മരണത്തെ കുറിച്ച് ഇങ്ങനെ ഓർക്കാൻ എനിയ്ക്കിഷ്ടമില്ല. മരണത്തിന് ശേഷം എന്തെന്നറിയാതെ എങ്ങോട്ട് പോകുമെന്നറിയാതെ എന്തിനോർക്കണം, എന്തിന് ഭയക്കണമെന്നത് ചോദ്യമാണെങ്കിലും ഭയമാകുന്നുണ്ട്! അജ്ഞതയാണ് ഭയങ്ങളിൽ ഏറ്റവും വലുത്, അല്ലെ! എന്താണിനി, എവിടെയാണിനി എന്നറിയാതെ വെറും ചിന്താഭാരങ്ങളുടെ വിഴുപ്പിൽ ശ്വാസം മുട്ടുന്ന നിമിഷങ്ങളുടെ കടന്നുകയറ്റം, അജ്ഞത! മരണം എല്ലാത്തിൻ്റെയും അവസാനമെന്ന് ഇന്നലെ ആരൊ പറഞ്ഞു കേട്ടു! പക്ഷെ അതും ഒരു തുടക്കമാകാമല്ലൊ. ഏതോ മലകൾക്ക് മുകളിൽ കാഴ്ച്ചയെ മറച്ച് മഞ്ഞ് പൊതിയുന്ന പോലെയാകും മരണശേഷം! ഒരാളിലേയ്ക്ക് ഉറ്റുനോക്കി പിന്നെ ആ കാഴ്ച്ചയെ മൂടല പ്രാപിയ്ക്കുന്നത് പോലെയാവും! പക്ഷെ ഇവിടെ ആ മൂടല തെളിഞ്ഞ് വരികയില്ലെന്ന് മാത്രം. അനിശ്ചിതമായ കാത്തിരിപ്പുകളെ അവർ അറിയുന്നുണ്ടാകുമോ! പൊതിഞ്ഞ മഞ്ഞിന് അപ്പുറം ഒരു ലോകം, അതവിടെ എന്തായാലും ഉണ്ടാകില്ലേ? അവസാനിച്ചു എന്ന് കരുതിയിടത്തു നിന്നും പുതിയൊരു തുടക്കവുമായ് ‘ അവർ ‘ അവിടെയുണ്ട്! മരണാനന്തരമെന്ന് ചിന്തിയ്ക്കുന്നതിനേക്കാൾ …
Author: Chanchal Anasooya
ഒരിടത്ത് രണ്ട് പേർ നിൻ്റെ നിൻ്റെ എന്ന് ചൊല്ലി വെച്ചും എൻ്റെ എൻ്റെ എന്ന് ഏറ്റുപറഞ്ഞും കെട്ടഴിക്കാത്ത വഞ്ചിയിൽ കയറി കരയോരം തന്നെ ഇരുന്നു. കാലം പോയി. കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ വാചകങ്ങളിൽ നിന്നും വാക്കുകളിലേക്കും, വാക്കുകളിൽ നിന്നും മൂളലുകളിലേക്കും മൂളലുകളിൽ നിന്ന് നോട്ടങ്ങളിലേക്കും നോട്ടങ്ങളിൽ നിന്നും മനംമടുത്ത ദീർഘനിശ്വാസങ്ങളിലേക്കും അവയിൽ നിന്നും ഇറങ്ങി പോവുകയെന്ന അവസാന ചടങ്ങിലേക്കും കഥവഴി മാറുകയാണ്. കഥയുടെ സാരവും സന്ദേശവും നിങ്ങൾ മെനഞ്ഞെടുത്തോളൂ. മെനഞ്ഞെടുക്കുന്ന പ്രേമകഥകൾ! -ചഞ്ചൽ അനസൂയ
മണ്ണിലുറച്ച് ചവിട്ടണം. ഉരുളൻ കല്ലുകളിൽ പാദം കുത്തിയമരണം. ഇനിയിറങ്ങുമ്പോൾ നാലാൾ മുഖം നോക്കി ചിരിയ്ക്കണം. നിങ്ങളെ കാണാതെ ശ്വാസം മുട്ടിയെന്ന് പറയാതെ പറഞ്ഞാൽ അവരറിയുമോ? ആഹ്, അതെന്തിനവരറിയണം. വെറുതെ നോക്കണം, കാണണം, ചിരിയ്ക്കണം. തിരികെ ചിരിയ്ക്കാത്ത ജാള്യതയിൽ ചമ്മിയങ്ങനെ ഊറിയൂറി വീണ്ടും ചിരിയ്ക്കണം. ആരും കണ്ടില്ലെന്ന് ഉറപ്പു വരുത്താൻ നിന്ന നിൽപ്പിൽ വട്ടം കറങ്ങണം. നിന്നിടത്ത് നിന്ന് വട്ടം കറങ്ങിത്തിരിയെ കണ്ട മുഖങ്ങൾ, ചോദ്യങ്ങൾ ആവർത്തിയ്ക്കും. എല്ലാം പഴയപടി. ഉള്ളും അതിനകവും അറകളും എണ്ണിയെണ്ണി എന്നോട് കണക്ക് ചോദിയ്ക്കട്ടെ. പലരോടുള്ള മൗനങ്ങൾക്കും പലതിനോടുള്ള വിമുഖതകൾക്കും പലതുപോലുള്ള ഭാവങ്ങൾക്കും കാലമതിനി എത്ര കഴിഞ്ഞാലും തികഞ്ഞയുത്തരങ്ങൾ ഉണ്ടാകില്ല. എന്തേയിങ്ങനെന്ന് ചോദിയ്ക്കരുത്? എന്തേ മിണ്ടാറില്ലെന്നാരായണ്ട! എന്തുപറ്റിയെന്നും എവിടെയായിരുന്നെന്നും ഒന്നും ഒരിയ്ക്കലും ചോദിയ്ക്കണ്ട. എനിയ്ക്കെന്നോട് അത്രയും മടുപ്പ്. അത്രയും സ്നേഹം. അത്രതന്നെ വിരക്തി. അത്രത്തോളം ആസക്തി. കുടലുമാല കുഴഞ്ഞുമറിഞ്ഞ് വിടുതലില്ലാത്ത വിധം ബന്ധനസ്ഥ. -മോക്ഷമെന്താണ്? -ചഞ്ചൽ അനസൂയ
കടല് കള്ളം പറഞ്ഞില്ല. ചോദിച്ചതിനൊക്കെയും ഒരല കൊണ്ടോ തിര കൊണ്ടോ ഉത്തരം തന്നു കൊണ്ടേയിരുന്നു. ഒടുവിലത്തെ ചോദ്യത്തിന് തിരികെ തന്നതൊക്കെയും വാരിപ്പെറുക്കി പോന്നു. പൊട്ടും പൊടിയും അലയും ചേർത്ത് വെച്ച് നോക്കുമ്പോൾ ഉത്തരം നീ ആണെന്ന്! എന്തൊരു വല്ലാത്ത പ്രേമം! – ചഞ്ചൽ അനസൂയ
കുറ്റിയിട്ടുറപ്പിയ്ക്കാൻ ഒരു പാളി കതക്. നിലാവ് പെയ്യാൻ ഒരൊറ്റ ജനാല. ആത്മഹത്യയ്ക്കൊരുങ്ങി നിൽക്കുന്നതിന് മുൻപേ കണ്ണോടിച്ചു, ഉറപ്പിച്ചു. എല്ലാം കിറുകൃത്യം. നേരവും പിന്നെ പിടിവിട്ട മനസ്സും. ചാകാനെടുത്തേക്കാവുന്ന നേരം ഗണിച്ചു, പുലരും മുൻപേ മരിക്കും. ഉറപ്പ്. ഇനി. ഇനിയെന്തെന്ന് ആലോചിച്ചപ്പോഴാണ് മുറിയുടെ ഉടമസ്ഥനെ ഓർമ്മ വരുന്നത്. അന്നെഴുതിയത് മരിക്കാൻ സ്വന്തമായൊരു മുറി ഉണ്ടായിരുന്നെങ്കിലെന്നാണ്. അത്രയും നിസ്സഹായത, അത്രയും നിസ്സംഗത. “എന്തേ”യെന്ന് അന്വേഷിച്ചെത്തുവാൻ ഒരാൾ പോലുമില്ലെന്നുറപ്പിച്ച് വെച്ചാൽ കൂടിയും മരണമെനിയ്ക്ക് കൂട്ട് നിൽക്കില്ല. മരണം പോലും കൂട്ടിനില്ല! – ചഞ്ചൽ അനസൂയ
ഉടലടയാളങ്ങൾക്ക് മേലെ ആവരണങ്ങളേതുമില്ലാതെ നിരത്തിലേയ്ക്കിറങ്ങി. ഓരോ കല്ലേറിലും ചോരയൊലിച്ചപ്പൊഴും പെണ്ണെന്ന് ചൊല്ലി കൂക്കിവിളിച്ചപ്പൊഴും തിരിഞ്ഞു നോക്കിയില്ല. പൊരുതാനിറങ്ങിയതാണ്. ഇത് വെറും ഉടലെന്നും ഉള്ളത്തിനെ തോൽപ്പിയ്ക്കാൻ ആവില്ലയെന്നും ബോധ്യം വരട്ടെ. ഞാൻ മനുഷ്യൻ! -ചഞ്ചൽ അനസൂയ
ജീവിതം തിരിച്ചെടുക്കുമ്പൊ ‘ദൈവം’ ന്ന് വിളിപ്പേരുള്ള രൂപത്തോടായിട്ടും മേലോട്ട് നോക്കി ചോദ്യങ്ങൾ ചോദിക്കും! പരാതി പറയും, പരിഭവങ്ങളിറക്കി വെയ്ക്കും! പക്ഷെ ജീവിതം നൽകി ചേർത്ത് നിർത്തിയ ആൾരൂപങ്ങൾ അത് തിരികെ എടുത്ത് തിരിച്ചുപോയാലോ!!! ഒന്നും മിണ്ടാതെ നോക്കി നിൽക്കാന്ന് മാത്രം! പരാതി പറയാനോ പരിഭവങ്ങൾ കാണിക്കാനോ അർഹതയില്ല്യാണ്ട് നോക്കി നിൽക്കാം! മരപ്പാവകൾക്ക് വികാരമില്ലല്ലോ! തുണിയുടുപ്പിച്ചും പൊട്ട് തൊട്ടും ഒരുക്കി, കുഞ്ഞിക്കഥ പറഞ്ഞും കൊണ്ട് നടന്നു സമയം തീർത്ത് പിന്നെ ആ കഥയിൽ തോന്നിയ ഹരം അവസാനിച്ചാൽ മൂലയിലൊതുക്കും, ഒതുങ്ങും, അതാണ് നാട്ടുനടപ്പ്! ജീവിതം നൽകിയോർക്ക് അത് തിരികെ ചോദിക്കാനും എടുത്തോണ്ട് പോകാനും അധികാരമുണ്ടെന്ന് വലിയോര് പറയണത് വെറുതേയല്ല! മരപ്പാവ ചിതലരിച്ച് ആർക്കും ആർക്കും ശല്ല്യോല്ലാതെ മണ്ണിൽ അടിഞ്ഞ് പോകണ വരേം ആ കഥ നിലനിൽക്കും !മരപ്പാവയ്ക്ക് ഇരേഴ് പതിനാല് ലോകോം ഇല്ല, കാക്കത്തൊള്ളായിരം ദൈവോം ഇല്ല, കാത്തിരിക്കാൻ ആറടിപൊക്കത്തിന് ഏഴുപേരോട് ചേർച്ച തോന്നുന്ന കുപ്പായം ധരിച്ച ആൾരൂപങ്ങളൂല്ല! – ചഞ്ചൽ അനസൂയ
ചുറ്റുമുള്ളവർ അമ്മമാരെ പറ്റി വാ തോരാതെ പറയുന്നത് കേൾക്കുമ്പോഴുംഅമ്മയോടൊട്ടി നിൽക്കുന്നത് കാണുമ്പോഴുംഞാനൊരു വലിയ പൂജ്യമായി മാറും.ഇല്ലായ്മ, നിരാശ, വേദന,അടക്കി നിർത്താൻകഴിയാത്ത കരച്ചിലുകൾ.പിടിച്ച് കെട്ടാനാവാത്തകടമ്പകളായി അവ മാറുമ്പോൾ,എന്നെ കീഴടക്കുമ്പോൾആയിരങ്ങൾ കടന്ന് പോകുന്നവഴിയിലെവിടെയോ,തെരുവോരങ്ങളിലിരുന്നുകൊണ്ട്അമ്മയെ വിളിച്ച് കരയുന്നആരോരും ഇല്ലാത്തപഷ്ണികുഞ്ഞായി ഞാൻ മാറും. അമ്മയില്ലായ്മയിൽവട്ടത്തിൽ ഉരുളുന്നഒരു വലിയ പൂജ്യമെങ്കിലുംഎന്നെ തന്നെ നോക്കിയിരിക്കെഞാനമ്മയെ കാണും,അമ്മ ചിരിയ്ക്കാറുള്ളത് പോലെതലമാടി ഒതുക്കാറുള്ളത് പോലെകണ്ണുരുട്ടും പോലെചിന്തയിലാണ്ട് ഇരിയ്ക്കുംപോലെ.ചേർത്ത് പിടിച്ച് ഉരുള ഊട്ടാൻഅടവെടുക്കും പോലെ.ഒരു വലിയ പൂജ്യത്തെപോലാകുമ്പോളിങ്ങനെ ചേർത്ത്ചേർത്ത് പിടിയ്ക്കുന്നതിപ്പോൾ പതിവാണ്.അമ്മയെ കണ്ടെത്താൻകഥകാര്യങ്ങളങ്ങനെ പലതുണ്ട് കൈയ്യിൽ.അതും അമ്മ തന്നെ തന്നിട്ട് പോയത്.
മരണത്തിന്റെ വക്കത്തിരുന്നാണ് ആ കവിത എഴുതി തുടങ്ങിയത്. തുടങ്ങിയിടത്ത് നിന്ന് എത്തിചേർന്നത് ജീവിതത്തിലാണ്, മരണത്തിൽ നിന്ന് ദൂരെ ആണെന്നാണോ വായിച്ചത്? അതല്ല ഞാൻ ഉദ്ദേശിച്ചത്. ഇപ്പോഴും മരണത്തെ ഞാൻ കാണാറുണ്ട്. ഓരോ രാത്രിയും അറ്റ കൈയ്ക്കൊരു ആത്മഹത്യകുറിപ്പ് തെയ്യാറാക്കി വെക്കാറുമുണ്ട്. മരണത്തിനും എനിക്കുമിടയിൽ നിറയെ കവിതകൾ വാരി വിതറി മെത്ത ഒരുക്കി ഒന്നുമറിയാത്ത പോലെ മയങ്ങും, ആരും ഒന്നുമറിയണ്ടെന്ന് വാശി! നിങ്ങളിത് വായിയ്ക്കുന്നത് നഷ്ടബോധത്തിന്റെ കയത്തിൽ വിരഹം മൂത്ത പെണ്ണിവളെന്ന മുൻധാരണ നെറ്റിചുളിവിൽ ഒതുക്കി വെച്ചാണോ? ഇത് കവിതയല്ല കഥയല്ല ഞാനില്ല ഇതിൽ നിങ്ങളാരുമില്ല ഇതിൽ ജീവിതമില്ല നിറയെ പറയുന്നത് വ്യക്തത ഇല്ലാത്ത മരണത്തിന് നേരെ ഞാൻ മുഖം വെച്ച് കൊടുക്കുമ്പോൾ ഒരുക്കി എടുത്ത രൂപം ലോകത്തിനു മുന്നിലേക്ക് പച്ചയിലേയ്ക്കും ചുവപ്പിലേയ്ക്കും കറുപ്പിലേയ്ക്കും മാറി മാറി നിറങ്ങളില്ലാത്ത എന്നിലേയ്ക്കും നീക്കി നിരക്കി വിടുവിയ്ക്കുന്ന…! എന്താണതിനു പറയുക? പറയുന്ന കാര്യങ്ങൾ എഴുതുന്ന വരികൾ ഏല്പിച്ച ഓരോ തുണ്ടോർമ്മകൾ ഒന്നിലുമൊന്നിലും ഇപ്പോൾ ഞാനില്ല. ഓരോ മരണത്തിന്റെയും അടുത്തിരുന്നും വക്കത്തിരുന്നും ഓരോ കവിത. ഇതിനു ശേഷം നിങ്ങളെന്നെ അറിയാൻ പോകുന്നില്ല, …
പഴുത്ത് കൊഴിഞ്ഞ മനുഷ്യനെ വേണം. തൊലി പൊളിച്ചു ചെന്നാൽ കാമ്പുള്ളതാകണം! കാമ്പടർത്തി മാറ്റി അകകാമ്പിനുമകത്ത് ഉണക്ക് പിടിച്ചൊരു വിത്തുണ്ടാകണം! ഇന്നത്തെ ബോൺസായ് മരങ്ങളുടെ ഇടയിൽ അതൊന്ന് പാകി നോക്കണം!കച്ചവടനിരത്തുകളിൽ മനുഷ്യതൈകൾ നിരത്തി വെയ്ക്കുമ്പോൾ തെരഞ്ഞെടുപ്പ് മികച്ചതാകാൻ ശ്രദ്ധിയ്ക്കുക! തണൽമരങ്ങൾക്ക് വിലയൽപ്പം കൂടിയ നിലയിലാണ്! അപൂർവ്വങ്ങളിൽ അപൂർവ്വയിനമായ ഈ തൈകൾക്ക് കീഴെ വെള്ളവും വളവും നൽകാതെ ഇരിയ്ക്കുക! ഇടയ്ക്കിടെ ചെന്ന് നാട്ടുവർത്തമാനങ്ങൾ പറഞ്ഞു പോരുക,കൂടുതലൊന്നും തന്നെ വേണ്ടതില്ല! അങ്ങനെ നൂറ് ആയിരവും ആയിരം ലക്ഷവുമായില്ലയെങ്കിലും ഒന്നിനെയെങ്കിലും നമ്പാൻ പാകം ചൊല്ലി വളർത്തുക! ശേഷം തണലവർ താനെ പരത്തട്ടെ! മനുഷ്യതൈകൾ വിൽപ്പനയ്ക്ക്, വിലയ്ക്കെടുത്ത് മോശം വന്നാൽ ഉത്തരവാദിയല്ലെന്ന് കമ്പോളത്തിൽ ബോർഡ് എഴുതി ഇട്ടിട്ടുണ്ട്! പഴുത്ത് കൊഴിഞ്ഞു പോയൊരു മനുഷ്യനെ വേണം! കാമ്പുണ്ടാകണം, നട്ടാൽ കിളിർക്കുന്ന…
