മഞ്ഞും കാടും തണുപ്പും തൊട്ടറിഞ്ഞൊരു യാത്രാനുഭവം
കഴിഞ്ഞുപോയൊരു ഡിസംബർ മാസത്തിലാണ് അതിരപ്പിള്ളിയെന്ന മാലാഖയെയും, അവളുടെ സ്വന്തം കുളിരുറങ്ങുന്ന കാനനപാതകളെയും തഴുകിത്തലോടാൻ ഞങ്ങളിറങ്ങിത്തിരിച്ചത്.
ഒരു ക്രിസ്മസ് കാലമായിരുന്നു അത്; തണുപ്പ് വന്ന് മൂടിയ, ഒരിക്കലും മറക്കാനാവാത്തൊരു സുന്ദരമായ ഫാമിലി ട്രിപ്പ്!
യാത്രകളെക്കുറിച്ചുള്ള വലിയ തയ്യാറെടുപ്പുകൾക്കൊടുവിൽ പ്ലാനുകളെല്ലാം മാറിമറിഞ്ഞ്, ഒട്ടും തയ്യാറെടുപ്പുകളില്ലാതെയാണ് ഞങ്ങൾ ഇറങ്ങിയത്. എങ്കിലും പുലർച്ചെ തണുപ്പുള്ള കാറ്റേറ്റ് വണ്ടി മുന്നോട്ട് നീങ്ങുമ്പോൾ കുട്ടികളുടെ ഡാൻസും പാട്ടും കളിച്ചിരികളുമായി യാത്രയുടെ ആവേശം വാനോളമായിരുന്നു.
വശ്യസുന്ദരം, ഈ കാട്ടുപാത…
പ്രകൃതി അതിന്റെ സകല സൗന്ദര്യവും വാരിവിതറിയ ഒന്നാണ് അതിരപ്പിള്ളി – മലക്കപ്പാറ റൂട്ട്. ‘തെക്കിന്റെ കാശ്മീർ’ എന്നറിയപ്പെടുന്ന മൂന്നാറിലെ തേയിലത്തോട്ടങ്ങളെ ഓർമ്മിപ്പിക്കുന്ന മനോഹരമായ പച്ചപ്പുനിറഞ്ഞ മലനിരകൾ, തൊട്ടുരുമ്മി കടന്നുപോകുന്ന മഞ്ഞും മഴയും, കുളിരണിയിക്കുന്ന കാറ്റ്, താഴ്വരകളിലെ കൊച്ചു വീടുകൾ, ആ വഴിയോരങ്ങളിൽ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്ന പശുക്കൾ… അതൊരു ഒന്നൊന്നര കാഴ്ച തന്നെയായിരുന്നു!
ചിത്രശലഭങ്ങളുടെ ലോകം:
തുമ്പൂർമുഴി
അതിരപ്പിള്ളിയിലെത്തുന്നതിന് തൊട്ടുമുമ്പ് റോഡരുകിലാണ് തുമ്പൂർമുഴി പുഴയോര പാർക്ക്. ഈ വഴി പോകുന്നവരാരും ഇവിടുത്തെ ശലഭോദ്യാനം കാണാതെ മടങ്ങാറില്ല. ചിത്രശലഭങ്ങൾക്ക് ഇഷ്ടപ്പെട്ട അപൂർവ്വ സസ്യങ്ങളും ചെടികളും നിരനിരയായി നട്ടുപിടിപ്പിച്ചാണ് അവയെ ഇവിടെ ആകർഷിക്കുന്നത്. പ്രത്യേകിച്ച് വേനൽക്കാലത്ത് വർണ്ണശബളമായ ചിത്രശലഭങ്ങളുടെ വൻ ശേഖരം തന്നെ ഇവിടെ കാണാം.
ടിക്കറ്റെടുത്ത് അകത്തുകയറിയപ്പോൾ കയ്യിൽ വന്നിരിക്കുന്ന ചിത്രശലഭങ്ങളുടെ സ്പർശനം കൺകുളിർക്കെ കണ്ട കാഴ്ചയായിരുന്നു; മനസ്സിൽ എന്നും സൂക്ഷിക്കാവുന്ന അപൂർവ്വ അനുഭവം.
രാവിലെ ആയതിനാൽ വലിയ തിരക്കില്ലായിരുന്നു. കുട്ടികളുമായി വന്ന കുടുംബങ്ങൾ, മധുവിധു ജോഡികൾ, ചെറുപ്പക്കാരുടെ സംഘങ്ങൾ, പിന്നെ വെള്ളച്ചാട്ടത്തിൽ നിന്ന് തെറിച്ചു വീണ തുള്ളികൾ പോലെ അവിടവിടെ പ്രണയജോഡികളും…
ഞങ്ങളെ ആദ്യം സ്വീകരിച്ചത് ഒരു കൂട്ടം കുരങ്ങന്മാരാണ്. ആളുകളുടെ എണ്ണം കൂടുന്തോറും വെറൈറ്റി വിഭവങ്ങൾ തിന്നാൻ കിട്ടുമെന്ന സന്തോഷത്തിൽ അവർ പരക്കം പായുകയായിരുന്നു.
അടുത്ത ലക്ഷ്യം തൂക്കുപാലമായിരുന്നു.
താഴെ പുഴയിലെ തെളിനീർ വെയിലിൽ തട്ടി വജ്രം പോലെ തിളങ്ങുന്നു. അതിനു മുകളിലൂടെ പാലത്തിലൂടെ നടക്കുമ്പോൾ താഴെയുള്ള ചെക്ഡാമിന് മുകളിലൂടെ വെള്ളം നിറഞ്ഞു കവിഞ്ഞൊഴുകുന്ന സുന്ദരമായ കാഴ്ച കാണാം.
അതിരപ്പിള്ളി:
വെളുത്ത മാലാഖ
പതഞ്ഞുപൊന്തുന്ന ചില്ലുവെള്ളത്തിൽ നിന്ന് ജലകണങ്ങൾ പാറിപ്പറക്കുന്ന കാഴ്ചയിലേക്ക് നടക്കുമ്പോൾത്തന്നെ പ്രകൃതി നമ്മെ ആവാഹിക്കാൻ തുടങ്ങും. തലയ്ക്കു മീതെ വൻമരങ്ങളിൽ പക്ഷികളുടെ സംഗീതം. ദൂരെ കോടമൂടിയ കാടുകൾ. തൊട്ടുമുമ്പ് പെയ്തു തോർന്ന മഴത്തുള്ളികൾ മരച്ചില്ലകളിൽ നിന്ന് തണുത്ത കാറ്റിൽ പൊഴിഞ്ഞുവീഴുമ്പോൾ ശരീരമാകെ തണുത്തു വിറയ്ക്കും.
ഡിസംബറിലെ ഈ അന്തരീക്ഷത്തിന് മഴക്കാലത്തുനിന്ന് തികച്ചും വ്യത്യസ്തമായ ഒരു മാസ്മരിക ഭംഗിയുണ്ട്.
അടുത്ത ലക്ഷ്യം വാൽപ്പാറയായതിനാൽ അന്ന് വെള്ളച്ചാട്ടത്തിനടുത്ത് കൂടുതൽ സമയം ചെലവഴിക്കാനായില്ല. “മടങ്ങി വരുമ്പോൾ ഒന്നുകൂടി കാണാം” എന്ന് ഉറപ്പിച്ച് ഞങ്ങൾ വാൽപ്പാറ ലക്ഷ്യമാക്കി വണ്ടി മുന്നോട്ടെടുത്തു.
കാനനഭംഗിയിലൂടെ മലക്കപ്പാറയിലേക്ക്…
വാഴച്ചാൽ ചെക്ക്പോസ്റ്റ് മുതൽ കേരള അതിർത്തിയായ മലക്കപ്പാറ വരെയുള്ള ഡ്രൈവ് യാത്രയിലെ ഏറ്റവും രസകരമായ ഭാഗമാണ്. കാടും കാറ്റും കാട്ടാനകളും നിറയുന്ന വഴികൾ… കണ്ണിമ ചിമ്മാതെ വേണം യാത്ര ചെയ്യാൻ. കാടിന്റെ ഉള്ളിലേക്ക് കയറിയപ്പോഴാണ് വാൽപ്പാറയിലേക്കുള്ള യാത്രയുടെ യഥാർത്ഥ അനുഭവം മനസ്സിലായത്.
യാത്രാതടസ്സങ്ങളില്ലാത്ത തനി നാടൻ കാനനപാത. അതിരപ്പിള്ളിയിൽ നിന്ന് കയറുമ്പോൾത്തന്നെ തണുത്ത കാറ്റ് ഞങ്ങളെ ആലിംഗനം ചെയ്തു തുടങ്ങി.
വാൽപ്പാറയ്ക്ക് തൊട്ടുമുമ്പുള്ള സുന്ദരമായ ഡെസ്റ്റിനേഷനാണ് മലക്കപ്പാറ. ഞങ്ങൾ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ, തണുപ്പുള്ള സ്ഥലം! മലകളും താഴ്വരകളും ചായത്തോട്ടങ്ങളും നിറഞ്ഞ മലക്കപ്പാറയെ വാൽപ്പാറയുടെ ഒരു ചെറു പതിപ്പെന്ന് വിളിക്കാം.
ഉച്ചയായപ്പോൾ വണ്ടി കാടിന്റെ ഓരത്ത് നിർത്തി. കാടിന്റെ ഭംഗി ആസ്വദിച്ച്, സെൽഫിയൊക്കെ എടുത്ത് റോഡരുകിൽ ഷീറ്റ് വിരിച്ച് വീട്ടിൽ നിന്ന് കരുതിയ ഭക്ഷണം കഴിച്ചു.
കാടിന്റെ നിശബ്ദതയിൽ ആ തണുപ്പേറ്റ് ഭക്ഷണം കഴിച്ചതൊക്കെ ഒരു വല്ലാത്ത സുഖമുള്ള അനുഭവമായിരുന്നു!
കൊളുന്തു നുള്ളുന്ന സ്ത്രീകൾ ഞങ്ങളെ കടന്നുപോയ്ക്കൊണ്ടിരുന്നു. തേയിലത്തോട്ടങ്ങൾ മാത്രമല്ല, കാപ്പിയുടെ സമൃദ്ധിയും മലക്കപ്പാറയ്ക്ക സ്വന്തമാണ്. കാപ്പി പൂക്കുന്ന സമയത്ത് ഈ താഴ്വരയിലാകെ പടരുന്ന ആ നറുമണം ഒന്നു വേറെതന്നെയാവും!
വഴിതിരിച്ചുവിട്ട വിധി, മനോഹരമായ മടക്കം
പക്ഷേ, തുടർന്നങ്ങോട്ട് ചെറിയൊരു നിരാശ കാത്തിരിപ്പുണ്ടായിരുന്നു. ചെക്ക്പോസ്റ്റിൽ എത്തിയപ്പോഴാണ് തമിഴ്നാട് എൻട്രി പാസ് ഇല്ലെന്ന വിവരമറിയുന്നത്.
വാൽപ്പാറയിലേക്ക് പോകാൻ കഴിയാത്തതിൽ വല്ലാത്ത സങ്കടം തോന്നിയെങ്കിലും വീണ്ടും അതിരപ്പിള്ളിയിലേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചു.
വൈകുന്നേരം നാലു മണിയോടെ ഞങ്ങൾ വീണ്ടും അതിരപ്പിള്ളിയിൽ തിരിച്ചെത്തി. അപ്പോഴേക്കും നല്ല തിരക്കായിട്ടുണ്ടായിരുന്നു. മുകളിൽ നിന്ന് കുറെ ചിത്രങ്ങൾ പകർത്തി.നല്ല രസകരമായ നിമിഷങ്ങളായിരുന്നു. വൈകുന്നേരം വരെ അവിടെ ചെലവഴിച്ചിട്ടും മടങ്ങിപ്പോരാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല.
ഓർമ്മകളുടെ താളുകളിൽ…
അതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽക്കുത്ത്, ഷോളയാർ, മലക്കപ്പാറ… വഴിയിൽ നമ്മളെ കാത്തിരിക്കുന്ന പുഴകൾ, തടാകങ്ങൾ, കൊച്ചു വെള്ളച്ചാട്ടങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, ഇടതൂർന്ന കാടുകൾ, തേയിലത്തോട്ടങ്ങൾ… കൂടാതെ റൈഡിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഹരം പകരുന്ന കാനനപാതകൾ!
”അടുത്ത മഴക്കാലത്തുതന്നെ ഈ വെള്ളച്ചാട്ടം വീണ്ടും കാണാൻ വരണം” എന്ന് അന്ന് മനസ്സിൽ കുറിച്ചിട്ടതാണ്. ഇതുവരെ അതിന് സാധിച്ചില്ലെങ്കിലും വീണ്ടുമൊരിക്കൽ കൂടി അതിരപ്പിള്ളി-മലക്കപ്പാറ വഴി വാൽപ്പാറയിലേക്ക് പോകണം.
വീട്ടിലേക്ക് മടങ്ങുമ്പോഴും ഒരു വെളുത്ത മഞ്ഞായി, ചിലമ്പിക്കുന്ന മഴയായി, അതിരപ്പിള്ളിയെന്ന മാലാഖ എന്റെ മനസ്സിലേക്ക് പെയ്തിറങ്ങിക്കൊണ്ടേയിരുന്നു…
✍🏻uma
ചിത്രത്തിന് കടപ്പാട് : tripadvisor

