ഒരിടത്ത് രണ്ട് പേർ
നിൻ്റെ നിൻ്റെ എന്ന് ചൊല്ലി വെച്ചും
എൻ്റെ എൻ്റെ എന്ന് ഏറ്റുപറഞ്ഞും
കെട്ടഴിക്കാത്ത വഞ്ചിയിൽ കയറി
കരയോരം തന്നെ ഇരുന്നു.
കാലം പോയി.
കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ
വാചകങ്ങളിൽ നിന്നും വാക്കുകളിലേക്കും,
വാക്കുകളിൽ നിന്നും മൂളലുകളിലേക്കും
മൂളലുകളിൽ നിന്ന് നോട്ടങ്ങളിലേക്കും
നോട്ടങ്ങളിൽ നിന്നും മനംമടുത്ത ദീർഘനിശ്വാസങ്ങളിലേക്കും
അവയിൽ നിന്നും
ഇറങ്ങി പോവുകയെന്ന
അവസാന ചടങ്ങിലേക്കും
കഥവഴി മാറുകയാണ്.
കഥയുടെ സാരവും സന്ദേശവും
നിങ്ങൾ മെനഞ്ഞെടുത്തോളൂ.
മെനഞ്ഞെടുക്കുന്ന പ്രേമകഥകൾ!
-ചഞ്ചൽ അനസൂയ
