Part 2. അവസാനഭാഗം
എന്നെ കണ്ടാൽ മിണ്ടല്ലേ’ എന്ന ആപ്തവാക്യം ജീവിതചര്യയാക്കിയ ലിനിയുടെ ജീവിതം പദ്യപാരായണത്തിൻ്റെ വഴിയിലേക്ക് ടീച്ചർ എത്രപ്പെട്ടെന്നാണ് തിരിച്ച് വിട്ടത്!!! വായിക്കുന്നതൊന്നും തെറ്റുന്നില്ലെങ്കിലും ആ ശരബെഞ്ചിലെ ഇരിപ്പ് തന്നെ ഇഞ്ചിഞ്ചായി കൊല്ലുന്ന പോലവൾക്ക് തോന്നി.
പക്ഷെ, റീനയ്ക്ക് അവളോട് വലിയ സ്നേഹമായിരുന്നു. അധികം സംസാരിക്കാത്ത റീന അവളോട് മാത്രം കുറെ വർത്തമാനം പറയും. ഒരു ദിവസം മലയാളം ക്ലാസ്സിൽ നായികയുടെ ചുണ്ടുകൾ വർണ്ണിക്കുന്ന ഭാഗം എടുത്ത് കഴിഞ്ഞപ്പോൾ റീനയെ ഒന്നു സന്തോഷിപ്പിക്കാൻ അവളോട്,
“നിൻ്റെ ചുണ്ടും അതിലെ നായികയെപ്പോലെ നല്ല ഭംഗിയാണല്ലോ”
എന്നൊന്ന് ലിനി പറഞ്ഞു പോയി.
“ഇനി മേലാൽ എന്നോട് അങ്ങനെയൊന്നും പറയരുത്” എന്ന് അവള് ലിനിയുടെ മുഖത്ത് നോക്കി പറഞ്ഞു.
” എന്ത്!! ഞാനൊരു നല്ല കാര്യം പറഞ്ഞതല്ലേ. പ്രശംസ ഇഷ്ടമില്ലാത്ത പെൺക്കുട്ടികളോ!!”
പിന്നെയാണ് ലിനിയാ സത്യം മനസ്സിലാക്കിയത്, റീന ഓർമവെച്ച കാലം മുതൽ കന്യാസ്ത്രീ ആവാൻ കൊതിച്ചു ജീവിക്കുന്നവളാണ്.
“എൻറെ കർത്താവേ, അവിടുത്തെ മണവാട്ടി ആവാൻ മാത്രം ജനിച്ചവളോട് ഞാൻ എന്തെങ്കിലും തെറ്റായി പറഞ്ഞു പോയിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണേ”. ലിനിയപ്പോ തന്നെ ഏറ്റുപറഞ്ഞു.
അതിനുശേഷം അവളോട് ഒരു ബഹുമാനം കലർന്ന സ്നേഹമായിരുന്നു ലിനിയുൾപെടെ എല്ലാർക്കും. അവളെ കമൻ്റടിക്കാണോ സിനിമാപ്പാട്ട് പാടാനോ ഇരട്ടപ്പേര് വിളിക്കാനോ എന്തിന് അവളുടെ അടുത്തിരുന്നു ഞായറാഴ്ചത്തെ സിനിമാക്കഥ പറയാൻ പോലും ആർക്കും ധൈര്യം വന്നില്ല. അങ്ങനെ റീനയെന്ന കൊച്ചു മാലാഖയ്ക്കരികിൽ ലിനിയുടേ സ്കൂൾ ജീവിതം ഒന്നു പച്ചപിടിക്കാൻ തുടങ്ങിയപ്പോഴതാ അടുത്ത പ്രശ്നം.
മലയാളം ടീച്ചർക്ക് പുറമേ കണക്ക് സാറും ലിനിയെ വിളിച്ച് ബോർഡിൽ കണക്ക് ചെയ്യിപ്പിക്കാൻ തുടങ്ങി. അല്ലെങ്കിലും ആദ്യ ബെഞ്ചിൽ അറ്റത്തിരിക്കുന്നവരും ബസിൽ വാതിലിനരികിൽ ഇരിക്കുന്നവരും എപ്പോ വേണമെങ്കിലും എഴുന്നേൽക്കാൻ തയ്യാറായിരിക്കണം എന്നാണല്ലോ. അതും പോരാഞ്ഞ് തൊട്ടപ്പുറത്തുള്ള ഹെഡ്മിസ്ട്രസിൻ്റെ മുറിയിലേക്കും ഓരോ കാര്യത്തിന് പറഞ്ഞയക്കാനും തുടങ്ങി. ഇതിങ്ങനെ മുന്നോട്ട് പോയാൽ ശരിയാവില്ല. ആമത്തോടിനുള്ളിലെ തൻ്റെ സ്വത്ത്വം നഷ്ടപ്പെടുത്തിക്കൂടാ. എങ്ങനെയും പുറകിലെ ബെഞ്ചിലെ കൂട്ടിൽ ചേക്കേറിയേ തീരൂ. അവളൊരു അവസരത്തിനായി കാത്തിരുന്നു.
ഒരു ദിവസം ക്ലാസിലെത്തിയ ലിനിയെ വരവേറ്റത് മലയാളം ടീച്ചർ ട്രാൻസ്ഫറായി, ഇന്ന് മുതൽ പുതിയ ടീച്ചർ ആയിരിക്കും എന്ന വാർത്തയാണ്. കിട്ടിയ അവസരത്തിൽ അപ്പോ തന്നെ ലിനി തൻ്റെ പുസ്തകങ്ങളുമായി പുറകിലെ ബെഞ്ചിലേക്ക് പാഞ്ഞു, കൂട്ടുകാരികളുടെ നടുവിൽ ഇരിപ്പായി.
ആദ്യത്തെ രണ്ടു പിരീഡ് കൂട്ടുകാരികളുടെ ഇടത്തെയും വലത്തേയും ചെവികളിൽ മാറിമാറി വിശേഷങ്ങൾ പങ്കുവെച്ചും ശെരി ഉത്തരങ്ങൾ പറഞ്ഞും പെട്ടെന്ന് തീർന്നു. ഇൻ്റർവെൽ സമയത്ത് മുന്നിലെ ബഞ്ചിൽ നിന്ന് ഒരു കുട്ടി വന്ന്,
“താനിവടെ ചിരിച്ചോണ്ടിരുന്നോ!! അവിടെ ആ റീന കരച്ചിലോട് കരച്ചിലാ. ആരു പറഞ്ഞിട്ടും കേൾക്കുന്നില്ല!!” എന്ന്…
ചെന്നപ്പോഴതാ റീന ബെഞ്ചിൽ തല താഴ്ത്തി കിടന്ന് നല്ല കരച്ചിലാണ്. അവളുടെ റോസാപ്പൂ മുഖം കരഞ്ഞു കരഞ്ഞു ചെറിപ്പഴം പോലെയായിട്ടുണ്ട്. ലിനി വിളിച്ചിട്ടും അവൾ എഴുന്നേൽക്കുന്നില്ല.
കുറെ ചോദിച്ചിട്ടോടുവിൽ “എന്നോട് പറയാതെ എന്തിനാ ഇവിടുന്ന് പോയി കളഞ്ഞത്.” എന്നവൾ ഏങ്ങി ഏങ്ങി കരഞ്ഞു പറഞ്ഞു.
സത്യത്തിൽ ഇത്തവണ ലിനി ശെരിക്കും ഞെട്ടി.
“ഈ കൊച്ചെന്നെ ഇത്രയ്ക്ക് സ്നേഹിച്ചിരുന്നോ!!”
അവൾക്ക് അൽഭുതമായി. എല്ലാത്തിനോടും നിസംഗഭാവം കാട്ടിയ കുട്ടിയല്ലേ.
“സോറി, പുതിയ ടീച്ചർ വരുന്നതിന് മുന്നേ പെട്ടെന്ന് പോയത് കൊണ്ടല്ലേ”
എന്നൊക്കെ പറഞ്ഞൊപ്പിച്ചിട്ടും,
“ഇനി എന്നോട് മിണ്ടണ്ട”
എന്നവൾ തറപ്പിച്ച് പറഞ്ഞു.
പിന്നീട് പലപ്പോഴും ആ പിണക്കം മാറ്റാൻ ലിനി ശ്രമിച്ചെങ്കിലും ഒരിക്കലും അവൾ മിണ്ടിയില്ല. പത്താം ക്ലാസ് പരീക്ഷ കഴിയുന്നതുവരെ നെഞ്ചിലൊരു ഭാരമായി ആ കൂട്ടുകാരിയെ ലിനി കൊണ്ട് നടന്നു. പരീക്ഷയ്ക്ക് ശേഷം പിന്നെ അവളെ കണ്ടിട്ടേയില്ല. റിസൾട്ട് വന്നു കൂട്ടുകാരെല്ലാം വീണ്ടും സ്കൂളിൽ ഒത്തുചേർന്നപ്പൊഴും അതിലവളില്ല. അവൾ മഠത്തിൽ ചേരാൻ പോയി എന്ന് ആരോ പറഞ്ഞു കേട്ടു. ലിനിയുടെ സ്കൂൾ കാല ഓർമകളുടെ പളുങ്കുപാത്രത്തിലവളൊരു മായാത്ത വിള്ളലായി.
കൂട്ടുകാരെല്ലാം പലവഴി പിരിഞ്ഞു പോയി. ആമ തോടിൽ നിന്ന് ലിനിയേ രക്ഷിക്കാൻ വന്നവരൊക്കെയും നിരാശരായി.
തൊടില്ലാതെ ആമയ്‌ക്കൊരു ജീവിതമുണ്ടോ!!.
ജീവിതയാത്രയിൽ മുന്നോട്ട് പോകുന്തോറും തോടിന് കട്ടി കൂടിയതല്ലാതെ അവളതിൽ നിന്ന് പുറത്തേക്ക് വന്നതേയില്ല…
പഠനം കഴിഞ്ഞ് ജോലിയായി, വിവാഹമായി, ആദ്യത്തെ കുട്ടിയായി. രണ്ടാമത്തെ പ്രസവത്തിനായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന സമയം. ലേബർ റൂമിൽ വേദന കാത്തു കാത്ത് അതുവരെ സംഭരിച്ച ധൈര്യം എല്ലാം ലിനിക്ക് ചോർന്നു തുടങ്ങിയിരുന്നു. ആദ്യത്തെ പ്രസവത്തിലെ പോലെ സുഖകരമല്ലാത്ത സുഖപ്രസവം പ്രതീക്ഷിച്ച ലിനിയുടെ ചെവിയിലേക്ക് അത്ര സുഖകരമല്ലാത്ത കാര്യങ്ങൾ എത്തി തുടങ്ങി. അല്പം കൂടി കഴിഞ്ഞാൽ സിസേറിയൻ ചെയ്യേണ്ടി വന്നേക്കും.
അനസ്തീഷ്യോളജിസ്റിനെയും ബ്ലഡ് ഡോണറെയും തയ്യാറാക്കാൻ നിർദേശം വന്നു. വേദനയൊന്നും ഇല്ലാതെ തന്നെ അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി. ആരൊക്കെ ശ്രമിച്ചിട്ടും കരച്ചിൽ നിർത്താൻ പറ്റുന്നില്ല.
“ബി പി കൂടുന്നുണ്ട്, കരയാതിരിക്കൂ” എന്നൊക്കെ നഴ്സുമാർ ആവുന്നത്ര പറഞ്ഞു നോക്കി. കണ്ണുനീർ ചാലുകൾ നിലയ്ക്കാതെ ഒഴുകിക്കൊണ്ടിരുന്നു. ലേബർ റൂമിന് പുറത്ത് അമ്മയും ഭർത്താവും ഒക്കെയുണ്ട്. എന്നാലും ഒന്നാശ്വസിപ്പിക്കാൻ ഇവിടെ അടുത്ത് വേണ്ടപ്പെട്ടവരാരും ഇല്ലാതെ പോയല്ലോ..
അവൾക്ക് കരച്ചിൽ നിയന്ത്രിക്കാനായില്ല. അപ്പോഴാണ് അവിടേക്ക് ഡ്യൂട്ടി മാറി വന്ന രണ്ട് കന്യാസ്ത്രീ നഴ്സുമാർ കൂടി വന്നത്. ഒരൽപം പ്രായമായ കന്യാസ്ത്രീയും കൂടെ ചെറുപ്പക്കാരിയായ ഒരു കന്യാസ്ത്രീയും, സിസ്റ്റർ ട്രീസയും സിസ്റ്റർ ആൽഫോൻസയും. സന്ധ്യാപ്രാർത്ഥന കഴിഞ്ഞു വന്ന അവർ ലിനിയെ പരിചയപ്പെട്ടു. പേരും വീടും നാടും പഠിച്ച സ്കൂളും എല്ലാം ചോദിച്ചറിഞ്ഞ ശേഷം സിസ്റ്റർ അൽഫോൻസാ പതിയെ അവളുടെ മുടിയിഴകളിലും കൈകളിലും തടവിക്കൊണ്ട് പറഞ്ഞു.
“എന്നെ ഓർമ്മയുണ്ടോ?? നമ്മൾ പത്തിൽ ഒന്നിച്ച് പഠിച്ചതാ. തൻ്റെ അടുത്തിരുന്ന റിനി”
“അപ്പോ ആൽഫോൻസയോ?”
ലിനി അറിയാതെ വാ പൊളിച്ച് പോയി!!
“അത് നിത്യവൃതവാഗ്ദാന സമയത്ത് സ്വീകരിച്ച പേരാ.”
ആ തിരിച്ചറിവിൻ്റെ നിമിഷത്തിൽ കണ്ണുനീർ ചാലുകളൊക്കെ പെട്ടെന്ന് വറ്റിപ്പോയി.
ആ പഴയ കുഞ്ഞു മാലാഖയുടെ സാമീപ്യം അവൾക്കൊരു ആശ്വാസമായി തുടങ്ങി. പിന്നീടങ്ങോട്ട് കുഞ്ഞിനെ കയ്യിൽ ഏറ്റുവാങ്ങുന്നത് വരെ സിസ്റ്റർ കൂടെ തന്നെ ഉണ്ടായിരുന്നു. തന്നോടുള്ള പിണക്കം ഒക്കെ മാറിയോ എന്ന് ലിനി ചോദിച്ചതേയില്ല. ഇതുപോലൊരു സമയത്ത് വീണ്ടും യാദൃശ്ചികമായി കണ്ടുമുട്ടാനാകും ദൈവം അവരെ പിരിച്ചത്.
കുഞ്ഞുമായി അടുത്ത ചെക്കപ്പിന് വന്നപ്പോഴും ലിനി അൽഫോൻസാ സിസ്റ്ററെ കണ്ടു. തൻ്റെ ചെറിയ ജീവിതത്തിൽ ഒതുങ്ങി പോകരുതെന്ന് സിസ്റ്റർ അവളോട് പറഞ്ഞു. ഈ കൂടിച്ചേരൽ ദൈവനിയോഗമാണ്. ഒരുപാട് കഴിവുകളുള്ള ആളാണ് നീ.. ജീവിതത്തിൽ ഇനിയും ഒരുപാട് മുന്നോട്ട് പോകണം എന്ന് പറഞ്ഞു സിസ്റ്റർ നടന്നകന്നു…
തോടിനുള്ളിൽ പിറന്നു, അതിനുള്ളിൽ ജീവിച്ച്, തോടോട് കൂടി ചത്തു പോകേണ്ട ആമയല്ല താൻ എന്നവൾക്കു പതിയെ പതിയെ തോന്നാൻ തുടങ്ങി. ഒരു ചുവട്, ആദ്യത്തെ ഒരു പടി കരുത്താർജ്ജിച്ച് കയറിയാൽ മതി പിന്നീട് ആത്മവിശ്വാസത്തോടെ ഓടിക്കയറി മുകളിലെത്താം എന്ന് ഇന്നത്തെ ലിനിക്ക് നന്നായറിയാം.
താനാരാണെന്ന് തിരിച്ചറിയാതെ പവിഴക്കൂട്ടിൽ പുഴുവായ് ഉറങ്ങിയ ഒരു ശലഭത്തിൻ്റെ കഥ തന്നെ ആയിക്കോട്ടെ “സഹൃദയ പെൺകൂട്ടിൽ” ഈ ആഴ്ച..

പുറത്ത് ഇരുട്ട് പരന്നിരുന്നു. വേഗം കട പൂട്ടി ഇറങ്ങുന്നതിന് മുമ്പ് ഡെസ്കിലെ നോട്ട്പാടിൽ കഥയുടെ ശീർഷകം ലിനി കുറിച്ച് വച്ചു.
“ചിറകടിയൊച്ചകൾ”…..
# തിരിച്ചറിവ്


14 Comments
ഒന്നാം തരം രചന . മനസ്സിന് സന്തോഷം പകർന്ന വായന സ്നേഹം ഇലക്ട👌👌👏👏❤️❤️
വളരെ ഇഷ്ടമായി Electa മോളെ. നല്ല ഭാഷാപ്രയോഗം. ഇനി ഉയരങ്ങളെ ഉള്ളൂ കീഴടക്കാൻ. തോടിനി ചിറകാവട്ടെ. ആശംസകൾ ❤️
Thank you ♥️ ♥️🙏
നല്ല രചന👌
ചിത്രശലഭമായി പറന്നുയരട്ടെ!
Thank you..♥️♥️🙏
ആമത്തോട് വേണ്ട, പ്യൂപ്പയിൽ നിന്ന് പുറത്തു കടന്ന് ഒരു ചിത്രശലഭമായ് പറന്നുയരാൻ കഴിയട്ടെ. എഴുത്ത് ഇഷ്ടമായി.👌 അഭിനന്ദനങ്ങൾ 👍
Thank you…
ആമത്തോടിലേക്കും പ്യൂപ്പയിലേക്കും ഇനിയൊരിക്കലും തിരിച്ചു പോകരുത്.
മനോഹരമായ എഴുത്ത്.
എഴുതിക്കൊണ്ടേയിരിക്കൂ♥️👌🌹
Thank you 🌹🌹
മനോഹര മായ എഴുത്ത്.. ഒരു പാട് ഉയരങ്ങളിൽ പാറി പറന്നു ഉല്ലസിക്കൂ.. 😘🥰💗
Thank you 😊🙏♥️
അടിപൊളി. ആ തോടിനി അവിടെക്കിടക്കട്ടെ. കുട്ടി ഇനി സഹൃദയ പെൺകൂട്ടിൽ അർമാദിച്ചാട്ടെ 👌👌👌
😄♥️♥️🙏
Pingback: ചിറകടിയൊച്ചകൾ Part 1 - By Electa Joeboy - കൂട്ടക്ഷരങ്ങൾ