നീണ്ട 35 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ഇന്ന് മൂസക്ക നാട്ടിലേക്ക് പോകുകയാണ്. വിമാനത്തിലേക്ക് കയറും മുമ്പ് മൂസക്ക എയർപോർട്ട് ഒന്ന് കൂടി വീക്ഷിച്ചു. ഇനി ഈ എയർപോർട്ട് കാണില്ല. പ്രവാസം അവസാനിപ്പിക്കുകയാണ്.
ഇവിടുന്നു നാല് മണിക്കൂർ നേരം വിമാനത്തിൽ യാത്ര ചെയ്‌താൽ നാട്ടിൽ എത്താം. പക്ഷേ ആ യാത്രക്കുള്ള കാത്തിരിപ്പിനു രണ്ട് വർഷത്തെ ദൂരമുണ്ടായിരുന്നു.
രണ്ട് വർഷത്തിന് ശേഷം കിട്ടുന്ന അവധികാലത്തിനു വേണ്ടി ദിവസങ്ങൾ എണ്ണി തീർത്തപ്പോൾ തീർന്നു പോയത് ആയുസ്സിന്റെ നല്ലൊരു ഭാഗം ആയിരുന്നു.
വിമാനത്തിന്റെ പടവുകൾ കയറും മുമ്പ് മൂസക്ക ഒന്ന് കൂടി തിരിഞ്ഞു നോക്കി. ആ വിമാന താവളം വെറുമൊരു കെട്ടിടമായിരുന്നില്ല തനിക്ക്. വിരഹത്തിന്റെയും പ്രതീക്ഷകളുടെയും ആയിരം കഥകൾ ഒളിപ്പിച്ചു വെച്ചൊരു ഇടമായിരുന്നു. ഇനിയൊരു മടക്കമില്ല. ഇത്രയും കാലം തന്നെ പോറ്റിയ, വളർത്തിയ ഈ മണ്ണ് ഇന്ന് വിടപറയുകയാണ്.
മൂസക്ക വിമാനത്തിനുള്ളിൽ കയറി. സീറ്റ് നമ്പർ നോക്കി ഇരുന്നപ്പോൾ വിൻഡോ ഗ്ലാസിനു അടുത്ത് തന്നെയായിരുന്നു സീറ്റ്. അല്പ സമയത്തിനകം വിമാനം പറന്നുയർന്നു.
ഞാൻ പോകുകയാണ്. എന്റെ പ്രിയപ്പെട്ട പാത്തുവിന്റെ അടുത്തേക്ക്. ഇനി വിരഹവും കാത്തിരിപ്പും ഒന്നും ഇല്ല. പാത്തുവിനോടൊപ്പം ഇനിയുള്ള കാലം സ്വർഗ്ഗതുല്യമായ ജീവിതം.
വിമാനം മുമ്പോട്ടേക്ക് പറക്കുമ്പോൾ മൂസക്കയുടെ ഓർമ്മകൾ പിറകോട്ട് പറക്കുകയായിരുന്നു.. ആ പഴയ കാലത്തേക്ക്.
അമ്മാവന്റെ മകളാണ് പാത്തു.. കുട്ടിക്കാലം മുതൽ കളിച്ചു വളർന്നവർ..വലുതായപ്പോൾ അവൾ എന്റെ ഭാര്യയായി..
കാമുകൻ കാമുകിയെ പ്രണയിക്കുന്നതിനേക്കാൾ, മധുരമുള്ളതാണ് ഭർത്താവ് ഭാര്യയെ പ്രണയിക്കുന്നത്.. ഭാര്യ ഭർത്താവിനെ പ്രണയിക്കുന്നത്. വിവാഹ ശേഷം, പ്രണയിച്ചവരായിരുന്നു ഞാനും പാത്തുവും.. എപ്പോഴും അടുത്തുള്ളപ്പോൾ പരസ്പരം ഉള്ള ആ പ്രണയം ആരും തിരിച്ചറിയാതെ പോകുന്നതാണ്. പക്ഷെ പ്രവാസികൾ അത് തിരിച്ചറിയും. കാണാതിരിക്കുമ്പോൾ ആണല്ലോ, നമ്മള് ഒരാളെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന സത്യം തിരിച്ചറിയുക.പരസ്പരം കാണാതെ വർഷങ്ങൾ കാത്തിരിക്കുന്നവരാണ്, പ്രവാസി ദമ്പതികൾ.
അന്ന്, പ്രവാസത്തിലേക്ക് പോയാൽ, കത്തുകളായിരുന്നു നമ്മുടെ ലോകം. ഇൻലൻഡ് കവറിലെ നീലമഷി പടർന്ന അക്ഷരങ്ങളിൽ പാത്തുമ്മയുടെ കണ്ണീരിന്റെ നനവുണ്ടാകും.. ഇന്നത്തെ പോലെ പരസ്പരം കണ്ടു സംസാരിക്കുന്ന വീഡിയോ കാൾ ഒന്നും അന്നില്ലല്ലോ.. പ്രവാസത്തിലേക്ക് പോയാൽ പരസ്പരം കാണുന്നത് രണ്ട് വർഷം കഴിഞ്ഞു നാട്ടിലേക്കുള്ള മടങ്ങി വരവിലാണ്..
ഇന്ന് ലോക സിനിമകൾ വിരൽ തുമ്പിൽ കാണാൻ കഴിയുമ്പോൾ അന്ന് ഞായറാഴ്ച,വൈകുന്നേരം 4 മണിക്കുള്ള സിനിമ ഏതാണെന്ന് പത്രത്തിൽ നോക്കിയറിഞ്ഞു, ടിവിയുള്ള വീട്ടിൽ അയൽക്കാർ എല്ലാം ഒത്തു കൂടി സിനിമ കണ്ട ഒരു കാലം ഉണ്ടായിരുന്നു.
മുൻവശം ഓടിട്ടതും, അടുക്കള ഭാഗം ഓല മേഞ്ഞതുമായ, ഞാൻ ജനിച്ചുവളർന്ന, വലിയപറമ്പിൽ തറവാട് വീട്.. അന്ന് നമ്മുടെ നാട്ടിൽ ടെലിവിഷൻ ഉള്ള അപൂർവം വീടുകളിൽ ഒന്നായിരുന്നു എന്റെ തറവാട്.അത് കൊണ്ട് തന്നെ, വീട്ടിൽ,സിനിമകൾ കാണാൻ ഒരു തീയേറ്റർ പോലെ ആൾക്കൂട്ടം ഉണ്ടാകും. .ഞാൻ, ഖത്തറിൽ നിന്ന് നാട്ടിൽ വരുമ്പോൾ, വിസിആറിൽ വീഡിയോ കാസറ്റ് ഇട്ടും സിനിമകൾ കാണാറുണ്ട്.. അന്നും ഈ മോഹൻലാലും മമ്മൂട്ടിയും തന്നെ സ്റ്റാർ. ഇന്നും അതിന് മാറ്റം ഒന്നും വന്നിട്ടില്ല.
വീട്ടിൽ ആൾക്കാർ വരുന്നതും സിനിമ കാണുന്നതും എല്ലാം വീട്ടിലെ എല്ലാവർക്കും ഇഷ്ട്ടമാണെങ്കിലും, എന്റെ മൂത്ത ജേഷ്ഠന്, ഇതൊന്നും ഇഷ്ട്ടമല്ലായിരുന്നു.. മൂപ്പര് ആരും കാണാതെ മെയിൻ സ്വിച്ച് ഓഫ് ചെയ്യും.. എന്നിട്ട് അയ്യോ മക്കളേ കറണ്ട് പോയല്ലോ എന്ന് കള്ളം പറയും..
മോഹൻലാലും കീരിക്കാടൻ ജോസും തമ്മിലുള്ള ഫൈറ്റ് സീൻ കാണാൻ പല്ല് ഞെരിച്ചു ആവേശത്തോടെ ടിവിയിൽ നോക്കി നിന്ന പിള്ളേര് നിരാശരായി ഇറങ്ങി പോകും.. കാര്യം മനസ്സിലായാൽ എന്റെ ഉമ്മ മെയിൻ സ്വിച്ച് ഓൺ ചെയ്യും. പോകല്ലേ മക്കളേ കറണ്ട് വന്നു. സിനിമ കണ്ടിട്ട് പോകാം എന്ന് പറയും..
കുട്ടികളൊക്കെ ആവേശത്തോടെ തിരിച്ചു വരും.. അകത്ത് ഇരിക്കാൻ സ്ഥലമില്ലെങ്കിൽ, ജനവാതിലിലൂടെയും ടിവിയിലേക്ക് നോക്കി ആൾക്കാർ ഉണ്ടാകും..
ചിതൾ പിടിച്ചു പകുതി ദ്രവിച്ച അന്നത്തെ ജനവാതിലിന്റെ മരം കൊണ്ടുള്ള അഴികൾ ഇപ്പോഴും ഒരു നൊസ്റ്റാൾജിയയായി മനസ്സിൽ ഉണ്ട്..
അന്ന് വീട്ടിൽ ടോയ്‌ലറ്റ് ഒന്നും ഉണ്ടായിരുന്നില്ല.വീടിന്റെ വലതു വശത്തുള്ള പറമ്പിലെ ചെറിയൊരു കുഴിയുള്ള ഭാഗം ആയിരുന്നു അന്നത്തെ കക്കൂസ്. അവിടെ ഇരുന്നാൽ ആരും കാണില്ല..
ഞാൻ ഖത്തറിൽ പ്രവാസ ജീവിതം, തുടങ്ങിയ ശേഷം ആണ്, വീടിന്റെ പുറത്ത് കക്കൂസ് എടുത്തത്.. കുരുത്തം കെട്ട പെങ്ങളുടെ മകൻ, ആ കക്കൂസ് ഒരു സ്കൂൾ ആണെന്നും, അവൻ ആ സ്കൂളിലെ മാഷ് ആണെന്നും മനസ്സിൽ സങ്കല്പിച്ചു കൊണ്ട്, ഒരു വടിയും എടുത്ത്, പഠിക്കെടാ, പഠിക്ക് എന്ന് പറഞ്ഞു കക്കൂസിന്റെ ചുമരിനൊക്കെ വടി കൊണ്ട് അടി കൊടുക്കുമായിരുന്നു.
അന്ന് വീടിന്റെ അടുത്തുള്ള മമ്മൂക്കാന്റെ പറമ്പിൽ വീഴുന്ന ഓലയും, തേങ്ങയും ഒക്കെ കിട്ടുന്ന ആൾക്കാർ എടുക്കുകയാണ് പതിവ്.
മമ്മൂക്കാന്റെ വീട് കുറച്ചു ദൂരെയാണ്.. അത് കൊണ്ട് തന്നെ അവിടെ തേങ്ങയോ ഓലയോ വീഴുന്ന ശബ്ദം കേട്ടാൽ എന്റെ പാത്തുവും,അപ്പുറത്തെ വീട്ടിലെ ശാന്തയും ഓടും.ഓട്ടത്തിൽ പിടി ഉഷയായിരുന്ന ശാന്തേച്ചിക്ക് തന്നെയായിരുന്നു മിക്ക ദിവസവും തേങ്ങയും ഓലയും കിട്ടുക..
ഓടി തളർന്നു നിരാശയായി തിരിച്ചു വരുന്ന പാത്തുവിനോട്,ഞാൻ,തമാശയിൽ പറയും. ഓല കണ്ടത്തിൽ ഓല വീണാൽ ഓലതല്ലേ ഓല..
വീട്ടിൽ ഓല മടയാൻ വരുന്ന ജാനുവേട്ത്തിയും, അടുത്തിരുന്നു വെറ്റില മുറുക്കി നാട്ട് വർത്തമാനം പറയുന്ന ഉമ്മയും എല്ലാം ഇന്നും ഓർമ്മകളിൽ ഉണ്ട്.
ടീവി പോലെ തന്നെ അന്ന് ഫോണും അധിക വീട്ടിലും ഉണ്ടായിരുന്നില്ല.
അന്ന് ഫോൺ വിളിക്കാൻ അയൽവാസിയായ പപ്പേട്ടന്റെ വീട്ടിൽ ആയിരുന്നു പോയിരുന്നത്..ഇന്ന് വീഡിയോ കാൾ വിളിച്ചു, പരസ്പരം കണ്ടു സംസാരിക്കുന്ന പ്രവാസികൾക്ക് പലർക്കും അറിയില്ല,,സുഖവിവരങ്ങൾ പറഞ്ഞും അന്വേഷിച്ചും എഴുതിയ കത്തുകളുടെ കാലം.. കത്ത് എഴുതി നാട്ടിലേക്ക് അയച്ചാൽ അത് വീട്ടിൽ കിട്ടാൻ, ഒരാഴ്ച്ച, അതിനുള്ള മറുപടി കിട്ടുമ്പോഴേക്കും രണ്ടാഴ്ച.. ഇന്ന് വാട്സാപ്പ്ൽ അയക്കുന്ന മെസ്സേജ്ന് നിമിഷ നേരം കൊണ്ട് റിപ്ലൈ കിട്ടും.. ഇന്നത്തെ പ്രശ്നം, ആർക്കും സുഖവിവരങ്ങൾ തിരക്കാൻ നേരമില്ല എന്നത് മാത്രമാണ്..
ഓരോ അവധികാലവും നാട്ടിൽ പോയി രണ്ടു മാസം ജീവിച്ചു തിരിച്ചു പോകുമ്പോൾ,പാത്തു പറയും. എന്റെ മൂസക്കാ നിറുത്തികൂടേ ഈ അക്കരെയും ഇക്കരെയുമായുള്ള ജീവിതം.. കാത്തിരുന്നു കാത്തിരുന്നു മടുത്തു. ഇനി പോകണ്ട..
പാത്തൂ എനിക്കും പോകാനുള്ള ഇഷ്ട്ടം കൊണ്ടല്ല. പെണ്മക്കളെ കെട്ടിച്ചു വിടണം.. വീട് ഒന്ന് പുതുക്കി പണിയണം. എന്നിട്ട് ഈ പ്രവാസം അവസാനിപ്പിക്കണം..
പരിഭവം പറയുന്ന പാത്തുവിനെ ഞാൻ സമാധാനിപ്പിക്കും.പക്ഷേ അതൊക്കെ സാധിച്ചു വരുമ്പോഴേക്കും വർഷം മുപ്പത്തിയഞ്ചു കഴിഞ്ഞിരുന്നു.
ഉമ്മയും ഉപ്പയും ഒമ്പത് മക്കളും ഉള്ള തറവാട്, ഇപ്പോൾ എല്ലാവരും സ്വന്തമായി വീട് എടുത്തു മാറി താമസിച്ചു. ഞാൻ പഴയ തറവാട് പൊളിച്ചു അവിടെ തന്നെ വീട് എടുത്തു.ഉമ്മയും ഉപ്പയും ഒന്നും ഇപ്പോൾ ജീവിച്ചിരിപ്പില്ല. വീട്ടിൽ പാത്തുവും, ഭർത്താവ് മരിച്ചു പോയ എന്റെ മൂത്ത മകളും അവളുടെ ചെറിയ മക്കളും മാത്രമേ ഉള്ളൂ.
മുപ്പത്തിയഞ്ചു,വർഷത്തെ പ്രവാസജീവിതം കൊണ്ട് വലിയ സമ്പാദ്യം ഒന്നും, ഉണ്ടാക്കിയില്ലെങ്കിലും മൂന്ന് പെണ്മക്കളെ കെട്ടിച്ചു വിട്ടു. വീട് പുതുക്കി പണിതു. ഞാൻ സംതൃപ്തൻ ആണ്. ഭർത്താവ് മരിച്ചു പോയ മകൾ വീട്ടിൽ ഉണ്ടെന്ന സങ്കടമേ ഉള്ളൂ..
എയർഹോസ്റ്റസ്,ഭക്ഷണം കൊണ്ട് വന്നപ്പോൾ മൂസക്ക ഓർമ്മകളിൽ നിന്നുണർന്നു..അപ്പോഴും മൂസക്കയുടെ മനസ് സന്തോഷം കൊണ്ട്, തുടിക്കുന്നുണ്ടായിരുന്നു. നാട്ടിലേക്ക് എത്താനുള്ള ദൂരം കുറഞ്ഞു വരുന്നു. എന്റെ പാത്തുവിന്റെ അടുത്തേക്ക് എത്താനുള്ള ദൂരം കുറഞ്ഞു വരുന്നു.
എയർഹോസ്റ്റസ് കൊണ്ട് വന്ന ഭക്ഷണം കഴിച്ചു ചെറുതായി ഒന്ന് ഉറങ്ങി പോയി. കണ്ണൂർ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പോകുന്നു എന്ന അനൗൺസ്‌മെന്റ് കേട്ടപ്പോൾ ആണ് മൂസക്കയുടെ ഉറക്കം തെളിഞ്ഞത്.. വിമാനത്തിനുള്ളിൽ,ആഹ്ലാദപ്രകടനങ്ങൾ.
ജീവിതമാർഗം തേടി അറബി മണ്ണിലേക്ക് പറന്ന ഓരോ പ്രവാസിയും കാത്തിരിക്കുന്നത്, പിറന്ന മണ്ണിലേക്കുള്ള മടക്കയാത്രയിലേക്കാണ്.
മലയാള മണ്ണിൽ കാല് കുത്താൻ ഇനി അല്പദൂരം മാത്രം..
വിമാനം താണു താണു വരുമ്പോൾ തന്നെ മലയാള നാടിന്റെ പച്ചപ്പ് നിറഞ്ഞ പ്രകൃതിഭംഗി കണ്ടു തുടങ്ങി..
അല്പസമയത്തിനകം,വിമാനം കണ്ണൂർ എയർപോർട്ടിൽ ലാൻഡ് ചെയ്തു.. മൂത്ത മകൻ, അബ്ബാസ് എയർപോർട്ടിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. പക്ഷേ അവന്റെ മുഖത്ത് സന്തോഷം ഒന്നും ഉണ്ടായിരുന്നില്ല..
എന്തോ പന്തികേട് മൂസക്കാക്ക് തോന്നി. എയർപോർട്ടിൽ നിന്നും വീട്ടിൽ എത്താൻ നേരം വീട്ടിൽ നിറയെ ആൾക്കാർ. എന്തോ സംഭവിച്ചിട്ടുണ്ട്. മൂസക്ക ആകേ പേടിച്ചു.
എന്താ മോനേ എന്താ പറ്റിയത്. മൂസക്ക ആവലാതിയോടെ ചോദിച്ചു..
“ഉമ്മ പോയി ഉപ്പാ. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതാ.. ഇന്ന് ഉപ്പാനെ എയർപോർട്ടിൽ കൂട്ടാൻ വരണം എന്നൊക്കെ പറഞ്ഞു കിടന്നതാ. പക്ഷേ രാവിലെ ഉണർന്നില്ല..ഹാർട്ട് അറ്റാക്ക് ആയിരുന്നു. ഉപ്പ രാവിലെ പുറപ്പെടും മുമ്പ് ഉമ്മാന്റെ മരണം സംഭവിച്ചിരുന്നു. ഉപ്പാനെ അറിയിക്കാൻ ഉള്ള ധൈര്യം കിട്ടിയില്ല.”
മകൻ പറഞ്ഞത് കേട്ട് മൂസക്ക പൊട്ടികരഞ്ഞു.
മൂസക്ക അവസാനമായി പാത്തുവിനെ കണ്ടു. ആ കവിളത്ത് മുത്തങ്ങൾ നൽകി. മൂസക്ക എത്താൻ കാത്തിരിക്കുകയായിരുന്നു നാട്ടുകാർ.. പാത്തുവിന്റെ മയ്യത്ത് പള്ളി കാട്ടിലേക്ക് കൊണ്ട് പോയി, ഖബറടക്കം ചെയ്തു.
മുപ്പത്തിയഞ്ചു കൊല്ലത്തെ മണലാരണ്യത്തിലെ തപസ്സ് കഴിഞ്ഞു, പാത്തുമ്മയുടെ കൂടെ ശിഷ്ടകാലം ജീവിക്കാൻ മോഹിച്ചെത്തിയ മൂസക്കയെ കാത്തിരുന്നത് വിധി തുന്നിവെച്ച മറ്റൊരു വേർപാട് ആയിരുന്നു.. കാത്തിരിപ്പിന്റെ കണ്ണുനീർ തോരും മുമ്പേ പാത്തുമ്മ യാത്രയായി. അവൾ മടക്കി വെച്ച തട്ടവും, മുറ്റത്തെ വാടാത്ത, ഓർമകളും ബാക്കിയാക്കി അവൾ മണ്ണിലേക്ക് മടങ്ങി. ഇന്ന് മൂസക്ക നോക്കി നിക്കുന്നത് ആകാശത്തേക്കാണ്. ആ നക്ഷത്രങ്ങൾക്കിടയിൽ, എവിടെയോ പാത്തുമ്മ തന്നെ നോക്കി ചിരിക്കുന്നുണ്ടെന്നു അദ്ദേഹം വിശ്വസിച്ചു.
‘എന്റെ പാത്തൂ. ഈ ദുനിയാവിൽ നമുക്ക് വിധിച്ചത് ഇത്രയുമായിരുന്നു. പക്ഷേ പടച്ചോന്റെ സ്വർഗത്തിൽ നമുക്ക് ഒരുമിച്ചു ഇരിക്കണം. അവിടെ പ്രവാസമില്ല, വിരഹമില്ല, മരണമില്ല’
മൂസക്ക പ്രാർത്ഥിച്ചു.
‘റബ്ബേ എന്റെ പാത്തു ഇന്ന് നിന്റെ അടുത്താണ്. എന്റെ അവസാന ശ്വാസം നിലക്കുമ്പോൾ, മാലാഖമാർ എന്നെ കൊണ്ട് പോകുന്നത് പാത്തുമ്മ കാത്തിരിക്കുന്ന ആ സ്വർഗ്ഗ പൂങ്കാവനത്തിലേക്കാകണം.പടച്ചോനേ ഞങ്ങളെ ആ നിത്യതയുടെ ലോകത്ത് ഒന്നിച്ചു ചേർക്കണേ.’
മൂസക്കക്ക് ഇപ്പോൾ മരണം ഒരു ഭയമല്ല. മറിച്ചു പാത്തുവിലേക്ക് എത്താനുള്ള ദൂരത്തിന്റെ അവസാന പാലമാണ്.
#എന്റെരചന
#കൂട്ടക്ഷരങ്ങൾ
#നിന്നിലേക്കെത്തുവാനുള്ളദൂരം


13 Comments
ഹൃദയം തൊടുന്ന എഴുത്ത്…….ആശംസകൾ,,,👍💐
മിനി സുന്ദരേശൻ
വായനക്കും അഭിപ്രായത്തിനും നന്ദി.
❤️❤️
മൂസക്കയും, പാത്തുവും, really touching💕💕
സെജി രാജീവ്
നന്ദി ❤️❤️
നോവുകൾ
താങ്ക്സ് ❤️❤️
ജിനാസ് വളരെ ഹൃദയസ്പർശിയായി എഴുതി👏👏❤️
താരാ സുഭാഷ് ❤️❤️
നന്നായിരിക്കുന്നു. ഉത്തരവാദിത്തങ്ങൾ പേറുന്ന പ്രവാസിയുടെ ജീവിതത്തിന്റെ
നേർച്ചിത്രം. 👏👍
ജോയ്‌സി നന്ദി ❤️❤️
താങ്ക്സ് കൂട്ടക്ഷരങ്ങൾ
ഹൃദയ സ്പർശിയായ കഥ
ജീവിതം പലപ്പോഴും ഇങ്ങനെയാണ്
നന്നായി എഴുതി ജിനാസ്👌🌹
സുമ ജയമോഹൻ