“ശ്ശോ! ഈ കരിനാക്കിയെ കൊണ്ടു തോറ്റു”
“ആ കരിനാക്കൻ്റെ മുന്നിൽ എങ്ങാനും ചെന്നു പെടല്ലേ”
ഇങ്ങനെയുള്ള പറച്ചിലുകൾ നമ്മൾ ഒരുപാട് കേട്ടിരിക്കും അല്ലേ. യഥാർത്ഥത്തിൽ കരിനാവ് എന്ന പദത്തിൻ്റെ അർത്ഥം കറുത്ത പാടുള്ള നാവ് എന്നാണ്. അതൊരു അണുബാധ മൂലമോ മറ്റു കാരണങ്ങൾ കൊണ്ടോ വരാം.
അതല്ലല്ലോ ഇവിടുത്തെ കാര്യം. ഇങ്ങനെയുള്ള നാവ് കൊണ്ട് എന്തെങ്കിലും പറഞ്ഞു പോയാൽ അത് ഫലിക്കും എന്നുള്ള അന്ധവിശ്വാസമാണല്ലോ ഇവിടുത്തെ വിഷയം. ഇനി നാവിൽ കറുത്ത പാടില്ല എങ്കിലും എന്തെങ്കിലും പറഞ്ഞു പോയിട്ട് അത് ഒന്നോ രണ്ടോ തവണ സംഭവിച്ചു പോയാൽ പിന്നെ പറയണ്ട കരിനാക്കൻ കരിനാക്കി തുടങ്ങിയ വിശേഷണങ്ങൾ ചാർത്തി കിട്ടും തീർച്ച. അങ്ങനെ കിട്ടിയ നാവിനെ പറ്റിയാണ് ഇവിടെ പറയുന്നത്.
ഉദാഹരണത്തിന്, നാലു സുഹൃത്തുക്കൾ ഒരു ഇടവഴിയിലൂടെ നടന്നു പോകുന്നു. മതിൽകെട്ടിനപ്പുറത്ത് ഒരു പുരയിടത്തിൽ വലിയ പഴുത്ത പപ്പങ്ങകൾ തിങ്ങി നിറഞ്ഞു നിൽക്കുന്നത് കാണാം.
ഒന്നാമൻ അത് കാണുന്നതേ ഇല്ല.
രണ്ടാമൻ കാണുന്നുണ്ട് മറ്റെന്തോ ആലോചിച്ച് നടപ്പാണ്.
മൂന്നാമനാകട്ടെ കണ്ടു, വല്ല്യ പഴുത്ത പപ്പങ്ങയാണല്ലോ, കിട്ടിയാൽ കൊള്ളാം, കിളി കൊണ്ട് പോകുമോ തുടങ്ങിയ ചിന്തകൾ . പക്ഷേ, ഒന്നും മിണ്ടുന്നില്ല.
നാലാമൻ അൽപ്പം നിരീക്ഷണ പാടവം ഉള്ളവനായിരുന്നു, ദീർഘവീക്ഷിയും. ആരെന്തു വിചാരിച്ചാലും കുഴപ്പമില്ല ഞാനുള്ളത് പറയും എന്ന ചിന്താഗതിക്കാരൻ.

“ഹൊ! എന്തു വലിയ പപ്പങ്ങ. ആ ചെടി ഇപ്പോ മറിഞ്ഞ് വീഴുമല്ലോ” അവൻ പറഞ്ഞു.
നാലാളും പോയി തിരിച്ചു വന്നപ്പോ ദാ കിടക്കുന്നു അടപടലം താഴെ മണ്ണിൽ. ഇത് കണ്ട മറ്റു മൂന്നാളും കൂടി… എന്തായിരിക്കാം പറഞ്ഞിട്ടുണ്ടാവുക. അതെ, തുടക്കത്തിൽ പറഞ്ഞ അതേ കാര്യം തന്നെ, “ശ്ശോ! ഈ കരിനാക്കനെ കൊണ്ട് തോറ്റു” എന്ന്. അങ്ങനെ ഒരു കരിനാക്കൻ അവിടെ ജനിക്കുന്നു.
പക്ഷേ പേടിക്കണ്ട. ഇത് പോലുള്ള നാവുകൾ ഇപ്പോ വംശനാശ ഭീഷണിയിലാണ്. ഉണ്ണുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും സദാസമയം മൊബൈൽ സ്ക്രീനിൽ തല പൂഴ്ത്തി നടക്കുന്ന ജെൻ സി കൾക്ക് ഒക്കെ എന്ത് കരിനാവ്. അല്ലേ..


12 Comments
എല്ലാം നന്നായി വരട്ടെ😁സൂപ്പർ ആയിട്ടുണ്ട് കേട്ടോ,👌
ഞാനും ഈ വിഷയത്തോട് അടുത്തു നില്ക്കുന്ന ഒരു കഥ എഴുതിയായിരുന്നു😎
ചിലപ്പോൾ ചിലതങ്ങ് ഒക്കും….. അപ്പോൾ കരിനാക്കായി😄 നന്നായെഴുതി👍
Thank you….
നല്ല എഴുത്ത് 👌💗
Thank you Sayara
👌👍❤️💯🙏
ഇങ്ങനെയുള്ള എന്തെല്ലാം അന്ധവിശ്വാസങ്ങൾ പണ്ടുണ്ടായിരുന്നു. ഇന്ന് കുറച്ചാളുകളെങ്കിലും അവയിൽ നിന്നു പുറത്തിറങ്ങിയിട്ടുണ്ടെന്നത് ആശ്വാസകരം❤️👌🌹
Thank you ♥️♥️
കരിനാക്കിൻ്റെ/കണ്ണേൽക്കലിൻ്റെ മനശാസ്ത്രം… സ്വന്തം വാഹനം അപകടത്തിൽ പെട്ട കാര്യം ആളുകൾ മറ്റുള്ളവരോട് പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ..? അവർ എപ്പോഴും മറ്റുള്ളവരുടെ കുഴപ്പം കൊണ്ട് അപകടം ഉണ്ടായി എന്ന് പറയാനാണ് ശ്രമിക്കുക.
ഒരു ഉദാഹരണം പറഞ്ഞെന്നേയുള്ളൂ. സ്വന്തം കുഴപ്പം കൊണ്ട് ഒരു പ്രശ്നമുണ്ടായി എന്ന് സമ്മതിക്കാനുള്ള മടി മനുഷ്യരുടെ ഒരു പൊതുസ്വഭാവമാണ്. കണ്ണേൽക്കലിൻ്റെ പുറകിലെ മനശാസ്ത്രവും അത് തന്നെയാണ്. സ്വന്തം ശ്രദ്ധ കുറവ് കൊണ്ടോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ തനിക്ക് സംഭവിച്ച ഒരു നഷ്ടത്തിൻ്റെ കാരണം മറ്റൊരാളിൽ ചാരാൻ, കണ്ണേൽക്കലിൽ വിശ്വാസമുള്ളയാളുടെ മനസ് മറ്റൊരാളെ തിരഞ്ഞു കൊണ്ടിരിക്കും. അറിയുന്നതോ അറിയാത്തതോ ആയ ഒരാളുടെ കണ്ണേൽക്കലിൽ അത് അങ്ങിനെ സംഭവിച്ചു എന്ന് വിശ്വസിച്ച് അയാളുടെ മനസ് ആശ്വാസം കണ്ടെത്തുകയും ചെയ്യും.
ആരുടേയോ കണ്ണേറ്റു, ആരോ കൂടോത്രം ചെയ്തു, കൈവിഷം തന്നു എന്ന് തുടങ്ങി ആ വിഭാഗത്തിൽ വരുന്ന അന്ധവിശ്വാസങ്ങളുടെയെല്ലാം പുറകിലുള്ള മനഃശാസ്ത്രം ഒന്ന് തന്നെയാണ്. തൻ്റെ കഴിവ്കേട് കൊണ്ട് സംഭവിച്ച ഒരു നഷ്ടം മറ്റൊരാളിൽ ആരോപിക്കാനുള്ള മനുഷ്യൻ്റെ അടിസ്ഥാന സ്വഭാവമെന്ന മനഃശാസ്ത്രം.
👍
ഇവിടെ പറയാത്ത മറ്റൊരു കാര്യം ജീവിത പരിചയമാണ്. ജീവിതാനുഭവങ്ങൾ കൂടുതൽ ഉളളവർ മുൻകൂട്ടി പറയുന്നത് പലപ്പോഴും ശരിയായി വരാറുണ്ടല്ലോ. അതവരുടെ കണ്ണേറാണെന്നു മുദ്രകുത്തി അവരെ വേദനിപ്പിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.
നല്ല എഴുത്ത് 👌💗