ഞാൻ എന്നെത്തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
നമ്മൾ എല്ലാവരും ഏതാണ്ട് ഒരേപോലെത്തന്നെയാണ്. വലിയ വ്യത്യാസങ്ങൾ ഒന്നും കാണില്ല. തിളച്ചുമറിയുന്ന അഗ്നിപർവ്വതങ്ങൾ ഓരോരുത്തരും തലയിൽപ്പേറി നടക്കുന്നുണ്ട്. പുറമെ ചിരിക്കുമ്പോഴും അകമേ പൊട്ടിയൊലിക്കാൻ വെമ്പുന്ന ലാവയുടെ ചൂട് കൂടുതൽ ഉമിനീരിനാൽ കുതിർന്ന വെള്ളം വിഴുങ്ങി നാം തണുപ്പിക്കുന്നു.
എനിക്ക് തോന്നുന്നത് ഞാൻ എല്ലാവരാലും വെറുക്കപ്പെടുന്നു എന്നാണ്.
ഒന്നുറപ്പാണ്, നാം എല്ലാവരാലും സ്നേഹിക്കപ്പെടുന്നില്ല. എന്ന് കരുതി എനിക്ക് എല്ലാവരുടെയും സ്നേഹവും, കരുണയും, സഹാനുഭൂതിയും തന്നു എന്നെ തളർത്തണമെന്നുമില്ല. എനിക്ക് നിവർന്ന് നില്ക്കാൻ കഴിയും, ആ ശക്തി എപ്പോഴും കാണണമെന്നെ ആഗ്രഹമുളളൂ. സമൂഹത്തിന്റെ ബന്ധുക്കളുടെ പരിപൂർണ്ണ അംഗീകാരം എന്നൊന്നും എനിക്കാവശ്യമില്ല, അഥവാ അങ്ങനെയൊന്ന് കല്പിച്ചു തന്നാൽത്തന്നെ ഞാൻ അവരുടെ തടവറയിൽ ആവുകയും ചെയ്യും.
എന്റെ അടയാളങ്ങൾ മായ്ക്കുവാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്
അല്ലെങ്കിലും അടയാളങ്ങൾ നിത്യമായി നിലനിൽക്കുന്ന ഒന്നല്ലല്ലോ. നിങ്ങൾ വളരെ പഴയ തറവാട്ടിലാണ് ഇപ്പോൾ ജീവിക്കുന്നതെന്ന് സങ്കൽപ്പിക്കുക, അവിടെ ഏറിയാൽ കഴിഞ്ഞ രണ്ട് തലമുറകളുടെ ചിത്രങ്ങളെ കാണൂ. അതിന് പിന്നിലേക്കുള്ളത് നശിച്ചുപോയിരിക്കും, അതാണ് ലോകനീതി. നാം ഈ ലോകം ഉള്ളിടത്തോളം കാലം നിലനിൽക്കുന്ന ഒരു ജീവിയല്ല. ഒരു അതിഥി, അമ്പതു മുതൽ എഴുപതുകൊല്ലം കിട്ടിയാൽ ഭാഗ്യം.
ഇപ്പോഴത്തെ വീടുകളിൽ ആരുടേയും ചിത്രങ്ങളേയില്ല. ആർക്കും ആരെയും ഓർക്കണമെന്ന് ഒരു നിബന്ധവുമില്ല, സമയവുമില്ല.
മായ്ചുകളയാതിരിക്കാൻ നമ്മുടെ ചുമരുകളിൽ നാം ഒളിപ്പിച്ചുവെച്ചിരുന്ന സ്വപ്‌നങ്ങൾ ഓരോ തവണ പുതിയ നിറങ്ങൾ അടിക്കുമ്പോഴും, അവ മാഞ്ഞുകൊണ്ടേയിരുന്നു.
വീടുകൾ, നമ്മുടെ മുറികൾ, നമ്മൾ നമ്മളെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന തടവറകൾ വരെ നമുക്ക് നഷ്ടമായിരിക്കുന്നു.
ആർക്കും ആരോടും ഒരു പ്രതിബദ്ധതയുമില്ല. ഉണ്ടെന്നു കാണിക്കുമായിരിക്കും, അത് നിങ്ങളെ തൃപ്തിപ്പെടുത്താൻ മാത്രമാണ്.
അകംപൊള്ളയായ ഒരുകൂട്ടം മനുഷ്യരുടെ ഒരു വലിയ മൈതാനം മാത്രമാണ് സമൂഹം.
അവിടെ ശബ്ദങ്ങൾക്ക് പ്രതിധ്വനികൾ ഉണ്ടാകുമെന്നു നിങ്ങൾ പ്രതീക്ഷിക്കരുത്, നിങ്ങളുടെ ശബ്ദങ്ങൾ ആ വലിയ മൈതാനങ്ങളിൽ നഷ്ടപെടുകതന്നെ ചെയ്യും.
അങ്ങനെയാണ് മനുഷ്യർ സ്വയം നഷ്ടപ്പെട്ടു എന്ന് തിരിച്ചറിയുക.
റെഫ്യൂജ് – അഭയാർത്ഥി, നാടുകടത്തപ്പെട്ടവൻ, രാജ്യഭ്രഷ്ടൻ, വിദേശിയായ അഭയാർത്ഥി, പ്രവാസി – ഇതിൽനിന്ന് ഏതാണ് തന്റെ നിർവ്വചനം എന്നയാൾ ചികഞ്ഞുകൊണ്ടിരിക്കുകയാണ്. ഉത്തരമില്ലെന്നറിയാം, ചിലപ്പോഴെങ്കിലും രാജ്യഭ്രഷ്ടൻ ആണ് കൂടുതൽ ചേരുക എന്നയാൾക്ക് തോന്നിയിട്ടുണ്ട്. സ്വന്തക്കാർക്കും ബന്ധുക്കാർക്കും ആവശ്യമില്ലാത്തവൻ അതാണ് അയാൾക്ക് കൂടുതൽ ചേരുക എന്നയാൾ ഇതിനകം അറിഞ്ഞു കഴിഞ്ഞിരിക്കണം.
നാട്ടിൽ നിന്ന്, വീട്ടിൽ നിന്ന് തന്റെ അടയാളങ്ങൾ അഴിച്ചുമാറ്റി തന്നിലേയ്ക്ക്തന്നെ അഭയം തേടുന്ന ഒരാൾ.
അയാൾക്ക് ഒരു അഭയമേ അവശേഷിക്കുന്നുള്ളൂ, മരണം.
എന്ന് കരുതി അയാൾ അധമവിചാരങ്ങൾക്കും അധമവികാരങ്ങൾക്കും മാത്രം അടിമയാണെന്ന് തെറ്റിദ്ധരിക്കരുത്. ഇതിനെയെല്ലാം മറികടക്കാനുള്ള ഒരു ഊർജ്ജം അയാൾ മരുഭൂമിയിലെ ദീഘകാല ജീവിതത്തിലെ വിയർപ്പുകളിൽനിന്നും ഉരുത്തിരിഞ്ഞ ആത്മാവിന്റെ ഉപ്പുഭരണികളിൽ സംഭരിച്ച, അസ്ഥിയുടെ മജ്ജകളിൽ ഉരുക്കിച്ചേർത്ത അനുഭവസാക്ഷ്യങ്ങളിലൂടെ മറികടക്കുന്നുണ്ട്.
ഓരോ അഭയാർത്ഥിയും ശ്രമിക്കുന്നത് അത് തന്നെയാണ്, നാടോ വീടോ സ്വത്വമോ തിരിച്ചറിയാതെ, ഒന്നുമില്ലായ്മയിൽനിന്നു അവർ അവരെ വാർത്തെടുക്കുന്നത് മറ്റൊരു വ്യക്തിത്വമായാണ്.
ഞാൻ ഒരിടത്തും പെടുന്നില്ല, എവിടെയും എന്നെ ഉൾപ്പെടുത്തുന്നില്ല, എന്തിലും ഏതിലും പുറം തള്ളപ്പെട്ടിട്ടും ഞാൻ നിലനിൽക്കുന്നു.
ഞാൻ നിലനിൽക്കുകതന്നെ ചെയ്യും, ഞാൻ മാത്രമാണ് എന്റെ അഭയം!
@കാവല്ലൂർ മുരളീധരൻ

