ആ നീയെത്തിയോ, വരൂന്ന് തീരെ പ്രതീക്ഷിച്ചില്ലാട്ടോ ഞാൻ.
പാരിജാതപ്പൂക്കൾ കൊഴിഞ്ഞു കിടക്കുന്ന ചെങ്കൽ ഒതുക്കുകൾ കയറിച്ചെല്ലുമ്പോൾ അമ്മ ഉമ്മറത്തു തന്നെയുണ്ട്.
ഏതോ സിനിമയിൽ കണ്ട കവിയൂർപ്പൊന്നമ്മയുടെ മുഖമായിരുന്നു അപ്പോഴവർക്ക്. അതവളെ അത്ഭുതപ്പെടുത്തി.
അമ്മയെക്കണ്ടിട്ട് ഇരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
പോയി കുളിച്ചിട്ട് വാ. നിന്റെ മുറിയെല്ലാം ഇന്നലത്തന്നെ അടിച്ച് തുടച്ചിട്ടിട്ടുണ്ട്.
അമ്മയവളെ വീണ്ടും ഞെട്ടിച്ചു.
വാതിൽ കടന്ന് അകത്തേക്ക് കാലെടുത്തുവെക്കുമ്പോൾ ഉള്ളംകാലിൽനിന്നൊരു തരിപ്പ് ശിരസ്സിലേക്ക് പടർന്നു കയറി.
വർഷങ്ങളോളം തന്റെ ഗദ്ഗങ്ങൾ ഏറ്റുവാങ്ങിയ അതേ മുറി.
തുറന്നിട്ട ജനാലക്കപ്പുറം ആകാശത്തിന്റെ ഒരു ചതുരക്കഷ്ണം, പഴയപോലെതന്നെ ഇപ്പോഴുമുണ്ട്.
പുത്തൻ കട്ടിലിൽ വിരിച്ചിരിക്കുന്ന ഷീറ്റും, തലയിണയും പുതിയതു തന്നെയാണ്.എന്നിട്ടും പഴയകാലത്തിന്റെ ഓർമ്മപ്പെടുത്തൽപോലെ, അവളുടെ കണ്ണുനീർ വീണ് കനച്ചുപോയ പഴയ തലയിണയും പായയും ഒരു മൂലയിൽ ചുരുട്ടി വെച്ചിട്ടുണ്ട്.
കുളിമുറിയിൽ നിൽക്കുമ്പോൾ, വല്ലാത്തൊരു അപരിചിതത്വം നിറഞ്ഞു നിൽക്കുന്ന പോലെ തോന്നി. പുഴയിലെ നീന്തിത്തുടിച്ചുള്ള കുളി ഒന്നുകൂടെ ആസ്വദിക്കണ്ടേയെന്ന് മനസ്സ് തോണ്ടി വിളിച്ചു കൊണ്ടിരുന്നു.
ചായ കുടിച്ചിട്ട് നീയാ പണ്ടാരന്റെ വീട്ടിൽപ്പോയി ഇത്തിരി പപ്പടം വാങ്ങി വായോ. സന്ധ്യയായാൽപ്പിന്നെ അയാൾ പപ്പടം എടുത്തു തരില്ല.
അമ്മ കുറച്ചു ചില്ലറത്തുട്ടുകളെടുത്ത് മേശമേൽ വെച്ചു.
കാർത്തുവമ്മയുടെ മുറ്റത്തുകൂടി പോകാം എന്ന് വിചാരിച്ച്, വഴിയിൽ നിന്ന് തിരിഞ്ഞ് അവരുടെ പറമ്പിലേക്കിറങ്ങി.
അടുക്കളമുറ്റത്തെ കല്ലടുപ്പിനരികിൽനിന്ന്, കോടാലി കൊണ്ട് വിറക് കൊത്തിയെടുക്കുകയാണ് കാർത്തൂവമ്മ. അടുപ്പിനരികിൽത്തന്നെ പലകയിട്ടിരുന്ന്, രതിച്ചേച്ചിയും രമച്ചേച്ചിയും ചക്കക്കുരു നന്നാക്കിയെടുക്കുന്നു.
കൊത്തിയെടുക്കുന്ന വിറകിന്റെ ചീളുകൾ, അടുപ്പത്തിരുന്ന് തിളയ്ക്കുന്ന കഞ്ഞിയിലേക്ക് വീഴുന്നു എന്നും പറഞ്ഞ് കാർത്തുവമ്മയോട് ബഹളം വെക്കുന്നുമുണ്ട് രണ്ടുപേരും.
വർഷങ്ങൾ ഇത്രയേറെ കഴിഞ്ഞു പോയിട്ടും ആർക്കും ഒരു മാറ്റവുമില്ലല്ലോയെന്ന് അവൾ അത്ഭുതപ്പെട്ടു.
എന്റച്ചോ… ഇതാരായീ വരുന്നേ.
ആശ്ചര്യം കൊണ്ട് മിഴിഞ്ഞു പോയ കണ്ണുകളോടെ രമച്ചേച്ചിയാണ് അവളെ ആദ്യം കണ്ടത്.
ദാ, വന്നതേയുള്ളു.. മനസ്സിലെ ആഹ്ലാദം മറച്ചു വെക്കാതെ ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു.
വിശേഷം പറഞ്ഞു നിന്നാൽ പപ്പടം കിട്ടില്ല എന്നറിയാവുന്ന കൊണ്ട് ഇപ്പൊ വരാട്ടോ എന്നും പറഞ്ഞ് പണ്ടാരന്റെ വീട്ടിലേക്കു ധൃതിയിൽ നടന്നു.
പപ്പടം എണ്ണിത്തരുമ്പോൾ, പഴയപോലെ തന്നെ രണ്ടുമൂന്നെണ്ണം കൂടുതൽ വെച്ചു അമ്മിണിച്ചേച്ചി. കൂട്ടത്തിൽ എപ്പോഴാ വന്നേ എന്ന ചോദ്യത്തോടൊപ്പം ഒരു വാത്സല്യച്ചിരിയും.
ചക്ക ഉലർത്തിയതും, കട്ടൻ ചായയും എടുത്തു വെച്ച് കാത്തിരിക്കുകയായിരുന്നു കാർത്തുവമ്മ.
വയറ് നിറഞ്ഞിരിക്കുകയായിരുന്നിട്ടും വേണ്ടെന്ന് പറയാൻ തോന്നിയില്ല. അവർ വിളമ്പിത്തരുന്നതെന്തും സ്വാദോടെ കഴിച്ച നാളുകൾ ഏറെയുണ്ടായിരുന്നു കൊഴിഞ്ഞു പോയ വർഷക്കണക്കുകളിൽ.
വാതോരാതെ വിശേഷങ്ങൾ പറയുന്നതിനൊപ്പം ചക്കക്കൂട്ടാൻ ആവേശത്തോടെ ആസ്വദിച്ചു കഴിച്ചു. ഉള്ളിയും മുളകും ഉരലിൽ ഇടിച്ചെടുത്ത് വെളിച്ചെണ്ണയിൽ മൂപ്പിച്ചതിന്റെ സ്വാദ് വേറിട്ട് നിന്നിരുന്നു അതിൽ.
കഴിച്ചു തീർന്നപ്പോ കിണറ്റിൽ നിന്ന് ഒരു തൊട്ടി വെള്ളം കോരിയെടുത്ത് കുടിക്കാൻ തോന്നി. തൊട്ടിയെടുത്ത് കിണറ്റിലേക്കൂർത്തി വിട്ടു. അതിൽ നിറഞ്ഞ വെള്ളം മുകളിലേക്ക് വലിച്ചുയർത്താൻ നോക്കുമ്പോൾ ആരോ ബലമായി താഴോട്ട്തന്നെ അമർത്തുന്ന പോലെ.
രതിച്ചേച്ചി, തൊട്ടി പൊങ്ങി വരുന്നില്ല ല്ലോ.
അയ്യോ, നീയെന്തിനാപ്പോ വെള്ളം കോരാൻ പോയേ. കിണറ്റിൽ യക്ഷിയുണ്ട്. തൊട്ടിതാഴേക്കിട്ടാൽപ്പിന്നെ മുകളിലേക്ക് വലിച്ചു കേറ്റാൻ സമ്മതിക്കില്ല.പിടിച്ചു താഴ്ത്തും നമ്മളെ.
യക്ഷിയോ, എന്നിട്ട് ഞാൻ കണ്ടില്ലല്ലോ പറഞ്ഞു കൊണ്ട് താഴേക്കു കുനിഞ്ഞു നോക്കിയതും, വെള്ളപ്പരപ്പിന് മുകളിലേക്ക് രണ്ടു തീക്കണ്ണുകൾ ഉയർന്നു വന്നതും ഒരുമിച്ചായിരുന്നു. ഗുഹ പോലുള്ള അവരുടെ അവരുടെ വായിൽ കൂർത്തു നിൽക്കുന്ന ദംഷ്ട്രകളിൽ നിന്ന് ചോരയിറ്റുന്നുണ്ടായിരുന്നു. കുട്ടിക്കാലത്തെ സ്വപ്നങ്ങളിൽ അവളെ ഭയപ്പെടുത്തിയിരുന്ന അവളുടെ അമ്മയുടെ അതേ മുഖമായിരുന്നു ആ യക്ഷിക്കും.
വിറയാർന്ന കൈകൾ കൊണ്ട് തൊട്ടി ഒന്നുകൂടി ആഞ്ഞു വലിച്ചതും കാലുകൾ രണ്ടും മുകളിലക്കുയർന്ന് തലകീഴായി വെള്ളത്തിലേക്ക് കൂപ്പുകുത്തി. ആഴങ്ങളിലേക്കാണ്ട്പോകുമ്പോഴും സഹജ വാസനയാൽ അമ്മേയെന്ന ആർത്തനാദമാണ് തൊണ്ടക്കുഴിയിൽ നിന്ന് പുറപ്പെട്ടത്.
കൊഴുത്ത ഇരുട്ടിൽ ശ്വാസംമുട്ടിപ്പിടയുമ്പോൾ,പെട്ടന്ന് വെളിച്ചത്തിന്റെ ഒരു പ്രളയം കണ്ണുകൾക്കു ചുറ്റും അലയടിക്കുന്നതും, എന്തുപറ്റി എന്ന ചോദ്യത്തോടെ ആരോ തോളിൽ തട്ടുന്നതൂമറിഞ്ഞ് അവൾ ഞെട്ടി കണ്ണ് മിഴിച്ചു.
അടുത്ത് പരിഭ്രമം പൂണ്ട് നിൽക്കുന്നത് സിന്ധുവേച്ചിയാണെന്നും, കിടക്കുന്നത് ജോലി സ്ഥലത്തെ സ്വന്തം റൂമിലാണെന്നും തിരിച്ചറിയാൻ നേരമേറെയെടുത്തു.
“ഞാനൊരു സ്വപ്നം കണ്ടു.
ഹും… കൊള്ളാം. മനുഷ്യനെ പേടിപ്പിച്ചു കൊന്നുകൊണ്ടു തന്നെ സ്വപ്നം കാണണം.
പിറുപിറുപ്പോടെ സിന്ധു തിരികെ കട്ടിലിൽ ചെന്ന് കിടന്നു.
ലൈറ്റണച്ചിട്ടും അവൾക്ക് പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല.
ഓർമ്മകളുടെ മുറ്റത്തുലാത്താൻ മനസ്സവളെ പിടിച്ചു വലിച്ചു.
നാളെ മദേർസ് ഡേ സ്പെഷ്യൽ പ്രോഗ്രാമുണ്ട്. നമ്മളെയൊക്കെ ആദരിക്കുന്നുണ്ട് എന്നാ പറഞ്ഞത്. കൂട്ടത്തിൽ അമ്മമാരുടെ കലാപരിപാടികളും. ഞാൻ അമ്മയെക്കുറിച്ച് ഒരു കവിതയെഴുതിയിട്ടുണ്ട്. അത് ചൊല്ലാമെന്ന് വിചാരിക്കുന്നു.
ഉറങ്ങാൻ കിടക്കുമ്പോൾ സിന്ധുവേച്ചി പറഞ്ഞതോർത്തു കിടന്നതുകൊണ്ടാകാം ഇങ്ങനെയൊരു സ്വപ്നം.
സ്നേഹ സദനം എന്നയീ വീട്ടിൽ എത്തിയിട്ട് ഒരു മാസമാകുന്നു.
അമ്മമാരുടെ മഹത്വത്തിനോളം വാഴ്ത്തപ്പെട്ട മറ്റെന്തുണ്ട് ഈ ലോകത്തിൽ.
നന്മയും കരുണയും വാത്സല്യവും നിറഞ്ഞു നിൽക്കുന്ന സ്ത്രീ ജന്മങ്ങൾ.
പക്ഷേ വീട്ടിലെ വിളക്കാകാൻ ചില അമ്മമാർക്കേ കഴിയൂ. മറ്റുചിലർ ഉള്ള വെളിച്ചത്തക്കൂടി ഊതിക്കെടുത്തിക്കളയും.
അച്ഛനെക്കാണാൻ വരാറുള്ള സുഹൃത്തുക്കൾ അച്ഛനില്ലാത്തപ്പോഴും വീട്ടിൽ വരാൻ തുടങ്ങിയതോടെയാണ് കലഹങ്ങൾ ആരംഭിച്ചത്.
ഇറങ്ങിപ്പോ എന്നൊരൊറ്റ വാക്കുകൊണ്ട് അച്ഛൻ ഒരു കുടുംബത്തെ രണ്ടായി പകുത്തു.
കുട്ടികളെ കൊണ്ടുപോകാൻ സമ്മതിക്കരുതെന്ന് അച്ഛമ്മ കരഞ്ഞു പറഞ്ഞിട്ടും അച്ഛൻ സമ്മതിച്ചില്ല.
അവരെന്റെതന്നെയാണോ എന്നാർക്കറിയാം എന്ന വാദത്തിൽ ഉറച്ചു നിന്നു.
കടലിലോ, പുഴയിലോ എറിഞ്ഞു കളയാതെ അമ്മ തങ്ങളെ കൂടക്കൂട്ടിയത് ഇന്നും അത്ഭുതമാണ്. ഒരുപക്ഷെ പേറ്റുനോവാൽ ഉരുത്തിരിയുന്ന വാത്സല്യക്കടലിന്റെ ചില തുള്ളികൾ അവരിലപ്പോഴും ബാക്കിയുണ്ടായിരുന്നതു കൊണ്ടാകാം.
സ്വന്തം വീട്ടിലും ഇടം കിട്ടില്ല എന്നറിഞ്ഞിട്ടും അമ്മക്കൊരു കൂസലില്ലായിരുന്നു
അവർ ചെയ്യുന്ന തെറ്റ് എന്തെന്ന് അറിയില്ലായിരുന്നിട്ട് കൂടിയും അമ്മയുടെ രഹസ്യക്കാരിൽ ആരോ റെഡിയാക്കിക്കൊടുത്ത വാടകവീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ എന്തിനെന്നറിയാതെ കരച്ചിൽ വന്നു.
സമ്പന്നതയുടെ സുഖമുള്ള തണുപ്പിൽ നിന്ന് ദാരിദ്ര്യത്തിന്റെ കൊടും ചൂടിലേക്കെടുത്തെറിയപ്പെട്ട രണ്ടു കുഞ്ഞു ജീവനുകൾ.
അപ്രതീക്ഷിതമായി വിരുന്നുവന്ന പട്ടിണിയുടെ കാഠിന്യത്താൽ രണ്ടു വയസ്സുകാരൻ ഉണ്ണി എപ്പോഴും തളർന്നു കിടക്കും. അമ്മ ഉറക്കമുണർന്നു വരുന്നത് ഏതെങ്കിലുമൊരു സമയത്തായിരിക്കും. രാത്രിയിൽ അമ്മയെ കാണാൻ ഒന്നിലധികംപേര് വരുന്ന ദിവസം അവരുടെ ഉറക്കം വൈകുന്നേരം വരെ നീളും.
ഉറക്കമുണർന്നു വന്നാലും ആഹാരമുണ്ടാക്കാൻ മിനക്കെടാതെ ഒരു കവർ ബ്രെഡോ ബിസ്ക്കറ്റോ വാങ്ങിത്തരും.
അമ്മ എവിടേക്കോ പോയിരുന്ന ഒരു ദിവസം കരഞ്ഞു തളർന്ന ഉണ്ണിയെയും കൊണ്ട് പുറത്തിറങ്ങി. അച്ഛമ്മക്കരികിലേക്ക് പോകാൻ കഴിഞ്ഞെങ്കിൽഎത്ര നന്നായെന്ന് മനസ്സ് കൊതിച്ചു.
അപ്പോഴാണ് രണ്ടു വീടുകൾക്കപ്പുറം ഗേറ്റിനരികിൽ നിന്നിരുന്ന കാർത്തുച്ചേച്ചി അവളേ കൈകാട്ടി വിളിച്ചതും, കുഞ്ഞ് എന്തിനാ കരയുന്നെ എന്ന് ചോദിച്ചതും.
വിശന്നിട്ടാ എന്നൊരു കരച്ചിലായിരുന്നു മറുപടി.
അന്നവർ വിളമ്പിത്തന്ന പഴങ്കഞ്ഞിക്ക് എന്തൊരു രുചിയായിരുന്നു.
അമ്മയെക്കുറിച്ചറിഞ്ഞപ്പോൾ നാട്ടുകാർക്കെല്ലാം വല്ലാത്തൊരു അവജ്ഞയായിരുന്നു അവരോട്
ഇടക്ക് അമ്മ ചോറ് വെക്കും. കറി വെക്കാനുള്ള മടി കൊണ്ട് കുറച്ചു ചില്ലറത്തുട്ടുകൾ എടുത്ത് തന്നിട്ട് പപ്പടം വാങ്ങി വരാൻ പറയും പപ്പടക്കാരി അമ്മിണിച്ചേച്ചിക്കും അവളെ വല്യയിഷ്ടമായിരുന്നു. ചില ദിവസങ്ങളിൽ പപ്പടത്തിനൊപ്പം മാമ്പഴമോ, വാഴപ്പഴമോ പൊതിഞ്ഞു തരും.
ദിവസങ്ങൾ പോകേ പാതിവഴിയിൽ നിലച്ചുപോയ പഠനം തുടരാൻ അമ്മയുടെ കാലുപിടിക്കേണ്ടി വന്നു.
വെളുപ്പിനുണർന്ന് ഒരാറു വയസ്സുകാരിയെക്കൊണ്ട് ചെയ്യാവുന്നതിനും ഇരട്ടിയായ ജോലികൾ തീർത്തു വെച്ച് ഉണ്ണിയെ ആഹാരം കഴിപ്പിച്ചിട്ട് വേണം സ്കൂളിൽ പോകാൻ.
ഏഴാം ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ വർഷമാണ് അമ്മയെ ഒരു ലോഡ്ജിൽ നിന്നും പോലീസ് റെയ്‌ഡിൽ പിടി കൂടുന്നതും അവർ ജയിലിലാകുന്നതും.
അതറിഞ്ഞ അച്ഛമ്മ ഓടിവരികയും അവളെയും ഉണ്ണിയെയും കൂടെ കൊണ്ടു പോകുകയും ചെയ്തു.
അച്ഛൻവീട്ടിൽ അവരെ എതിരേറ്റത് ചെറിയമ്മയായിരുന്നു. അച്ഛന്റെ രണ്ടാം ഭാര്യ.
സ്നേഹവതിയായിരുന്നു അവർ. അതുവരെ കിട്ടാതെപോയ അമ്മയുടെ സ്നേഹം മുഴുവൻ വാരിക്കോരിത്തന്നവർ.
അവരുടെ വാത്സല്യത്തണലിൽ സന്തോഷങ്ങൾ നിറഞ്ഞ വർഷങ്ങൾ കുറെയേറെ ഓടിമറഞ്ഞു.
ഉണ്ണി പഠിക്കാനായി ബാംഗ്ലൂർക്ക് പോയ സമയത്തായിരുന്നു, ചെറിയമ്മയുടെ നിർബന്ധം കൊണ്ട് അച്ഛനൊരു വിവാഹാലോചനയും കൊണ്ടു വന്നത്.
കാഴ്ചയിൽ എല്ലാം തികഞ്ഞ ഒരുവനായിരുന്നു രാകേഷ്.
വിവാഹത്തിന് ശേഷമാണ് അയാൾ മദ്യത്തിനും, മയക്കുമരുന്നിനും അടിമയാണെന്ന വിവരം അവളറിയുന്നത്.
കൂടാതെ നിരവധി പോക്സോ കേസുകളിൽ പ്രതിയായി ശിക്ഷ അനുഭവിച്ചവനും.
എല്ലാം അറിഞ്ഞപ്പോൾ ഡിവോഴ്സിന് കേസ് ഫയൽ ചെയ്യാമെന്ന് ചെറിയമ്മ ആശ്വസിപ്പിച്ചു.
അതിനുള്ള ശ്രമം തുടങ്ങിയ നാളുകളിലൊന്നിലാണ് അയാൾ വീണ്ടും പോലീസ് പിടിയിലാകുന്നത്.ഹോട്ടൽ റെയ്‌ഡിൽ അയാൾക്കൊപ്പമുണ്ടായിരുന്നത് അവളുടെ അമ്മയായിരുന്നു.
അമ്മയെന്ന സ്ത്രീയെ ഏറ്റവുമധികം വെറുത്തുപോയ നിമിഷങ്ങൾ. അവർ വരുത്തിവെക്കുന്ന അപമാനങ്ങളിൽ നിന്ന് രക്ഷപെടാൻ അവരെയങ്ങു കൊന്നു കളഞ്ഞാലോ എന്നുപോലും ചിന്തിച്ചു പോയ ദിവസങ്ങൾ.
ചെറിയമ്മയുടെ സാന്ത്വനങ്ങളിലൊന്നും ആശ്വാസം കിട്ടാതെ കടുത്ത വിഷാദത്തിന്റെ പിടിയിൽപ്പെട്ട് തകർന്ന് പോകുമെന്ന് തോന്നിയ നാളുകളിലാണ് ചെറിയമ്മയുടെ ഒരു ബന്ധു സ്നേഹസദനത്തെക്കുറിച്ച് പറഞ്ഞത്.ആശ്രയമറ്റവർക്ക് തണലേകുന്ന ഒരു വീട്.
ഇന്നവൾ,ആ വീട്ടിലെ ആരോരുമില്ലാത്ത കുറെ കുട്ടികളുടെ അമ്മയായി, അവരുടെ സ്നേഹത്തിന് നടുവിൽ സന്തോഷവതിയാണ്.
പൊക്കിൾക്കൊടി ബന്ധങ്ങൾ മാത്രമല്ല അമ്മമാരെ സൃഷ്ടിക്കുന്നതെന്ന തിരിച്ചറിവ് അനുഭവങ്ങളിലൂടെ പഠിക്കാൻ കഴിഞ്ഞതു കൊണ്ട് മുന്നോട്ടുള്ള ജീവിതം അവർക്ക് വേണ്ടിയാകട്ടെ.
മരണത്തിനല്ലാതെ മറ്റൊന്നിനും തന്നെ തളർത്താനാകരുതേ എന്ന പ്രാർത്ഥനയോടെ അവൾ തിരിഞ്ഞു കിടന്നു.
സിന്ധുവേച്ചി വീണ്ടും ഉറക്കത്തിന്റെ പിടിയിലേക്കാണ്ടു പോയിരിക്കുന്നു.
ഇക്കഥയെല്ലാം സിന്ധുവേച്ചിയോട് പറഞ്ഞാൽ ചേച്ചിക്ക് നല്ലൊരു സ്റ്റോറിയെഴുതാനുള്ള വകുപ്പായി.
ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവളും പതിയെ കണ്ണുകളടച്ച് ഉറങ്ങാൻ ശ്രമിച്ചു.
#എന്റെ രചന
#അമ്മക്കായി

