ജനലിലേക്ക് മഴത്തുള്ളികൾ അടിച്ചുകൊണ്ടിരുന്നു. ഇരുട്ടിനെ കീറിമുറിച്ച് മേശപ്പുറത്തെ ടേബിൾലാമ്പിന്റെ വെളുത്ത വെളിച്ചം പാതി തുറന്നുകിടക്കുന്ന പുസ്തകത്തിൽ വീണുകിടക്കുന്നുണ്ട്.
“കണ്ണാ…”
ഫോൺ വലിച്ചെറിഞ്ഞ് ശ്രീദേവി ഭ്രാന്തിയെപ്പോലെ ഓടുകയായിരുന്നു. അവന്റെ മുറിയിലേക്ക്. കാൽ തട്ടിവീഴാൻപോയിട്ടും നിന്നില്ല.
മുറിയാകെ അവന്റെ മണം.
ചുവരിൽ ഒട്ടിച്ചുവെച്ച ടൈംടേബിൾ. “IAS 2028” എന്ന് വലിയ അക്ഷരത്തിൽ എഴുതിവെച്ച കടലാസ്. ഒരു മൂലയിൽ ഊരിയിട്ട ഷൂസ്. ലാപ്ടോപ്പ് സ്ലീപ്പ് മോഡിൽ നീല വെളിച്ചം മിന്നിക്കളിക്കുന്നു. എല്ലാം.. എല്ലാം അവനിപ്പോൾ വരുമെന്ന മട്ടിൽ.
അവൾ നെടുവീർപ്പിട്ടു. നെഞ്ചു പൊട്ടുന്ന നെടുവീർപ്പ്.
“ഹാ…”
ആ ശബ്ദത്തിൽ മൂന്നുദിവസത്തെ കാത്തിരിപ്പുണ്ടായിരുന്നു. മൂന്നു ജന്മത്തിന്റെ വേദനയുണ്ടായിരുന്നു.
അവനില്ലാത്ത അവന്റെ മുറി.
കസേരയിൽ ചിരിച്ചുകൊണ്ട് ഇനി അവനില്ല.
കൈപ്പിടിയിൽ തൂങ്ങിക്കിടക്കുന്ന ചെക്ക് ഷർട്ടിൽ അവൾ പതിയേ തൊട്ടു. അവൻപോയന്ന് ഊരിയിട്ടതാണ്. “അമ്മേ, ഇതൊന്ന് മടക്കിവെക്കണേ.” മടക്കി വെച്ചിരുന്നില്ല.
“ഇതെന്താ മടക്കാത്തേ അമ്മേ!”
കള്ളദേഷ്യം കാണിച്ച് അവൻ തന്നെ ചേർത്തുപിടിക്കുന്നതവർക്ക് ഓർമ്മവന്നു.
അതിനുവേണ്ടിയാണോ താനിതുവരെയുമീ ഷർട്ട് മടക്കാതെവച്ചത്. ഇനി ആ ചോദ്യം…?
പൊട്ടിക്കരഞ്ഞുകൊണ്ട് അവർ ആ കസേരയെ കെട്ടിപ്പിടിച്ചു.
ഇറുകെ, വേദനയോടെ, ഭ്രാന്തമായി.
കസേരയുടെ മരത്തിൽ മുഖം ചേർത്തു, അവന്റെ മുതുകിൽ മുഖം ചേർക്കുന്നതുപോലെ. കൈപ്പിടിയിൽ മുറുകെപ്പിടിച്ച്, അവന്റെ കൈയിൽ പിടിക്കുന്നതുപോലെ.
“കണ്ണാ… മോനേ… അമ്മ വന്നെടാ… നീ എവിടെപ്പോയി കുട്ടാ…”
കസേരയുടെ പലകയിൽ ഉമ്മവച്ചുകൊണ്ട് അവർ ഭ്രാന്തമായി പുലമ്പി.
“തണുക്കുന്നുണ്ടോ നിനക്ക്? അമ്മ മടിയിൽ കിടത്തിയേക്കാം. അമ്മേ എന്നൊന്ന് വിളിച്ചേ. ഒരുവട്ടം.. ഒരൊറ്റ വട്ടം മതി.”
മുറിമുഴുവൻ അവരുടെ തേങ്ങൽ നിറഞ്ഞു. സ്വപ്നത്തിലെന്നോണം അവരുടെ ചിന്തകൾ പാറിനടന്നു.
ഈ കസേരയിൽ ഇരുന്നാണ് അവൻ നിയമം പഠിച്ചത്. “Law of Torts” പഠിക്കുമ്പോൾ അവൻ പറയും, “അമ്മേ, തെറ്റ് ചെയ്താൽ ശിക്ഷ കിട്ടണം, അതാണ് നിയമം.” പാവം! അവനറിഞ്ഞില്ല, നിയമം പുസ്തകത്തിൽമാത്രമേ ഉള്ളുവെന്ന്.
കോളേജിൽ ഒരു കുട്ടിയെ സീനിയേഴ്സ് കൂട്ടംകൂടി കളിയാക്കുന്നതു കണ്ടപ്പോൾ അവനതിനെ എതിർത്തു.
“അതു തെറ്റാണ്. ചെയ്യരുത്!” അവൻ തടഞ്ഞു.
വാഗ്വാദമായി. അതവസാനം അടിയിൽ കലാശിച്ചു.
അമ്മുവിലൂടെ ചിലതെല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തതുപോലെ താനന്നൊക്കെ അഭിനയിച്ചു. വേണ്ടായിരുന്നു, പഠിത്തം, അതുമാത്രം മതി നിനക്കെന്ന് ശാസിക്കണമായിരുന്നു.
ഭർത്താവ് ദാസനോടു തൻ്റെ ആശങ്ക പങ്കുവെച്ചപ്പോൾ ചിരിച്ചുതള്ളി.
“പിള്ളേരല്ലേ, അടിപിടിയൊക്കെ കാണും.” ആ വാക്കുകളിൽ ആശ്വസിച്ചു. അതേ, പിള്ളേരല്ലേ, കുസൃതികൾ കാണും. സ്വയം വിശ്വസിപ്പിച്ചു. മക്കൾക്കും ഭർത്താവിനും ഇഷ്ടപ്പെട്ടതു വെച്ചുണ്ടാക്കിയും, അവരുടെ ആയുസ്സിനും ആരോഗ്യത്തിനും പ്രാർത്ഥിക്കാനുംമാത്രമായി ദിവസത്തിന്റെ മുക്കാൽ പങ്കും മാറ്റിവച്ച ഒരമ്മയ്ക്ക് പുറംലോകത്തെക്കുറിച്ച് എന്തറിയാൻ. കണ്ണിലെ ജലധാര ലോകത്തെ മുക്കിനശിപ്പിക്കാൻ വരുന്ന പ്രളയജലത്തെപ്പോലെ കുതിച്ചുകൊണ്ടിരുന്നു. അച്ഛനും മകനുമിടയിൽ ഉരുകിത്തീർന്ന ദിനങ്ങളുടെ പൊള്ളലിൽ ഏങ്ങൽ ശക്തമായി. പുറത്തെ മഴയ്ക്കുപോലും ആ തേങ്ങലിന്റെമുന്നിൽ ശബ്ദം നഷ്ടപ്പെട്ടു.
അമ്മുവിൻ്റെ വാക്കുകൾ കാതിലച്ചു.,
“അച്ഛൻ നിയമത്തിനു മുന്നിൽ കണ്ണടയ്ക്കുകയാണമ്മേ. ആ സീനിയേഴ്സിൽ ചിലർ അച്ഛന് വേണ്ടപ്പെട്ടവരുടെ മക്കളാണ്…”
വിട്ടുകൊടുക്കാൻ കണ്ണനും തയ്യാറല്ലായിരുന്നു. അവനാദ്യം പ്രിൻസിപ്പലിന് പരാതികൊടുത്തു. പിന്നീട് പോലീസിലും.
“അച്ഛനവരെ രക്ഷിക്കുമെന്ന ധൈര്യത്തിലാണ് അവരുടെ കളി” അച്ഛന്റെ മുഖത്തുനോക്കി അവനിതു പറഞ്ഞത് ഈ മുറിയിൽ വെച്ചാണ്. ഈ കസേരയിൽനിന്ന് എഴുന്നേറ്റ്…
അന്നു രാത്രി വീടുമൊത്തം കത്തി. അച്ഛനും മകനും വാക്കുകൾകൊണ്ട് പരസ്പരം വെട്ടുകയായിരുന്നു.
ശ്രീദേവി നടുക്ക്. വെട്ടേൽക്കുന്നതു മുഴവൻ അവരുടെ നെഞ്ചിലാണ്.
“മതി, നിർത്ത്.” അവർ കരച്ചിലിൻ്റെ വക്കോളമെത്തി. അവരുടെ നെഞ്ചു പിളരുന്നത് ആരും കണ്ടില്ല.
ഒരു നിമിഷം, ശ്വാസം കിട്ടാതെ അവർ നിലവിളിച്ചുപോയി.
“ഞാൻ… ഞാൻ കാശിക്ക് പോവാ. നിങ്ങള് തമ്മിൽ തല്ലിക്കോ.”
പെട്ടെന്ന് എല്ലാം നിലച്ചു.
കണ്ണൻ ഓടിവന്നു. അവളുടെ മുഖം രണ്ടു കൈകൊണ്ടും പിടിച്ചു.
“എന്താ അമ്മേ ഈ പറഞ്ഞേ?” അവന്റെ കണ്ണ് നിറഞ്ഞിരുന്നു.
“എന്റെ അമ്മക്കുട്ടിക്ക് എന്നെ വിട്ട് പോവാൻ പറ്റോ?”
എന്നത്തെയുംപോലെ ചേർത്തുപിടിച്ചു.
“പറ്റില്ല. അല്ലേ?”
അതായിരുന്നു അവസാനം.
അവനവരെ ഇറുകെ കെട്ടിപ്പിടിച്ച് കുറച്ചുനിമിഷങ്ങൾ നെഞ്ചിൽ തലചായ്ച്ചുനിന്നു.
പിന്നെ വിട്ടുമാറി. ഒന്നും മിണ്ടാതെ കസേരയിൽ മുഖം പൊത്തിയിരുന്നു.
ശ്രീദേവി അങ്ങനെതന്നെ നിന്നുപോയി.
അവന്റെ ചൂട്…. അവന്റെ ശരീരത്തിലെ ചൂട്
ഇപ്പോളും അതുപോലെതന്നെ ദേഹത്തുണ്ട്. അവൻ്റെ അവസാനത്തെ ചൂട്….
പിറ്റേന്നവൻ പതിവുപോലെ കോളേജിൽ പോയി. ഈ ഷർട്ടിവിടെ ഇതുപോലെ കസേരയുടെ കൈപ്പിടിയിൽ ഊരിയിട്ടിട്ട്. പുസ്തകം ഇതുപോലെ തുറന്നുവെച്ചിട്ട്. ലാപ്ടോപ്പ് ഷട്ട് ഡൗൺ ചെയ്യാതെ വച്ചിട്ട്. ലാമ്പ് അണയ്ക്കാതെ….
പിണങ്ങിപ്പോയ അവന്റെ വരവ് പ്രതീക്ഷിച്ചിരുന്നതുകൊണ്ട് വിളക്കണച്ചിരുന്നില്ല.
“അമ്മേ…” ആ വിളി കേട്ടാണ് ശ്രീദേവി ഞെട്ടിയത്. കസേരയെ കെട്ടിപ്പിടിച്ചുകൊണ്ടുതന്നെ അവർ തല ഉയർത്തി.
വാതിൽക്കൽ ദാസേട്ടൻ. കാക്കിക്കുപ്പായമില്ല. മുണ്ടും ഷർട്ടും. കണ്ണ് കലങ്ങിയിരിക്കുന്നു. അമ്മുവിനെ ചേർത്തുപിടിച്ചിരിക്കുന്നു. മോള് വിറയ്ക്കുന്നുണ്ടായിരുന്നു.
“ദേവീ…”
അയാളുടെ ശബ്ദം ഇടറി. “നമ്മുടെ മോൻ…”
ശ്രീദേവി ഒന്നും ചോദിച്ചില്ല. ഒഴിഞ്ഞ കസേരയിലേക്കു നോക്കി. മൂന്നു ദിവസമായി അണയാതെ കിടക്കുന്ന ടേബിൾലാമ്പിലേക്കു നോക്കി. പാതി മടങ്ങിയ ഷർട്ടിലേക്കു നോക്കി. എല്ലാമെല്ലാം മനസ്സിലാക്കി.
ദാസൻ തറയിൽ മുട്ടുകുത്തിയിരുന്നു. അയാൾ അന്നുവരെ ധരിച്ച കാക്കിക്കുപ്പായം, പിടിച്ച കൊടികൾ, പറഞ്ഞ ന്യായങ്ങൾ – എല്ലാമിന്ന് അയാളെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു.
“ഞാൻ… ഞാൻ അവനെ കാക്കേണ്ടവനായിരുന്നു ദേവീ,” അയാൾ പൊട്ടിക്കരഞ്ഞു. “നിയമം പാലിക്കേണ്ടവനായിരുന്നു. ശ്രീദേവി കണ്ണടച്ചു. തന്റെ മകന്റെ നേരെ.”
പിന്നെ പതിയേ എഴുന്നേറ്റു. കസേരയെ വിടാതെ, ഒരു കൈകൊണ്ട് അതിൽ പിടിച്ചുകൊണ്ടു തന്നെ. മറ്റേ കൈകൊണ്ട് അവർ കണ്ണന്റെ ഷർട്ട് മടക്കിവെച്ചു. ഭംഗിയായി. അവൻ പറഞ്ഞതുപോലെ.
മേശപ്പുറത്തെ ടേബിൾലാമ്പിന്റെ നേരെ കൈ നീട്ടി.
മൂന്നു ദിവസമായി കത്തുന്ന വെളിച്ചം.
വിരൽ സ്വിച്ചിൽ തൊട്ടു. ഒരു നിമിഷം നിന്നു.
പിന്നെ മെല്ലെ… അമർത്തി.
മുറിയിൽ ഇരുട്ട് പരന്നു.
പക്ഷേ അവൾക്ക് ഇരുട്ടില്ലായിരുന്നു.
കണ്ണടച്ചാൽ മതി. അവനവിടെ ഇരുന്ന് പുസ്തകം മറിക്കുന്നുണ്ട്.
അതുമതി.
പിന്നെ വളരെ പതിയേ, ഇരുട്ടിലേക്കു നോക്കി അവർ പറഞ്ഞു.
“ദാസേട്ടാ.”
ഒരു പേരുമാത്രം. പക്ഷേ ആ വിളിയിൽ ഒരു യുഗത്തിന്റെ ഭാരമുണ്ടായിരുന്നു.
“ഇനി ഒരു അമ്മയ്ക്കും…”
അവരുടെ ശബ്ദം മുറിഞ്ഞു. തൊണ്ടയിൽ എന്തോ ഉടക്കിയ പോലെ.
ഒരു ദീർഘനിശ്വാസം.
“എന്നെപ്പോലെ ആവരുത്.”
അത്രമാത്രം.
പിന്നെ ഒന്നും മിണ്ടാതെ ദാസേട്ടന്റെ നേരെ തിരിഞ്ഞു.
“എന്റെ മോന് നീതി വേണം. അതില്ലെങ്കിൽ ആ കാക്കി നിങ്ങൾക്ക് ചേരില്ല.”
പുറത്ത് മഴ തോർന്നിരുന്നു.
മുറിക്കുള്ളിൽ ഇരുട്ട് പരന്നു.
ആ ഇരുട്ടിലും ആ ഒഴിഞ്ഞ കസേര തെളിഞ്ഞു കാണാമായിരുന്നു.
‘റാഗിങ്’ എന്നു പറഞ്ഞ് ഒരമ്മയുടെ മകന്റെ ജീവൻ കവർന്ന നാടിന്റെ മുഖത്തേക്കുള്ള ചോദ്യചിഹ്നമായി.
ശ്രീദേവി വീണ്ടും ആ കസേരയിൽ മെല്ലെ തലചായ്ച്ചു.
എന്തേലും കാര്യം സാധിക്കണമെങ്കിൽ “അമ്മ മനസ്സ് തങ്ക മനസ്സ്” എന്ന് അവൻ പാടിയത് അപ്പോളും ആ ചുവരുകൾക്കുള്ളിൽ മുഴങ്ങിക്കേട്ടു..
ഇനി ആരും പാടിയില്ലെങ്കിലും.
ഒഴിഞ്ഞ കസേര ഒരിക്കലും ഒഴിഞ്ഞതല്ല. അതൊരമ്മയുടെ നെഞ്ചാണ്. അവിടെ അവളുടെ മകൻ എന്നുമുണ്ട്.
#മദർസ് ഡേ


24 Comments
നെഞ്ച് പൊള്ളി പൊള്ളിയാണ് വായിച്ചത് ……. ആ അമ്മക്ക് നീതി കിട്ടിയേ പറ്റൂ……ആശംസകൾ👍❤️
സ്നേഹം മിനി.. അതേ ജീവിക്കുന്ന ആ അമ്മക്ക് നീതി ലഭിക്കണം
ഇത്രേം കരയിപ്പിക്കരുതായിരുന്നു നന്ദേച്ചീ. നെഞ്ച് ചുട്ട് പൊള്ളി
നമ്മൾക്ക് ഇത് കഥ, പക്ഷേ ചിലർക്ക് അവരുടെ ജീവിതത്തിൽ സംഭവിച്ചതാണ്.
സ്നേഹം shybi
🥹😥
❤️😍
ഇങ്ങനെ സങ്കടപ്പെടുത്തരുത് ചേച്ചീ 😞😞
👍
Thankyou sreeja
.പതിവ് വഴിയിൽ നിന്ന് വിട്ടെഴുതിയ ഈ കഥ നല്ല ഇഷ്ടമായി. ഇമോഷൻസിനോട് സത്യസന്ധത പുലർത്തിയ എഴുത്ത് . കമൻറുകളിലെ മിതത്വം ശ്രദ്ധിച്ചോ? വായിക്കുന്നവൻ്റെ ചങ്കിൽ തറക്കുമ്പോഴുണ്ടാകുന്ന സ്തംഭനാവസ്ഥ കൊണ്ടാണത്.
മോട്ടിവേഷണൽ ക്ലീഷേ എഴുത്തിനു കിട്ടുന്ന കയ്യടി ഇതിനു കിട്ടില്ല. പക്ഷേ ഇതാണെഴുത്ത് .Hats off !👌👌👏👏❤️❤️
സ്നേഹം താരാ.. പ്രോത്സാഹനം തരുന്ന വാക്കുകൾ ❤️
നമ്മൾക്കിടയിൽ ഇവരുണ്ട് hari
നൊമ്പരപ്പെടുത്തുന്ന കഥ
ഇഷ്ടമായി നന്ദ❤️👌🌹
സ്നേഹം സുമ ❤️
ഹൃദയ സ്പർശിയായ കഥ
സ്നേഹം ഡിയർ 😍
നല്ല രചന 👍
Thankyou ജോയ്സ് 😍
❤️👍
Thankyou vishnu 😍
നല്ല കഥ.നല്ല എഴുത്ത്.മനസ്സിൽ തട്ടി.
സ്നേഹം 😍😍
നല്ല കഥ💕
സ്നേഹം seji 😍