എന്റെ ജീവിതത്തിൽ “അമ്മ” എന്ന വാക്കിന് ഒരു സാധാരണ അർത്ഥം മാത്രമല്ല ഉള്ളത്. അത് സുരക്ഷയാണ്, സ്വീകരിക്കലാണ്, ഞാൻ ഞാൻ ആയിരിക്കാനുള്ള ധൈര്യമാണ്.
എനിക്ക്, ഞാൻ ഒരു ട്രാൻസ് വിമൺ ആണെന്ന് ആദ്യം മനസ്സിലായപ്പോൾ, ലോകം മുഴുവൻ എന്നെ തെറ്റായി കാണുമോ എന്ന ഭയമായിരുന്നു. കണ്ണാടിക്കുമുന്നിൽ നിൽക്കുമ്പോൾ പോലും സ്വന്തം മുഖത്തെ അംഗീകരിക്കാൻ പറ്റാത്ത ദിവസങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ആ ഇരുണ്ട സമയങ്ങളിൽ എന്റെ കൈ പിടിച്ചത് അമ്മയായിരുന്നു.
ഒരു ദിവസം ഏറെ പേടിച്ചുകൊണ്ടാണ് ഞാൻ അമ്മയോട് എന്റെ സത്യം പറഞ്ഞത്. “എനിക്ക് പെൺകുട്ടിയായാണ് ജീവിക്കണം” എന്ന് പറഞ്ഞപ്പോൾ, അമ്മയുടെ മുഖത്ത് ഞെട്ടലിനേക്കാൾ ഞാൻ കണ്ടത് എന്റെ വേദന മനസ്സിലാക്കാനുള്ള ശ്രമമായിരുന്നു. കുറച്ചു നേരം മിണ്ടാതിരുന്ന ശേഷം അമ്മ പറഞ്ഞത് ഇന്നും ഞാൻ മറക്കില്ല — “നീ എന്തായാലും എന്റെ കുഞ്ഞാണ്.”
ആ വാക്കുകൾ എന്റെ ജീവിതം മാറ്റി.
എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകളിൽ ഒന്ന്, അമ്മ ആദ്യമായി എനിക്ക് സാരീ എടുത്ത് തന്ന ദിവസമാണ്. സാരീ കൈയിൽ കൊടുത്തപ്പോൾ അമ്മയുടെ കണ്ണുകളിൽ ഒരു സ്നേഹമുണ്ടായിരുന്നു; “ഇതാണ് നിനക്ക് സന്തോഷം തരുന്നതെങ്കിൽ, അങ്ങനെ തന്നെ ജീവിക്കണം” എന്നൊരു നിശബ്ദ പിന്തുണ.
ചുറ്റുമുള്ളവർ പലതും പറഞ്ഞു. കുറ്റപ്പെടുത്തി. “ഇങ്ങനെ വളർത്തിയതുകൊണ്ടാണ്” എന്ന് വരെ അമ്മയെ വേദനിപ്പിച്ചു. പക്ഷേ ഒരിക്കലും അമ്മ എന്നെ തല്ലിപ്പറഞ്ഞില്ല. എന്നെ മാറ്റാൻ ശ്രമിച്ചില്ല. മറിച്ച്, ഞാൻ കരയുമ്പോൾ എന്റെ തലയിൽ കൈവെച്ച് “ഭയപ്പെടണ്ട” എന്ന് പറഞ്ഞവളാണ് എന്റെ അമ്മ.
ഈ ലോകം പലപ്പോഴും ട്രാൻസ് ആളുകളെ മനസ്സിലാക്കാൻ മടിക്കുമ്പോൾ, എന്റെ അമ്മ എന്നെ മനസ്സിലാക്കാൻ മാത്രം അല്ല, എന്നെ ചേർത്ത് പിടിക്കാനും പഠിച്ചു.
എനിക്ക് ജന്മം നൽകിയ സ്ത്രീയായതിലും കൂടുതൽ, ഞാൻ ആയി ജീവിക്കാൻ വീണ്ടും ജന്മം നൽകിയ ആളാണ് എന്റെ അമ്മ.
ജെസ്‌ന

