ചുറ്റുമുള്ളവർ അമ്മമാരെ പറ്റി
വാ തോരാതെ പറയുന്നത് കേൾക്കുമ്പോഴും
അമ്മയോടൊട്ടി നിൽക്കുന്നത് കാണുമ്പോഴും
ഞാനൊരു വലിയ പൂജ്യമായി മാറും.
ഇല്ലായ്മ, നിരാശ, വേദന,
അടക്കി നിർത്താൻ
കഴിയാത്ത കരച്ചിലുകൾ.
പിടിച്ച് കെട്ടാനാവാത്ത
കടമ്പകളായി അവ മാറുമ്പോൾ,
എന്നെ കീഴടക്കുമ്പോൾ
ആയിരങ്ങൾ കടന്ന് പോകുന്ന
വഴിയിലെവിടെയോ,
തെരുവോരങ്ങളിലിരുന്നുകൊണ്ട്
അമ്മയെ വിളിച്ച് കരയുന്ന
ആരോരും ഇല്ലാത്ത
പഷ്ണികുഞ്ഞായി ഞാൻ മാറും.
അമ്മയില്ലായ്മയിൽ
വട്ടത്തിൽ ഉരുളുന്ന
ഒരു വലിയ പൂജ്യമെങ്കിലും
എന്നെ തന്നെ നോക്കിയിരിക്കെ
ഞാനമ്മയെ കാണും,
അമ്മ ചിരിയ്ക്കാറുള്ളത് പോലെ
തലമാടി ഒതുക്കാറുള്ളത് പോലെ
കണ്ണുരുട്ടും പോലെ
ചിന്തയിലാണ്ട് ഇരിയ്ക്കുംപോലെ.
ചേർത്ത് പിടിച്ച് ഉരുള ഊട്ടാൻ
അടവെടുക്കും പോലെ.
ഒരു വലിയ പൂജ്യത്തെ
പോലാകുമ്പോളിങ്ങനെ ചേർത്ത്
ചേർത്ത് പിടിയ്ക്കുന്നതിപ്പോൾ പതിവാണ്.
അമ്മയെ കണ്ടെത്താൻ
കഥകാര്യങ്ങളങ്ങനെ പലതുണ്ട് കൈയ്യിൽ.
അതും അമ്മ തന്നെ തന്നിട്ട് പോയത്.

