മനസ്സേ പൊറുക്കുക നിന്നപരാധി ഞാനിന്ന്. നിന്നാശകളൊന്നുമേ നിറവേറ്റാനാകാത്ത ഹതഭാഗ്യനാണു ഞാൻ. ഇനിയെനിക്കൊരു ജന്മവും വേണ്ട. അതൃപ്തനാമാതമാവിനെ പേറാൻ ദുർബലമാമൊരുടലും വേണ്ട. മെഴുകുതിരിപോലുരുകിത്തീരാൻ ഉറപ്പില്ലാത്തൊരു കരളും വേണ്ട. അടിച്ചമർത്തിയടക്കിപ്പിടിക്കാൻ ചഞ്ചലമാമൊരു മനസ്സും വേണ്ട. അണിഞ്ഞ മുഖംമൂടിയഴിയാതിരിക്കാൻ പുഞ്ചിരി ചൂടുന്ന ചൊടികളും വേണ്ട. പൊയ്മുഖങ്ങളണിഞ്ഞു നിൽക്കുന്നവരെയാനന്ദിപ്പിക്കാൻ ഒരു നാവും വേണ്ട. സ്വയം പ്രകീർത്തിച്ചുയർന്നു പൊങ്ങുന്നവരെ കേട്ടീടാനെനിക്ക്കാതുകളും വേണ്ട. പെയ്തു തോർന്നു തളർന്നു നിൽക്കുന്ന പ്രകാശമറ്റ കണ്ണുകളും വേണ്ട. ചലിച്ചീടാൻ പോലുമനുവാദം കാക്കുന്ന ചങ്ങലയണിഞ്ഞ കാലുകളും വേണ്ട. അഖിലാൺഡകോടി ബ്രഹ്‌മാണ്ഡമടങ്ങിയയീ അനന്തതയിൽ ഞാനലഞ്ഞിടട്ടെ
Author: Maya Devi
കല്ലായിതീർന്നൊരഹല്യയ്ക്ക് പാദസ്പർശനത്താലോ മോക്ഷം നൽകി നീ രാമാ. കല്ലതിൽ നിന്നും പുന :സ്ത്രീയായ് ഭവിച്ചതിൻ ശേഷമഹല്യതൻ കഥയെന്തേ പറഞ്ഞീലാ. ചെയ്യാത്ത തെറ്റിനു ശിക്ഷയോ പേറിയൊരാ തപസ്വിനി തന്നുടെ ശിഷ്ടജീവിതമെന്തായി രുന്നിരിക്കാം. പഞ്ചാഗ്നി മധ്യേ പരിശുദ്ധി തെളിയിച്ച വൈദേഹിക്കു വിധിച്ചത് വനവാസംതന്നെ. തെളിവു നിരത്തി വാദിക്കാനറിയാത്ത പാവമഹല്യതൻ ജീവിതമെന്തായോ. ഭഗവാന്റെ പാദത്താൽ അഹല്യയ്ക്കു കിട്ടിയത് മോക്ഷമോ, മുക്തിയോ അതോ കഷ്ടമേറിയൊരു ശിഷ്ടജീവിതമോ?.
എറിഞ്ഞുകൊടുക്കുമപ്പക്കഷ്ണങ്ങൾ പെറുക്കിയെടുത്തു വിശപ്പടക്കുന്നയനുസരണയുള്ള നായ്ക്കുട്ടിയൊന്ന്. നിനച്ചു നോക്കിയാലെത്രയോ ഭാഗ്യവാൻ എറിഞ്ഞു കൊടുക്കുന്നതെച്ചി ലല്ലല്ലോ. അധ്വാനിക്കാതെ കഴിക്കുന്നവനന്നം ഓരോ അരിയും അപമാനഭാരം. കണക്കുകൾ സൂക്ഷിക്കും ഉടയവനാണുള്ളതേൽ അന്നമിറക്കുന്നയോരോ നേരവും അറിയാതെ തന്നങ്ങു തൊണ്ടയിൽ തടഞ്ഞിടും. അഭിമാനമെന്നത് പൊടിക്കെങ്ങാനുണ്ടേൽ അറിയാതെ തന്നങ്ങു ശ്വാസം വിലങ്ങിടും. നിസ്സഹായതയാൽ ജീവൻ നിലനിർത്താൻ തിന്നുന്നതാണേലും ഉള്ളം മുറിച്ചിടും. ജീവിച്ചിരിക്കേ ജീവച്ഛവമായ് മാറിടും.
ഭാരങ്ങളൊക്കെയിറക്കിയോ വച്ച് ഏകിയ ഭാരങ്ങളൊക്കെ കുറച്ച് ഭാരരഹിതയായ് പോകുന്നിതാ ഞാൻ. കാണുന്നിടത്തെല്ലാം ചോരച്ചുവപ്പ് പേടിപ്പെടുത്തുന്ന ചോരച്ചുവപ്പ് നേട്ടങ്ങൾക്കായ് മാത്രം ജീവിക്കുന്നോർക്കുള്ള കോട്ടയായിന്നിതാ ഭൂമിയോ മാറി സ്നേഹരാഹിത്യമതുള്ളൊരാ ഭൂവിതിൽ സ്നേഹം ലഭിപ്പോരത്രേ ഭാഗ്യവാന്മാർ. ആത്മാഭിമാനമടിയറവയ്ക്കാതെയേറ്റം വിനയമായ് ജീവിപ്പതന്തസ്സ്. ആത്മാർത്ഥമായങ്ങു സ്നേഹിച്ചിടുന്നോരെയാത്മാവിനോടങ്ങു ചേർത്തുപിടിക്കുന്നതാഭിജാത്യം വിളിച്ചോതുന്ന കർമ്മം. ഭാഗീരഥിയ്ക്കു പ്രിയമായ് ഭവിച്ചവർ പാടത്തു പൊന്നു വിളയിച്ചെടുക്കുന്നോർ നമ്മുടെ പ്രാണനെ നിലനിർത്താൻ പണിയെടുക്കുന്നവർ അവരെയെന്നെന്നും അന്നദാതാവായിക്കണ്ട് ബഹുമാനം നൽകാൻ മറക്കരുതേയാരും.
മണ്ണിൽ പിറന്നു വീഴുന്നു കടക്കാരായ്. ഭ്രൂണമായ് മാറുവാൻ അച്ഛനാദ്യകടം. മജ്ജയും, മാംസവും രക്തവും നൽകിയുരുവാക്കിയെടുത്തൊരമ്മയ്ക്കുമേ കടം. ആയുസ്സിൽ പാതിയും വിയർപ്പങ്ങൊഴുക്കി വളർത്തിയെടുത്തതിന്നു വീണ്ടുമവർക്കുകടം. വിദ്യയതു വിളമ്പിയീ ജീവന്നെയേറ്റം സ്വാദിഷ്ട മാക്കിയയോരോ ഗുരുക്കൾക്കും വീണ്ടും കടക്കാരായ് മാറുന്നു നമ്മൾ. പാതിവഴിയിൽ പാതിയായ് വന്നവർക്കാകുന്നു പിന്നെ കടക്കാരായ് മാറുന്നെ. ജന്മം കൊടുത്തീടും മക്കളും പിന്നീട് കണക്കു സൂക്ഷിക്കും കടക്കാരായ് മാറുന്നു. അനുതാപപൂർവ്വം ഭാരം ചുമക്കുന്ന ഭൂമി മാതാവിനും കടക്കാരു തന്നെ. കടബാധ്യതയൊന്നും തീർക്കുവാനാകാതെ കടക്കാരായ് തന്നൊടുവിൽ വിടയതും ചൊല്ലുന്നു.
തിരികെ മടങ്ങാനൊരുങ്ങുന്ന എന്നെ പുറകെ വിളിക്കാനൊരുങ്ങേണ്ടയാരും പുറം തിരിഞ്ഞങ്ങു ഞാൻ നോക്കില്ലൊരിയ്ക്കലും പുറപ്പെടാനായൊരുങ്ങിക്കഴിഞ്ഞു ഞാൻ. പുറമേ ചിരിക്കും മുഖം മൂടിയണിയേണ്ട, അകമേ അമർഷത്തിൻ ഭാരവും പേറേണ്ട. അഴലിന്റെയാഴമനുഭവിച്ചനുഭവിച്ച ഴകിന്റെ ദേവതയായിന്നു മാറി ഞാൻ. അഴലെനിക്കേകിയ അഭിജ്ഞങ്ങളറിഞ്ഞിടൂ. പുഞ്ചിരി മായാത്തചെഞ്ചോടികൾ തന്നു. കരുണ തൻ കടലുള്ള കണ്ണുകളും തന്നു. സ്നേഹത്തിന്നുറവ തുറന്നിങ്ങു തന്നെന്റെ ഹൃദയത്തിന്നാഴത്തിൽ നിന്നുമെന്നഴലുകൾ.
ഉത്തരമില്ലാതൊരായിരം ചോദ്യങ്ങൾ ചിത്തത്തിൽ പേറി നടക്കുന്നു ഞാനിതാ. ഒട്ടു വരക്കാൻ കഴിവതുണ്ടാരുന്നേൽ ചിത്രങ്ങളായങ്ങു കോറിയിട്ടേനെ ഞാൻ. പരിചിതമാം മുഖങ്ങൾക്കിടയിലപരിചിതയായ് കഴിയുന്ന നൊമ്പരം അനുഭവിച്ചങ്ങറിഞ്ഞാലേ തിരിയുള്ളൂ. പറഞ്ഞാലതു വെറും വാമൊഴി മാത്രം.
കൂട്ടത്തിലായൊരു യാത്രയ്ക്കു പോകണം. കൂട്ടരുമൊത്തങ്ങ് ആടണം പാടണം. കാട്ടിന്നടുത്തങ്ങ് എത്തുന്ന നേരത്ത് മനപ്പൂർവമായങ്ങു കൂട്ടം തെറ്റീടണം. ഏകയായ് കാടിന്റെയുള്ളാകെ ചുറ്റണം. കാടിന്റെ സംഗീതം കാതോർത്തു കേൾക്കണം. കാട്ടുതേനും കനികളും കഴിക്കണം. കാട്ടുമൃഗങ്ങൾക്കലോസരമാകാതെ കാലൊച്ച പോലും കേൾപ്പിച്ചീടാതെ പാദുകം രണ്ടിനും വിശ്രമമേകി നഗ്നപാദയായ്തന്നങ്ങു പതുങ്ങി നടക്കണം. കാട്ടിലെ മണ്ണിലെൻ പാദം പതിയുമ്പോൾ നാട്ടിലെ മണ്ണിന്റെ മാറ്റമറിയണം. നാട്ടുമൃഗങ്ങൾ നൽകിയൊരോമനപ്പേരായ കാട്ടാളനെന്നവർ ചൊല്ലി വിളിക്കുന്ന കാടിന്റെ മക്കളെ, കള്ളമറിയാത്ത കാട്ടുപൂവുകളെ കണ്ടങ്ങറിയണം അവരുടെയിണ്ടൽ കേട്ടെന്തേലും ചെയ്യാൻ കഴിയണം.
അലകളനുസ്യൂതമതിലോലമൊഴുകുമരുവിതന്നോളപ്പരപ്പിലൂടിങ്ങനെ യലസമലക്ഷ്യമൊഴുകി നടക്കുന്നയവിവേകിയാമൊരപൂർവ്വ കുസുമം. അവിവേകിയായതുകൊണ്ടാകാമതിങ്ങനെയലസമോളപ്പരപ്പിലൂടൊഴുകി ആഴിതന്നാഴക്കയത്തിലേക്കെത്തുമ്പോളാർക്കുമേ ചെന്നെത്താനാകാത്തയകലത്തിൽ പവിഴപ്പുറ്റെന്നപോലൊളിപ്പിച്ചു വയ്ക്കുന്നെ. മഹിമയും മേന്മയുമറിഞ്ഞു തിരഞ്ഞെത്തും മനുഷ്യരോ കാവൽ ഭൂതത്തിൻ കരുക്കളായ് മാറുന്നു.
മനസ്സുകൾ തൻ മലർവാതിൽ മലർക്കെ തുറന്നാൽ മരിച്ചു കിടക്കുന്ന പ്രണയത്തെ കാണാം. പാടാൻ മറന്ന പൂങ്കുയിലുകളെ കാണാം ആടാൻ മറന്ന മാമയിലുകളെ കാണാം. പെയ്തു തീർന്നങ്ങു നിശ്ചേഷ്ടമായ് നിൽക്കുന്ന നിശ്ചലമാം കൃഷ്ണമണികളെ കാണാം. പൊള്ളുന്ന താപത്താൽ വാടിക്കരിഞ്ഞൊരാ പിടയുന്ന പ്രാണനെ പിടിച്ചങ്ങു നിർത്തുവാൻ ഇറ്റു നീർത്തുള്ളിക്കായ് പ്രത്യാശയോടങ്ങു കാർമുകിൽ കൊണ്ടു കറുത്തങ്ങു നിൽക്കുന്ന പാരിന്റെ മക്കളാം പൂച്ചെടികളെ കാണാം. ഇനിയൊരു വസന്തം തിരിച്ചെത്തുമെന്നോർത്ത് ഇരുൾ മൂടിയ വഴികളെ കൊതിയോടെ നോക്കുന്ന ഹൃത്തടത്തിൻ മൃദു സ്പന്ദനം കേൾക്കാം. ആഞ്ഞൊന്നു വീശിയാലാടിയൂലയുമെന്നോർത്തു പേടിച്ച് മന്ദമായ് തഴുകി തലോടി കടന്നുപോം മന്ദമാരുതനെ കാണാം.
