലക്ഷവുമായില്ലയെങ്കിലും ഒന്നിനെയെങ്കിലും നമ്പാൻ പാകം ചൊല്ലി വളർത്തുക!
ശേഷം തണലവർ താനെ പരത്തട്ടെ!
മനുഷ്യതൈകൾ വിൽപ്പനയ്ക്ക്, വിലയ്ക്കെടുത്ത് മോശം വന്നാൽ ഉത്തരവാദിയല്ലെന്ന് കമ്പോളത്തിൽ ബോർഡ് എഴുതി ഇട്ടിട്ടുണ്ട്!
പഴുത്ത് കൊഴിഞ്ഞു പോയൊരു മനുഷ്യനെ വേണം! കാമ്പുണ്ടാകണം,
നട്ടാൽ കിളിർക്കുന്ന വിത്തുണ്ടാകണം!
– ചഞ്ചൽ അനസൂയ


1 Comment
വരികൾ 👌👌