മരണത്തെ കുറിച്ച്
ഇങ്ങനെ ഓർക്കാൻ
എനിയ്ക്കിഷ്ടമില്ല.
മരണത്തിന് ശേഷം
എന്തെന്നറിയാതെ
എങ്ങോട്ട് പോകുമെന്നറിയാതെ
എന്തിനോർക്കണം,
എന്തിന് ഭയക്കണമെന്നത്
ചോദ്യമാണെങ്കിലും ഭയമാകുന്നുണ്ട്!
അജ്ഞതയാണ് ഭയങ്ങളിൽ
ഏറ്റവും വലുത്, അല്ലെ!
എന്താണിനി, എവിടെയാണിനി
എന്നറിയാതെ വെറും
ചിന്താഭാരങ്ങളുടെ വിഴുപ്പിൽ
ശ്വാസം മുട്ടുന്ന നിമിഷങ്ങളുടെ
കടന്നുകയറ്റം, അജ്ഞത!
മരണം എല്ലാത്തിൻ്റെയും
അവസാനമെന്ന് ഇന്നലെ
ആരൊ പറഞ്ഞു കേട്ടു!
പക്ഷെ അതും ഒരു തുടക്കമാകാമല്ലൊ.
ഏതോ മലകൾക്ക് മുകളിൽ
കാഴ്ച്ചയെ മറച്ച് മഞ്ഞ് പൊതിയുന്ന
പോലെയാകും മരണശേഷം!
ഒരാളിലേയ്ക്ക് ഉറ്റുനോക്കി
പിന്നെ ആ കാഴ്ച്ചയെ മൂടല
പ്രാപിയ്ക്കുന്നത് പോലെയാവും!
പക്ഷെ ഇവിടെ ആ മൂടല
തെളിഞ്ഞ് വരികയില്ലെന്ന് മാത്രം.
അനിശ്ചിതമായ കാത്തിരിപ്പുകളെ
അവർ അറിയുന്നുണ്ടാകുമോ!
പൊതിഞ്ഞ മഞ്ഞിന് അപ്പുറം ഒരു ലോകം,
അതവിടെ എന്തായാലും ഉണ്ടാകില്ലേ?
അവസാനിച്ചു എന്ന് കരുതിയിടത്തു നിന്നും
പുതിയൊരു തുടക്കവുമായ്
‘ അവർ ‘ അവിടെയുണ്ട്!
മരണാനന്തരമെന്ന് ചിന്തിയ്ക്കുന്നതിനേക്കാൾ ഓർക്കാൻ ഇഷ്ടം ഇങ്ങനെ ആണ്;
പുതിയ ആകാശത്തെ തേടിയുള്ള യാമങ്ങളും യുഗങ്ങളും സഞ്ചരിച്ച യാത്രയിൽ
ലക്ഷ്യത്തിലേയ്ക്ക് എത്തിയ അവർ
അവിടെ പുതിയ ലോകം സൃഷ്ടിച്ചെടുക്കുന്നു.
അവരുടെ പ്രിയപ്പെട്ടവർക്കായ്,
വീണ്ടും ചില കണ്ടുമുട്ടലുകൾക്കായ്!
അജ്ഞതയിൽ നിന്നും
ഉടലെടുത്ത സങ്കൽപ്പം!
മരണാനന്തരം ഈ ലോകം.
ആരറിയുന്നു എന്തെന്നും, ഏതെന്നും!
അല്ലെ?
– ചഞ്ചൽ അനസൂയ

