Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • മഴയെത്തും മുമ്പേ
  • ഒരു പഴയ മഴ ദിവസം
  • ഒരിക്കൽ ….. ഒരിക്കൽ മാത്രം
  • “അവർക്കു വേണ്ടായിരുന്നെങ്കിൽ…”
  • ബ്ലാക്ക് ഡാലിയ -18
  • ചൊവ്വാദോഷം
  • വാരണാസി🪷 ഒരു യാത്ര, രണ്ട് പേർ ( അവസാനഭാഗം)
  • വാരണാസി 🪷ഒരു യാത്ര, രണ്ട് പേർ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, June 1
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വാരണാസി 🪷ഒരു യാത്ര, രണ്ട് പേർ
ജീവിതം പ്രണയം സ്ത്രീ സൗഹൃദം

വാരണാസി 🪷ഒരു യാത്ര, രണ്ട് പേർ

By Anju RanjimaJune 1, 2026Updated:June 1, 20262 Comments11 Mins Read48 Views
Bookmark Now
Please login to bookmark Close

No account yet? Register

ഭാഗം : 1

ആദ്യം!!

 

“എൻ്റെ കൂടെ ഒന്ന് യാത്ര ചെയ്യാൻ വരാമോ ഹരിയേട്ടാ?”

സുജാതയുടെ പ്രതീക്ഷയോടെയുള്ള ചോദ്യം കേട്ടപ്പോൾ ഹരീന്ദ്രൻ എന്ത് പറയണമെന്ന് അറിയാതെ നിന്നു.

സഹപ്രവർത്തകയാണ്. പ്രിൻ്റിംഗ് പ്രസിലെ സൂപ്പർവൈസർ ആണ് ഹരീന്ദ്രൻ. സുജാത അവിടുത്തെ ക്ലർക്കും.

പതിനഞ്ച് വർഷമായി ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ. എന്നാൽ ആ പതിനഞ്ച് വർഷത്തിനിടയിൽ ജോലി സംബന്ധമായ കാര്യങ്ങൾക്കപ്പുറം അവർ അധികം സംസാരിച്ചിട്ടില്ല.

സുജാത എപ്പോഴും ശാന്തയായിരുന്നു. ആരോടും അധികം കൂട്ടുകൂടാതെ, തന്റെ ജോലി തീർത്ത് വീട്ടിലേക്ക് തിരികെ പോകുന്ന ഒരാൾ.

അതുകൊണ്ടുതന്നെ അവളുടെ ഈ ചോദ്യം ഹരീന്ദ്രനെ അമ്പരിപ്പിച്ചു.

“യാത്രയോ…? എങ്ങോട്ടാണ്…?”

അയാൾ മടിച്ചുമടിച്ച് ചോദിച്ചു.

സുജാത ചെറുതായി ചിരിച്ചു.

“എങ്ങോട്ടാണെന്ന് എനിക്കറിയില്ല ഹരിയേട്ടാ… പക്ഷേ പോകണം. കുറച്ചുദൂരം… ഒരാളോടൊപ്പം.”

അവളുടെ ശബ്ദത്തിൽ എന്തോ ഒരു ക്ഷീണം ഉണ്ടായിരുന്നു. വർഷങ്ങളായി ഉള്ളിൽ അടിഞ്ഞുകൂടിയ ഒരു തളർച്ച.

ഹരീന്ദ്രൻ അവളെ ശ്രദ്ധിച്ചു നോക്കി.

കണ്ണുകൾക്ക് ചുറ്റും ഉറക്കമില്ലായ്മയുടെ കറുപ്പ്. ചിരിയുണ്ടെങ്കിലും സന്തോഷമില്ല.

“എന്തെങ്കിലും പ്രശ്നമുണ്ടോ സുജാതേ?”

അയാൾ ചോദിച്ചു.

അവൾ കുറച്ചു നേരം മിണ്ടാതിരുന്നു.

പിന്നെ ജനലിന് പുറത്തേക്ക് നോക്കിക്കൊണ്ട് പതുക്കെ പറഞ്ഞു.

“പ്രശ്നങ്ങളൊന്നുമില്ല ഹരിയേട്ടാ… അതാണ് പ്രശ്നം.”

അയാൾക്ക് മനസ്സിലായില്ല.

“എന്താ അർത്ഥം?”

“ജീവിതം നിൽക്കുകയാണ്… ഒഴുകുന്നില്ല.”

ആ വാക്കുകൾ കേട്ടപ്പോൾ ഹരീന്ദ്രൻ നിശ്ശബ്ദനായി.

ചില ജീവിതങ്ങൾ അങ്ങനെയാണ്.

കരയാനുമില്ല. ചിരിക്കാനുമില്ല.

എല്ലാം ശരിയാണെന്ന് തോന്നും.

പക്ഷേ ഉള്ളിൽ, ഒരു മുറിയിൽ അടച്ചുവെച്ച ബാറ്ററി ഇല്ലാത്ത ഘടികാരം പോലെ, സമയം പോലും മുന്നോട്ട് പോകാതെ നിൽക്കും.

“ഭർത്താവ്…?”

ഹരീന്ദ്രൻ ചോദിക്കാൻ മടിച്ചു.

“നല്ല മനുഷ്യനാണ്.”

“മക്കൾ…?”

“അവരും നല്ലവരാണ്.”

“പിന്നെ…?”

സുജാത ചിരിച്ചു.

ആ ചിരിയിൽ കണ്ണുനീരുടെ രുചിയുണ്ടായിരുന്നു.

“എല്ലാവരും നല്ലവരായിരിക്കാം ഹരിയേട്ടാ… പക്ഷേ ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ നമ്മളെ കേൾക്കാൻ ഒരാളെങ്കിലും വേണം.”

ആ വാക്കുകൾ ഹരീന്ദ്രന്റെ നെഞ്ചിൽ എവിടെയോ തട്ടി.

കാരണം… അത് അവന്റെയും കഥയായിരുന്നു.

“തനിക്ക് എൻ്റെ ഒപ്പം വരുന്നതിന് ഭയമൊന്നുമില്ലേ…? ഐ മീൻ… എന്നെ വിശ്വാസമുണ്ടോ?”

ഹരീന്ദ്രന്റെ ചോദ്യം കേട്ട് സുജാത കുറച്ചു നേരം മിണ്ടാതിരുന്നു.

പിന്നെ അയാളുടെ മുഖത്തേക്ക് നോക്കി.

“വിശ്വാസമുണ്ടോ എന്ന് ചോദിച്ചാൽ… ഉണ്ട്.”

“എന്ത് അടിസ്ഥാനത്തിൽ?”

അയാൾ ചെറുചിരിയോടെ ചോദിച്ചു.

“പതിനഞ്ച് വർഷമായി ഞാൻ ങ്ങളെ കാണുന്നുണ്ട് ഹരിയേട്ടാ.”

അവൾ പറഞ്ഞു.

“അത്രയും വർഷത്തിനിടയിൽ ഒരു സ്ത്രീയെ മോശമായി നോക്കുന്നത് ഞാൻ കണ്ടിട്ടില്ല. ആരെയും കുറിച്ച് വൃത്തികേടായി സംസാരിക്കുന്നത് കേട്ടിട്ടില്ല. ആരെങ്കിലും വിഷമിച്ചാൽ അവരെ സഹായിക്കാൻ മുന്നിലുണ്ടാവും. പക്ഷേ സ്വന്തം സങ്കടങ്ങളെക്കുറിച്ച് ഒരാളോടും പറയില്ല.”

ഹരീന്ദ്രൻ അവളെ അമ്പരപ്പോടെ നോക്കി.

ഇത്രയും വർഷം താൻ ശ്രദ്ധിക്കപ്പെടുന്നുണ്ടായിരുന്നു എന്നത് അയാൾ ആദ്യമായാണ് തിരിച്ചറിയുന്നത്.

“അപ്പോൾ എന്നെ കുറിച്ച് ഇത്രയൊക്കെ നിരീക്ഷിച്ചിരുന്നോ?”

സുജാത ചിരിച്ചു.

“സ്ത്രീകൾക്ക് ചില മനുഷ്യരെ വായിക്കാൻ വലിയ കഴിവാണ് ഹരിയേട്ടാ.”

പിന്നെ അവളുടെ ശബ്ദം അല്പം ഗൗരവമായി.

“പക്ഷേ സത്യം പറഞ്ഞാൽ… എനിക്ക് ങ്ങളെ വിശ്വാസമുള്ളതിലും കൂടുതൽ, എനിക്ക് എന്നെ വിശ്വാസമുണ്ട്.”

“എന്ത്?”

“അതെ.”

അവൾ ജനലിന് പുറത്തേക്ക് നോക്കി.

“ഈ പ്രായത്തിൽ ഇനി ആരെങ്കിലും എന്നെ വഞ്ചിക്കുമെന്ന് എനിക്ക് പേടിയില്ല. കാരണം നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത മനുഷ്യർക്ക് ഭയം കുറവായിരിക്കും.”

ആ വാക്കുകൾ കേട്ടപ്പോൾ ഹരീന്ദ്രന്റെ ഉള്ളിൽ എന്തോ ഒന്ന് പൊടിഞ്ഞു.

നഷ്ടപ്പെടാൻ ഒന്നുമില്ല…

എത്ര ഭയാനകമായ വാചകമാണ് അത്.

ജീവിച്ചിരിക്കുന്ന ഒരാൾ തന്നെക്കുറിച്ച് അങ്ങനെ പറയുമ്പോൾ, അവൻ അല്ലെങ്കിൽ അവൾ എത്രത്തോളം ഒറ്റപ്പെട്ടിരിക്കണം.

“അങ്ങനെ പറയരുത് സുജാതേ…”

അയാൾ പതുക്കെ പറഞ്ഞു.

“തനിക്ക് നഷ്ടപ്പെടാൻ ഒരുപാടുണ്ട്.”

സുജാത അയാളെ സംശയത്തോടെ നോക്കി.

 

ഹരീന്ദ്രൻ കുറച്ചു നേരം ആലോചിച്ചു.

പിന്നെ മൃദുവായി പറഞ്ഞു.

“തന്റെ ചിരി.”

സുജാതയുടെ കണ്ണുകൾ ഒന്ന് പിടഞ്ഞു.

“അത് ഇപ്പോഴും ഉണ്ടോ?”

അവൾ ചോദിച്ചു.

ഹരീന്ദ്രൻ ചെറുതായി പുഞ്ചിരിച്ചു.

“ഇപ്പോഴുണ്ട്.”

ആദ്യമായി, ആ സംഭാഷണത്തിനിടയിൽ, സുജാതയുടെ മുഖത്ത് ഹൃദയത്തിൽ നിന്നൊരു ചിരി വിരിഞ്ഞു.

“എവിടേയ്ക്ക് പോകാനാണ് തനിക്ക് ഇഷ്ടം…?

എനിക്കും ഒരു യാത്ര ആവശ്യമുണ്ടായിരുന്നു. ഒരു മാറ്റം…

എന്ത് വേണമെന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു ഞാൻ.

സുജാതയ്ക്കും അങ്ങനെ ഒരു പ്ലാൻ ഉണ്ടെങ്കിൽ പിന്നെ യാത്ര ഒരുമിച്ച് ആക്കാം…

എനിക്ക് എതിർപ്പൊന്നുമില്ല.”

ഹരീന്ദ്രൻ പറഞ്ഞത് കേട്ട് സുജാത കുറച്ചു നിമിഷങ്ങൾ അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു.

 

ശാന്തമായ മുഖത്തോടെ, നിറഞ്ഞ പുഞ്ചിരിയോടെ അവൾ പറഞ്ഞു.

“വാരണാസി…”

ഹരീന്ദ്രൻ ഒന്ന് ഞെട്ടി.

“വാരണാസിയോ…?”

അറിയാതെ അയാളുടെ ശബ്ദം ഉയർന്നു.

സുജാത തലകുലുക്കി.

“അതെ.”

“ഈ പ്രായത്തിൽ ആളുകൾ സാധാരണയായി ഊട്ടി, ഗോവ, കാശ്മീർ ഒക്കെയല്ലേ പറയാറുള്ളത്… താൻ നേരെ വാരണാസി ആണോ പറയുന്നത്?”

അവൾ ചിരിച്ചു.

“അതുകൊണ്ടാവാം എനിക്ക് അവിടേക്ക് പോകണമെന്ന് തോന്നുന്നത്.”

“എന്താണ് അവിടെ ഇത്ര പ്രത്യേകത?”

ഹരീന്ദ്രൻ ചോദിച്ചു.

സുജാത ജനലിലൂടെ പുറത്തേക്ക് നോക്കി.

സന്ധ്യയുടെ വെളിച്ചം പതിയെ മങ്ങിക്കൊണ്ടിരുന്നു.

“അവിടെ ചെന്നാൽ… മനുഷ്യർ മരണത്തെ ഭയക്കാതെ ജീവിക്കുന്നത് കാണാം എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.”

ഹരീന്ദ്രൻ മിണ്ടാതെ നിന്നു.

“ഓരോ ദിവസവും ചിതകൾ എരിയുന്ന നഗരം… പക്ഷേ അതേ നഗരത്തിൽ തന്നെ ആയിരക്കണക്കിന് മനുഷ്യർ പ്രതീക്ഷയോടെ ജീവിക്കുന്നു.

ആ വിരോധാഭാസം എനിക്ക് ഇഷ്ടമാണ്.”

അവൾ പതുക്കെ തുടർന്നു.

“എന്തോ… എൻ്റെ ജീവിതത്തിൽ നിന്നും എന്തൊക്കെയോ കത്തി എരിഞ്ഞ് ചാരമായിട്ടുണ്ട് ഹരിയേട്ടാ.

പക്ഷേ ആ ചാരത്തിൽ നിന്ന് ഇനിയും എന്തെങ്കിലും ബാക്കിയുണ്ടോ എന്ന് എനിക്കറിയണം.”

 

 

സ്വന്തം ജീവിതത്തിന്റെ അർത്ഥം തേടി നടക്കുന്ന ഒരു തീർത്ഥാടകയെപ്പോലെയായിരുന്നു അപ്പോഴവളുടെ ഭാവം.

“വാരണാസിയിൽ എന്താണ് അന്വേഷിക്കാൻ പോകുന്നത്?”

അയാൾ ചോദിച്ചു.

സുജാത ചെറുതായി പുഞ്ചിരിച്ചു.

“ഒന്നുമില്ല.”

“പിന്നെ?”

“എന്നെത്തന്നെ.”

ആ മറുപടി കേട്ട് ഹരീന്ദ്രൻ വീണ്ടും നിശ്ശബ്ദനായി.

കാരണം…

സ്വയം നഷ്ടപ്പെട്ട മനുഷ്യർ മാത്രമാണ് സ്വയം അന്വേഷിച്ച് യാത്ര പോകുന്നത്.

കുറച്ചു നിമിഷങ്ങൾക്കുശേഷം അയാൾ മൃദുവായി പറഞ്ഞു.

“ശരി.”

“എന്ത് ശരി?”

“വാരണാസി.”

സുജാതയുടെ കണ്ണുകൾ വിടർന്നു.

“ശരിക്കും?”

“അതെ.”

അയാൾ ജനലിന് പുറത്തേക്ക് നോക്കി.

“സത്യം പറഞ്ഞാൽ… എനിക്കും എന്തൊക്കെയോ സംസ്കരിക്കാനുണ്ട്.”

“എന്ത്?”

സുജാത ചോദിച്ചു.

ഹരീന്ദ്രൻ ചിരിച്ചു.

ആ ചിരിയിൽ വർഷങ്ങളുടെ ക്ഷീണമുണ്ടായിരുന്നു.

“വർഷങ്ങളായി പറയാതെ വെച്ച ചില സങ്കടങ്ങൾ.”

പുറത്ത് സന്ധ്യ ഇരുട്ടിലേക്ക് ലയിച്ചു.

അകത്ത്…

രണ്ട് മനുഷ്യർ ആദ്യമായി പരസ്പരം മനസ്സിലാക്കാൻ തുടങ്ങുകയായിരുന്നു.

വാരണാസിയിലേക്കുള്ള യാത്ര അപ്പോഴും തുടങ്ങിയിരുന്നില്ല.

പക്ഷേ

അവരുടെ ഉള്ളിലെ യാത്ര ഇതിനോടകം ആരംഭിച്ചുകഴിഞ്ഞിരുന്നു.

അയാൾക്ക് ആരോടും ഒന്നും ബോധിപ്പിക്കാൻ ഉണ്ടായിരുന്നില്ല.

പറയാൻ അമ്മ മാത്രം.

അമ്മയ്ക്ക് ഇപ്പോൾ എഴുപത്തിയഞ്ച് വയസ്സായി. മകന്റെ കാര്യങ്ങളിൽ അനാവശ്യ ചോദ്യങ്ങളൊന്നും ചോദിക്കുന്ന ശീലം അവർക്കില്ല.

“അമ്മേ… ഞാൻ മൂന്ന് ദിവസം പുറത്തേക്ക് പോകുന്നുണ്ട്.”

രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ ഹരീന്ദ്രൻ പറഞ്ഞു.

“എവിടേക്കാ മോനേ?”

“വാരണാസി.”

അമ്മയുടെ കൈ ഒരു നിമിഷം നിന്നു.

“കാശിക്കോ?”

“ആ…”

“പോയിട്ട് വാ.”

അത്രയേ പറഞ്ഞുള്ളൂ.

ആ മറുപടിയിൽ അനുവാദവും ഉണ്ടായിരുന്നു. അനുഗ്രഹവും ഉണ്ടായിരുന്നു.

കുറച്ചു നേരം കഴിഞ്ഞ് അവർ ചോദിച്ചു.

“ഒറ്റയ്ക്കാണോ?”

ഹരീന്ദ്രൻ ഒരു നിമിഷം മടിച്ചു.

പിന്നെ പറഞ്ഞു.

“അല്ല… ഓഫീസിലെ ഒരു സഹപ്രവർത്തക കൂടെയുണ്ട്.”

അമ്മ അയാളെ നോക്കി.

പക്ഷേ അയാൾ പ്രതീക്ഷിച്ച തരത്തിലുള്ള ഒരു നോട്ടമായിരുന്നില്ല അത്.

സംശയമോ വിചാരണയോ ആകാംക്ഷയോ ഒന്നുമില്ലാത്ത ഒരു സാധാരണ നോട്ടം.

“അങ്ങനെ ആണോ…”

എന്ന് മാത്രം പറഞ്ഞു.

പിന്നെ ചോറിലേക്ക് സാമ്പാർ ഒഴിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.

“യാത്രയിൽ ഒരാൾ കൂടെയുണ്ടാകുന്നത് നല്ലതാണ്.”

ഹരീന്ദ്രൻ അറിയാതെ ചിരിച്ചു.

ചില അമ്മമാർ അങ്ങനെയാണ്.

മക്കൾ പറയാതെ തന്നെ അവരുടെ ഏകാന്തത മനസ്സിലാക്കും.

പെരുന്നാൾ അനുബന്ധിച്ച് പൊതു അവധി ഉണ്ടായിരുന്നത് കൊണ്ട് പ്രത്യേകിച്ച് ലീവ് എടുക്കേണ്ടതില്ലായിരുന്നു.

വെള്ളിയാഴ്ച അവധി.

അതിന് പിന്നാലെ ശനിയും ഞായറും.

മൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷം നേരെ ഓഫീസിൽ വന്നാൽ മതി.

അങ്ങനെ കണക്കുകൂട്ടിയപ്പോൾ യാത്ര എളുപ്പമായി തോന്നി.

വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഹരീന്ദ്രൻ ഇങ്ങനെ ഒരു യാത്രയ്ക്ക് തയ്യാറെടുക്കുന്നത്.

വസ്ത്രങ്ങൾ ബാഗിൽ വയ്ക്കുന്നതിനിടെ ഒരു വിചിത്രമായ ഉത്സാഹം അയാൾക്ക് തോന്നി.

കോളേജ് കാലത്തിന് ശേഷം ഒരിക്കലും അനുഭവിക്കാത്ത ഒരു വികാരം.

യാത്രയുടെ സന്തോഷമാണോ…

അതോ യാത്രാസഹചാരിയുടെ സാന്നിധ്യമാണോ…

അയാൾക്ക് തന്നെ ഉറപ്പില്ലായിരുന്നു.

രാത്രി ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ല.

മൊബൈലിൽ ട്രെയിൻ സമയം നോക്കി.

വാരണാസിയുടെ ചിത്രങ്ങൾ നോക്കി.

ഗംഗയുടെ തീരത്ത് കത്തുന്ന ദീപങ്ങൾ.

ഘാട്ടുകളിലെ തിരക്ക്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇടവഴികൾ.

എന്തോ ഒരു അദൃശ്യമായ കൈ തന്നെ അവിടേക്ക് വിളിക്കുന്നതുപോലെ തോന്നി.

അപ്പോൾ തന്നെ ഫോൺ തെളിഞ്ഞു.

സുജാതയുടെ മെസേജ്.

“ടിക്കറ്റ് എടുത്തോ?”

അയാൾ ഉടനെ മറുപടി അയച്ചു.

“എടുത്തു.”

അൽപനേരം കഴിഞ്ഞ് വീണ്ടും മെസേജ് വന്നു.

“ഹരിയേട്ടാ…”

“എന്താ?”

കുറച്ചു നിമിഷങ്ങൾ ടൈപ്പിംഗ് അടയാളം തെളിഞ്ഞു.

പിന്നെ ഒരു വരി മാത്രം വന്നു.

“ഈ യാത്ര കഴിഞ്ഞാൽ ചിലപ്പോൾ ഞാൻ പഴയ സുജാത ആയിരിക്കില്ല.”

ആ സന്ദേശം വായിച്ചപ്പോൾ ഹരീന്ദ്രന്റെ ഹൃദയമിടിപ്പ് അറിയാതെ കൂടിപ്പോയി.

അയാൾ സ്ക്രീനിലേക്ക് നോക്കി നിന്നു.

എന്താണ് അവൾ ഉദ്ദേശിച്ചത്?

അവൾക്ക് എന്താണ് മാറേണ്ടത്?

എന്താണ് അവൾ വാരണാസിയിൽ ഉപേക്ഷിക്കാൻ പോകുന്നത്?

ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു.

പക്ഷേ ഒടുവിൽ അയാൾ ടൈപ്പ് ചെയ്തത് ഒരു വാചകം മാത്രം.

“ചിലപ്പോൾ നമ്മൾ മാറാൻ വേണ്ടിയാണ് ചില യാത്രകൾ പോകുന്നത്, സുജാതേ.”

അയച്ച ശേഷം ഏറെ നേരം മറുപടി വന്നില്ല.

അവസാനം ഒരു ചെറിയ മെസേജ് മാത്രം തെളിഞ്ഞു.

“അതെ…”

പക്ഷേ ആ ഒരു വാക്കിനുള്ളിൽ…

ഒരു ജീവിതകാലം മുഴുവൻ നീണ്ട മടുപ്പോ ക്ഷീണമോ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് ഹരീന്ദ്രന് തോന്നി.

സുജാത ഒരുമുറിയിൽ ഭിത്തിയോട് ചേർന്ന് കിടക്കുന്ന കട്ടിലിൽ കിടന്ന് ഉറങ്ങുന്ന ഭർത്താവിനെ നോക്കി.

ഒരുകാലത്ത് ആ കിടക്കയ്ക്ക് ഇത്രയും വീതിയുണ്ടായിരുന്നില്ല.

ഒരാളുടെ കൈ മറ്റേയാളുടെ ശരീരത്തിൽ തട്ടാതെ ഉറങ്ങാൻ പറ്റാത്തത്ര അടുത്തായിരുന്നു അവർ.

 

പക്ഷേ ഇപ്പോൾ…

ഒരേ മുറിക്കുള്ളിൽ രണ്ട് ദ്വീപുകൾ പോലെ ആയിരുന്നു അവർ.

മക്കൾ രണ്ടുപേരും വിദേശത്ത് പഠിക്കാൻ പോയതോടെ രണ്ട് പേർക്കുമിടയിൽ ബന്ധിച്ചിരുന്ന ഒരു അദൃശ്യനൂലും പൊട്ടിപ്പോയിരുന്നു.

ഇനി സംസാരിക്കാൻ കുട്ടികളുടെ കാര്യങ്ങളില്ല.

ഫീസ് അടക്കാനുള്ള ആശങ്കകളില്ല.

സ്കൂൾ മീറ്റിങ്ങുകളില്ല.

ഡോക്ടർ അപ്പോയിന്റ്മെന്റുകളില്ല.

ബാക്കിയുണ്ടായിരുന്നത് രണ്ട് മനുഷ്യർ മാത്രം.

പക്ഷേ വർഷങ്ങൾക്ക് മുൻപേ പരസ്പരം നഷ്ടപ്പെട്ട രണ്ട് മനുഷ്യർ.

“ഞാൻ നാളെ വാരണാസിക്ക് പോകുന്നുണ്ട്.”

വൈകുന്നേരം അവൾ പറഞ്ഞപ്പോൾ അയാൾ ഫോണിൽ നിന്ന് കണ്ണെടുക്കാതെ “ശരി” എന്ന് മാത്രമാണ് പറഞ്ഞത്.

“മൂന്ന് ദിവസം കാണും.”

“ഉം..”

“ഓഫീസിലെ ഒരാൾ കൂടെയുണ്ട്.”

അതിനും മറുപടി ഒരു മൂളൽ മാത്രം.

ഒറ്റയ്ക്കാണോ…

ആരാണ് കൂടെയുള്ളത്…

എന്തിനാണ് പോകുന്നത്…

എപ്പോഴാണ് തിരികെ വരിക…

ഒന്നും ചോദിച്ചില്ല.

ആ പ്രതികരണം സുജാതയെ അമ്പരപ്പിച്ചതുമില്ല.

കാരണം അമ്പരപ്പ് പോലും അവസാനിച്ചിട്ട് വർഷങ്ങളായിരുന്നു.

ആദ്യമൊക്കെ അവൾ വേദനിച്ചിരുന്നു.

പിന്നെ പരാതിപ്പെട്ടു.

പിന്നെ വഴക്കിട്ടു.

പിന്നെ കരഞ്ഞു.

ഒടുവിൽ…

നിശ്ശബ്ദയായി.

ചില ബന്ധങ്ങൾ പെട്ടെന്ന് മരിക്കില്ല.

ഓരോ ദിവസവും അല്പാല്പമായി ശ്വാസം നിലച്ച് മരിക്കും.

അത് മരിച്ചുവെന്ന് പോലും ആരും തിരിച്ചറിയില്ല.

സുജാത ഭർത്താവിന്റെ മുഖത്തേക്ക് നോക്കി.

ഉറക്കത്തിലായിരുന്നു അയാൾ.

ശാന്തനായിരുന്നു.

ഒരുപക്ഷേ അയാളും ക്ഷീണിച്ചിട്ടുണ്ടാവും.

ഒരുപക്ഷേ അയാൾക്കും പറയാൻ കഴിയാത്ത എന്തൊക്കെയോ ഉണ്ടാവും.

ഒരുപക്ഷേ അവരുടെ ബന്ധം തകർന്നത് ഒരാളുടെ മാത്രം കുറ്റം കൊണ്ടല്ലായിരിക്കും.

അങ്ങനെ ചിന്തിച്ചപ്പോൾ അവൾക്ക് ദേഷ്യമൊന്നും തോന്നിയില്ല.

ഒരു തരം സങ്കടം മാത്രം.

വളരെ പഴയൊരു സങ്കടം.

അയാളുടെ നെറ്റിയിലേക്ക് വീണുകിടന്ന നരച്ച മുടിയിഴകളിലേക്ക് നോക്കിക്കൊണ്ട് അവൾ മനസ്സിൽ പറഞ്ഞു.

“നമ്മൾ എവിടെയാണ് പരസ്പരം നഷ്ടപ്പെട്ടത്?”

ഉത്തരം ഉണ്ടായിരുന്നില്ല.

മുറിയിലെ ഘടികാരം ടിക്ക് ടിക്ക് ശബ്ദത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

സമയം മുന്നോട്ട് പോകുന്നു.

ജീവിതവും.

പക്ഷേ ചില ബന്ധങ്ങൾ…

ഒരു പഴയ ദിവസത്തിൽ തന്നെ കുടുങ്ങിക്കിടക്കും.

സുജാത കണ്ണുകൾ അടച്ചു.

നാളെ അവൾ വാരണാസിയിലേക്ക് പോകുകയാണ്.

ഗംഗയെ കാണാൻ അല്ല.

ക്ഷേത്രങ്ങൾ കാണാൻ അല്ല.

സ്വന്തം ജീവിതത്തിൽ ഇനിയും എന്തെങ്കിലും ബാക്കിയുണ്ടോ എന്ന് അറിയാൻ.

അവൾക്ക് അറിയില്ലായിരുന്നു…ഒന്നും.. ഒന്നും.

 

രാവിലെ നാല് മണിക്ക് അലാറം അടിക്കുന്നതിന് മുൻപേ സുജാതയുടെ ഉറക്കം മുറിഞ്ഞു.

ഉറങ്ങിയെന്നു പോലും പറയാൻ കഴിയില്ല.

മുഴുവൻ രാത്രിയും ഓർമ്മകളും ചിന്തകളും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുകയായിരുന്നു.

അവൾ പതിയെ എഴുന്നേറ്റിരുന്നു.

അടുത്ത കട്ടിലിൽ ഭർത്താവ് ഇപ്പോഴും ഉറക്കത്തിലായിരുന്നു.

ഒരുനിമിഷം അയാളെ നോക്കി നിന്നു.

പിന്നെ മനസ്സിൽ ഒരു യാത്രയയപ്പ് പറഞ്ഞു.

“ഞാൻ പോകുന്നു…”

ശബ്ദമായി പറഞ്ഞില്ല.

പറഞ്ഞാലും കേൾക്കില്ലായിരുന്നു.

കേട്ടാലും ഒരുപക്ഷേ ഒന്നും മാറില്ലായിരുന്നു.

സ്റ്റേഷനിൽ എത്തിയപ്പോൾ നേരിയ തണുപ്പുണ്ടായിരുന്നു.

പുലർച്ചെയുടെ മങ്ങിയ വെളിച്ചത്തിൽ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.

ചായക്കടകളിൽ നിന്ന് നീരാവി ഉയരുന്നു.

അറിയിപ്പുകളുടെ ശബ്ദം ഇടയ്ക്കിടെ മുഴങ്ങുന്നു.

സുജാത പ്ലാറ്റ്ഫോമിന്റെ ഒരു വശത്ത് നിൽക്കുമ്പോഴാണ് ഹരീന്ദ്രനെ കണ്ടത്.

ഒരു ചെറിയ ബാഗ് മാത്രം തോളിൽ.

വെളുത്ത ഷർട്ടും ജീൻസും.

അയാളും അവളെ കണ്ടു.

കൈ ഉയർത്തി കാണിച്ചു.

ആ നിമിഷം രണ്ടുപേർക്കും ചെറിയൊരു ചമ്മലുണ്ടായിരുന്നു.

ഓഫീസിൽ ദിവസവും കാണുന്ന ആളാണ്.

പക്ഷേ ഓഫീസിന് പുറത്തുള്ള ലോകത്ത് അവർ പരസ്പരം അപരിചിതരായിരുന്നു.

“കുറെ നേരമായോ വന്നിട്ട്?”

ഹരീന്ദ്രൻ ചോദിച്ചു.

“ഇല്ല… അഞ്ചു മിനിറ്റ്.”

“ചായ കുടിച്ചോ?”

“ഇല്ല.”

“എങ്കിൽ വരൂ.”

അവർ ചായക്കടയിലേക്ക് നടന്നു.

ഹരി അവൾക്ക് ചായ വാങ്ങി കൊടുത്തു.

ചൂട് ചായ ഗ്ലാസ്സിൽ നിന്ന് ഉയരുന്ന നീരാവിയിലേക്ക് നോക്കിക്കൊണ്ട് രണ്ടുപേരും കുറച്ചുനേരം മിണ്ടാതെ നിന്നു.

അവസാനം ഹരീന്ദ്രൻ ചിരിച്ചു.

“നമ്മൾ രണ്ടുപേരും ഒരേ കാര്യം ആലോചിക്കുകയാണെന്ന് തോന്നുന്നു.”

“എന്ത്?”

“ഇത് ശരിക്കും നടക്കുകയാണോ എന്ന്.”

സുജാത അറിയാതെ ചിരിച്ചുപോയി.

“ഞാനും അതുതന്നെയാണ് ആലോചിച്ചത്.”

ആദ്യമായി ആ ദിവസം അവർ സ്വാഭാവികമായി ആത്മാർഥമായി ചിരിച്ചു

ട്രെയിൻ പുറപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ജനലരികിൽ ഇരുന്ന് പുറത്തേക്ക് നോക്കുകയായിരുന്നു സുജാത.

പിന്നിലേക്ക് ഓടിമറയുന്ന മരങ്ങൾ.

പാടങ്ങൾ.

ചെറിയ സ്റ്റേഷനുകൾ.

ജീവിതം പോലെ തന്നെ.

ഒന്നും നിൽക്കുന്നില്ല.

എല്ലാം കടന്നുപോകുന്നു.

“എന്താണ് ആലോചിക്കുന്നത്?”

ഹരീന്ദ്രന്റെ ചോദ്യം കേട്ട് അവൾ തിരിഞ്ഞു.

“ഒന്നുമില്ല.”

“അത് വലിയ കള്ളമാണ്.”

“എന്തേ?”

“ഒന്നുമില്ലാത്ത മനുഷ്യർ വാരണാസിക്ക് പോകില്ല.”

സുജാത പൊട്ടിച്ചിരിച്ചു.

അയാളും ചിരിച്ചു.

ആ ചിരി അവസാനിച്ചപ്പോൾ പെട്ടെന്ന് ഒരു നിശ്ശബ്ദത വന്നു.

പിന്നെ സുജാത പതുക്കെ ചോദിച്ചു.

“ഹരിയേട്ടാ…”

” മ്മ്..?”

“നമ്മുടെ ജീവിതത്തിൽ ഒരാളെ സ്നേഹിക്കാതെ ജീവിക്കാൻ പറ്റുമോ?”

ചോദ്യം കേട്ടപ്പോൾ ഹരീന്ദ്രൻ ജനലിന് പുറത്തേക്ക് നോക്കി.

ഇത്തിരി നേരം ആലോചിച്ച ശേഷമാണ് അയാൾ മറുപടി പറഞ്ഞത്.

“പറ്റും.”

സുജാതയുടെ മുഖം മങ്ങി.

പക്ഷേ അടുത്ത നിമിഷം അയാൾ തുടർന്നു.

“പക്ഷേ ഒരാളാൽ സ്നേഹിക്കപ്പെടാതെ ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ്.”

ആ വാക്കുകൾ കേട്ടപ്പോൾ സുജാത ഒന്നും പറഞ്ഞില്ല.

അവളുടെ കണ്ണുകൾ ജനലിന് പുറത്തേക്ക് തിരിഞ്ഞു.

കാരണം…

പല വർഷങ്ങൾക്കു ശേഷം ആദ്യമായി ആരോ അവളുടെ മുറിവിന്റെ കൃത്യമായ സ്ഥലം കണ്ടുപിടിച്ചിരിക്കുന്നു.

 

ജനലരികിൽ ഇരുന്ന് പുറത്തേക്ക് നോക്കുകയായിരുന്നു സുജാത.

ഉച്ചയോടെ ട്രെയിൻ തമിഴ്നാടിൻ്റെ വരണ്ട ഭൂപ്രദേശങ്ങളിലൂടെ കടന്നുപോയി.

സന്ധ്യയായപ്പോഴേക്ക് വിശാലമായ നെൽപ്പാടങ്ങളും നദികളും കാണാൻ തുടങ്ങി.

രാത്രിയിൽ യാത്രക്കാരിൽ പലരും ഉറക്കത്തിലേക്ക് വഴുതിവീണെങ്കിലും ഹരീന്ദ്രനും സുജാതയും ഇടയ്ക്കിടെ സംസാരിച്ചുകൊണ്ടിരുന്നു.

 

ട്രെയിൻ തെലുങ്കാന പിന്നിട്ട് വടക്കോട്ട് കുതിക്കുകയായിരുന്നു.

ചായ വാങ്ങി വന്ന ഹരീന്ദ്രൻ ജനലിനരികിൽ നിന്നു.

“ഇനി നാളെ രാവിലെ എത്തും.”

സുജാത പുറത്തേക്ക് നോക്കി.

ഭാഷ മാറുന്നു.

ഭക്ഷണം മാറുന്നു.

മുഖങ്ങൾ മാറുന്നു.

പക്ഷേ മനുഷ്യരുടെ കണ്ണുകളിലെ കഥകൾ മാത്രം ഒരുപോലെ തുടരുന്നു.

മൂന്നാം ദിവസത്തെ പുലർച്ചെ.

ട്രെയിൻ പതിയെ ഉത്തർപ്രദേശിലേക്ക് പ്രവേശിച്ചു.

ജനലിന് പുറത്തുള്ള കാഴ്ചകൾ വീണ്ടും മാറി.

കടുക് പാടങ്ങൾ.

പഴയ ഗ്രാമങ്ങൾ.

പൊടിപിടിച്ച വഴികൾ.

ചെറിയ ക്ഷേത്രങ്ങൾ.

ഇടയ്ക്കിടെ ഗംഗയുടെ പോഷകനദികൾ.

“ഇനി അധികം ദൂരമില്ല.”

ഹരീന്ദ്രൻ പറഞ്ഞു.

സുജാതയുടെ ഹൃദയമിടിപ്പ് അല്പം കൂടിയിരുന്നു.

വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ഒരു സ്ഥലത്തേക്കാണ് അവൾ പോകുന്നത്.

രാവിലെ ട്രെയിൻ പതിയെ Varanasi Junction Railway Station ലേക്ക് പ്രവേശിച്ചു.

പ്ലാറ്റ്ഫോമിൽ ഇറങ്ങിയ നിമിഷം തന്നെ ഒരു വ്യത്യസ്തമായ ലോകത്താണ് എത്തിയതെന്ന് തോന്നി.

വായുവിൽ ധൂപത്തിന്റെയും പൊടിയുടെയും ഗന്ധം.

വിവിധ ഭാഷകളിൽ സംസാരിക്കുന്ന മനുഷ്യർ.

ഓട്ടോറിക്ഷക്കാരുടെ വിളികൾ.

കാവി വസ്ത്രം ധരിച്ച സന്യാസിമാർ.

തോളിൽ ബാഗുമായി നിൽക്കുന്ന വിദേശ സഞ്ചാരികൾ.

ജീവിതവും മരണവും ഒരേ തെരുവിലൂടെ നടക്കുന്നതുപോലെയുള്ള ഒരു നഗരം.

ഹോട്ടലിൽ ബാഗ് വെച്ച ശേഷം അവർ ആദ്യം പോയത് ഗംഗയുടെ തീരത്തേക്കായിരുന്നു.

ഇടുങ്ങിയ വഴികളിലൂടെ നടക്കുമ്പോൾ സുജാത അത്ഭുതത്തോടെ ചുറ്റും നോക്കി.

നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ.

തലമുറകളായി പ്രവർത്തിക്കുന്ന ചെറിയ കടകൾ.

മണിനാദങ്ങൾ.

മന്ത്രോച്ചാരണങ്ങൾ.

അവസാനം മുന്നിൽ ഗംഗ പ്രത്യക്ഷപ്പെട്ടു.

ആദ്യം കണ്ട നിമിഷം തന്നെ സുജാത നിന്നുപോയി.

അനന്തമായി ഒഴുകുന്ന ജലം.

വിശാലമായ ആകാശം.

നദിക്കരയിലേക്ക് ഇറങ്ങുന്ന കൽപ്പടവുകൾ.

അവൾ അറിയാതെ ശ്വാസം വിട്ടു.

“ഹരിയേട്ടാ…”

ഹരി അവളെ നോക്കി.

ഗംഗയുടെ വെള്ളത്തിൽ സായാഹ്നത്തിന്റെ സ്വർണ്ണനിറം പടർന്നുകിടക്കുകയായിരുന്നു.

ഘാട്ടുകളിൽ ആളുകൾ നിറഞ്ഞിരുന്നു.

ആരൊക്കെയോ പ്രാർത്ഥിക്കുന്നു.

ആരൊക്കെയോ നിശ്ശബ്ദമായി നദിയിലേക്ക് നോക്കിയിരിക്കുന്നു.

ആരൊക്കെയോ ജീവിതത്തിലെ ഭാരം ഇറക്കിവെക്കാൻ വന്നവരെപ്പോലെ തോന്നുന്നു.

“എനിക്ക് തോന്നുന്നു…”

സുജാത പതുക്കെ പറഞ്ഞു.

“എന്ത്?”

അവൾ ഗംഗയിലേക്ക് നോക്കിക്കൊണ്ടിരുന്നു.

“ഇതൊരു നിമിത്തമാണെന്ന്…”

ഹരി മിണ്ടാതെ കേട്ടു.

“എത്രയോ കാലമായി ആഗ്രഹിക്കുന്നതാണ് ഈ യാത്രയും ഈ സ്ഥലവും.

എന്നിട്ടും..

നിങ്ങൾക്കൊപ്പം വരണമെന്നും

ഈ സ്ഥലത്ത് ഇങ്ങനെ നിങ്ങൾക്കൊപ്പം നിൽക്കണം എന്നുമായിരുന്നിരിക്കാം ദൈവഹിതം…”

വാക്കുകൾ അവസാനിച്ചപ്പോൾ അവൾ ഹരിയെ നോക്കി.

ആ നോട്ടത്തിൽ പ്രണയമൊന്നും ഉണ്ടായിരുന്നില്ല.

പക്ഷേ അതിലും ആഴമുള്ള എന്തോ ഉണ്ടായിരുന്നു.

ഒരു മനുഷ്യനെ കണ്ടുമുട്ടിയതിന്റെ നന്ദി.

സ്വയം നഷ്ടപ്പെട്ട സമയത്ത് താങ്ങായ ഒരാളോടുള്ള അടുപ്പം.

ഹരി ഒന്നും മിണ്ടിയില്ല.

ആ നിമിഷത്തെ വാക്കുകൾ കൊണ്ട് തടസ്സപ്പെടുത്താൻ അയാൾക്ക് തോന്നിയില്ല.

ചില നിമിഷങ്ങൾ സംസാരിച്ചാൽ ചെറുതായിപ്പോകും.

ചില വികാരങ്ങൾ വിശദീകരിച്ചാൽ അർത്ഥം നഷ്ടപ്പെടും.

മറുചിന്തകളൊന്നുമില്ലാതെ അയാൾ അവളുടെ വലംകൈയിൽ തന്റെ കൈ ചേർത്തു.

ആ പ്രവൃത്തിയിൽ അവകാശവാദമില്ലായിരുന്നു.

വാഗ്ദാനങ്ങളൊന്നും ഉണ്ടായിരുന്നില്ല.

സുജാത ഒരു നിമിഷം അയാളുടെ മുഖത്തേക്ക് നോക്കി.

പിന്നെ വേറൊന്നും ആലോചിക്കാതെ ആ കൈയിൽ മുറുകെ പിടിച്ചു.

വർഷങ്ങൾക്കുശേഷം ആദ്യമായി അവൾക്ക് തോന്നി…

താൻ വീണാൽ പിടിച്ചുനിർത്താൻ ആരോ ഉണ്ടെന്ന്.

രണ്ടുപേരും ഒരുമിച്ച് കൽപ്പടവുകൾ ഇറങ്ങാൻ തുടങ്ങി.

ഗംഗയുടെ വെള്ളം അവരുടെ കാലുകളെ സ്പർശിച്ചു.

തണുത്ത വെള്ളത്തിലേക്ക് നോക്കിനിന്ന സുജാതയ്ക്ക് പെട്ടെന്ന് കരച്ചിൽ വന്നു.

കാരണമൊന്നുമില്ലാതെ.

അല്ലെങ്കിൽ…

കാരണം വളരെ കൂടുതലായതുകൊണ്ടാവാം.

അവൾ കണ്ണുകൾ അടച്ചു.

മനസ്സിലൂടെ മുഖങ്ങൾ കടന്നുപോയി.

അമ്മ.

അച്ഛൻ.

മക്കൾ.

ഭർത്താവ്.

നഷ്ടപ്പെട്ട സ്വപ്നങ്ങൾ.

പറയാതെ വിഴുങ്ങിയ സങ്കടങ്ങൾ.

ആരും കേൾക്കാത്ത നിലവിളികൾ.

ഗംഗയുടെ ഒഴുക്കുപോലെ എല്ലാം ഉള്ളിലൂടെ ഒഴുകിപ്പോയി.

കണ്ണുകൾ തുറന്നപ്പോൾ ഹരി അവളെ തന്നെ നോക്കുകയായിരുന്നു.

“കരയുന്നോ?”

അയാൾ പതുക്കെ ചോദിച്ചു.

സുജാത ചിരിച്ചു.

കണ്ണുനീർ കവിളിലൂടെ ഒഴുകുന്നുണ്ടായിരുന്നു.

“അറിയില്ല…”

അവൾ പറഞ്ഞു.

“പക്ഷേ വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് എനിക്ക് ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് തോന്നുന്നത്.”

അത് കേട്ടപ്പോൾ ഹരിയുടെ കൈ അറിയാതെ അവളുടെ കൈയിൽ മുറുകി.

സൂര്യൻ പതിയെ അസ്തമിക്കുകയായിരുന്നു.

ഘാട്ടുകളിൽ സായാഹ്ന ദീപങ്ങൾ തെളിയാൻ തുടങ്ങി.

ഗംഗയുടെ മുകളിലൂടെ കാറ്റ് വീശി.

ഇത് ഒരു പ്രണയകഥയുടെ തുടക്കമാണോ അല്ലയോ എന്നറിയില്ല.

പക്ഷേ അവരുടെ ജീവിതത്തിൽ വളരെക്കാലമായി നഷ്ടപ്പെട്ടിരുന്ന ഒരു കാര്യം അവർ കണ്ടെത്തിയിരുന്നു.

ഒരാളുടെ സാന്നിധ്യത്തിൽ സ്വയം അവരായി തന്നെ നിലനിൽക്കാനുള്ള സ്വാതന്ത്ര്യം.

 

സന്ധ്യ ഇരുണ്ടുതുടങ്ങിയപ്പോൾ അവർ പതുക്കെ ഘാട്ടിന്റെ പടവുകൾ കയറി.

ഗംഗാ ആരതിക്ക് ആളുകൾ കൂടിക്കൊണ്ടിരുന്നു.

നൂറുകണക്കിന് ദീപങ്ങൾ.

മണിനാദങ്ങൾ.

ശംഖനാദം.

ധൂപത്തിന്റെ ഗന്ധം.

ജീവിതത്തിൽ ആദ്യമായാണ് സുജാത ഇങ്ങനെ ഒരു കാഴ്ച നേരിൽ കാണുന്നത്.

അവൾ ഒന്നും പറയാതെ ആ ചടങ്ങിലേക്ക് നോക്കിനിന്നു.

ഹരി അവളുടെ മുഖത്തേക്ക് നോക്കി.

കുറച്ചു മണിക്കൂറുകൾക്ക് മുൻപ് ട്രെയിനിൽ നിന്ന് ഇറങ്ങിയ സ്ത്രീയല്ല ഇപ്പോൾ മുന്നിൽ നിൽക്കുന്നത്.

മുഖത്ത് ഒരു ശാന്തതയുണ്ട്.

വർഷങ്ങൾക്ക് ശേഷം ഭാരമിറക്കിവെച്ച ഒരാളുടെ ശാന്തത.

രാത്രി ഹോട്ടലിലേക്ക് മടങ്ങുമ്പോൾ വാരണാസിയുടെ ഇടവഴികൾ ഇപ്പോഴും ഉണർന്നുകിടക്കുകയായിരുന്നു.

ചെറിയ കടകൾ.

ചായക്കടകൾ.

ഭജനകൾ.

മനുഷ്യരുടെ തിരക്ക്.

“വിശക്കുന്നുണ്ടോ തനിക്ക്?”

ഹരി ചോദിച്ചു.

” ഉണ്ട്…”

ഒരു ചെറിയ ഭക്ഷണശാലയിൽ അവർ കയറി .

ധാബാ പോലെ ഒരു കട.

അതും ഒരിക്കൽ സുജാതയുടെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു.

അവൾക്ക് വേണ്ടതൊക്കെ ഹരി വാങ്ങിക്കൊടുത്തു. മടിയില്ലാതെ അവൾ ചോദിച്ചു വാങ്ങുകയും കഴിക്കുകയും ചെയ്തു. അങ്ങനെ ഒരു അനുഭവവും അവൾക്ക് ആദ്യമായിട്ടായിരുന്നു.

സംസാരങ്ങൾ കുറവായിരുന്നിട്ട് പോലും അവർക്കിടയിൽ ഒരു ആത്മബന്ധം ഉടലെടുത്തിരുന്നു.

കഴിക്കുന്നതിനിടയിലും ഹരി സുജാതയെ നോക്കി.

കൊച്ചു കുഞ്ഞിനെ പോലെ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന സുജാതയുടെ മുഖത്ത് നിഷ്കളങ്കത തെളിഞ്ഞു നിന്നിരുന്നു. ചെറിയ കാറ്റിൽ ആ മുടിയിഴകൾ മുഖത്തും നെറ്റിയിലും ഒക്കെയായി പാറി വീണു.

അതൊന്ന് ഒതുക്കി വച്ചു ആ നെറ്റിയിൽ മൃദുവായി, തെല്ലും വേദനിപ്പിക്കാതെ ഒരു ഉമ്മ വയ്ക്കാൻ ഹരിക്ക് തോന്നി.

അടുത്ത നിമിഷം തന്നെ സ്വയം ശാസിച്ചു കൊണ്ട് അയാൾ തല കുടഞ്ഞു.

തന്നെ വിശ്വസിച്ച് തനിക്കൊപ്പം ഒരു നാട് വിട്ട് അന്യനാട്ടിൽ വന്നവളാണ്. എന്തൊക്കെ അപക്വമായ വിചാരങ്ങളാണ് ഈ ചിന്തിച്ചു കൂട്ടുന്നത്. ഇടയ്ക്ക് തല ഉയർത്തി നോക്കിയ സുജാത ” എന്താണെന്ന്” പുരികമുയർത്തി.

” ഒന്നുമില്ലെന്ന്” അയാളും കണ്ണ് ചിമ്മി കാണിച്ചു.

ഒരു ദിനം അസ്തമിച്ചു തുടങ്ങിയിരുന്നു.

തുടരും….

#വാരണാസിഒരുയാത്രരണ്ട്പേർ

വാരണാസി🪷 ഒരു യാത്ര, രണ്ട് പേർ ( അവസാനഭാഗം)

Post Views: 19
0
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

2 Comments

  1. Suma Sreekumar on June 1, 2026 9:52 PM

    Excellent

    Reply
  2. Pingback: വാരണാസി🪷 ഒരു യാത്ര, രണ്ട് പേർ ( അവസാനഭാഗം) - By Anju Ranjima - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.