ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുമ്പോഴാട്ടോ ഞാൻ ആ കാര്യം ആലോചിച്ചത്.
പുറത്ത് നല്ല മഴ പെയ്ത് തോർന്ന നേരമായിരുന്നു. ഇലകളിൽ നിന്ന് വെള്ളത്തുള്ളികൾ ഇറ്റുവീഴുന്ന ആ കാഴ്ച കാണുമ്പോൾ, എനിക്കറിയില്ല…
പെട്ടെന്നാണ് മനസ്സ് ആ പഴയ കാലത്തിലേക്ക് വലിച്ചെറിയപ്പെട്ടത്. പതിനൊന്നാം നിലയിലെ ഈ അടച്ചുകെട്ടിയ ഫ്ലാറ്റിലിരുന്ന് താഴേക്ക് നോക്കുമ്പോൾ ബഹളങ്ങൾ ഒരുപാടുണ്ട്, പക്ഷെ നെഞ്ചിലൊരു ശൂന്യത മാത്രം.
അപ്പോഴാണ് എന്റെ കുട്ടിക്കാലം മനസ്സിലേക്ക് ഓടി എത്തിയത്.
നമ്മുടെയൊക്കെ ചെറുപ്പത്തിലെ ഓണം ഓർമ്മയുണ്ടോ?
ചിങ്ങമാസത്തിലെ ആദ്യത്തെ വെയിൽ , നാട്ടിടവഴികളിൽ വീഴുമ്പോൾ തന്നെ മനസ്സിൽ എന്തോ ഒരു കുളിർകാറ്റ് വന്നു തൊടും. അന്നൊക്കെ ഓണമെന്ന് പറഞ്ഞാൽ കലണ്ടറിലെ ഒരു ചുവന്ന തീയതിയായിരുന്നില്ല, അതൊരു ഒന്നൊന്നര അനുഭവമായിരുന്നു!
ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂൾ അടച്ചാൽ പിന്നെ ഞങ്ങൾക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ — പൂക്കൾ!
രാവിലെ തന്നെ അമ്മ തരുന്ന വലിയൊരു പ്ലാസ്റ്റിക് കവറും പിടിച്ച് അനിയത്തിയുടെ കൈയും പിടിച്ച് പറമ്പുകളിലേക്ക് ഒരോട്ടമാണ്.
തുമ്പപ്പൂവിന്റെ വെളുപ്പും, മുക്കുറ്റിയുടെ മഞ്ഞയും, കൊന്നപ്പൂവിന്റെ ഭംഗിയുമൊക്കെ തേടിയുള്ള ആ അലച്ചിൽ…
വഴിയിലുടനീളം കൂട്ടുകാരുടെ കൂവലുകളും ചിരികളും. തെറ്റിപ്പൂവും ചെമ്പരത്തിയും പറിച്ചെടുക്കാൻ ചേട്ടന്മാരുമായി ഉണ്ടാക്കുന്ന കൊച്ചു കൊച്ചു വഴക്കുകൾ.
വീട്ടിലെത്തുമ്പോഴേക്കും ഉടുപ്പിന്റെ തുമ്പിൽ പൂമ്പൊടിയുടെ മണം പറ്റിപ്പിടിച്ചിട്ടുണ്ടാവും.
തറവാടിന്റെ വിശാലമായ ഉമ്മറത്ത് വട്ടത്തിലിരുന്ന് പൂക്കളമിടുമ്പോൾ അമ്മൂമ്മ വരും. വെറ്റില ചവച്ച്, ആ ചുണ്ടുകളിൽ വിരിയുന്ന ചിരിയോടെ അമ്മൂമ്മ മാവേലി തമ്പുരാന്റെ കഥ പറഞ്ഞുതരും.
അസുര രാജാവാണെങ്കിലും സ്വന്തം പ്രജകളെ ജീവനുതുല്യം സ്നേഹിച്ച മഹാബലി. വാമനൻ പാതാളത്തിലേക്ക് താഴ്ത്തിയെങ്കിലും, വർഷത്തിലൊരിക്കൽ തന്റെ മക്കളെ കാണാൻ അദ്ദേഹം ഇറങ്ങി വരുമെന്ന് പറയുമ്പോൾ, ഞങ്ങൾ കുട്ടികളുടെ കണ്ണുകൾ വിടരുമായിരുന്നു.
“അമ്മൂമ്മേ, മാവേലി തമ്പുരാൻ രാത്രി നമ്മൾ ഉറങ്ങുമ്പോൾ വരുമോ?” എന്ന് ചോദിക്കുമ്പോൾ, “പിന്നല്ലാതെ, നല്ലവരായ മക്കളുടെ വീട്ടിൽ തമ്പുരാൻ തീർച്ചയായും വരും” എന്ന് അമ്മൂമ്മ തലോടി പറയും.
സത്യമായിട്ടും, അന്ന് രാത്രി ഉമ്മറത്തെ കോലായിൽ തമ്പുരാന്റെ കാലൊച്ച കേൾക്കാൻ ചെവിയോർത്തു കിടന്നിട്ട് ഉണ്ട്.
അയൽപക്കത്തെ മുറ്റത്തെ കൂറ്റൻ മാവിൽ കെട്ടിയ വള്ളിയൂഞ്ഞാലും, അതിൽ ആടിയാടി ആകാശത്തോളം പോകുന്ന ആ പോക്കും… വൈകുന്നേരങ്ങളിൽ വിയർത്തു കുളിച്ച് കളിക്കുന്ന കലം ഉടക്കലും വടം വലിയും സുന്ദരിക്ക് പൊട്ടു തൊടലും ഒക്കെ എത്ര മനോഹരം ആയിരുന്നു.
ഓണത്തിൻ്റെ അന്ന് ഉച്ച ആകുമ്പോഴേക്കും അടുക്കളയിൽ നിന്ന് ശർക്കരപ്പായസത്തിന്റെ മണം ഉമ്മറത്തേക്ക് പടരും. സ്വന്തം വീട്ടിൽ ഉണ്ടാക്കിയ വിഭവങ്ങൾ ഒരു വാഴയിലയിലാക്കി അയൽപക്കത്തെ വീടുകളിലേക്ക് ഓടിച്ചെന്ന് കൊടുക്കുന്ന ആ ഒരു മനസ്സുണ്ടല്ലോ…
ജാതിയോ മതമോ അവിടെ ആരും നോക്കിയിരുന്നില്ല. എല്ലാവരും ഒരുമിച്ച് ഒരേ തറയിലിരുണ്ട് ഉണ്ടാക്കുന്ന ആ ഓണസദ്യയുടെ സ്വാദ്… അത് വേറൊരു ലോകമായിരുന്നു!
പക്ഷേ, കാലം എത്ര വേഗത്തിലാണ് ഉരുണ്ടുപോയത്!
ഇന്ന് ജീവിതം നമ്മളെ കൊണ്ടെത്തിച്ചിരിക്കുന്നത് നഗരത്തിലെ ഒരു ചെറിയ കോൺക്രീറ്റ് കൂട്ടിനുള്ളിലാണ്. രാപകലില്ലാതെ മെഷീൻ പോലെ ജോലി ചെയ്യുന്ന കോർപ്പറേറ്റ് ലോകം. ഇവിടെ ഓണത്തിന് പറമ്പിൽ പോയി പൂ പറിക്കാൻ സമയവുമില്ല, അതിന് അവിടെ മണ്ണുമില്ല. സൂപ്പർമാർക്കറ്റിൽ നിന്ന് പ്ലാസ്റ്റിക് കവറിലാക്കി വാങ്ങുന്ന, ആരോ തല്ലിക്കൊഴിച്ച വാടിയ കുറച്ചു പൂക്കൾ. ഫ്ലാറ്റിന്റെ ഉമ്മറത്തൊരു ചെറിയ സ്റ്റിക്കർ പൂക്കളം ഒട്ടിച്ച് നമ്മൾ ഓണം ആഘോഷമാക്കി മാറ്റുന്നു.
എന്റെ കുട്ടിക്ക് ആടാൻ ഇവിടെ ഊഞ്ഞാലുകളില്ല. അവൻ മൊബൈൽ സ്ക്രീനിലെ ഗെയിമുകളിലും യൂട്യൂബ് വീഡിയോകളിലുമാണ് മാവേലിയെ കാണുന്നത്. അമ്മൂമ്മമാരുടെ കഥകൾക്ക് പകരം അനിമേഷൻ പടങ്ങൾ. നാടൻ സദ്യയുടെ സ്വാദിന് പകരം കാറ്ററിംഗ് ഏജൻസി പ്ലാസ്റ്റിക് ബോക്സുകളിൽ കൊടുത്തുവിടുന്ന തണുത്ത വിഭവങ്ങൾ. വാട്സാപ്പിൽ വരുന്ന ഒരു അനിമേഷൻ ചിത്രത്തിലേക്ക് നമ്മൾ സ്നേഹം ചുരുക്കിയെടുക്കുമ്പോൾ, ഉള്ളിലൊരു വല്ലാത്ത വിങ്ങലാണ്.
നമ്മൾ എന്തൊക്കെയോ നേടി എന്ന് നടിക്കുമ്പോഴും, നമ്മുടെ ഉള്ളിലെ ഏതോ ഒരു കുട്ടി അവിടെ ആ പഴയ നാട്ടിൻപുറത്ത് ഒറ്റപ്പെട്ടുപോയതുപോലെ…
പക്ഷേ, കഴിഞ്ഞ ദിവസം വൈകുന്നേരം എന്റെ ആ ചിന്തകളെല്ലാം മാറ്റിമറിച്ച ഒരു സംഭവമുണ്ടായി.
ഫ്ലാറ്റിന്റെ ഇടനാഴിയിൽ നിന്ന് ചെറിയൊരു ബഹളം കേട്ട് ഞാൻ വാതിൽ തുറന്നു നോക്കി. അവിടെ തൊട്ടടുത്ത ഫ്ലാറ്റുകളിലെ മൂന്നാല് കുട്ടികളും കുറച്ച് മുതിർന്നവരും കൂടി നിൽക്കുന്നു. ആരുടെയോ കയ്യിൽ ചെറിയൊരു കൊട്ടയിൽ കുറച്ച് തുളസിയിലയും കുറച്ച് റോസാപ്പൂക്കളുമുണ്ട്.
“അങ്കിളേ, വന്ന് ഒരു പൂക്കളമിടൂ…” എന്ന് ആ കൊച്ചുകുട്ടികൾ എന്റെ കൈ പിടിച്ച് വലിച്ചപ്പോൾ എൻ്റെ കണ്ണുനിറഞ്ഞുപോയി.
അവിടെ ഒരു വലിയ ഓണാഘോഷവും ഉണ്ടായിരുന്നില്ല. പക്ഷെ, ഒരാൾ വീട്ടിൽ നിന്ന് അവിയൽ കൊണ്ടുവന്നു, വേറൊരാൾ ചെറിയൊരു പാത്രത്തിൽ പായസം കൊണ്ടുതന്നു. ഫ്ലാറ്റിലെ എല്ലാവരും അവിടെ ഒത്തുകൂടി, കുറെ നാളുകൾക്ക് ശേഷം ഒന്നുച്ചിരിച്ചു, പങ്ക് വെച്ചു. ആ കുട്ടികളുടെ കണ്ണിലെ സന്തോഷവും അവരുടെ ചിരിയും കണ്ടപ്പോൾ എനിക്ക് മനസ്സിലായി — ഓണം ഇല്ലാതായിട്ടില്ല!
നമ്മൾ വിചാരിക്കും പോലെ ഓണം എന്നത് ഒരു സ്ഥലമല്ല, അതൊരു മനസ്സാണ്. നല്ല നാളുകളെക്കുറിച്ചുള്ള പ്രതീക്ഷയാണ്, മനുഷ്യർ തമ്മിലുള്ള സ്നേഹത്തിന്റെ വറ്റാത്ത ഉറവയാണ്.
മാവേലി തമ്പുരാൻ വരുന്നത് കോൺക്രീറ്റ് മതിലുകൾ നോക്കിയോ തറവാട്ടു വീടുകൾ നോക്കിയോ അല്ല, നമ്മുടെ മനസ്സിന്റെ വലുപ്പം നോക്കിയാണ്. നമ്മൾ എവിടെയായിരുന്നാലും, എത്ര തിരക്കിലാണെങ്കിലും, ഉള്ളിൽ ഒരല്പം സ്നേഹവും പരസ്പരം ചേർത്തുവെക്കാൻ ഒരു മനസ്സുമുണ്ടെങ്കിൽ… പതിനൊന്നാം നിലയിലെ ചെറിയ ഫ്ലാറ്റിന്റെ കോലായിലും മാവേലി തമ്പുരാൻ ഇറങ്ങിവരും.
ജനലിലൂടെ ദൂരേക്ക് നോക്കുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു: “തമ്പുരാനേ, കാലം മാറിയാലും, ഞങ്ങൾ എത്ര വലിയവരായാലും… നിങ്ങളുടെ പഴയ മക്കളുടെ മനസ്സ് ഇന്നും ഇവിടെ അങ്ങയെ കാത്തിരിക്കുന്നുണ്ട്.”
By
“കഥയുടെ രാജകുമാരി “

