മത്സരിക്കാനോ ഞാനില്ല
മാനവാ മത്സരിച്ചു പഴക്കമെനിക്കില്ല
മത്സരിച്ചു നേടിയതൊന്നുമേയെന്റെ
കൈയിലിരിപ്പതുമില്ലില്ല.
മത്സരം തന്നെയല്ലേയീ ലോകത്ത്
നേടുവാനായുള്ളൊരു മത്സരം.
നേട്ടമോ കൈയിലാക്കാനായിന്നിതാ
വേട്ടയാടിടുന്നു രാഷ്ട്രങ്ങൾ.
വേട്ടയാടപ്പെടുന്നതോ പാവം
നിസ്സഹായത പേറുന്ന ജന്മങ്ങൾ
സ്വല്പനേരം നീ നിന്നെയങ്ങോർത്തിടൂ,
ഓട്ടമോടുന്നതല്പം നിറുത്തിടൂ
ഒട്ടു ശ്വാസം നന്നായെടുത്തിടൂ,
അല്പനേരം നിന്നുള്ളു കുളിർക്കട്ടെ.
നിത്യയാത്രയ്ക്ക്
പോകാനൊരുങ്ങുമ്പോൾ
കെട്ടു ഭാണ്ഡം നീ നന്നായൊരുക്കണേ
മത്സരിച്ചു നീ നേടിയതെല്ലാമേ
നഷ്ടമാകാതെ കൊണ്ടങ്ങു പോകണേ.
