ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം
ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം
ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ്
ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ
എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ
ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ
ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ
ഗാന്ധിശിഷ്യർക്കൊട്ടുമായില്ല കഷ്ടമേ!
ഗാന്ധിതൻ വിരിമാറിൽ വെടിയുണ്ട പായിച്ചോർ
ഗാന്ധിയെ കൊല്ലുവാൻ യോഗം വിളിച്ചവർ
സ്വാതന്ത്ര്യ ഗീതം മുഴക്കേണ്ടകാലത്ത്
കൊലവിളിയോടെങ്ങും പാഞ്ഞു നടന്നവർ
ഇന്ത്യയെ ഘണ്ടിച്ച് രണ്ടായി മാറ്റുവാൻ
പല പല ന്യായം പറഞ്ഞു നടന്നവർ
ഭാരത മക്കളെ പലതും പറഞ്ഞിട്ട്
ജാതി- മതത്തിൻെറ തൂണിലായ് ബന്ധിച്ച്
ജനാധിപത്യത്തിൻെറ തൂണകളോരോന്നായ്
തച്ചുടച്ചങ്ങനെ മുന്നേറും കാലത്ത്
വീണ്ടുമൊരു ഗാന്ധി പിറക്കുമോ ഈ മണ്ണിൽ?
സത്യാഗഹത്തിനു നേരമായ് കൂട്ടരേ
കരളുറപ്പുള്ള യുവാക്കളിറങ്ങട്ടെ
അധർമ്മങ്ങൾ കാണുന്ന കണ്ണുതുറക്കട്ടെ
ചോരതുടിക്കുന്ന കയ്യുകൾ പൊങ്ങട്ടെ
മാനവ സ്നേഹത്തിൽ ഗാഥ മുഴങ്ങട്ടെ
ചോദ്യങ്ങൾ ചോദിച്ചും ഉത്തരം തേടിയും
വീഥിയിലേക്കങ്ങിറങ്ങട്ടെ യൌവനം
വെട്ടിപ്പിടിക്കട്ടെ വീണ്ടുമെൻ ഇന്ത്യയെ
സത്യം ജയിക്കട്ടെ ധർമ്മം ജയിക്കട്ടെ
രാജ്യത്തിൻ ശത്രുക്കൾ നാടുവിട്ടോടട്ടെ
അങ്ങനെ വീണ്ടുമെൻ ഗാന്ധി ചിരിക്കട്ടെ
ദരിദ്രനാരായണർക്കാശ്വാസമേകുവാൻ
അവരുടെ രാജ്യമായ് ഇന്ത്യയെ മാറ്റുവാൻ
അറിവും ധനവും ഏല്ലാർക്കുമേകുവാൻ
ഗാന്ധിയെ നമ്മൾക്കു വീണ്ടുമിന്നോർത്തിടാം.
