കൂട്ടക്ഷരങ്ങളുടെ മൂന്നാം പിറന്നാളിന് എനിക്ക് എഴുതാൻ ഉള്ളത് എന്റെ അനുഭവങ്ങൾ ആണ്. എഴുത്തുകളിൽ നിന്ന് കിട്ടിയ അനുഭവങ്ങളും കുഞ്ഞ് കുഞ്ഞ് ചിന്തകളും ഇവിടെ പങ്ക് വെക്കട്ടെ..
എഴുത്തുകൾ വായിച്ചു നന്നായിരിക്കുന്നു എന്ന് അഭിപ്രായം പറയുന്ന കൂട്ടുകാർ.. അക്ഷരതെറ്റുകളും മറ്റു പോരായ്മകളും തിരുത്തി, ഒപ്പം തന്നെ പ്രോത്സാഹനവും നൽകുന്ന, ഇതുവരെ നേരിൽ കാണാത്ത ഒരു പാട് കൂട്ടുകാരെ തന്ന കൂട്ടക്ഷരങ്ങൾ എന്ന കൂട്ടിനെ കുറിച്ചാണ് ഞാൻ എഴുതുന്നത്.
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കഥ രചനയിൽ ഒന്നാം സ്ഥാനം നേടിയതാണ് എനിക്ക് എഴുത്തിനു കിട്ടിയ ആദ്യ അംഗീകാരം. പിന്നീട് കുറേ കാലം എഴുത്തുകൾ ഒന്നും ഉണ്ടായില്ല. വിവാഹം, പ്രവാസം പ്രാരാബ്ദം അങ്ങനെ ജീവിതത്തിന്റെ തിരക്കഥ മാറിയപ്പോൾ എഴുതാൻ ഒന്നും നേരമുണ്ടായിരുന്നില്ല.
കുറേ വർഷങ്ങൾക്ക് ശേഷം, ഒരു മത്സരത്തിൽ കഥ എഴുതുന്നത് ഖത്തറിൽ വെച്ചാണ്.. അതിനു ശേഷം പല രചന മത്സരത്തിൽ പങ്കെടുത്തു എങ്കിലും ഒന്നിലും വിജയി ആയില്ല..
ഒരു പ്രശസ്ത എഴുത്തുകാരിയാണ് എന്നേ കൂട്ടക്ഷരത്തിലേക്ക് ഇൻവൈറ്റ് ചെയ്യുന്നത്..
കൂട്ടക്ഷരത്തിന്റെ കുഞ്ഞുകാര്യങ്ങളിൽ എഴുതി കൊണ്ടായിരുന്നു എഴുത്തിന്റെ തുടക്കം..
ആദ്യമായി അവിടെ വിജയിച്ചത് പുലരി എന്ന വിഷയത്തിൽ ആയിരുന്നു. ആ വിജയം എഴുത്തിന്റെ ലോകത്തേക്കുള്ള പുതിയൊരു പുലരിയായിരുന്നു..
പിന്നെയും കുറേ കഴിഞ്ഞാണ് #എന്റെരചനയിൽ നീണ്ട കഥകളും കുറിപ്പും എഴുതി തുടങ്ങിയത്.. അതിൽ വിജയിക്കുക എന്നത് വലിയൊരു ആഗ്രഹമായിരുന്നു. നിരന്തരം എഴുതി കൊണ്ടിരുന്നു.. പക്ഷേ ഒരു തവണ എങ്കിലും വിജയിക്കണം എന്ന ആഗ്രഹം മാത്രം സഫലമായില്ല. കാത്തിരിപ്പിനു ഒടുവിൽ, നിന്നിലേക്കെത്തുവാനുള്ള ദൂരം എന്ന വിഷയത്തിൽ വിജയിയായി..
അങ്ങനെ ഒരു തവണ എങ്കിലും വിജയി ആകണം എന്ന ആഗ്രഹത്തിലേക്കുള്ള ദൂരം പിന്നിട്ടു. കാത്തിരിപ്പിന്റെ ദൂരം എന്നായിരുന്നു ആ കഥയുടെ പേര്.. അതേ പേര് പോലെ തന്നെ ഒരു തവണ എങ്കിലും വിജയിക്കണം എന്ന കാത്തിരിപ്പിന്റെ ദൂരം ഞാൻ പിന്നിട്ടു. വളരെയധികം സന്തോഷം തോന്നിയ ദിവസം ആയിരുന്നു അന്ന്.
വിജയി ആയപ്പോൾ തന്നെ ജൂറി ആകാനും അവസരം കിട്ടി. ഒരു ആഴ്ചയിലെ വിജയി ആണ് അടുത്ത ആഴ്ചയിലെ വിഷയം നൽകേണ്ടതും വിജയിയെ തീരുമാനിക്കേണ്ടതും. നിരവധി എഴുത്തുകൾ വായിച്ചു അതിൽ നിന്നും ഒരു വിജയിയെ കണ്ടെത്തുക എന്നതിന്റെ വിഷമം മനസ്സിലായത് അന്നാണ്.
സാധാരണ ഒരു രചനാ മത്സരത്തിലേക്ക് എത്ര കഥകളും കവിതകളും കുറിപ്പുകളും വരും? കഥാ രചനയുടെ കാര്യം പറയുകയാണെങ്കിൽ ഏറ്റവും ചുരുങ്ങിയത്, ഒരു 50 രചനയെങ്കിലും ഒരു മത്സരത്തിലേക്ക് വന്നേക്കാം. ഇതിൽ നിന്നു 3 വിജയികളെ മാത്രം തിരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ട് തന്നെയാണ്. വിജയിക്കാതെ പോയ ബാക്കി 47 രചനകളിൽ എത്ര മികച്ച രചനകൾ ഉണ്ടാകും. അത് കൊണ്ടാണ്, വന്ന രചനകൾ എല്ലാം മികച്ച രചനകൾ ആയിരുന്നു, എന്നും അതിൽ നിന്ന് 3 പേരെ തിരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ട് ആയിരുന്നു എന്നും ജൂറി അംഗങ്ങൾ പറയുന്നത്.
കൂട്ടക്ഷരത്തിൽ മിക്കവാറും ഒരാൾ മാത്രമാണ് വിജയി ആകാറുള്ളത്. ചില മത്സരത്തിൽ രണ്ടോ മൂന്നോ പേര് വിജയികൾ ആകും. അത്പോലെ ഇവിടെ ഒരാൾ മാത്രമാണ് ജൂറി. എല്ലാ എഴുത്തും വായിച്ചു വിജയിയെ കണ്ടെത്താനുള്ള ഉത്തരവാദിത്തം ആ ഒരാൾക്കാണ്.
ഏറ്റവും മികച്ച രചന, ഏറ്റവും മികച്ച അഭിനേതാക്കൾ, ഇതൊക്കെ ജൂറിയുടെ തീരുമാനം പോലെ ഇരിക്കും. ഒരു ഓട്ട മത്സരം ആണെങ്കിൽ ആരാണ് ഓടി ജയിച്ചത് എന്ന് നോക്കാം.. ഫുട്ബോളോ, ക്രിക്കറ്റോ ആണെങ്കിൽ ഏത് ടീമാണ് നന്നായി കളിച്ചു ജയിച്ചത് എന്ന് നോക്കാം. അപ്പോഴും അമ്പയറുടെ തെറ്റായ തീരുമാനം കളിയുടെ ഗതി തന്നെ മാറ്റിയേക്കാം..
രചനാ മത്സരം എന്നാൽ ഓട്ട മത്സരം അല്ലല്ലോ. ഇവിടെ ജൂറിയുടെ തീരുമാനം ആയിരിക്കും ആരാണ് വിജയി എന്ന്.. ഒരാൾക്ക് മികച്ചത് എന്ന് തോന്നുന്നത് ആയിരിക്കില്ല, മറ്റൊരാൾക്ക് മികച്ചത് ആയി തോന്നുന്നത്. ചില മികച്ച എഴുത്തുക്കൾക്ക് എതിരഭിപ്രായം ഉണ്ടാകില്ല. എല്ലാവർക്കും ഒരു പോലെ ഇഷ്ട്ടപെട്ട എഴുത്തായിരിക്കും അത്..
“മമ്മൂട്ടിയാണോ, മോഹൻലാൽ ആണോ മികച്ച നടൻ”, എനിക്ക് ഓർമ്മ വെച്ച കാലം മുതൽ കേൾക്കുന്ന ചോദ്യം ആണിത്.. അവർ രണ്ട് പേരും സിനിമയിൽ ഉള്ള കാലത്തോളം ഈ ചോദ്യം നില നിൽക്കും..കാരണം അഭിനയം എന്നത് ഒരു ഓട്ട മത്സരം അല്ല.. അത് കൊണ്ട് തന്നെ ഓരോരുത്തരുടെയും കാഴ്ചപ്പാടിൽ ആരാണ് മികച്ചത് എന്നത് വ്യത്യസ്തമായിരിക്കും. അത് പോലെ ജൂറികളുടെ കാഴ്ചപ്പാടും വ്യത്യസതമായിരിക്കും. അത് കൊണ്ടാണ് പലപ്പോഴും അവാർഡ് പ്രഖ്യാപനങ്ങൾ വിവാദം ആകുന്നത്. ഒരാൾക്ക് മികച്ചത് എന്ന് തോന്നുന്ന എഴുത്ത് ആയിരിക്കില്ല, മറ്റൊരാൾക്ക് തോന്നുക.. ഓരോരുത്തരുടെയും കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കും.. അതാണ് ഞാൻ പറഞ്ഞത് ഒരു ഓട്ട മത്സരം പോലെ എളുപ്പത്തിൽ വിജയിയെ കണ്ടെത്താൻ രചനാ മത്സരത്തിലോ, മികച്ച നടൻ നടി എന്നിവരെ കണ്ടെത്തുന്നതിലോ കഴിയില്ല.. അത്കൊണ്ട് തന്നെ എതിർപ്പുകൾ ഉണ്ടെങ്കിൽ പോലും ജൂറിയുടെ തീരുമാനത്തോട് യോജിക്കുക.
ജീവിതത്തിൽ പലതരത്തിലുള്ള കൂട്ടുകെട്ടുകൾ നമുക്കുണ്ടാകാറുണ്ട്. എന്നാൽ ചിന്തകളെയും എഴുത്തിനെയും ഒരു പോലെ സ്വാധീനിച്ച, എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടാണ് “കൂട്ടക്ഷരം”. കേവലം ഒരു സോഷ്യൽ മീഡിയ കൂട്ടായ്മ എന്നതിനപ്പുറം എന്റെ ഉള്ളിലെ എഴുത്തുകാരനെ ഉണർത്തിയ ഇടമാണിത്.
വായിക്കാനും എഴുതാനും ഇഷ്ട്ടപെടുന്ന ഒരു പറ്റം ആളുകൾ ഒന്നിച്ചു കൂടുന്ന ഒരിടം. നിഷ്കളങ്കമായ വായനയും ആത്മാർത്ഥമായ വിലയിരുത്തലുകളും ഇവിടെ എന്നെ ഏറെ ആകർഷിച്ചു.
പ്രവാസ ലോകത്തെ ടെൻഷനും പിരിമുറുക്കവും എല്ലാം മറക്കുന്നത് ഇത് പോലെ എഴുതി കൊണ്ടിരിക്കുമ്പോൾ ആണ്.. എന്റെ എഴുത്തുകളെ സ്നേഹത്തോടെ തിരുത്തുകയും ഓരോ കുറിപ്പുകൾക്കും ആവേശം പകരുകയും ചെയ്യുന്ന ഒരു വലിയ സൗഹൃദവലയമാണ് കൂട്ടക്ഷരം എനിക്ക് സമ്മാനിച്ചത്. അക്ഷരങ്ങളിലൂടെ കോർക്കപ്പെട്ട ഈ കൂട്ട് എന്നും എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കും.
#എന്റെരചന
#കൂട്ടക്ഷരങ്ങൾ
#പ്രിയപ്പെട്ടകൂട്ടിന്


1 Comment
സ്‌നേഹവും , സന്തോഷവും, ആത്മാർഥതയും തുളുമ്പുന്ന നല്ല വരികൾ . ഈ കൂട്ട് ,എന്നും നിലനിൽക്കാനും വളരാനുമായി എഴുതൂ