വില്ലേജോഫീസിലെ സീനിയർ ക്ലർക്കാണ് സുധാകരൻ. ഭാര്യ ലത. ചെറിയ രീതിയിൽ കാറ്ററിംഗ് വർക്ക് നടത്തുന്നു. മക്കൾ മൂന്നുപേർ. മൂത്തവൾ ‘സ്മേര’, ബിരുദാനന്തരബിരുദം കഴിഞ്ഞു, ജോലിക്കായുള്ള തയ്യാറെടുപ്പിലാണ്. രണ്ടാമത്തവൻ “സ്നിജേഷ് ‘, എഞ്ചിനിയറിങ് രണ്ടാം വർഷ വിദ്യാർത്ഥി. ഇളയവൾ “സ്നിഗ്ദ്ധ’ പത്താംതരം വിദ്യാർത്ഥിനി.
ഓരോരുത്തരും തിരക്കുകളിൽപ്പെട്ടു ഓരോ ഒറ്റത്തുരുത്തുകളാവുന്ന ജീവിതം. സൂര്യഹൗസിംഗ്കോളനിയിലാണ് അവരുടെ വീട്. കാര്യമായ കടങ്ങളും ബാധ്യതകളുമില്ലാത്ത സ്വസ്ഥജീവിതം. പലതട്ടുകളിലുള്ള ആളുകളായതുകൊണ്ടു തന്നെ അയൽപ്പക്കങ്ങളെ വേർത്തിരിക്കുന്ന മതിലുകൾക്ക് അകലമെന്ന അർത്ഥം കൂടിയുണ്ടായിരുന്നു. തമ്മിൽ കാണുമ്പോൾ പുഞ്ചിരി പോലും കൊടുക്കാൻ പലപ്പോഴും വിസ്മരിച്ചു പോവുന്നവർ.
രാവിലെ എഴുന്നേറ്റ് ഉമ്മറത്തെ കസേരയിലിരുന്ന് പത്രവാർത്തകൾ സസൂക്ഷ്മം വായിക്കുന്ന സുധാകരൻ കണ്ണടയൽപ്പം താഴ്ത്തി ചുറ്റും നോക്കി. ഭാര്യയും മൂത്തമകളും അടുക്കളപ്പണിയിലാണ്. അതിന്റെ താളങ്ങൾ ചെവിയിൽ വന്നലയ്ക്കുന്നു. മകൻ പുറത്തേക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഇളയവൾ പഠനത്തിരക്കിലും. ഒഴിവു ദിവസത്തിന്റെ വിരസതയിലും മാറ്റമില്ലാതെ തുടരുന്ന ദിനചര്യകൾ.
നോട്ടം അയൽവീട്ടിന്റെ മതിലുകടന്നു ചെല്ലുമ്പോൾ പരിഷ്ക്കാരത്തിന്റെ ചായമെഴുത്തുകളുമായി റോസിയാന്റിയുടെ സുംബ ഡാൻസ് ക്ലാസ്. ഫിലിപ്പ് അങ്കിളിന്റെ ചെടിപരിചരണം. ഇടയ്ക്ക് പാചകക്കാരനായും സഹായിയായും വേഷപ്പകർച്ചകൾ.
അപ്പുറത്തേയും ഇപ്പുറത്തേയും വീടുകളിലെ അവസ്ഥകളും വ്യത്യസ്തമായിരുന്നില്ല. ശ്രീധരൻ മാഷും സുമതിടീച്ചറും ഓവർസിയർ സുകുമാരനും കുടുംബവും എല്ലാം അവധി ദിവസത്തിന്റെ ആലസ്യവുമായി പതിയെ ഒരു ദിവസത്തിലേക്കു ചുവടുവെക്കുന്നതേയുള്ളൂ. ഏറെക്കുറെ തിരക്കൊഴിഞ്ഞ, ശാന്തമായ പ്രഭാതം.
പത്രത്താളുകൾ ആവർത്തനവിരസതയുടെ അക്ഷരങ്ങൾ പകർന്നപ്പോൾ പതിയെ കസേരയിൽ നിന്നെഴുന്നേറ്റ് കണ്ണട മാറ്റിവെച്ചു ചുറ്റും നോക്കി. വീടും മുറ്റവും പതിവു പോലെ വൃത്തിയായി കിടക്കുന്നുണ്ടെങ്കിലും തോട്ടവും തൊടിയും പരിചരണമില്ലാതെ മുരടിച്ചു കിടക്കുന്നു. അലസമായി പാഴാക്കിക്കളയുന്ന ഒഴിവുദിവസത്തെപ്പറ്റി ചിന്തിച്ചപ്പോൾ ഉള്ളിലെവിടെയോ ഒരു കുറ്റബോധം. അകത്തു നോക്കി മകനെ വിളിച്ചു. പതിവില്ലാത്ത കാര്യമായതുകൊണ്ട് ആശ്ചര്യത്തോടെ അവൻ വന്നു നോക്കി. ഒപ്പം ഭാര്യയും. തൊടിയും പൂന്തോട്ടവും ശരിയാക്കിയെടുക്കാമെന്നു പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ അവൻ വസ്ത്രം മാറി വന്നു. ഭാര്യയുടെ സംശയം മാറാത്ത നോട്ടത്തിനു വിടർന്ന പുഞ്ചിരി മറുപടിയായേകി. പരസ്പരം നിർദ്ദേശങ്ങൾ കൊടുത്തു പണി തുടങ്ങിയപ്പോൾ പതിയെ ഇരുവർക്കുമിടയിലെ മതിലുകൾ അലിഞ്ഞു. ഭാര്യയും പെൺമക്കളും കൂടിച്ചേർന്നപ്പോൾ ജോലിയും ഇടനേരങ്ങളിലെ ഭക്ഷണവും തമാശയും കുറുമ്പുകളുമായി ഒഴിവുദിനം സജീവമായി. റോസിയാന്റിയും മാത്യുഅങ്കിളും മറ്റുള്ളവരും കൂടിയായപ്പോൾ മതിലുകളുടെയകലം ഇല്ലാതെയായി.
ഇത്തിരി നേരത്തെ ഉച്ചവിശ്രമത്തിനൊരുങ്ങുമ്പോഴേക്കും വീടിനു പുതിയമുഖം കൈവന്നിരുന്നു. എല്ലാവരും ചേർന്നു ഒരു സായാഹ്നനടത്തത്തിനിറങ്ങി. ചുറ്റും ഇത്രയും കാഴ്ചകളും ആളുകളുമുണ്ടായിരുന്നുവെന്നതൊരു തിരിച്ചറിവായിരുന്നു. വഴിയരികിലെ കുശലങ്ങൾക്കും ഭക്ഷണങ്ങൾക്കുമെല്ലാം ഇത്രയേറെ മനസ്സു നിറയ്ക്കാൻ പറ്റുന്നതൊരു അത്ഭുതമായിരുന്നു. മക്കളുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ, ഭാര്യയുടെ പരിഭവത്തിൽ പൊതിഞ്ഞ കുഞ്ഞു പിണക്കങ്ങൾ, മനസ്സു നിറഞ്ഞ പൊട്ടിച്ചിരികൾ എല്ലാം എന്നോ എവിടെയോ വെച്ചു മറന്നു പോയിരുന്നു. സത്യത്തിൽ ഒരു ലാഘവം തോന്നുന്നു. ഒപ്പം പ്രതീക്ഷയുടെ വെട്ടം ഉള്ളിലാകെ നിറയുന്നു. ഏകാന്തതയിൽ തന്നെ പൊതിയുന്ന കരങ്ങൾക്ക് സാന്ത്വനത്തിന്റെ ഇളം ചൂടും ചൂരുമാവുന്നതറിയുകയായിരുന്നു.
എന്തോ ശബ്ദം കേട്ടുണരുമ്പോൾ എല്ലാം പഴയതു പോലെയായിരുന്നു. മാറാത്ത കണ്ണടകളിലെ മങ്ങിയ കാഴ്ചകൾ പോലെ പത്രത്തിലെ അക്ഷരങ്ങൾ മങ്ങിയതു തിരിച്ചറിവിന്റെ ഉറവയിൽനിന്നും നീരു കിനിഞ്ഞിട്ടാണെന്നറിഞ്ഞപ്പോൾ പത്രവും കണ്ണടയും മാറ്റിവെച്ചു മകനെ പേരു ചൊല്ലി വിളിക്കുമ്പോൾ കണ്ണും മനസ്സും പുതിയ കാഴ്ചകളിലേക്കുണരുകയായിരുന്നു.
★★★നിഷിബ എം നിഷി★★★

