വയ്യായ്കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല. ആരെ നീ വല്ലാണ്ടങ്ങിഷ്ടപ്പെടുന്നുവോ അവരൊക്കെയെത്തുന്നതാതുരാലയങ്ങളിൽ. നിനക്കാണേലൊരുനാളും പ്രായമേറുന്നില്ല. നിത്യയൗവ്വനത്തിൽ നിറഞ്ഞാടി നിൽപ്പൂ നീ. നിലവിളിയെന്തേ നിൻ ഭക്ഷണമാണോ? നിണമാണോ നിന്റെ ദാഹജലം ചൊല്ലൂ. ആർത്തനാദം നിന്റെ സംഗീതമാണോ. ആർത്തിയോടെ ശരീരമെരിയ്ക്കുന്ന അഗ്നിനാളങ്ങൾ തൻ അടവുകളാണോ നിന്റെ നൃത്താസ്വാദനത്തിന്റെയാധാരം. ക രിയുന്ന മാംസത്തിൻ ചൊരുക്കുന്ന ഗന്ധം അതുതന്നെയാണോ നിന്നകത്തളത്തിൻ സുഗന്ധം. അവസാന വാക്കായ മരണത്തിലേക്കുള്ള ശരിയായ പാത അതാണു നീയല്ലേ.
Author: Maya Devi
പ്രിയപ്പെട്ട വിമർശകാ താങ്കളോട് രണ്ടു വാക്ക്. താങ്കളെപ്പറ്റിത്തന്നെയാകുമ്പോൾ അതിഭാവുകത്വം വേണ്ട. താങ്കൾക്ക് അറിവുണ്ട് നിർഭാഗ്യകരമെന്നു പറയട്ടെ ആ അറിവിനെ അധികരിയ്ക്കുന്ന അഹങ്കാരവുമുണ്ട്. മഹാനുഭാവാ അറിവ് പകർന്നു നൽകുവാനുള്ളതാണ്. അങ്ങനെയല്ലെങ്കിൽ അതുകൊണ്ട് എന്താണുപയോഗം. കുടത്തിനുള്ളിലെ ദീപം പോലെ. താങ്കളെ സമീപിക്കുന്നവർ താങ്കളുടെ വിമർശനമേറ്റ് താങ്കളെ വിട്ടുപോയ ചരിത്രമാണെന്ന് വീരസ്യം വിളമ്പുമ്പോൾ അവിടുന്ന് ഓർത്തുനോക്കിയിട്ടുണ്ടോ അതെന്തുകൊണ്ടാണെന്ന്. താങ്കളവരെ വിമർശിക്കുകയല്ല അവരെ പരീക്ഷിക്കുകയാണ് ചെയ്യുന്നത്. പരിഹാസമാകുന്ന വാക്കുകളുടെ കൂർത്ത മുനയാൽ അവരുടെ ഹൃദയം കുത്തിമുറിയ്ക്കുന്നു. മുറിവേറ്റുവാങ്ങാനൊരുക്കമല്ലാത്തവർ വിട്ടുപോകുന്നു.ഇനിയൊരുപക്ഷം തുടരുന്നുവെങ്കിൽ താങ്കളഹങ്കരിയ്ക്കേണ്ട അതു ബഹുമാനം കൊണ്ടല്ല നിങ്ങളിൽ നിന്നുള്ള വിമർശനങ്ങളെ അവർ സ്വീകരിക്കുന്നുണ്ടാകാം. അടുത്ത സൃഷ്ടിയിലെ അപാകതകൾ പരിഹരിക്കപ്പെടാൻ ആഗ്രഹിക്കുന്നുണ്ടാകും. ഒരമ്മയോട് തന്റെ കുഞ്ഞിന്റെ കുറവുകളെപ്പറ്റി പറയുമ്പോൾ അതിൽ പരിഹാസശരങ്ങളില്ലാതിരിക്കട്ടെ പരിഹാരവചനങ്ങളാകട്ടെ ഉള്ളത്. ഓരോ സൃഷ്ടികർത്താവിനും തന്റെ സൃഷ്ടി ത്വൽ സന്താനം തന്നെ.
മരിച്ച മനസ്സുകളെ കുഴിച്ചു മൂടാനായ് മനോഹരമായ ഖബറൊന്നുണ്ടാക്കണം. പത്നിതന്നോർമ്മയ്ക്ക് ഷാജഹാൻ നിർമ്മിച്ച താജ്മഹലിനെപ്പോലെ മനോഹരമായൊന്ന്. തേങ്ങുന്ന മനസ്സുകളുടെ തേങ്ങലിന്നലയൊലികൾ പുറത്തേയ്ക്കെത്താതിരിയ്ക്കാനായ് ബന്ധിച്ചിടേണം ഖബറിനെ മന്ത്രച്ചരടിനാൽ സസൂകഷ്മം. സ്വപ്നങ്ങളിനിയും കാണാതിരിക്കാനായ് മനോരാജ്യങ്ങളിൽ മടങ്ങാതിരിക്കാനായ് മൂർച്ചയുള്ള വാക്കുകൾ തൻ മുനയാൽ കുത്തിനോവിച്ചുകൊണ്ടേയിരിക്കണം. നൊന്തു പിടഞ്ഞു പിടഞ്ഞവസാനം ഖബറിനുള്ളിലവ നിശബ്ദരാകും സ്വപ്നം കാണാൻ പോലും മറന്ന് സ്വപ്നാടകരെപ്പോലങ്ങു വസിക്കും.
ഒരു പനിനീർപ്പൂവിന്റ പരിമളം പോലെന്റെ കപോലങ്ങൾ ലോലമായ് തഴുകിത്തലോടിക്കടന്നുപോമീ മന്ദമാരുതൻ തന്നുടെയുറവിടമെവിടാകാം. എന്നെ നിനച്ചെന്റെ പ്രിയനിൽനിന്നുതിരുന്നയോരോരോ ശ്വാസനിശ്വാസവുമാകുമോ?. പ്രാണനെപ്പോലെന്നെ പ്രണയിക്കുന്നുണ്ടാകാം. അതാകാമീ നിശ്വാസത്തിനുള്ളം കുളിർപ്പിക്കുമൂഷ്മാവ്. കരളിലോ നിറയെ കനവുകളാകാം അതാകാമീ പരിമളത്തിന്നു നിദാനം.
മൗനത്തിൽ മൂടുപടമണിഞ്ഞിടുന്നു ചിലർ മൂടുപടമതങ്ങു മാറ്റിയാലോ അറിയാതെ തന്നെ വാചാലരായ് മാറിയേക്കാം ഞാനെൻ മൗനത്തിൽ മൂടുപടമഴിച്ചുവെന്നാൽ പണ്ഡിതനല്ല പാണ്ഡിത്യം പ്രസംഗിച്ചിടാനായ്. സുഭാഷിതമോതുവാൻ ഞാൻ പ്രവാചകനുമല്ല. ഒരുപക്ഷേ ഞാനൊരു വിമതനായേയ്ക്കാം. ആർത്തലച്ചു വരും തിരമാലകൾ പാറക്കൂട്ടത്തിലിടിച്ചു ചിതറുന്നതുപോലെൻ വാചാലത കാതുകളെ പ്രഹരിച്ചേയ്ക്കാം. ചില്ലുപാത്രം തറയിലെറിഞ്ഞുടയ്ക്കുന്നയൊച്ചപോലെയതു കാതുകളെ തുളച്ചേയ്ക്കാം. ഉരുകിത്തിളയ്ക്കുന്നയീയം കാതുകളിലൊഴിക്കും പോലെയസ്വസ്ഥമായേക്കാം. കുപ്പിവളകിലുക്കം പോലെയതിനു മാധുര്യമുണ്ടാകില്ല. മൂർച്ചയേറിയ ഈർച്ചവാളിനാലെന്റെ നാവരിഞ്ഞുവീഴ്ത്താനായിരം കൈകൾ മുന്നോട്ടു വന്നേക്കാം. അതിനാൽ ഞാനെന്റെ മൗനത്തിൻ വാല്മീകത്തിൽ തന്നെ അഭിരമിച്ചിടട്ടെ.
ഞാൻ രാഷ്ട്രീയമെഴുതാത്തത്തിനാലാകാം എന്നെ നക്സലൈറ്റെന്നു മുദ്ര കുത്താത്തത്. ഞാൻ മതമെഴുതാത്തതുകൊണ്ടാകാം എന്നെ തീവ്രവാദിയാക്കാത്തത്. ഞാൻ ജാതി എഴുതാത്തതുകൊണ്ടാകാം എന്നെ അടിയാളനാക്കാത്തത്. ഞാൻ പ്രണയവും, വിരഹവും ജീവിതത്തിന്റെ ചവർപ്പും, മധുരവും എഴുതുന്നതുകൊണ്ടാകാം എന്നെ സ്മാർത്ത വിചാരത്തിനു വിധേയനാക്കുന്നത്. എനിയ്ക്കു ശരി എന്നു തോന്നുന്ന കാര്യങ്ങൾ ഉറക്കെ വിളിച്ചു പറയുന്നതാകാം ഞാൻ ഭ്രാന്തനെന്ന ഓമനപ്പേരിന്നുടയവനായത്.
അർഹരല്ലാത്തോർക്കു സ്നേഹം വിളമ്പുവാൻ വ്യഗ്രത കാട്ടുന്ന വിഡ്ഢികളേ നിങ്ങൾ വിഡ്ഢിത്തമങ്ങു തിരിച്ചറിഞ്ഞീടൂ കൊട്ടിയടച്ചിടൂ ഹൃദയത്തിൻ വാതിലുകൾ.
മരണമേ നീയെന്നെ പുൽകുന്ന നേരത്തു കനിവിന്റെ കാണികയല്പം ബാക്കി വയ്ക്കേണമേ. അടച്ചിട്ട മുറിയിൽ ഇരുട്ടിന്റെ മറവിൽ മരുന്നിന്റെ മണത്തിൽ കറുപ്പായി നീയെന്നെ കൂട്ടാൻ വരരുതേ. വെളിച്ചത്തെ എന്നും പ്രണയിച്ചിരുന്ന ഞാൻ, ഈ വെളിച്ചത്തിൻ പ്രഭയിൽ മനുഷ്യൻ പരക്കം പാഞ്ഞീടുമ്പോൾ ആ പാച്ചിലിൻ ഗതിയ്ക്കോ തടസ്സമായീടാതെ ഏകാന്തതയുടെ തോഴിയായിരുന്ന ഞാൻ ഏകയായ്ത്തന്നെ കടന്നു പോകട്ടെ.
എനിയ്ക്കു നല്കാൻ നിന്റെ കൈയിലൊരിയ്ക്കലും വറ്റാത്ത നീരുറവയുണ്ടോ സ്നേഹവും കരുതലും മാത്രം അണപൊട്ടിയോഴുകുന്നയമൂല്യമാമൊരു നീരുറവ.
നടന്നു തീർത്ത വഴികളിലൊക്കെയും നടനവൈഭവമേറിയ മുഖങ്ങൾ. കളങ്കമില്ലാത്ത പുഞ്ചിരി കണ്ടതു ശിശുക്കളാം പൂക്കളിൽ മാത്രം. നടീനടന്മാർ നിറഞ്ഞാടുന്നൊരു നാട്യഗൃഹമോ ഭൂമിയിത്. മനസ്സിനെയാനന്ദിപ്പിക്കാൻ തേടിയ വഴികളൊക്കെയും മനസ്സിനെ നോവിച്ചപ്പോൾ മടുത്തു മനസ്സ് സ്വയം മരണം വരിച്ചു. മരിച്ച മനസ്സുമായ് ജീവിക്കുന്ന ഒരുകൂട്ടം ജീവച്ഛവങ്ങളുടെ കൂടി ഭൂമിയിത്. ആയുസ്സുമൊത്തം പരിചാരികയെപ്പോലെ പരിസേവ ചെയ്തിട്ടും പരാതി തീരാത്ത കുടുംബബന്ധങ്ങളിൽപ്പെട്ട് പരാതി പോലും പറയുവാനാകാതെ പകച്ചു നിൽക്കുന്ന പാവം പതിസേവകരുടെ കൂടി ഭൂമിയിത്.
