മക്കളെക്കണ്ടും മാമ്പൂ കണ്ടും.. എന്ന പഴഞ്ചൊല്ല് കേൾക്കാത്തവർ ആരുമുണ്ടാവില്ല കാലം മാറി ഇന്ന് അമ്മമാർക്ക് മക്കളോട് പറയാനുള്ളത് ഞങ്ങളെമാത്രം കണ്ട് നിങ്ങൾ പ്രസവിക്കരുത് മക്കളെയെന്നാണ്. ഈ ഒരു വിഷയത്തെ കുറിച്ച് എഴുതണമെന്ന് കരുതിയിട്ട് വർഷങ്ങളായി, മടി കാരണം മാറ്റിവച്ചതാണ്. ഇനിയും വൈകിയാൽ ഈ അന്താരാഷ്ട്ര പ്രശ്നം എന്റെമാത്രം പ്രശ്നമായി സ്ഥാപിക്കാൻ സാധ്യതയുള്ളത് കൊണ്ട് എഴുതി തുടങ്ങുന്നു..😄 പെൺകുട്ടികൾ പഠിക്കണം, നൂറ് ശതമാനം യോജിക്കുന്നു ജോലിക്ക് പോകണം സ്വന്തം കാലിൽ നിൽക്കണം, ഇഷ്ടമുണ്ടെങ്കിൽ ഇഷ്ടമുള്ളവനെ വിവാഹം കഴിക്കണം,കുഞ്ഞ് വേണമെന്ന് തോന്നിയാൽ പ്രസവിക്കണം ഇഷ്ടമില്ലെങ്കിൽ വേണ്ടാ. ഇതിൽ ഒന്നിനോടും ഒരു വിയോജിപ്പുമില്ല. പിന്നെ വിയോജിപ്പ് എവിടെ എന്നല്ലേ പറയാം… നിങ്ങളുടെ കുഞ്ഞുങ്ങളെ നിങ്ങൾ വളർത്തുക, അല്ലാതെ നിങ്ങളുടെ അച്ഛനമ്മമാരെ കണ്ട് ദയവുചെയ്ത് പ്രസവിക്കരുത്. മാതാപിതാക്കൾക്കും സ്വപ്നങ്ങളുണ്ട് , ആഗ്രഹങ്ങളുണ്ട് അവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട് അത് മറക്കരുത്. നിങ്ങടെ സാമ്പത്തിക ഭദ്രതയും സ്വപ്നങ്ങളും നേടാൻ ഈ പാവങ്ങളെ ബലിയാടക്കരുത്. പ്രാരാബ്ധം ഒതുങ്ങിയിട്ട് ചെയ്യാനായി വച്ച ഒരുപാട് കാര്യങ്ങളുണ്ടവർക്ക്.…
Author: Sunandha Mahesh
”മോളേ.. നീ വാവേടെ കാത് ശ്രദ്ധിച്ചോ, നല്ല പൂവൻ പഴത്തിന്റെ നിറം. ഇവൾ നിന്നെക്കാൾ നിറം വയ്ക്കുംഅല്ലേടാ അമ്മമ്മേടെ ചുന്ദരികുട്ടീ….” “എന്റെ മോൾക്ക് ഇത്ര നിറം വേണ്ടായിരുന്നമ്മെ. എന്റെ കുഞ്ഞു കറുത്തിരിക്കണേയെന്നു മാത്രമായിരുന്നു എന്റെ പ്രാർത്ഥന.” അതു പറയുമ്പോൾ അനൂജയുടെ മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു. മാത്രവുമല്ല എന്തിനേയോ ഭയക്കുന്നതുപോലെ അവൾ കുഞ്ഞിനെ അമ്മയുടെ കൈയിൽനിന്നും ബലമായി എടുത്ത് തന്റെ മാറോടുചേർത്തു. മകളുടെ പെട്ടന്നുള്ള ഭാവമാറ്റം ഭാനുവിൽ ഭീതിയുണ്ടാക്കിയെങ്കിലും അവരത് പുറത്തുപ്രകടിപ്പിച്ചില്ല. “ഇതാപ്പോ കൂത്തായെ… നിനക്കെന്താ അനു പറ്റിയെ.. നീയെന്തിനാ ഇങ്ങനെ പെരുമാറുന്നെ. കല്യാണം കഴിഞ്ഞതോടെ അച്ഛനും അമ്മയും നിനക്ക് അന്യരായോ? നീയെന്താ മോളേ കുഞ്ഞിനെയെടുക്കാൻ ഞങ്ങളെ സമ്മതിക്കാത്തത്. നിന്റെ പ്രസവം നോക്കാനല്ലെ അച്ഛനും അമ്മയും ദുബായിൽനിന്നും ഇന്ത്യയിലേക്കു വന്നത്. എന്നിട്ടു കുഞ്ഞിനെ ഒന്നു തൊടാൻപോലും നീ ഞങ്ങളെ അനുവദിക്കുന്നില്ല. എന്താ നിനക്ക് പറ്റിയെ..” “ഒന്നുമില്ല, അമ്മ പോയി എനിക്കെന്തെങ്കിലും കുടിക്കാൻ കൊണ്ടുവരൂ.. മോളേ ഞാൻ അപ്പോഴേക്കും ഉറക്കാം.” “നിനക്കുള്ള ചായയല്ലെ ആ…
“കുട്ടീ വായനശാലയിൽനിന്നു എടുത്ത പുസ്തകങ്ങൾ തിരികെ കൊടുക്കേണ്ടതാ, അതു എടുക്കാൻ മറക്കല്ലേ. ആ വലിപ്പിലൊരു ഡയറിയും കാണും അതും എടുത്തോ, കൊടുക്കൽ വാങ്ങലിന്റെ കണക്കുമുഴുവൻ അതിലാണ്, ഒന്നും ബാക്കി വയ്ക്കരുത്.” ഇന്ന് അമ്മയുടെ ശബ്ദത്തിനൊരു ഗാംഭീര്യമുണ്ട്. പുലർച്ചെ തുടങ്ങിയതാണ് പറയട്ടെ… ഈ വീടിന്റെ യജമാനത്തിക്ക് പടിയിറങ്ങാൻ ഇനി അൽപ്പസമയം മാത്രം ബാക്കി, പറയാനുള്ളതല്ലാം പറഞ്ഞു തീർക്കട്ടെ. പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കാൻ മാത്രമല്ല അവർക്ക് ആജ്ഞാപിക്കാനും അറിയാമെന്ന് ഇവിടുത്തെ ചുമരുകൾ ഇന്നെങ്കിലും അറിയട്ടെ. ഇനിയൊരവസരം അതിനു ലഭിച്ചെന്ന് വരില്ല. “എട്ടാ, അമ്മ ബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നു, എനിക്ക് പേടിയാവുന്നു.” “അമ്മക്ക് ഒന്നുമില്ല പൊന്നീ, പെട്ടെന്നുണ്ടായ പരിഭ്രമം മാത്രമാണ്. ഒന്നുറങ്ങിയാൽ എല്ലാം ശരിയാവും” ശരിയാവും, പക്ഷേ എവിടെയുറങ്ങും? പൊന്നിയുടെ ദീർഘനിശ്വാസത്തിൽ ഒളിച്ചിരുന്ന ചോദ്യം ഉള്ളിൽ കിടന്നുപിടഞ്ഞു. അന്തിയുറങ്ങാനൊരു വീടില്ലാതാവുകയാണ്. എല്ലാത്തിനും കാരണക്കാരനായ ആൾ ഒരു മുഴം കയറിൽ രക്ഷ കണ്ടെത്തി. ആ മനുഷ്യനിൽ ഒട്ടും പ്രതീക്ഷയില്ലായിരുന്നു, എന്നിരുന്നാലും, ചിലയവസരങ്ങളിൽ കുറ്റപ്പെടുത്താൻ ഒരാളെ കിട്ടുക ഒരാശ്വാസമാണ്.…
ഭയമായിരുന്നോ? അന്ധവിശ്വാസമോ? അതോ ശാസ്ത്രം എവിടെയെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ? അറിയില്ല. ഒന്നുമാത്രം അറിയാം, എനിക്കെന്റെ മോളെ വേണമായിരുന്നു, അവളെ ഞാനൊരുപാട് സ്നേഹിച്ചിരുന്നു. ഇതു വായിക്കുമ്പോൾ നിങ്ങൾ ആലോചിക്കും, ഇതിലിപ്പോൾ എടുത്തു പറയാനെന്തിരിക്കുന്നു, മക്കളെ സ്നേഹിക്കുകയെന്നത് സ്വഭാവികമല്ലേയെന്ന്. അതേ, അങ്ങനെ സ്‌നേഹിക്കുമ്പോൾ അവൾക്ക് അപകടംവരാതെ നോക്കേണ്ടത് എന്റെ കടമയല്ലേ. ഞാൻ അത്രയേ ചെയ്തുള്ളൂ. എന്റെ മകളെ ഞാൻ സംരക്ഷിച്ചു. ആരിൽനിന്ന് എന്നല്ലേ? അവളുടെ അമ്മയിൽനിന്ന്. എവിടെയൊക്കെയോ ചേർച്ചക്കുറവ് അനുഭവപ്പെടുന്നുണ്ടോ? അച്ഛനിൽനിന്ന് മകളെ രക്ഷപെടുത്തുന്ന അമ്മയെമാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂവെങ്കിൽ എന്നെ നിങ്ങൾ അറിയണം, കാണണം, ഈ അച്ഛന് പറയാനുള്ളതു കേൾക്കണം. ഞാനും, എന്റെ അമ്മയും. അതായിരുന്നു എന്റെ കുടുംബം. അച്ഛനെക്കുറിച്ചൊന്നും അറിയില്ല. ഒരിക്കലെപ്പോഴോ അമ്മയോട് ചോദിച്ചപ്പോൾ അമ്മ, നിറഞ്ഞ കണ്ണുകൾ മറയ്ക്കാൻശ്രമിക്കുന്നതു കണ്ടു. പിന്നെയൊരിക്കലും ചോദിച്ചില്ല. അല്ലെങ്കിൽത്തന്നെ റൂട്ട് മാറ്റിയ ബസ്സിന്റെ വിവരങ്ങൾ അറിഞ്ഞിട്ട് എനിക്കെന്തു ഗുണം! പഠനം, ജോലി എന്ന ചട്ടക്കൂടിലൂടെ മനോഹരമായി കടന്നുവന്ന ഞാൻ പിന്നീട് ജീവിതത്തിന്റെ അടുത്ത പടിയിലേക്ക് അനായാസമായി…
അമ്മയോട് നിനക്ക് പറയാരുന്നു… അല്ലെങ്കിലും അമ്മയോട് എന്തെങ്കിലും നീ പറഞ്ഞിട്ട് നാളെത്രയായി. ഇനി അങ്ങോട്ടൊന്നും പറയാൻ വരേണ്ടെന്ന് നീ എന്നോട് പറഞ്ഞ നേരത്ത് നിന്റെ മുഖത്തു മനസ്സിന്റെ ഭാഷ അറിഞ്ഞതുമുതൽ പറയാതിരുന്നതൊക്കെ അമ്മയിനി പറഞ്ഞോട്ടെ എന്റെ മോനോട്…. എല്ലാരും പറയുമായിരുന്നു നീ അമ്മക്കുട്ടിയാണെന്ന്. അമ്മയ്ക്കോർമ്മയുണ്ട്, നിന്റെ ഹൈസ്ക്കൂൾവരെയുള്ള കൂട്ടുകാരെ. അന്നൊക്കെ നീ നന്നായ് പാടുമായിരുന്നു. എന്തേലും കാര്യം സാധിക്കണമെങ്കിൽ അമ്മമനസ്സ് തങ്കമനസ്സ്.. ന്ന് പാടി അമ്മേടെ താടിയിൽ പിടിച്ചു വലിക്കുമായിരുന്നു നീ. അതുപോലെ അമ്മേന്ന് വിളിച്ച് താടിയിൽ ഒന്ന് തൊടെടാ. ഒറ്റത്തവണ മതി ഒരൊറ്റ തവണ. കണ്ണാ… “അമ്മേ അമ്മേ.. കണ്ണ് തുറക്ക് അമ്മേ.” അമ്മൂന്റെ ശബ്ദമാണ്. കണ്ണ് തുറക്കണമെന്നുണ്ട്. പക്ഷേ, കഴിയുന്നില്ല. തൊണ്ട വരണ്ട് പൊട്ടുമെന്ന അവസ്ഥ. അവനും ചിലപ്പോ ഈ അവസ്ഥ കടന്നുപോയിട്ടുണ്ടാവും. അമ്മേ വെള്ളംന്ന് ന്റെ കുട്ടി കരഞ്ഞു വിളിച്ചിട്ടുണ്ടാവും. അവൻ എവിടെയാണിപ്പോൾ. പുതച്ചുമൂടിയ അവനെ വീട്ടിനകത്തേക്ക് കൊണ്ടു വന്നത് ഓർമയുണ്ട്. പിന്നെ എന്താ…
”ഇക്കാലംകൊണ്ട് എന്തുണ്ടാക്കി ? കുറേ വർഷമായല്ലോ എഴുത്തുകാരിയെന്നും, സാമൂഹ്യപ്രവർത്തകയെന്നുമൊക്കെ പറഞ്ഞു നടക്കാൻ തുടങ്ങീട്ട്. അല്ലേലും ഇതൊന്നും പെണ്ണുങ്ങൾക്കു പറഞ്ഞതല്ല.” വനജ അമ്മായിയാണ്. ആഘോഷവേളകളിൽ ആരോടെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞ് ചൊറിഞ്ഞു അലമ്പുണ്ടാക്കുക അവരുടെ പതിവാണ്. കുറേ നാളായി കണ്ടിട്ട്, ഇന്നിപ്പോ നേരിട്ടു കിട്ടിയപ്പോൾ കരുവാക്കി. ഇളയച്ഛന്റെ മകൾ ശാരിയുടെ ഗൃഹപ്രവേശമാണിന്ന്. വരുന്നില്ലെന്ന് പറഞ്ഞപ്പോൾ അമ്മയ്ക്കു സങ്കടം. കുടുംബക്കാർ എല്ലാരും കൂടും. നീമാത്രം മാറിനിൽക്കരുത്. അല്ലെങ്കിൽത്തന്നെ കല്യാണം വേണ്ടെന്നു പറഞ്ഞതിന് വേണ്ടുവോളം കേൾക്കുന്നുണ്ട്. ഇനിയിപ്പോ കൂട്ടത്തിൽ കൂടില്ല എന്നൊരു പേരുദോഷംകൂടെ വേണോ ? കൂടുതൽ പറയാൻ നിന്നാൽ അതൊരു വലിയ വഴക്കാവും, പിന്നെ അമ്മ കരച്ചിൽ തുടങ്ങും. ഒപ്പം പഴമ്പുരാണവും. ഊണെല്ലാം കഴിഞ്ഞ് കുടുംബക്കാർ എല്ലാരുംകൂടെ ഇരിക്കുമ്പോഴാണ് വനജ അമ്മായിയുടെ ചോദ്യം. വേണമെങ്കിൽ കേട്ടില്ലെന്നു നടിക്കാം, പലവട്ടം അങ്ങനെ ചെയ്തിട്ടുമുണ്ട്. പക്ഷേ, ഒതുങ്ങി പോകുന്തോറും ഇവർക്കു സംസാരത്തിൽ കടിഞ്ഞാണില്ലാതെ പോകുന്നു. പലരും അവരുടെ വായയെ പേടിച്ച് അടങ്ങിയിരിക്കുന്നതാണ്. ഇന്നിതിനൊരു തീരുമാനം…
“വഴിയിലൂടെ നടന്നുകൊണ്ടുള്ള നമ്മുടെ സംസാരം ഇനി വേണ്ടാ ശ്യാം.” കോളേജ്ഗേറ്റു കടന്ന് അപ്പോഴവർ പുറത്തേക്കെത്തിയിരുന്നു. ഭാനു തികച്ചും ഒരു നാട്ടിൻപുറത്തുകാരിയുടെ മനോവ്യാപാരം ഒട്ടും മറയില്ലാതെ പുറത്തേക്കിട്ടു. “മ്മ്… മനസ്സിലായി. ഒരു മുറിക്കുളിൽ ഇരുന്നുള്ള ഔപചാരികത ഒഴിവാക്കിയാൽ നന്നെന്ന് പറഞ്ഞിരുന്നല്ലോ അതുകൊണ്ടാണ്. “അന്നതു പറയുമ്പോൾ ഈ കണ്ടുമുട്ടലിന്റെ ഇടവേളകളുടെ ദൈർഘ്യം കുറയുമെന്ന് ആരറിഞ്ഞു” “മം… “ വീണ്ടും ഒന്നു മുളുകയല്ലാതെ പ്രത്യേകിച്ചൊന്നും പറയാൻ ശ്യാമിനുണ്ടായിരുന്നില്ല. എന്നുമവനങ്ങനെയാണ്. അവൾക്കുമുന്നിൽ ഒരു കേൾവിക്കാരനായി ഇരിക്കും. കഥകൾ പറയാൻ ഇഷ്ടമുള്ള അവൾ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കും. നഗരത്തിൽ സ്വന്തമായി ഒരു ക്ലിനിക്കുണ്ട് ശ്യാമിന്. ഭാനു ഒരു പ്രൈവറ്റ് കോളേജിൽ ലെക്ചററായി ജോലിചെയ്യുന്നു. പലപ്പോഴും തമ്മിൽ കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും അടുത്തിടപഴകാൻ തുടങ്ങിയത് ആറുമാസത്തിനിപ്പുറമാണ്. ഓരോന്നിനും സമയം പണ്ടേ നിശ്ചയിച്ചിട്ടുണ്ടെന്നത് എത്ര ശരി. കോഫീഷോപ്പിലെക്ക് നടക്കുമ്പോൾ ഭാനു ഓരോന്ന് ചിന്തിച്ചുകൊണ്ടേയിരുന്നു. കോഫീഷോപ്പിലെ ടേബിളിനിരുപുറവുമിരിക്കുമ്പോൾ പതിവില്ലാത്ത ഒരു മൗനം അവളെ പൊതിഞ്ഞിരിക്കുന്നത് അവൻ ശ്രദ്ധിച്ചു. സത്യത്തിൽ എവിടെവെച്ചോ മുറിഞ്ഞ് പോയേക്കാമായിരുന്ന ജീവിതത്തിന് തുടർച്ച കാണാൻ…
ഈ കഥ ഓഡിയോസ്റ്റോറി ആയി ഇവിടെ കേൾക്കാം 👆 ———————– ഒരു ചെമ്പനീർ പൂവിറുത്തു….. നിലാവിന്റെ ഭംഗി ആസ്വദിച്ചു, പാട്ടിന്റെ മാസ്മിക ലഹരിയിലങ്ങനെ മയങ്ങി കിടക്കുമ്പോൾ പെട്ടന്നാണ് പാട്ടു നിലച്ചത്. നേഹയല്ലാതെ മറ്റാരും പാട്ട് ഓഫാക്കില്ലെന്ന് അറിയാവുന്നതുകൊണ്ട് നെൽസൺ കണ്ണടച്ചുകൊണ്ടുതന്നെ അവളോടു ചോദിച്ചു… ”എടി നീയെന്തിനാ പാട്ട് നിർത്തിയെ?” ”അപ്പാക്ക് എങ്ങനെ മനസ്സിലായി ഞാനാ പാട്ടുനിർത്തിയതെന്ന് ?” ”നീയും മമ്മയുമല്ലേ ഇവിടെയുള്ളൂ, നിന്റെ മമ്മ അങ്ങനെ ഒരിക്കലും ചെയ്യില്ലെന്നെനിക്കറിയാം.” ”ഹോ, നിങ്ങടെ ഒടുക്കത്തെ അണ്ടർസ്റ്റാൻന്റിങ് കാണുമ്പോൾ അസൂയ തോന്നുന്നു.” ”അപ്പനെയും അമ്മയെയും നോക്കി അസൂയപ്പെടുന്നോടീ ദുഷ്ടേ നീ.” ”മമ്മയെ സ്നേഹിച്ചോ വേണ്ടെന്നല്ല, പക്ഷെ ഞാൻ കഴിഞ്ഞുമതി ഭാര്യ, ഞാനല്ലേ അപ്പാടെ പൊന്നുമോൾ, അപ്പാടെ ചോര.” ”ഇത് വല്ലാത്ത അസുയ ആണല്ലോ എന്റെ പൊന്നുമോളെ.” ”മനസ്സിലായല്ലോ, എനിക്ക് അപ്പ കഴിഞ്ഞേ വേറെ എന്തുമുള്ളൂ.” ”അതിനുള്ള തെറി നിന്റെ മമ്മേടെ കൈയിൽനിന്നു ഞാൻ ദിവസവും കേൾക്കുന്നുണ്ടല്ലോ!ഞാനാണ് നിന്നെ വഷളാക്കിയതെന്ന്.” ”അതു വിട് അപ്പാ, എനിക്കുറക്കം വരുന്നില്ല…
ഇടത്തേ കൈക്കൊരു ബലക്കുറവുണ്ടോ, ചെണ്ടപ്പുറത്ത് വീഴുന്ന കോലിനൊരു പതർച്ചപോലെ… ഒന്നൂടെ ശ്രദ്ധിച്ചു, തോന്നലല്ല. ഒരു ചെറിയ ബലക്കുറവ് തോന്നുന്നുണ്ട്. കൃഷ്ണൻ മാരാർ കൈകളിലേക്ക് തന്റെ സർവ്വശക്തിയും ആവാഹിച്ച് ആഞ്ഞടിക്കാൻ ശ്രമിച്ചു. എന്നാൽ പ്രമാണം നിൽക്കുന്ന ഹരിയുടെ പെട്ടെന്നുള്ള തലയുർത്തി തന്റെനേർക്കുള്ള നോട്ടം തന്റെ താളം മേളവുമായി ലയമാകുന്നില്ല എന്നുള്ളതിനുള്ള താക്കീതാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. കഴിഞ്ഞ ആഴ്ച കാവിലെ കൊടിയെറ്റത്തിന്റെയന്ന് ഇതുപോലെ താളം ഒന്നു പിഴച്ചപ്പോൾ ഹരി ഉപദേശത്തിന്റെ രൂപത്തിൽ അതു പറഞ്ഞിരുന്നു. ഇടക്കൊരു ക്ഷീണം തോന്നുന്നുണ്ടെന്നു അവനോട് താനും സൂചിപ്പിച്ചിരുന്നു. അവൻ തന്റെ ശിഷ്യനാണ്, പക്ഷേ ഇന്ന് താൻ അവന്റെ കീഴിലാണ് പണിയെടുക്കുന്നത്. കലയെവ്യാപാരമാക്കാൻ അറിയാത്തവൻ എന്നും തൊഴിലാളിയായിരിക്കും. അവനൊരിക്കലും മുതലാളിയാകാൻ കഴിയില്ല. ദേവന്റേയും ദേവിയുടെയും സന്തോഷം. അതിനാണ് മേളം. അവിടെ കണക്കു പറയാൻ പാടില്ല, തരുന്ന ദക്ഷിണ വാങ്ങി തൃപ്തരായി മടങ്ങുക. ഗുരുക്കന്മാർ ചൊല്ലിത്തന്ന പാഠങ്ങളിൽ ഇതും ഉൾപ്പെട്ടിരുന്നു. ഒന്നും ഒന്നിനും തികയില്ല എന്നറിഞ്ഞിട്ടും ആരും എവിടേയും പരാതിപ്പെട്ടില്ല. മേളക്കാരന്റെ…
സുശീല ഇനിയില്ല! ആ യാഥാർത്ഥ്യത്തോടു പൊരുത്തപെടാനാവാതെ മനസ്സ് ഇരുട്ടിന്റെ ഉള്ളാഴങ്ങളിലേക്ക് ശേഖരൻ കൂപ്പുകുത്തിവീണു. . ഒന്നിരിക്കാനായി കട്ടിലിനരു കിലേക്ക് നടക്കവേ കാലുകൾ ഇടറുന്നത് അയാളറിഞ്ഞു. ആരൊക്കെയോ ചേർന്ന്ട്ടി ശേഖരനെ പിടിച്ചു കട്ടിലിരുത്തി. ഭാര്യയുടെ മരവിപ്പുറങ്ങുന്ന മേനി വീട്ടിലെ സ്വീകരണമുറിയിൽ, എരിയുന്ന സാമ്പ്രാണികൾക്കു മുന്നിൽ കിടത്തിയിരിക്കുന്നത് കാണാൻ ശേഷിയില്ലാതെ അയാൾ അകത്തെ മുറിയിൽത്തന്നെ കൂനിക്കൂടിയിരുന്നു. അയാൾക്കുചുറ്റും പടർന്ന സാമ്പ്രാണിത്തിരിയുടെ ഗന്ധത്തിനൊപ്പം സുശീലമാത്രം അയാളിൽ വ്യക്തമായി നിറഞ്ഞുനിന്നു. മുമ്പ് പലതവണ ഭാര്യ ആവർത്തിച്ചു പറഞ്ഞ കാര്യമപ്പോൾ അയാളുടെ ചെവിയിൽ മുഴങ്ങി. “ശേഖരേട്ടാ,അവൻ സ്നേഹമുള്ളവനാണ്. നമ്മുടെ മക്കളിൽ ബന്ധങ്ങൾക്ക് വില കല്പിക്കുന്നത് അവൻ മാത്രമാണ്. ഇനിയും നിങ്ങളവനെ വെറുക്കരുത്, അവനെ ‘അവനായി’ തന്നെ കാണണം.” ഇടയ്ക്കിടെ ആരൊക്കെയോ മുറിയിലേക്കു കയറിവന്ന് ശേഖരന്റെ അടുത്തിരുന്ന് സാന്ത്വനമെന്നോണം അയാളുടെ കൈയിൽ മുറുകെപ്പിടിച്ചു. അയാൾ ആരെയും കണ്ടില്ല. ഭാര്യയുടെ മുഖം അയാളിൽ തറഞ്ഞു നിന്നു. ഒപ്പം അവന്റെയും…. മരണമറിഞ്ഞെത്തി പുറത്ത് കൂടിനിൽക്കുന്ന ചിലർ കുഞ്ഞുമോന്റെ കാര്യം ചർച്ച ചെയ്യുന്നത് ഇടയ്ക്കെപ്പോളോ…