കൂട്ടത്തിലായൊരു യാത്രയ്ക്കു പോകണം.
കൂട്ടരുമൊത്തങ്ങ് ആടണം പാടണം.
കാട്ടിന്നടുത്തങ്ങ് എത്തുന്ന നേരത്ത്
മനപ്പൂർവമായങ്ങു കൂട്ടം തെറ്റീടണം.
ഏകയായ് കാടിന്റെയുള്ളാകെ ചുറ്റണം.
കാടിന്റെ സംഗീതം കാതോർത്തു കേൾക്കണം.
കാട്ടുതേനും കനികളും കഴിക്കണം.
കാട്ടുമൃഗങ്ങൾക്കലോസരമാകാതെ
കാലൊച്ച പോലും കേൾപ്പിച്ചീടാതെ
പാദുകം രണ്ടിനും വിശ്രമമേകി
നഗ്നപാദയായ്തന്നങ്ങു പതുങ്ങി നടക്കണം.
കാട്ടിലെ മണ്ണിലെൻ പാദം പതിയുമ്പോൾ
നാട്ടിലെ മണ്ണിന്റെ മാറ്റമറിയണം.
നാട്ടുമൃഗങ്ങൾ നൽകിയൊരോമനപ്പേരായ
കാട്ടാളനെന്നവർ ചൊല്ലി വിളിക്കുന്ന
കാടിന്റെ മക്കളെ, കള്ളമറിയാത്ത
കാട്ടുപൂവുകളെ കണ്ടങ്ങറിയണം
അവരുടെയിണ്ടൽ കേട്ടെന്തേലും ചെയ്യാൻ കഴിയണം.
