മരണത്തിന്റെ വക്കത്തിരുന്നാണ് ആ കവിത എഴുതി തുടങ്ങിയത്.
തുടങ്ങിയിടത്ത് നിന്ന് എത്തിചേർന്നത് ജീവിതത്തിലാണ്, മരണത്തിൽ നിന്ന് ദൂരെ ആണെന്നാണോ വായിച്ചത്?
അതല്ല ഞാൻ ഉദ്ദേശിച്ചത്. ഇപ്പോഴും മരണത്തെ ഞാൻ കാണാറുണ്ട്. ഓരോ രാത്രിയും അറ്റ കൈയ്ക്കൊരു ആത്മഹത്യകുറിപ്പ് തെയ്യാറാക്കി വെക്കാറുമുണ്ട്.
മരണത്തിനും എനിക്കുമിടയിൽ നിറയെ കവിതകൾ വാരി വിതറി മെത്ത ഒരുക്കി ഒന്നുമറിയാത്ത പോലെ മയങ്ങും, ആരും ഒന്നുമറിയണ്ടെന്ന് വാശി!
നിങ്ങളിത് വായിയ്ക്കുന്നത് നഷ്ടബോധത്തിന്റെ കയത്തിൽ വിരഹം മൂത്ത പെണ്ണിവളെന്ന മുൻധാരണ നെറ്റിചുളിവിൽ ഒതുക്കി വെച്ചാണോ?
ഇത് കവിതയല്ല
കഥയല്ല
ഞാനില്ല
ഇതിൽ നിങ്ങളാരുമില്ല
ഇതിൽ ജീവിതമില്ല
നിറയെ പറയുന്നത് വ്യക്തത ഇല്ലാത്ത മരണത്തിന് നേരെ ഞാൻ മുഖം വെച്ച് കൊടുക്കുമ്പോൾ ഒരുക്കി എടുത്ത രൂപം ലോകത്തിനു മുന്നിലേക്ക് പച്ചയിലേയ്ക്കും ചുവപ്പിലേയ്ക്കും കറുപ്പിലേയ്ക്കും മാറി മാറി നിറങ്ങളില്ലാത്ത എന്നിലേയ്ക്കും നീക്കി നിരക്കി വിടുവിയ്ക്കുന്ന…!
എന്താണതിനു പറയുക?
പറയുന്ന കാര്യങ്ങൾ എഴുതുന്ന വരികൾ ഏല്പിച്ച ഓരോ തുണ്ടോർമ്മകൾ ഒന്നിലുമൊന്നിലും ഇപ്പോൾ ഞാനില്ല.
ഓരോ മരണത്തിന്റെയും അടുത്തിരുന്നും വക്കത്തിരുന്നും ഓരോ കവിത.
ഇതിനു ശേഷം നിങ്ങളെന്നെ അറിയാൻ പോകുന്നില്ല, പുതിയൊരു ഞാനോ മരണപെട്ട ഞാനോ ഉണ്ടാകുന്ന ചടങ്ങിനാണ് കവിതകൾ കാർമ്മികത്വം വഹിക്കുന്നത്.
അപ്പോൾ ഇത്ര നേരം സംസാരിച്ചത് ജനനത്തെ പറ്റിയോ മരണത്തെ പറ്റിയോ…?
പല തവണ ജനിച്ചു മരിച്ച്,
പല തവണ മരിച്ച് ജീവിച്ച്…
-ചഞ്ചൽ അനസൂയ


1 Comment
Nice 👍