മരണവാർത്തയറിഞ്ഞ് വീടാകെ ആളുകളാൽ നിറഞ്ഞിരുന്നു. കരച്ചിലുകൾ, ആശ്വസിപ്പിക്കലുകൾ, പ്രാർഥനകൾ… മൂന്നാം ദിവസം വീട് വീണ്ടും പഴയ നിശ്ശബ്ദതയിലേക്ക് മടങ്ങി.
മരുമകൾ വീട് വൃത്തിയാക്കുന്നതിനിടെ കട്ടിലിനടിയിൽ ഒരു പഴയ ജോടി ചെരിപ്പ് കണ്ടു.
“ഇത് കളയട്ടേ?” അവൾ ചോദിച്ചു.
അമ്മ പതുക്കെ പറഞ്ഞു: “വേണ്ട… കുറച്ചുകൂടി അവിടെയിരിക്കട്ടെ.”
ദിവസങ്ങൾ മാസങ്ങളായി കടന്നുപോയി.
ഒരു ദിവസം കൊച്ചുമകൻ ആ ചെരിപ്പിൽ കാലിട്ടു നോക്കി. ചെരിപ്പ് വലുതായിരുന്നു. എങ്കിലും അവൻ അവിടെയെല്ലാം അതിട്ടോണ്ട് നടന്നു. കൈപുറകിൽ കെട്ടി തല പൊക്കി പിടിച്ച് ആജാനബാഹുവായ മുത്തശ്ശനെ അനുകരിച്ച് അവൻ അങ്ങോട്ടുമിങ്ങോട്ടും ലാത്താൻ തുടങ്ങി. അവൻ എന്നും അങ്ങിനെയായിരുന്നു. മുത്തശ്ശൻ അവന് മാതൃകയായിരുന്നു. അതുകണ്ടുകൊണ്ട് മുത്തശ്ശി പൂമുഖത്തെത്തി.
മുത്തശ്ശിയെ കണ്ടതും “ഞാൻ മുത്തച്ഛനെപ്പോലെയുണ്ടോ?” അവൻ ചോദിച്ചു.
മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞു. ” നീ മുത്തശ്ശന്റെ തനി പകർപ്പുതന്നെ ” എന്നു പറഞ്ഞ് അവനെ ചേർത്തി നിർത്തി.
എന്നിട്ട് പറഞ്ഞു:“മുത്തച്ഛനെപ്പോലെയാകാൻ ആ ചെരിപ്പ് ധരിച്ചാൽ മാത്രം പോരാ… മറ്റുള്ളവരുടെ വേദനയും സന്തോഷവും സ്വന്തം ഹൃദയത്തിൽ ചുമക്കാൻ പഠിക്കണം.”
കൊച്ചുമകൻ ഒന്നും മിണ്ടിയില്ല. അവൻ പതിയെ ചെരിപ്പ് അഴിച്ച് പഴയ സ്ഥാനത്ത് തന്നെ വെച്ചു.
മുത്തശ്ശിയുടെ മടിയിലിരുന്ന് അവൻ പതുക്കെ പറഞ്ഞു.” മുത്തശ്ശീ എനിക്ക് മുത്തശ്ശനെ പോലെയാവണം”
അത് കേട്ട മുത്തശ്ശിക്ക് തോന്നി, മരണാനന്തരം അവശേഷിക്കുന്നത് ചെരിപ്പോ വസ്ത്രങ്ങളോ അല്ല. നമ്മൾ നടന്ന വഴിയാണ്.അവന് മുത്തശ്ശനെ പോലെയാകണമെങ്കിൽ അവൻ മുത്തശ്ശന്റെ ചെരുപ്പ് ധരിച്ചാൽ പോരാ, ആ നന്മകളും അവനിലേക്ക് അവൻ തന്നെ ആവാഹിച്ചെടുക്കണം. ആ വഴി പിന്തുടരുകയും വേണം. എന്നാലേ മരിച്ചു പോയ ആ മനുഷ്യന് അവനിലൂടെ ജീവിക്കാൻ സാധിക്കുകയുള്ളൂ. തന്റെ അതേ പാത പിൻ തുടരാൻ തന്റെ അവകാശി തീരുമാനിച്ചാൽ ആ നിമിഷമാണ് ഒരു മനുഷ്യൻ യഥാർത്ഥത്തിൽ മരിക്കാതെ ജീവിക്കുന്നത്. മരണം ഒരു മനുഷ്യനെ മാത്രമാണ് കൊണ്ടുപോകുന്നത്. സ്നേഹത്തെ അല്ല. സ്നേഹം തലമുറ മാറി വീണ്ടും അടുത്തയാളിലൂടെ ജീവിക്കാൻ തുടങ്ങും.
ചുമരിലെ ഫ്രെയ്മിട്ട കുടുംബ ഫോട്ടോ വിലെ മുത്തശ്ശൻ എന്തോ പറയുന്നതായി മുത്തശ്ശിക്ക് തോന്നി.”എന്റെ യഥാർത്ഥ സമ്പത്ത് ഇതാണ്. ഇത് സൂക്ഷിച്ചാൽ മറ്റൊന്നും നഷ്ടപ്പെടില്ല.”
മുത്തശ്ശി തന്നോടൊട്ടിയിരുന്ന് എന്തോ ആലോചിക്കുന്ന കൊച്ചു മകനെ നെഞ്ചോട് ചേർത്ത് ശൂന്യതയിലേക്ക് നോക്കിയിരുന്നു.

