ദിവസങ്ങൾ ജീവിച്ചു തീർക്കാൻ ഇപ്പോൾ വലിയ പാടായിരിക്കുന്നു. ഒന്ന് മൂളാൻപോലും മറന്നുപോകുന്ന ദിവസങ്ങൾ കൂടിക്കൂടി വരികയാണ്.
താനിപ്പോൾ സംഗീതമേ കേൾക്കാറില്ല എന്നയാൾക്ക് അറിയാം, എങ്കിലും ജീവിതത്തിന്റെ താളം മനസ്സിലെവിടെയെങ്കിലും ഉണ്ടാകാം. എന്തോ അത് തിരഞ്ഞുപോകാൻ അയാൾ ശ്രമിക്കാറില്ല.
മരുഭൂമി അത്രയധികം അയാളെ കീഴ്പ്പെടുത്തിക്കളഞ്ഞിരിക്കുന്നു. എല്ലാം അടിച്ചുവാരി ചുഴികളായി ചുരുട്ടിക്കൂട്ടി കടന്നുപോകുന്ന മണൽക്കാറ്റിന്റെ ഭീകരത ഓഫീസിന്റെ കണ്ണാടി ചുമരുകൾക്കുള്ളിലെ സുരക്ഷയിലിരുന്നു അയാൾ ദിവസേന എന്നോണം കാണാറുണ്ട്. അടുത്തിടെയായി മണൽക്കാറ്റ് ആരെയൊക്കെയോ ചുഴറ്റിയെടുക്കണം എന്നതുപോലെ എന്നും ശക്തമായി ആഞ്ഞു വീശുന്നുണ്ട്. എന്തേ താനതിലേക്ക് ഇറങ്ങിനിന്ന് സ്വയം നഷ്ടപ്പെടാത്തത് എന്നും അയാൾ ആലോചിക്കും.
എല്ലാ ചിന്തകളെയും അടിച്ചുതൂക്കാൻ മണൽക്കാറ്റിന് കഴിയുന്നുണ്ട്. ചിലപ്പോൾ ഈ മണൽക്കാറ്റ് തന്നെ ചൂഴ്ന്നെടുക്കാൻ കാത്തുനിൽക്കുകയാണെന്നു തോന്നും, നിന്റെ സമയം ഞാൻ എവിടെയോ കുറിച്ചുവെച്ചിട്ടുണ്ട് എന്ന മട്ടിൽ ശരിയായ സമയത്തിനായി കാത്തുനിൽക്കുകയാകാം.
ഇനിയും എത്ര മരുഭൂമികളാണ് തനിയ്ക്ക് തനിയെ താണ്ടാനുള്ളത്? അല്ലെങ്കിൽ ജീവിതത്തിൽ നടന്നു തീർക്കാനുള്ളത് ഇനി മരുഭൂമികൾ മാത്രമാണോ?
നിങ്ങളിപ്പോൾ ഈ മരുഭൂമിയെ നിങ്ങളുടെ നാടിനേക്കാൾ സ്നേഹിക്കുന്നു എന്ന് എല്ലാവർക്കും തോന്നുന്നത് എന്തുകൊണ്ടായിരിക്കും. നാടിനേക്കാൾ ഹരിതാഭ മരുഭൂമിയിലെ നഗരങ്ങളിൽ വളർന്നുവലുതായി കണ്ണുകൾ കുളിർപ്പിക്കുന്നതിനാലാണോ അതോ നിങ്ങളുടെ ഉള്ളിലെ ഹരിതാഭ മരുഭൂമിയ്ക്ക് വഴിമാറിയതിനാലാണോ? നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. നീണ്ട പ്രവാസങ്ങൾ ഒരു മനുഷ്യന്റെ മനസ്സ് ശൂന്യതയിലേയ്ക്കോ വിഷാദങ്ങളിലേയ്ക്കോ അയാളെ തള്ളിവിടുന്നുണ്ടോ? ഉണ്ടാകാം, എങ്കിലും അതിനെ മറികടക്കുക എന്നത് അയാളുടെ മാത്രം ആവശ്യമാണ്, ജീവിച്ചിരിക്കാൻ വേണ്ടി മാത്രം.
പരാജയങ്ങളിലൂടെ വിഷാദങ്ങളിലേയ്ക്ക് വീണുപോയി ആരെക്കൊണ്ടും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത എത്രയോ മനുഷ്യർ ഈ മരുഭൂമിയുടെ നമുക്കറിയാത്ത തെരുവുകളിലൂടെ നടക്കുന്നുണ്ടാകാം. ഭക്ഷണവും താമസ സ്ഥലവും നൽകാം എന്ന് ജീവകാരുണ്യപ്രവർത്തകർ പറഞ്ഞാലും, അതിലേയ്ക്ക് തിരിഞ്ഞു നോക്കാത്തവർ, അതിൽനിന്നു ആരോടും പറയാതെ ഇറങ്ങിപ്പോകുന്നവർ, അവരുടെ ഉള്ളിലെ ജീവിതത്തോടുള്ള വൈരാഗ്യം അവർ കുഴിച്ചുമൂടുന്ന ജീവിതത്തിന്റെ ഓർമ്മകൾ, ഫോണിൽ നാട്ടിലെ ഉറ്റവരുമായി സംസാരിക്കാൻപോലും ഇഷ്ടമില്ലാത്തവർ. എന്തുകൊണ്ട് അവർ ഒറ്റപ്പെടലുകളുടെ ജീവിതങ്ങൾ തിരഞ്ഞെടുത്തു എന്ന് അയാൾ സ്വയം ചോദിക്കാറുണ്ട്. ഒരുപക്ഷേ അത്തരം ചോദ്യങ്ങൾ അയാൾ അയാളോടും ചോദിക്കുന്നുണ്ടാകാം.
മരുഭൂമിയിൽ പൊന്നുവിളയിക്കുന്നവരും കുഴിച്ചുമൂടപ്പെടുന്നവരും ഉണ്ട്. നിങ്ങൾ ഏത് വിഭാഗത്തിൽ എത്തിപ്പെടുന്നു എന്നത് ഓരോരുത്തരുടെയും ഭാഗ്യമാണ്, നിങ്ങളുടെ തലയിലെഴുത്താണ്. ചിലരെ ഭാഗ്യം പിന്തുടരും, ചിലരെ നിർഭാഗ്യങ്ങളും.
ബത്ത, റിയാദിലെ തിരക്ക് നിറഞ്ഞ നഗരപ്രദേശം. ഏഷ്യക്കാരുടെ മുംബൈ എന്നുതന്നെ പറയാം, അവിടത്തെ തിരക്കും, വണ്ടി പാർക്ക് ചെയ്യാൻ കഴിയാത്തതും, തിരക്കിൻറെ ഞെരുക്കത്തിൽ നിന്ന് വീർപ്പുമുട്ടി വാഹനം പുറത്തെടുക്കാൻ കഴിയാത്തതും ഒക്കെയുണ്ടെങ്കിലും ബഹുഭൂരിപക്ഷം ആളുകൾക്കും അതിനിടയിലൂടെ നടക്കുന്നത് നാട്ടിലെ വായു ശ്വസിക്കുന്നതുപോലെയാണ്. എല്ലാവരും ഒത്തുകൂടും, അതിനുശേഷം ഒരാഴ്ചത്തെ ഭക്ഷണ സാമഗ്രികൾ വാങ്ങി തിരിക്കുന്നതിന് മുമ്പ് ഒന്നിച്ചൊരു ചായയും കുടിച്ചു പിരിയുമ്പോൾ, അടുത്ത ആഴ്ച കാണാം എന്ന ഒരു പ്രത്യാശ അവരുടെ കണ്ണുകളിൽ ബാക്കി നിൽക്കും. വിദൂരങ്ങളിൽ ഒറ്റപ്പെട്ട് താമസിക്കുന്നവർ ചിലപ്പോൾ തനിക്കറിയാവുന്ന ആരുമില്ലെങ്കിലും, ആ വലിയ ആൾക്കൂട്ടങ്ങൾക്കിടയിൽ തന്റെ ഒരു നാട്ടുകാരനെ തിരഞ്ഞുനടന്നു കണ്ടുപിടിക്കുമ്പോൾ, ഞാൻ ഒറ്റയ്ക്കല്ല എന്ന ഒരു വലിയ നെടുവീർപ്പ് അയാളിൽ നിന്നുയരും. ഇത് നിങ്ങൾക്ക് തിരിച്ചറിയണമെങ്കിൽ നിങ്ങൾ ആരോരുമില്ലാത്ത ഒരു പ്രവാസിയായി മരുഭൂമിയിൽ ഒറ്റപ്പെടണം.
എന്തിനിങ്ങനെയൊക്കെ ചിന്തിക്കുന്നു എന്നയാൾ വീണ്ടും സ്വയം ചോദിച്ചു.
അന്ന് കണ്ണിലുടക്കിയ പത്ര വാർത്ത അയാളെ വിട്ടുപോയിരുന്നില്ല – തെരുവിൽ അന്തിയുറങ്ങി, നാടണയാൻ ശ്രമിച്ചു, ഒടുവിൽ ബത്തയിലെ വരാന്തയിൽ പ്രവാസി മലയാളിക്ക് കണ്ണീർ മടക്കം. ആ നാല്പതുകാരന്റെ മുഖത്തിന് തന്റെ ഛായയുണ്ടെന്ന് അയാൾക്ക് തോന്നി.
@കാവല്ലൂർ മുരളീധരൻ

