ജീവിതം തിരിച്ചെടുക്കുമ്പൊ ‘ദൈവം’ ന്ന് വിളിപ്പേരുള്ള രൂപത്തോടായിട്ടും മേലോട്ട് നോക്കി ചോദ്യങ്ങൾ ചോദിക്കും!
പരാതി പറയും, പരിഭവങ്ങളിറക്കി വെയ്ക്കും!
പക്ഷെ ജീവിതം നൽകി ചേർത്ത് നിർത്തിയ ആൾരൂപങ്ങൾ അത് തിരികെ എടുത്ത് തിരിച്ചുപോയാലോ!!!
ഒന്നും മിണ്ടാതെ നോക്കി നിൽക്കാന്ന് മാത്രം!
പരാതി പറയാനോ പരിഭവങ്ങൾ കാണിക്കാനോ അർഹതയില്ല്യാണ്ട് നോക്കി നിൽക്കാം!
മരപ്പാവകൾക്ക് വികാരമില്ലല്ലോ! തുണിയുടുപ്പിച്ചും പൊട്ട് തൊട്ടും ഒരുക്കി, കുഞ്ഞിക്കഥ പറഞ്ഞും കൊണ്ട് നടന്നു സമയം തീർത്ത് പിന്നെ ആ കഥയിൽ തോന്നിയ ഹരം അവസാനിച്ചാൽ മൂലയിലൊതുക്കും, ഒതുങ്ങും, അതാണ് നാട്ടുനടപ്പ്!
ജീവിതം നൽകിയോർക്ക് അത് തിരികെ ചോദിക്കാനും എടുത്തോണ്ട് പോകാനും അധികാരമുണ്ടെന്ന് വലിയോര് പറയണത് വെറുതേയല്ല!
മരപ്പാവ ചിതലരിച്ച് ആർക്കും ആർക്കും ശല്ല്യോല്ലാതെ മണ്ണിൽ അടിഞ്ഞ് പോകണ വരേം ആ കഥ നിലനിൽക്കും !മരപ്പാവയ്ക്ക് ഇരേഴ് പതിനാല് ലോകോം ഇല്ല, കാക്കത്തൊള്ളായിരം ദൈവോം ഇല്ല,
കാത്തിരിക്കാൻ ആറടിപൊക്കത്തിന് ഏഴുപേരോട് ചേർച്ച തോന്നുന്ന കുപ്പായം ധരിച്ച ആൾരൂപങ്ങളൂല്ല!
– ചഞ്ചൽ അനസൂയ
