“അമ്മേ, അച്ഛാ, ഏട്ടാ..”
ലേബർ റൂമിന്റെ അടഞ്ഞ വാതിലുകൾക്കിടയിലൂടെ പുറത്തേക്ക് അരിച്ചെത്തിയ, ആതിരയുടെ നിലവിളി ജയന്റെ ചങ്ക് പിളർക്കുന്നതായിരുന്നു.
ഓരോ കരച്ചിലും അവന്റെ ഉള്ളിൽ ഒരു ഭയമായി പടർന്നു. ആ കസേരയിൽ ഇരിക്കാൻ അവന് കഴിഞ്ഞില്ല. ഇടനാഴിയിലൂടെ അവനങ്ങോട്ടും മിങ്ങോട്ടും നടന്നു.
ആദ്യായിട്ടാണ് ഒരു പ്രസവത്തിന് ഹോസ്പിറ്റലിൽ പോകുന്നതും, പ്രസവ സമയത്തുള്ള നിലവിളി കേൾക്കുന്നതും. ഇത്രയും വേദന സഹിച്ചാണ് ഓരോ സ്ത്രീയും അമ്മയാകുന്നത്. ജയൻ സ്വന്തം അമ്മയെ മനസ്സിൽ ഓർത്തു.
ഹോസ്പിറ്റലിൽ കൂടേ ഉള്ളത്, തന്റെ ഇളയമ്മയാണ്. എന്റെ ആതിര ഒരു ബുദ്ധിമുട്ടും ഇല്ലാതെ പ്രസവിക്കാനായി, ഇളയമ്മ അപ്പുറത്ത് മാറി നിന്ന് പ്രാർത്ഥിക്കുന്നുണ്ട്.
ഏറെ നേരത്തേ നിലവിളികൾക്കൊടുവിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടു. ജയൻ,ആശ്വാസത്തോടെ ഒരു ദീർഘനിശ്വാസം വിട്ടു.
അല്പ സമയത്തിനുള്ളിൽ നേഴ്സ് ഡോർ തുറന്നു അറിയിച്ചു.
ആതിര പ്രസവിച്ചു പെൺകുട്ടി.
അപ്പോൾ തന്നെ ജാനകിയമ്മ, സന്തോഷത്തോടെ ബന്ധുക്കളെയൊക്കെ ഫോൺ വിളിച്ചു വിവരമറിയിക്കാൻ തുടങ്ങി. “ഹലോ ആതിര പ്രസവിച്ചു. പെൺകുഞ്ഞാണ്. സുഖപ്രസവം. “
അൽപ സമയം കഴിഞ്ഞു,ആതിരയെയും കുഞ്ഞിനേയും റൂമിലേക്ക് കൊണ്ട് വന്നു. ജയൻ തന്റെ കുഞ്ഞിനെ കയ്യിൽ എടുത്തു. ഞാനും ഒരച്ഛനായിരിക്കുന്നു.
“ജയേട്ടാ എനിക്ക് എന്റെ അമ്മയെ കാണണം. പേര് സുഖപ്രസവം എന്നാണെങ്കിലും പ്രസവിച്ചവർക്ക് അറിയാം ആ വേദന. ഇപ്പോൾ ഞാനും അത് അനുഭവിച്ചു. ഈ വേദന അനുഭവിച്ചല്ലേ എന്റെ അമ്മ എന്നെ പ്രസവിച്ചത്. എനിക്ക് എന്റെ അമ്മയെ കാണണം ജയേട്ടാ.
ആതിര ഒരു കൊച്ചു കുട്ടിയെ പോലെ കരയാൻ തുടങ്ങി.
“കാണാം ആതിരെ. നമുക്ക് കാണാം. “
ജയൻ അവളുടെ തലമുടികളിൽ സ്നേഹത്തോടെ തലോടി കൊണ്ട് ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
ആതിരയുടെ അമ്മയുടെയും അച്ഛന്റെയും സമ്മതവും അനുഗ്രഹവും ഒന്നും ഇല്ലാതെയാണ് ഞാൻ അവളെ സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ ആതിരയുടെ അമ്മയും അച്ഛനും പിണക്കത്തിലാണ്.
ജയൻ ഓരോന്ന് ആലോചിച്ചു നിൽക്കെ ആതിരയുടെ അമ്മ നിർമല അകത്തേക്ക് വന്നു.
വിശ്വസിക്കാനാവാതെ ജയൻ തന്റെ അമ്മായിഅമ്മയെ നോക്കി.
“നിന്റെ അച്ഛൻ അറിയാതെ വന്നതാണ് ഞാൻ. അദ്ദേഹം അറിഞ്ഞാൽ നിനക്ക് അറിയാലോ നിന്റെ അച്ഛന്റെ സ്വഭാവം. “
അതും പറഞ്ഞു നിർമല കുഞ്ഞിനെ കയ്യിലെടുത്തു.
ആതിര അപ്പോൾ തന്റെ അമ്മയെ ആരാധനയോടെ നോക്കുകയായിരുന്നു.
തന്നെ നൊന്തു പ്രസവിച്ച അമ്മയെ.
“ഞാൻ പോട്ടേ മോളേ. കുറേ നേരം എന്നെ കാണാതിരുന്നാൽ നിന്റെ അച്ഛന് സംശയമാകും. ശാന്തയുടെ വീട്ടിൽ പോയി വേഗം വരാം എന്ന് കള്ളം പറഞ്ഞാണ് ഞാൻ വന്നത്. “
നിർമല തിടുക്കത്തിൽ എല്ലാവരോടും യാത്ര പറഞ്ഞു അവിടുന്ന് ഇറങ്ങി.
അമ്മ വന്നതും കുഞ്ഞിനെ കണ്ടതും ആതിരയെ വല്ലാതെ സന്തോഷിപ്പിച്ചു. അവൾ ഹാപ്പി ആണെന്ന് കണ്ടപ്പോൾ ജയനും ആശ്വാസമായി.
ജയൻ അപ്പോൾ മനസ്സിൽ ഓർത്തു കൊണ്ടിരുന്നത് അമ്മമാരുടെ സ്നേഹത്തെ കുറിച്ചാണ്. കുട്ടിക്കാലത്തു തന്നെ അച്ഛനെ നഷ്ട്ടപെട്ടവനാണ് ഞാൻ. അമ്മ പല വീടുകളിലും ജോലി ചെയ്താണ് എന്നെ വളർത്തിയത്.
ആ സമയത്തുള്ള മനസ്സിലെ ആഗ്രഹം, വലുതായാൽ അമ്മയെ പൊന്നു പോലെ നോക്കണം എന്നായിരുന്നു. പക്ഷെ ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ അമ്മയും എന്നെ തനിച്ചാക്കി യാത്രയായി.
അതിന് ശേഷം ഞാൻ അനുഭവിച്ചത് മറ്റൊരു അമ്മയുടെ സ്നേഹമായിരുന്നു. എന്റെ ഇളയമ്മ. അമ്മയുടെ അനിയത്തി ജാനകിയമ്മയുടെ സ്നേഹം.
അമ്മയും അച്ഛനും ഒന്നും ഇല്ലാത്ത എന്നെ അതിന് ശേഷം പോറ്റിവളർത്തിയത് ഇളയമ്മയാണ്. മൂന്ന് അമ്മമാരുടെ സ്നേഹം ഞാൻ അനുഭവിച്ചിട്ടുണ്ട്.
കുട്ടിക്കാലത്തു എൽപി സ്കൂളിൽ പഠിക്കുമ്പോൾ സ്കൂളിന്റെ അടുത്തുള്ള കൂട്ടുകാരൻ ജലീലിന്റെ വീട്ടിൽ പോകുമ്പോൾ.
ജലീലിന്റെ ഉമ്മ ചോറ് ഉരുളകളാക്കി എന്റെയും ജലീലിന്റെയും വായിൽ വെച്ചു തരുമായിരുന്നു.
ഉരുളകളാക്കിയ,ചോറിന്റെ ഉള്ളിൽ മീനും കൂടി കൂട്ടി കുഴച്ചു വായിൽ വെച്ച് തരുമ്പോൾ, ഉള്ള ആ രുചി. അന്നത്തെ ആ ചോറിന്റെയും മീൻകറിയുടെയും സ്വാദ് ഇപ്പോഴും നാവിൻ തുമ്പത്ത് ഉണ്ട്.
എൽപി സ്കൂൾ കഴിഞ്ഞ ശേഷം ജലീൽ വേറെ സ്കൂളിലേക്ക് മാറി. അതിന് ശേഷം അവനെയും ഉമ്മയെയും കണ്ടിട്ടില്ല. പിന്നീട് എന്റെ അമ്മയും പോയി. അമ്മയുടെ അനിയത്തി അവരുടെ,മക്കളോടൊപ്പം എന്നെയും ഒരു വേർതിരിവും കാണിക്കാതെ, സ്വന്തം മക്കളോട് കാണിക്കുന്നതിലും ഇച്ചിരി സ്നേഹം കൂടുതൽ എനിക്ക് തന്ന് എന്നെ പോറ്റി വളർത്തി.
പഠിക്കാൻ താല്പര്യം ഇല്ലാത്ത ഞാൻ പത്താം ക്ലാസ്സിൽ പഠനം നിറുത്തി.
കർണാടകയിൽ രണ്ട് കൊല്ലം ജോലി ചെയ്തു. പിന്നീട് ചൊക്ലിയിൽ ഓട്ടോ ഡ്രൈവർ ആയി.
ഓട്ടോ സ്റ്റാൻഡിനു അടുത്തുള്ള കോളേജിലായിരുന്നു ആതിര പഠിച്ചത്. അവിടെ നിന്നാണ് ഞാനും അവളും പ്രണയത്തിലായത്.
അമ്മയും അച്ഛനും ഇല്ലാത്ത അനാഥൻ, ജോലി ഓട്ടോ ഡ്രൈവർ. എനിക്ക് വേണ്ടി പെണ്ണ് ചോദിച്ചു ആതിരയുടെ വീട്ടിൽ ചെന്ന എന്റെ കൂട്ടുകാരനെ ആതിരയുടെ അച്ഛൻ മടക്കി അയച്ചു. പക്ഷേ എനിക്ക് ആതിരയെ മറക്കാൻ കഴിയില്ലായിരുന്നു. ഞങ്ങള് ഒളിച്ചോടി റജിസ്റ്റർ വിവാഹം കഴിച്ചു. അതിന് ശേഷം ഒന്നര വർഷമായിട്ട് അവർ ആതിരയെ കാണാനോ, വിവരങ്ങൾ അന്വേഷിക്കാൻ ഒരു ഫോൺ വിളിക്കുക പോലും ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെ ഇന്നത്തെ ദിവസം ഏറെ സന്തോഷം ഉള്ളതായിരുന്നു. ഒരു കുഞ്ഞ് ജനിച്ചു. ആതിരയെയും കുഞ്ഞിനേയും കാണാൻ പിണക്കം മറന്നു അമ്മ വന്നു. രണ്ടും വലിയ സന്തോഷം തന്നെ.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് ജയൻ അമ്മ ഓർമ്മകളിൽ നിന്നുണർന്നു.
ദിവസങ്ങൾ കടന്നു പോയി. ആശുപത്രി വാസം കഴിഞ്ഞു. ആതിരയെയും കുഞ്ഞിനേയും ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു.
**************************
“നീ എവിടെ പോയതാടീ സത്യം പറഞ്ഞോ. നീ അവളെയും കുഞ്ഞിനേയും കാണാൻ പോയതല്ലേ. നീ എന്നെ പൊട്ടനാക്കേണ്ട. നിന്നെ ഹോസ്പിറ്റലിൽ കണ്ടു എന്ന് ശശി പറഞ്ഞു. എന്തിനാ നീ അവളെയും കുഞ്ഞിനേയും കാണാൻ പോയത്. എന്നെ ധിക്കരിച്ചു ഇറങ്ങി പോയവളാ അവൾ. എന്റെ മരണം വരെ അവൾക്ക് ഞാൻ മാപ്പ് കൊടുക്കില്ല. ഇനി നീ അവളെ കാണാനോ ഫോൺ വിളിക്കാനോ ശ്രമിച്ചാൽ നിന്നെ ഞാൻ ഈ വീട്ടിൽ നിന്നിറക്കി വിടും. ഓർമ്മയിൽ ഇരിക്കട്ടെ. “
ഹരിദാസ്,നിർമലയോട് പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞു. ഒരാഴ്ചയോളം ഹരിദാസ് നിർമലയോട് പിണങ്ങി നടന്നു.
“ഹരിയേട്ടാ…”
രാത്രി പിണങ്ങി വലതു വശത്തേക്ക് മുഖം തിരിച്ചു കിടന്ന ഹരിദാസിനെ നിർമല വിളിച്ചു.
“ഹരിയേട്ടന് ഓർമ്മയുണ്ടോ, വർഷങ്ങൾക്ക് മുമ്പ് ഞാൻ ഹരിയേട്ടനോടൊപ്പം ഇറങ്ങി വന്നത്. അന്ന് ഞാൻ എന്റെ അമ്മയുടെയോ, അച്ഛന്റെയോ വിഷമം ഞാൻ ഓർത്തില്ല. എനിക്ക് ഹരിയേട്ടനെ പിരിയാൻ പറ്റില്ലായിരുന്നു. അമ്മയെയും അച്ഛനെയും ധിക്കരിച്ചു ഞാൻ ഹരിയേട്ടനോടൊപ്പം ഇറങ്ങി വന്നു.
ആ ഒരു തെറ്റ് തന്നെ അല്ലേ നമ്മുടെ മോളും നമ്മളോട് ചെയ്തത്. നമ്മള്, നമ്മുടെ അമ്മയോടും,അച്ഛനോടും എന്താണ് ചെയ്തത്, അത് തന്നെയാണ് നമുക്ക് നമ്മുടെ മക്കളിൽ നിന്നും തിരിച്ചു,കിട്ടുക. അന്ന് അവരും നമ്മളും ഒരു പോലെ വാശിയിൽ നിന്നത് കൊണ്ട് എനിക്ക് എന്റെ അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ടു. ഇനി എന്റെ മോളെയും എനിക്ക് നഷ്ട്ടപെടുത്താൻ വയ്യ ഹരിയേട്ടാ.”
നിർമല പൊട്ടികരഞ്ഞു പോയി.
ഹരിദാസിന്റെ മനസ്സ് അലിഞ്ഞു. എനിക്ക് വേണ്ടി എന്തൊക്കെയാ എന്റെ പ്രിയപെട്ടവൾക്ക് നഷ്ട്ടമായത്. അവൾ എല്ലാം ഉപേക്ഷിച്ചു എന്റെ കൂടേ വന്നവളാണ്. അന്ന് ഞാൻ ഒരു ആശാരി പണിക്കാരൻ ആയിരുന്നു. എന്റെ സാമ്പത്തിക അവസ്ഥ ഒന്നും നോക്കാതെ എന്നോടുള്ള സ്നേഹം കാരണം നിർമല എന്റെ കൂടേ വന്നു. അവൾ കൂടെ വന്നതിനു ശേഷം ആണ് എനിക്ക് ഐശ്വര്യം ഉണ്ടായത്. ഇനിയും അവളെ വേദനിപ്പിച്ചു കൂടാ.
ഹരിദാസ് നിർമലയുടെ നേരെ തിരിഞ്ഞു. “കരയാതെടീ. ഞാൻ ഇത്രയും കാലം എന്റെ ഭാഗം മാത്രമേ ചിന്തിച്ചിട്ടുള്ളൂ. നമുക്ക് നാളെ തന്നെ മോളെയും മരുമോനെയും, കൊച്ചു മോളെയും കാണാൻ പോകണം.”
ഹരിദാസ് പറഞ്ഞത് കേട്ട് നിർമല,ആനന്ദകണ്ണീർ പൊഴിച്ചു.
***************************
വീടിന്റെ ഉമ്മറത്തിരുന്നു മൊബൈൽ ഫോണിൽ റീൽസ്,കാണുകയായിരുന്നു ജയൻ. അപ്പോഴാണ് മുറ്റത്ത് കാർ വന്നു നിന്നത്. അതിൽ നിന്നും ഹരിദാസും നിർമലയും ഇറങ്ങി.
ജയന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
അവൻ രണ്ട് പേരെയും അകത്തേക്ക് ക്ഷണിച്ചു. ആതിരയും കുഞ്ഞും കിടക്കുന്ന റൂമിലേക്ക് ഹരിദാസും നിർമലയും ചെന്നു.
അമ്മയെയും അച്ഛനെയും കണ്ട് ആതിരക്ക് ഒരു പാട് സന്തോഷമായി.
“മോളേ ” നിർമല വിളിച്ചു. ആ വിളിയിൽ പരിഭവമായിരുന്നില്ല. ഒരു അമ്മയുടെ ആയുസ്സ് മുഴുവൻ കരുതി വെച്ച സ്നേഹമായിരുന്നു ഉണ്ടായിരുന്നത്. നിർമല കുഞ്ഞിനെ എടുത്തു ഹരിദാസിനു നേരെ നീട്ടി.
“ഹരിയേട്ടാ നമ്മുടെ കൊച്ചു മോള്. ഹരിയേട്ടനെ പോലെ തന്നെ ഉണ്ട് കാണാൻ.”
ഹരിദാസ് കുഞ്ഞിനെ കയ്യിൽ എടുത്തു.
“അല്ല നിർമലേ കുഞ്ഞിന് നിന്റെ ഛായയാണ്. നിന്നെ പോലെയുണ്ട് കാണാൻ…”
അമ്മയുടെയും അച്ഛന്റെയും തർക്കം കണ്ട് ആതിര പൊട്ടിചിരിച്ചു. ജയൻ എല്ലാം കണ്ട് നിക്കുകയായിരുന്നു.
ഈ പിണക്കം മാറാൻ കാരണം ആതിരയുടെ അമ്മയാണ്. ഒരു അമ്മയ്ക്കും നൊന്ത് പ്രസവിച്ച കുഞ്ഞിനെ മറക്കാനോ, ഒഴിവാക്കാനോ പറ്റില്ല. അതാണ് അമ്മയുടെ സ്നേഹം. എല്ലാം ഒന്ന് കലങ്ങിതെളിഞ്ഞ സന്തോഷത്തിൽ ജയൻ ആശ്വസിച്ചു.
#അമ്മയ്ക്കായി
#കൂട്ടക്ഷരങ്ങൾ

