കുരിശുപള്ളിയിൽ സന്ധ്യാമണി മുഴങ്ങിയതും ഏലിക്കുട്ടി തിണ്ണയിലേക്ക് പായ നിവർത്തിയിട്ടു. തിരുഹൃദയത്തിനു മുന്നിൽ രണ്ടു മെഴുകുതിരി കത്തിച്ച് കൊന്തയുമെടുത്ത് പേരക്കിടാങ്ങളെ രണ്ടാളേം പ്രാർത്ഥന ചൊല്ലാൻ വിളിച്ചു. ട്രീസയും ലിസയും വന്നു മുട്ടേല് നിന്നപ്പോൾ ഇളയവളെ നോക്കി ഏലിക്കുട്ടി അടക്കത്തിൽ പറഞ്ഞു. “ലിസ മോളെ, ചേച്ചീനെപ്പോലെ മെനക്ക് കുരിശു വരക്ക്. സാവധാനത്തില് വേണം പ്രാർത്ഥന ചൊല്ലാൻ. അല്ലേലിന്നും നിൻ്റമ്മേടെ കയ്യീന്ന് നല്ലത് കിട്ടുമെന്നോർത്തോ.” ഏലിക്കുട്ടി കൊച്ചിൻ്റെ മുടി ഒന്ന് തലോടി ‘കർത്താവിൻറെ മാലാഖ’ ചൊല്ലാൻ തുടങ്ങിയതും അടുക്കളപ്പണിയൊതുക്കി കൈ കഴുകിത്തുടച്ച് ബീനാമ്മയും ഓടിവന്ന് സന്ധ്യാ പ്രാർത്ഥനയ്ക്ക് മുട്ടുകുത്തി. അമ്മാമ്മയും ട്രീസമോളും എന്നും തുടക്കം മുതൽ ഒടുക്കം വരെ കണ്ണടച്ച് മുട്ടേൽ നിന്നേ പ്രാർത്ഥിക്കൂ. ബീനയും ലിസയും തമ്മിൽ പതിവ് പോലെ ഇടയ്ക്കിടെ കണ്ണുരുട്ടലും കയ്യില് നുള്ളലും ഒക്കെയായി കുരിശുവര അങ്ങനെ കഴിഞ്ഞു. രാത്രി കിടക്കാൻ നേരം ബീനാമ്മ, ലിസ മോൾടെ കാര്യം ഓർത്തു കെട്ടിയോൻ ജോയിയോട് വേവലാതി പൂണ്ടു. “മൂത്തവളെ കൊണ്ട് ഒരു കൊഴപ്പോമില്ല.…
Author: Electa Joeboy
“പേരെന്താ?? പേരക്ക!! നാളെന്താ?? നാരങ്ങ!! അയ്യടി മനമേ! തീപ്പെട്ടിക്കോലേ!” “കർത്താവേ! ഈ പെങ്കൊച്ചെന്താ ഉറക്കത്തിൽ പിച്ചും പേയും പറയുന്നത്? എടീ, എഴുന്നേറ്റേ. പോയി പല്ലൊക്കെ തേച്ച് മുഖം കഴുകി വാ” രാവിലെ അമ്മ എന്നെ തട്ടിയുണർത്തി. ” അതെങ്ങനെയാ, വല്ല്യ പൂട്ടിന് സ്കൂളടച്ചപ്പോ തൊടങ്ങിയ കളീം ബഹളോല്ലേ. കൂട്ടിനു അയലത്തെ രണ്ട് കൂട്ടുകാരികളുമൊണ്ട്. ഊണിലും ഇപ്പൊ ഉറക്കത്തീപ്പോലും വേറെ ചിന്തേന്നും ഇല്ലല്ലോ. ഇനി ഒരാഴ്ച കൂടിയല്ലേള്ളൂ, അത്രേം സമാധാനം” ഇത്രേം പറഞ്ഞ് അമ്മ അടുക്കളയിലേക്ക് മടങ്ങി. ” ശ്ശോ! ഒരാഴ്ച്ചയോ. രണ്ട് മാസം ഇത്ര പെട്ടെന്ന് തീർന്നോ. എന്നാപ്പിന്നെ കുറച്ചൂടി കിടന്നുറങ്ങട്ടമ്മേ. ” ഞാൻ പുതപ്പ് തലവഴി ഒന്നൂടെ വലിച്ചിട്ട് ചുരുണ്ട് കൂടി കിടന്നു. ” ഹൊ! ഇവറ്റകൾ ഒന്ന് സ്വസ്ഥായിട്ട് ഉറങ്ങാൻ സമ്മതിക്കൂല്ലല്ലോ. രാവിലെ അലാറം വെച്ചോലെ ബഹളം തുടങ്ങിക്കോളും.” ഇത്തവണ പുറത്ത് മാവിൻ്റെ കൊമ്പിലിരുന്നു കലപില കൂട്ടുന്ന കുറെ കിളികളായിരുന്നു പ്രശ്നക്കാർ! ജനൽപ്പാളിയൊന്നു പതിയെ തുറന്നു നോക്കിയപ്പോ മഞ്ഞക്കിളിയും…
രണ്ട് ദിവസമായി മനസാകെ അസ്വസ്ഥമാണ്. അകാരണമായ ഒരു വേവലാതിയിൽ ഉള്ളുരുകുന്നത് പോലെ. സങ്കടമായും ഉദാസീനതയായും ദേഷ്യമായും അത് അല്പാല്പമായി തുളുമ്പി തെറിച്ച് പുറത്തേക്ക് ഒഴുകുന്നുണ്ട്. കുറച്ച് വർഷങ്ങളായി ഏതാണ്ട് ഇതേ സമയത്ത് പേരറിയാ നൊമ്പരങ്ങൾ വന്നു മനസ്സിനെ ശല്യപ്പെടുത്തുന്നത് ഒരു പതിവായിട്ടുണ്ട്.. ” നാളെ അവിടം വരെ പോണം എന്ന് നിർബന്ധമുണ്ടോ? രാവിലെ ഇവിടുത്തെ പള്ളീല് പോകാം, കുർബാന കാണാം. അത്രയൊക്കെ പോരെ? മരിച്ച ആത്മാക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥന ഇവിടെ അടുത്തുള്ള പള്ളീലോ വീട്ടിലിരുന്നോ ആകാമല്ലോ”. ഞായറാഴ്ച വൈകിട്ടു വീട്ടിൽ ചടഞ്ഞു കൂടാനുള്ള ആഗ്രഹത്തിൻ്റെ പുറത്തു ആള് വെറുതെ ചോദിക്കുന്നതാണ്, എനിക്ക് അതറിയാം. ” ഇവിടുത്തെ സെമിത്തേരിയിൽ എൻ്റെ ആരാ ഉള്ളത്? അവർ ഉള്ളിടത്തേക്ക് അല്ലേ ഞാൻ നാളെ പോകേണ്ടത്? നിർബന്ധം പിടിക്കുന്നതല്ല, അതല്ലേ ശെരി “. എന്നൊക്കെയാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്. അതിൽ എത്ര വാക്കുകൾ തൊണ്ടക്കുഴിയിൽ കുടുങ്ങി ഒടുങ്ങിപ്പോയി എന്ന് തീർച്ചയില്ല. ” നാളെ ഞായറാഴ്ചയല്ലേ വൈകിട്ട് പോയേക്കാം.…
”മുറിവ്” എന്ന വിഷയത്തിൽ കഥകളായും അനുഭവക്കുറിപ്പുകളായും ആകെ 24 ബ്ലോഗുകളാണ് ലഭിച്ചത്. നമ്മളെല്ലാവരും ജീവിതത്തിൽ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ മുറിവേറ്റവരാണല്ലോ. അത് കൊണ്ടു തന്നെ ഒരുപാട് പേർക്ക് സ്വന്തം ജീവിതവുമായും ചുറ്റുപാടുമുള്ള പരിചിതരായ മറ്റു പലരുടെയും ജീവിതമായും ഈ വിഷയത്തെ ബന്ധപ്പെടുത്താൻ പറ്റി. എഴുതിയ എല്ലാവർക്കും നന്ദി. എല്ലാ ബ്ലോഗുകളും നല്ല നിലവാരം പുലർത്തിയവയായിരുന്നു. മുറിവിനെ കുറിച്ചെഴുതിയ രചനകളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്നു വായനക്കാരിലേക്ക് എത്തിക്കാൻ വേണ്ടിയാണ് എല്ലാ കഥകളുടെ ലിങ്കുകളും അവയെക്കുറിച്ചുള്ള ചെറിയ കുറിപ്പുകളും അടങ്ങിയ ഈ ബ്ലോഗ് എഴുതുന്നത്. മനസ്സിനേറ്റ ഒരു മുറിവ്.. മനസ്സിൽ പണ്ടെങ്ങോ ആഴത്തിലേറ്റ ഒരു മുറിവിനെ കുറിച്ച് എഴുതാമോ.. കാലമെത്ര കഴിഞ്ഞിട്ടും ജീവിതം ഒരുപാട് മുന്നോട്ട് പോയിട്ടും ഇപ്പോഴും ഉണങ്ങാതെ ഹൃദയത്തിൽ സൂക്ഷിക്കുന്ന, ഇടയ്ക്കിടയ്ക്ക് നീറിപ്പുകയുന്ന ഒരു മുറിവ്. മറക്കാൻ എത്ര ശ്രമിച്ചാലും പതിന്മടങ്ങ് വേഗത്തിൽ തിരിച്ചെത്തി വേദനിപ്പിക്കുന്ന ഒന്ന്. മറവിയുടെ പോറ്റകൾ വന്നു മൂടാൻ സമ്മതിക്കാതെ മനപ്പൂർവ്വം ഇടയ്ക്കിടയ്ക്ക് അതിനെ അലോസരപ്പെടുത്തിയുണർത്തി അതിൽ…
റോഡിലൂടെ ഒരു കണ്ടെയ്നർ ലോറി കടന്ന് പോയപ്പോഴേക്കും പൊടിപടലങ്ങൾ ഒരു തെങ്ങോളം പൊക്കത്തിലങ്ങനെ പറന്നുയർന്നു… രാജി മീൻ ചരുവവുമായി റോഡരികിൽ നിൽപ്പ് തുടങ്ങിയിട്ട് പത്തിരുപത് മിനിറ്റായി. “ഹൊ!! എന്തൊരു പൊടിയാ..” ചരുവം നിലത്തു വച്ച് രാജിയൊന്നു നടുനിവർത്തിയിട്ട് സാരിത്തലപ്പുകൊണ്ട് മൂക്കു പൊത്തി. ‘പ്രായം പത്തമ്പത്തിനാല് കഴിഞ്ഞതേ ഉള്ളെങ്കിലും മുട്ടിനും നടുവിനും ഒക്കെ തേയ്മാനം വന്നു; നല്ല വേദന. ഭാരിച്ച മീൻകോട്ട ചോമന്നുതൊടങ്ങീട്ടു കാലം കൊറെയായി. രാജീടെ അലുമിനിയം ചരുവത്തിൽ ഒരു മീൻ ചന്ത മൊത്തത്തിലുണ്ടെന്നു പറഞ്ഞെല്ലാരും കളിയാക്കാറുണ്ട് ’. “ബസ്സ് സ്റ്റോപ്പിലൊണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ്ഡ് പൊളിച്ച് കളഞ്ഞിട്ടിപ്പൊ രണ്ട് കൊല്ലം കഴിഞ്ഞു. അല്ലായിരുന്നേൽ ഒന്നു ഇരിക്കേങ്കിലും ചെയ്യാരുന്നു. അങ്ങോട്ട് പോവാനൊറ്റ ഓട്ടോക്കാരേം കിട്ടാനില്ല. അല്ലേലും ഒറ്റയ്ക്ക് ഓട്ടോല് കേറിയാലൊട്ട് മോതലാകേം ഇല്ല”. രാജി ആരോടെന്നാല്ലതെ പിറുപിറുത്തു. എവിടെ തിരിഞ്ഞു നോക്കിയാലും നിർമാണ സാമഗ്രികളുമായി തലങ്ങും വിലങ്ങും പാഞ്ഞു വഴിമുടക്കുന്ന കുറെ പേരറിയാ വണ്ടികളാണ്. സിമൻ്റും മെറ്റൽ പൊടിയും പുകയും ഒക്കെ നിറഞ്ഞ…
ചിറകടിയൊച്ചകൾ Part 1 Part 2. അവസാനഭാഗം എന്നെ കണ്ടാൽ മിണ്ടല്ലേ’ എന്ന ആപ്തവാക്യം ജീവിതചര്യയാക്കിയ ലിനിയുടെ ജീവിതം പദ്യപാരായണത്തിൻ്റെ വഴിയിലേക്ക് ടീച്ചർ എത്രപ്പെട്ടെന്നാണ് തിരിച്ച് വിട്ടത്!!! വായിക്കുന്നതൊന്നും തെറ്റുന്നില്ലെങ്കിലും ആ ശരബെഞ്ചിലെ ഇരിപ്പ് തന്നെ ഇഞ്ചിഞ്ചായി കൊല്ലുന്ന പോലവൾക്ക് തോന്നി. പക്ഷെ, റീനയ്ക്ക് അവളോട് വലിയ സ്നേഹമായിരുന്നു. അധികം സംസാരിക്കാത്ത റീന അവളോട് മാത്രം കുറെ വർത്തമാനം പറയും. ഒരു ദിവസം മലയാളം ക്ലാസ്സിൽ നായികയുടെ ചുണ്ടുകൾ വർണ്ണിക്കുന്ന ഭാഗം എടുത്ത് കഴിഞ്ഞപ്പോൾ റീനയെ ഒന്നു സന്തോഷിപ്പിക്കാൻ അവളോട്, “നിൻ്റെ ചുണ്ടും അതിലെ നായികയെപ്പോലെ നല്ല ഭംഗിയാണല്ലോ” എന്നൊന്ന് ലിനി പറഞ്ഞു പോയി. “ഇനി മേലാൽ എന്നോട് അങ്ങനെയൊന്നും പറയരുത്” എന്ന് അവള് ലിനിയുടെ മുഖത്ത് നോക്കി പറഞ്ഞു. ” എന്ത്!! ഞാനൊരു നല്ല കാര്യം പറഞ്ഞതല്ലേ. പ്രശംസ ഇഷ്ടമില്ലാത്ത പെൺക്കുട്ടികളോ!!” പിന്നെയാണ് ലിനിയാ സത്യം മനസ്സിലാക്കിയത്, റീന ഓർമവെച്ച കാലം മുതൽ കന്യാസ്ത്രീ ആവാൻ കൊതിച്ചു ജീവിക്കുന്നവളാണ്. “എൻറെ…
“അപ്പോ എല്ലാവർക്കും പറഞ്ഞതൊക്കെ ക്ലിയർ ആയല്ലോ. നാളെ ഈ സമയത്ത് വീണ്ടും ഗ്രൂപ്പ് കോളിൽ വന്നിട്ട് ബാക്കി പറയാം. ഓക്കേ, ബൈ ഫോർ നൗ”. ലിനി ജോൺ വീഡിയോ കോൾ കട്ട് ചെയ്തു. കൊച്ചി നഗരത്തിൽ നിന്നും കുറച്ചു മാറി ഒരു നാട്ടിൻപുറത്ത് പുതുതായി ഒരു ബുട്ടീക്ക് നടത്തി വരികയാണ് ലിനി. വീഡിയോ കോളിന് അപ്പുറം അവളുടെ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായ മറ്റു മൂന്നു പേരാണ്. ഒരാൾ അന്ന, ലിനിയുടെ മുൻ സഹപ്രവർത്തകയാണ്. അവളിപ്പോഴും ലിനി പണ്ട് ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തിൽ തുടരുന്നുണ്ട്. മറ്റു രണ്ടാളും ചെറുപ്പം മുതൽ ഒന്നിച്ച് പഠിച്ച കൂട്ടുകാരാണ്, വാണിയും രമ്യയും. ബിസിനസ് ഒക്കെ ഒന്ന് പച്ചപിടിച്ചു കഴിഞ്ഞിട്ട് അന്നയും കൂടി ജോലി രാജിവച്ച് ലിനിയോടൊപ്പം ബുട്ടീക്കിന്റെ കാര്യങ്ങൾ നോക്കാമെന്നാണ് ഇപ്പോഴത്തെ അവരുടെ തീരുമാനം. ഇപ്പോൾ ആ ബുട്ടീക്കിൽ മറ്റൊരു സെയിൽസ് ഗേൾ കൂടിയുണ്ട്. സ്റ്റിച്ചിംഗ് യൂണിറ്റിൽ രണ്ടു സ്റ്റാഫ് വേറെയും. വൈകാതെ സോഷ്യൽ മീഡിയ…
രാത്രിപ്പണികളുടെ ബാലികേറാമല ഒരുവിധം താണ്ടി, ഒന്നു വൃത്തിയായി മായ മുറിയിലെത്തി. മക്കളൊക്കെ ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഭർത്താവ് ഉറങ്ങാൻ വട്ടം കൂട്ടുന്നുണ്ട്. ഞായറാഴ്ച്ചയല്ലേ, രാവിലെ മുതൽ പാചകവും വീട് വൃത്തിയാക്കലും തുണി കഴുകലും ഒക്കെയായി ആകെ തിരക്കായിപ്പോയി. ഫോണിൽ നെറ്റ് പോലും ഓണാക്കിയിരുന്നില്ല. ആഹാ വാട്സ്ആപ് സ്റ്റാറ്റസുകളുടെ ഒരു പ്രളയം തന്നെ ഉണ്ടല്ലോ. അല്ലെങ്കിലും ഇപ്പോ വാരാന്ത്യങ്ങൾ ഒക്കെ ഇങ്ങനെയാണല്ലോ. എല്ലാവരും ട്രിപ്പ് പോയ ഫോട്ടോസ് ഇട്ട് തകർക്കുകയാണല്ലോ. “ഇതൊക്കെ കണ്ടിട്ട് എനിക്കെന്ത് കിട്ടാനാ”, മായ പിറുപിറുത്തു. പെട്ടെന്ന് അവളുടെ കണ്ണുകൾ കൂട്ടുകാരിയുടെ ഒരു ഫോട്ടോയിൽ ഉടക്കി. “ഓ! ഇന്നവളുടെ പിറന്നാൾ ആയിരുന്നല്ലോ. ഇന്നലെ ഓർത്തിരുന്നു.” സമ്മാനം കിട്ടിയ പുതിയ സൽവാറും പിന്നെ ഒരു പുസ്തകവുമാണ് ഫോട്ടോയിൽ. ആരും ഓർക്കാതെ പോയ കഴിഞ്ഞ ആഴ്ചയിലെ തൻ്റെ പിറന്നാൾ ദിനത്തെ മായ മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചു. സമ്മാനമായി വർണക്കടലാസ്സിൽ പൊതിഞ്ഞ ഒരു പുസ്തകം അവളേറെ കൊതിച്ചിരുന്നു, എല്ലാ പിറന്നാളിലെയും പോലെ. വെറുതെയാണെന്നറിയാം, എന്നാലും.. കൂട്ടുകാരിയുടെ പ്രിയപ്പെട്ട…
അവർ നിശബ്ദമായി ഒരു വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. സങ്കോചങ്ങളില്ലാതെ , അതിർവരമ്പുകൾ വകവെയ്ക്കാതെ, മുന്നോട്ട് ധൈര്യപൂർവ്വം.. ഒരു പാട് പേർക്ക് പണ്ട് കഴിയാതെ പോയത്..
ചാരം മൂടിയിട്ടും കെടാത്ത കനല് പോലെയാണ് ചില സൗഹൃദങ്ങൾ. ഒരു ഓർമ്മപ്പെടുത്തൽ മതിയാകും തീജ്വാലയാകാൻ. ഒരർധവിരാമത്തിൽ എന്നോ നിർത്തിയത് വീണ്ടുമൊരു കവിതപോലെ ഒഴുകാൻ തുടങ്ങും..
