രാത്രിയിലെ കനത്ത മഴ, പെയ്തു തോർന്നിരുന്നു. അസിസ്റ്റന്റ് പ്രൊഫസ്സർ സുമിത്ര ഒരു സ്വപ്നം കണ്ട് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. അവൾ മുറിയിലെ ജനാലകൾ തുറന്നിട്ടു. അടുക്കളയിൽ പോയി ചൂട് ചായ ഉണ്ടാക്കി വന്നു. അവൾ മേശയുടെ മുൻപിൽ ഇരുന്നു. തുറന്നു വച്ചിരുന്ന ഗവേഷണ പ്രബന്ധത്തിന്റെ താളുകൾ പറന്നു പോകാതിരിക്കാൻ, സുമിത്ര അത് അടുക്കി, മുകളിൽ വെയിറ്റ് വച്ചു. സാമ്പത്തിക ശാസ്ത്രത്തിലെ ഫ്രഞ്ച് മോഡൽ പരീക്ഷണങ്ങൾ അവൾ വായിക്കാൻ ശ്രമിച്ചു, ഒന്നും മനസ്സിൽ പതിയുന്നില്ല.. അവൾക്ക് ഈയിടെയായി സ്വന്തം മനസ്സിനെ പോലും നിയന്ത്രിക്കാൻ സാധിക്കുന്നില്ല.
സുമിത്ര കൈകൾ പിറകിലേക്ക് നീട്ടി വച്ച് ദീർഘമായി ഒന്ന് നിശ്വസിച്ചു, തന്റെ പിറകിലെ കട്ടിലിൽ ഭർത്താവ് നിരഞ്ജൻ, ഏക മകൻ ആർദ്രവിനൊപ്പം ഉറങ്ങുകയാണ്. എട്ടാം ക്ലാസ്സിൽ ആയിട്ടും ആർദ്രവിനെ ഒറ്റയ്ക്കൊരു മുറിയിൽ കിടന്നു ഉറങ്ങാൻ പോലും നിരഞ്ജൻ സമ്മതിക്കാറില്ല, അത്രയ്ക്ക് വാൽസല്യമാണയാൾക്ക്. നിരഞ്ജന്, ചിലപിടി വാശികളുണ്ട്. അതൊക്കെ സമ്മതിച്ചു കൊടുത്താലേ വീട്ടിൽ സമാധാനമുണ്ടാകൂ എന്നവൾക്കറിയാം.
അവളുടെ മനസ് ആ മുറിയിൽ നിന്നും എട്ടു കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ ഒരു തറവാട്ടിലേക്ക് കുതിച്ചു. ആ നാലുകെട്ടിന്റെ വടക്കേ മൂലയ്ക്കുള്ള ആ ചെറിയ മുറി അവളുടെ ലോകമായിരുന്നു. ആ ലോകത്ത് അവളും ഒരു കാലത്ത് അവളുടെ എല്ലാമെല്ലാമായ സ്വപ്നങ്ങളും മാത്രമായിരുന്നു. ആ മുറിയിൽ മുകുന്ദനൊപ്പം ഇരിക്കുന്നത് സുമിത്ര ഇന്നലെ സ്വപ്നം കണ്ടിരുന്നു.
മുകുന്ദൻ നായർ, സുമിത്രയുടെ സഹപ്രവർത്തകനാണ്. ഒരു വർഷം മുൻപാണ് അയാൾ ട്രാൻസ്ഫറായി സുമിത്രയുടെ കോളേജിലേക്ക് വന്നത്.
മുകുന്ദൻ നായർ ഇംഗ്ളീഷ് വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസ്സറാണ്. സുമിത്രയേക്കാൾ ഒരു വയസിനു മൂത്ത മുകുന്ദൻ മിടുക്കനായ അദ്ധ്യാപകൻ ആയിരുന്നു. കുട്ടികളുടെ എല്ലാമെല്ലാമായിരുന്ന മുകുന്ദൻ്റെ, തിളങ്ങുന്ന കണ്ണുകളും സൗമ്യമായ ശബ്ദവും കായിക ക്ഷമതയുള്ള ശരീരവും എല്ലാവരും ശ്രദ്ധിക്കുമായിരുന്നു.
കോളേജിൽ വച്ച് സുമിത്രയും മുകുന്ദനും തമ്മിലുള്ള സൗഹൃദം എപ്പോഴോ പ്രണയമായി മാറി. എപ്പോഴാണത് സംഭവിച്ചത് എന്ന് സുമിത്ര ഓർക്കുന്നില്ല.
ഒരു പക്ഷെ കോളേജ് ക്യാന്റീനിലെ ഒന്നിച്ചുള്ള പതിവ് ചായ കുടിയ്ക്കിടെ സംഭവിച്ചതാകാം. സെമിനാറിനായി ഒന്നിച്ചു ഹൈദരാബാദിൽ പോയ ദിവസം, ബസിൽ വച്ച് സുമിത്ര ഉറങ്ങി അവന്റെ തോളിൽ വീണ നിമിഷം, അവളുടെ തല വഴുതി പോകാതിരിക്കാൻ ഒരു പുസ്തകം അവളുടെ തലയ്ക്കു താങ്ങായി മണിക്കൂറുകൾ പിടിച്ചു, വച്ചതറിഞ്ഞ നിമിഷം മുതലാകാം. അതല്ലെങ്കിൽ സുമിത്രയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയുടെ അപകട മരണം അറിഞ്ഞ നിമിഷം കരഞ്ഞു നിലവിളിച്ചപ്പോൾ അവൻ ആശ്വസിപ്പിച്ച അവസരത്തിലാകാം.
“മുകുന്ദാ, എല്ലാവരുടെയും മുന്നിൽ ഞാൻ വളരെ ശക്തയായ ഒരു സ്ത്രീയാണ്, പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഞാൻ വെറുമൊരു നനഞ്ഞ പക്ഷികുഞ്ഞാണ്. “
സുമിത്രയുടെ സങ്കടങ്ങൾ, ഒരു അലോസരവും ഉണ്ടാകാതെ മുകുന്ദൻ കേട്ട് കൊണ്ടിരുന്നു. എപ്പോഴോ അവളെ അയാളും പ്രണയിച്ചു തുടങ്ങി.
അവരുടെ പ്രണയ നിമിഷങ്ങൾ സുമിത്രയുടെ മനസ്സിൽ തെളിഞ്ഞു. സുമിത്ര ഫോൺ കയ്യിലെടുത്തു. വൈകിട്ട് എപ്പോഴോ മുകുന്ദൻ അയച്ച ഒരു മെസ്സേജ് ഫോണിൽ കിടന്നിരുന്നു.
“ഇന്ന് കോളേജിൽ നിന്നും നേരത്തെ ഇറങ്ങിയോ സുമിത്രാ. “
അന്ന് മുകുന്ദന് പേപ്പർ വാല്യുവേഷൻ ഡ്യൂട്ടി ആയിരുന്നു. അവൾ ഉടനെ മറുപടി അയച്ചു.
“ഈ ആഴ്ച ഗൈഡിനെ കാണാൻ പോകണം. മൂന്നു വർഷം കഴിഞ്ഞു, ഗൈഡിന്റെ ഡെഡ് ലൈൻ വന്നു. കുറെ വർക്കുകൾ പെന്റിങ് ആണ്. “
രാത്രി ആയതു കൊണ്ടാകണം, മെസ്സേജ് കണ്ടെങ്കിലും മുകുന്ദൻ മറുപടി അയച്ചില്ല. അയാൾ അങ്ങനെയാണ്. അവളുടെ സമയത്തിന് വില കൊടുക്കുന്നതു കൊണ്ടാണ് അസമയത്ത് ആശയ വിനിമയം നടത്താത്തത്. സുമിത്ര വീണ്ടും മെസേജ് അയച്ചു.
“മുകുന്ദാ എനിക്കൊരു കാര്യം പറയാനുണ്ട്. “
“എന്താ സുമീ. “
മറുപടി പെട്ടെന്നായിരുന്നു, എന്ത് പറയണം എന്നോർത്ത് സുമിത്ര കുഴഞ്ഞു. അവൾ കുറെ നേരം കണ്ണടച്ചിരുന്നു. പിന്നെ അവളുടെ വിരലുകൾ വേഗം ടൈപ്പ് ചെയ്തു.
“മുകുന്ദാ എനിക്ക് ടൈം ട്രാവൽ ചെയ്യണം ഭൂത കാലത്തിലേക്ക് നമുക്ക് പോകാൻ കഴിഞ്ഞെങ്കിൽ, എന്റെ പതിമൂന്നാം വയസ്സിൽ നമ്മൾ പരസ്പരം കണ്ടു മുട്ടിയിരുന്നെങ്കിൽ…. ഞാൻ ആദ്യമായി ഇഷ്ടത്തിലായ പുരുഷൻ നീയായിരുന്നുവെങ്കിൽ.. “
മുകുന്ദൻ ഉടനെ മറുപടി അയച്ചില്ല. സുമിത്രയുടെ കണ്ണുകൾ നിറഞ്ഞു. വേണ്ടായിരുന്നു, തന്റെ മനസ്സ് അയാളോട് തുറക്കേണ്ടായിരുന്നു.
“എന്താണ് സുമീ നീ ഉദ്ദേശിക്കുന്നത്. “
“അന്ന് നിന്നെ ഞാൻ കണ്ടിരുന്നുവെങ്കിൽ…. നീയായിരുന്നു എന്റെ ജീവിത പങ്കാളിയായി ഇപ്പോൾ കൂടെ ഉണ്ടാകേണ്ടത്. എന്റെ ജീവിതമിപ്പോൾ മറ്റൊന്നായി മാറിയേനെ മുകുന്ദാ. “
പിന്നെ അന്നവർ പരസ്പരം മെസ്സേജ് ഒന്നും അയച്ചില്ല. അവർ രണ്ടു പേർക്കും, ആ രാത്രി ഒരു പോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ല.
പിറ്റേന്ന് വൈകിട്ട് കോളേജ് ക്യാന്റീനിൽ വച്ച് പതിവ് പോലെ കണ്ടു മുട്ടി.
“സുമീ നിനക്ക് ശരിക്കും എന്താണ് വേണ്ടത്. “
സുമിത്ര നിറഞ്ഞ മിഴികളോടെ അവനെ നോക്കി, ചിരിക്കാൻ ശ്രമിച്ചു.
“ഞാൻ തുറന്ന് പറഞ്ഞാൽ നീ എന്നെ കളിയാക്കുമോ?”
ഇല്ലെന്നു മുകുന്ദൻ തലയാട്ടി.
“എന്റെ കൗമാരത്തിലാണ് എനിക്ക് ആദ്യമായി ഒരു ഇഷ്ടം ഉണ്ടായത്. അവന്റെ പേരെനിക്കു ഇപ്പോഴും അറിയില്ല. ഒരു കല്യാണത്തിന് ബന്ധു വീട്ടിൽ പോയപ്പോൾ ഒരു പയ്യനെ കണ്ടു മുട്ടിയിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ എനിക്കെന്തോ അവനോടൊരു ഇഷ്ടം തോന്നിയിരുന്നു, അത് പ്രണയമാണോ എന്നൊന്നും എനിക്കറിയില്ല. ആയിരുന്നെങ്കിൽ എന്റെ ആദ്യ പ്രണയമാകുമായിരുന്നു അത്. “
“മ് മ്. “
“പിന്നെ.. ഒരു പക്ഷെ ഞാൻ മറ്റൊരാളെ വിവാഹം കഴിക്കില്ലായിരുന്നു. “
“അപ്പോൾ നിരഞ്ജനോ ? നിന്റെ മകനായ ആർദ്രവോ?”
സുമിത്ര കരഞ്ഞു.
“ഞാൻ അവരെ സ്നേഹിക്കുന്നില്ലാ എന്നല്ല ഞാൻ പറഞ്ഞത്. ആർദ്രവ് എന്റെ ജീവൻ്റെ ജീവനാണ്, നിരഞ്ജൻ എന്നെ സ്നേഹിക്കുന്നു. എന്നെ ഒരു പാട് വിശ്വസിക്കുന്നു, അദ്ദേഹം ഒരു മോശം ഭർത്താവല്ല. എന്നെ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല, എന്നാലും…
“പിന്നെന്താണ് സുമീ. എന്താണ് നിന്റെ ഇപ്പോഴത്തെ പ്രശ്നം?”
“എനിക്കെന്താണ് സംഭവിച്ചത്, മുകുന്ദൻ.. എനിക്കറിയില്ല. എനിക്ക് പണ്ട് നഷ്ടമായ… എന്തോ ഒന്ന് എനിക്ക് നിന്നിലൂടെ തിരികെ കിട്ടിയിരിക്കുന്നു. “
സുമിത്ര നിറഞ്ഞ മിഴികൾ തുടച്ചു. താനെന്താണ് ഇത്ര വൈകാരികമായി പെരുമാറുന്നത് എന്നവൾക്കു മനസിലായില്ല.
“എന്റെ സുമീ, ഞാൻ എന്നും നിന്റെ കൂടെയുണ്ടല്ലോ, നമ്മൾ സുഹൃത്തുക്കളാണോ, അല്ലേയല്ല, ലൗവേഴ്സ് ആണോ അതുമറിയില്ല, അപരിചിതരാണോ ? അതുമല്ല. “
സുമിത്രയുടെ വിരൽത്തുമ്പുകൾ മുകുന്ദന്റെ വിരലിൽ തൊട്ടു. അവൻ ആ കൈ പിൻവലിച്ചില്ല.
“എന്റെ സുമീ നിന്നെ കാണുമ്പോൾ ഒരു നാല്പതുകാരിയാണെന്നു എനിക്ക് തോന്നാറില്ല. കോളേജിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെപോലെയാണ് ഇപ്പോഴും. നീ എന്തൊരു എനർജിയാണ് നിനക്ക്. “
സുമിത്രക്ക് മുകുന്ദനെ വേണമായിരുന്നു.
“മുകുന്ദാ എനിക്ക് നിന്നെ വേണം, ഒരു ദിവസമെങ്കിൽ ഒരു ദിവസം നിന്നോടൊപ്പം എനിക്ക് കഴിയണം. “
സുമിത്രക്ക് അവളുടെ മകന്റെ ഭാവി കഷ്ടത്തിലാക്കാൻ ആഗ്രഹമില്ലായിരുന്നു. മുകുന്ദൻ വിവാഹിതനും ഒരു പെൺകുട്ടിയുടെ അച്ഛനുമാണ് എന്ന ബോധം അവൾക്കുണ്ട്.
“നമ്മൾ തമ്മിൽ കണ്ടുമുട്ടാതിരുന്നെങ്കിൽ എന്ന് നീ ആഗ്രഹിക്കുന്നോ?”
“ഇല്ല സുമിത്ര, നീയില്ലാത്ത ലോകം എനിക്കിനി ചിന്തിക്കാനേ വയ്യ. എന്റെ മനസ്സിൽ എപ്പോഴും നീയുണ്ട്. ഉണരുന്നത് മുതൽ ഉറങ്ങാൻ കിടക്കുന്നത് വരെ. ശരിക്കും പറഞ്ഞാൽ നീയെന്റെ മനസ്സിൽ ഒരു റാണിയെ പോലെ ജീവിക്കുകയാണ്. നീ ഇല്ലെങ്കിൽ പിന്നെ ഞാനില്ല. “
മുകുന്ദന്റെ നിറഞ്ഞ കണ്ണുകൾ അവൾക്കു നോക്കാനായില്ല. അവൾ തല കുനിച്ചു.
അന്ന് സുമിത്ര നേരത്തെ വീട്ടിലെത്തി. ആർദ്രവിനൊപ്പം അവന്റെ സയൻസ് പ്രൊജക്റ്റ് ചെയ്യാൻ കൂടി. പഠിച്ച് ക്ഷീണിച്ചു തളർന്നു ഉറങ്ങുന്ന ആർദ്രവിനെ പുതപ്പു കൊണ്ട് പുതപ്പിച്ചു, നെറ്റിയിൽ ചുംബിച്ചു, ലൈറ്റ് അണച്ച് അവൾ മുറിയുടെ പുറത്തിറങ്ങി. അതുവരെ തടഞ്ഞു വച്ചിരുന്ന മുകുന്ദന്റെ ഓർമ്മകൾ അവളുടെ മനസ്സിലേയ്ക്ക് തിക്കി തിരക്കി വന്നു.
മുറിയിൽ നിരഞ്ജൻ സുമിത്രയെ കാത്തിരിക്കുകയായിരുന്നു. സുമിത്ര കട്ടിലിന്റെ അവൻ്റെ വശത്തു ചെന്നിരുന്നു.
“എന്താ സുമിത്രേ, എന്താണ് നിന്റെ മുഖം വല്ലാതെയിരിക്കുന്നത്. “
“ഏയ് ഒന്നുമില്ല, വല്ലാത്ത തലവേദന. “
നിരഞ്ജൻ സുമിത്രയുടെ നെറ്റിയിൽ വിക്സ് പുരട്ടി കൊടുത്തു. ചെറിയ ചൂടുള്ള വെള്ളം അവൾക്കു കുടിക്കാൻ കൊടുത്തു. അയാളുടെ സ്നേഹപ്രകടനം സുമിത്രയെ കരയിച്ചു.
“കുറച്ച ദിവസമായി നിന്നെ ഞാൻ ശ്രദ്ധിക്കുന്നു, നീ ശരിക്കും ഉറങ്ങുന്നില്ലല്ലോ. കോളേജിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?”
സുമിത്ര അയാളെ നോക്കി, കരഞ്ഞു. അവൾക്കു നിരഞ്ജനോട് എല്ലാം തുറന്നു പറയണമെന്നുണ്ട്. പക്ഷെ ഒന്നും പറയാൻ പറ്റുന്നില്ല.
“നിരഞ്ജൻ”
“എന്താ സുമിത്രേ. “
സുമിത്ര ഒന്നും മിണ്ടിയില്ല.
“നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോട് പറയൂ സുമിത്രേ, നീ ഒറ്റയ്ക്കല്ല, ഞാൻ കൂടെയുണ്ട്. “
സുമിത്ര പൊട്ടിക്കരഞ്ഞു പോയി. നിരഞ്ജന് പരിഭ്രമമായി.
“എന്ത് പറ്റി മോളെ. “
“ഒന്നുമില്ല. “
സുമിത്ര നിരഞ്ജന്റെ തോളിൽ തലചായ്ച്ചു.
“എനിക്ക് കുറച്ചു നേരം ഇങ്ങനെയിരിക്കണം നിരഞ്ജൻ. “
നിരഞ്ജൻ സുമിത്രയെ ചേർത്ത് പിടിച്ചു. അന്ന് രാത്രി നിരഞ്ജന്റെ നെഞ്ചിൽ തല വച്ച് കിടന്നപ്പോഴും സുമിത്രയുടെ മനസ്സിൽ മുകുന്ദന്റെ ഓർമ്മകളായിരുന്നു.
അന്ന് രാത്രിയിൽ അവളൊരു സ്വപ്നം കണ്ടു പതിമൂന്നുകാരിയായ സുമിത്ര, അച്ഛനമ്മമാരോടൊപ്പം ഒരു കല്യാണത്തിൽ പങ്കെടുക്കുന്നു. കടും പച്ചനിറത്തിലുള്ള പട്ടുപാവാടയും മഞ്ഞ ഉടുപ്പും ധരിച്ചു, മുടി രണ്ടായി മെനഞ്ഞിട്ട സുന്ദരിയായ സുമിത്ര. അവളെ തന്നെ ആരാധനയോടെ നോക്കി നിൽക്കുന്ന ഒരു പതിനഞ്ചുകാരൻ, പൊടി മീശക്കാരൻ പയ്യൻ, അവളുടെ അച്ഛന്റെ സുഹൃത്തിന്റെ അനന്തരവനാണത്. മുതിർന്നവർ വീട്ടു വിശേഷങ്ങൾ പറഞ്ഞിരുന്നപ്പോൾ, അവർ നല്ല സൗഹൃദത്തിലായി. കളിചിരികളുമായി അവർ മുറ്റത്തു ഓടി നടന്നു.
ആർദ്രവ് വന്നു വിളിച്ചപ്പോൾ സുമിത്ര ഞെട്ടിയുണർന്നു. അവളുടെ സ്വപ്നം പകുതിയിൽ അവസാനിച്ചപ്പോൾ അവൾക്കു തെല്ലു നിരാശ തോന്നി. എന്തോ അന്നവൾക്കു കോളേജിൽ പോകാൻ തോന്നിയില്ല. അവൾ ലീവെടുത്തു. കൂടെ നിൽക്കാമെന്ന് നിരഞ്ജൻ പറഞ്ഞെങ്കിലും സുമിത്ര സമ്മതിച്ചില്ല. നിരഞ്ജൻ എക്സിക്യൂട്ടീവ് എൻജിനീയർ ആണ്, ഓഫീസിൽ നല്ല തിരക്കുണ്ട്. അവൾ സന്തോഷത്തോടെ നിരഞ്ജനെ ഓഫീസിലേയ്ക്ക് പറഞ്ഞയച്ചു.
പത്തു മണി കഴിഞ്ഞപ്പോൾ മുകുന്ദന്റെ ഫോൺ കാൾ വന്നു.
“എന്ത് പറ്റി സുമീ, നിനക്ക് വയ്യേ. “
“ഒരു തലവേദന, വേറെ പ്രശ്നമൊന്നുമില്ല. “
“നിനക്ക് ഒരു സർപ്രൈസ് തരാൻ കാത്തിരിക്കുകയായിരുന്നു. ഇനി നാളെയാകട്ടെ, നീ വിശ്രമിക്കൂ. “
“ഏയ് അതൊന്നും പറ്റില്ല. ഇപ്പോൾ പറഞ്ഞെ പറ്റൂ. “
മുകുന്ദൻ ഒരു നിമിഷം ആലോചിച്ചു.
“ശരി ശരി, നിന്റെ വാട്സാപ്പ് ഒന്ന് നോക്കൂ. “
ഫോണെടുത്ത് വാട്സാപ്പ് മെസ്സേജ് നോക്കിയ സുമിത്രയുടെ കൈകൾ വിറയ്ക്കുകയായിരുന്നു. പട്ടു പാവാടയുടുത്ത് അച്ഛന്റെയും അമ്മയുടെയും നടുക്ക് സുമിത്ര നിൽക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോയാണ്. പ്രായം ഏകദേശം, പതിമൂന്നു വയസ്സ്. ആ ഫോട്ടോയിൽ ഉള്ള മറ്റുള്ളവരെ അവൾ നിരീക്ഷിച്ചു. അവനുണ്ട്, ആ ഫോട്ടോയിൽ, പൊടിമീശയുള്ള ആ പതിനഞ്ചുകാരൻ.
സുമിത്ര അപ്പോൾ തന്നെ മുകുന്ദനെ തിരിച്ച് വിളിച്ചു. നാലാമത്തെ കാളിനാണ് അയാൾ ഫോണെടുത്തത്.
“ഇതെവിടുന്നാണ് കിട്ടിയത് ?”
“അമ്മയുടെ ആൽബത്തിൽ നിന്നും. അതിലെ പെൺകുട്ടി നീ തന്നെയാണോ. അവിചാരിതമായി കണ്ടതാണ് ഈ ഫോട്ടോ. “
“അതെ, ആ ആൺകുട്ടി നീയാണോ?”
“അതെ അപ്പോൾ നമ്മൾ പണ്ടേ പരിചിതരായിരുന്നു. കൗമാരത്തിൽ നമ്മൾ കണ്ടിരുന്നു. എന്നിട്ടും നമ്മൾ പ്രണയിച്ചില്ല. നമുക്ക് വിധി തന്നത് മറ്റൊരു ജീവിതമാണ്. നമ്മൾ അത് കൊണ്ട് തൃപ്തി പെട്ടേ പറ്റൂ സുമിത്ര. “
“നിനക്ക് എന്നോട് ഒട്ടും സ്നേഹമില്ലേ മുകുന്ദൻ. “
മുകുന്ദൻ മറുപടി ഒന്നും പറഞ്ഞില്ല.
സുമിത്ര തെല്ലു അമർഷത്തോടെ ഫോൺ താഴെ വച്ചു. അവൾക്കു ആദ്യമായി മുകുന്ദനോട് ദേഷ്യം തോന്നി. അവൾ കട്ടിലിൽ കമിഴ്ന്നു കിടന്നു, തലയണയെ അമർത്തി കെട്ടിപിടിച്ചു കരഞ്ഞു. കുറെ കഴിഞ്ഞപ്പോൾ അവൾക്കൊരു ആശ്വാസം തോന്നി. അവൾ ചാടിയെഴുന്നേറ്റു.
ആർദ്രവിന്റെ സയൻസ് പ്രോജക്ടിനായുള്ള മാഗസിനുകൾ തിരയാനായി, നിരഞ്ജന്റെ പഴയ അലമാര അവൾ തുറന്നു. അതിൽ നിരഞ്ജന്റെ ഡയറി അവൾ കണ്ടു. അയാളുടെ സ്വകാര്യതയെ മാനിച്ചു അതവൾ മാറ്റി വച്ചു, അതിൽ നിന്നും താഴെ വീണ കുറച്ചു ഫോട്ടോസ് അവൾ ശ്രദ്ധിച്ചു.
കൗമാരക്കാരിയായ സുമിത്ര, വിവാഹ വേഷത്തിലുള്ള സുമിത്ര, മകന്റെ ചോറൂണ ദിവസം കുഞ്ഞുമായി ഗുരുവായൂർ നടയിൽ നിൽക്കുന്ന സുമിത്ര. കുഞ്ഞിന്റെ ഒന്നാം പിറന്നാളാഘോഷം, അവന്റെ സ്‌കൂളിലെ ആദ്യ ദിവസം. ഓരോ പ്രിയ നിമിഷങ്ങളും ക്യാമറയിൽ ഒപ്പിയെടുത്ത സൂക്ഷിക്കുന്ന നിരഞ്ജൻ.
സുമിത്രക്ക് തല കറങ്ങുന്നത് പോലെ തോന്നി. അവൾ ഡയറിയുമായി ഒരു നിമിഷം കസേരയിൽ ഇരുന്നു. മടിച്ചു മടിച്ചാണെങ്കിലും അവളതു തുറന്നു വായിക്കാൻ തീരുമാനിച്ചു.
“സുമിത്രയെ ആദ്യമായി കോളേജിൽ പോയി കണ്ടു. അത്ര സുന്ദരിയൊന്നുമല്ല, ശാലീനമായ മുഖം. അവൾ അധികമൊന്നും സംസാരിച്ചില്ല. അവൾ ചിരിക്കുമ്പോൾ നല്ല ഭംഗിയാണ്. “
“സുമിത്രക്ക് എന്നെ ഇഷ്ടമാണെന്ന് മനസിലായി. പക്ഷെ അവൾ തുറന്ന് പറയില്ല. നല്ല ഈഗോ ഉണ്ടവൾക്കെന്ന് തോന്നുന്നു. “
സുമിത്ര വായിച്ചു വായിച്ചു പേജുകൾ മറിച്ചു.
“സുമിത്ര എന്നെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് പറഞ്ഞ ദിവസം. എനിക്ക് ലോകം പിടിച്ചെടുത്ത സന്തോഷം തോന്നി. ഓഫീസിലെ മുഴുവൻ സ്റ്റാഫിനും ബിരിയാണി വാങ്ങി കൊടുത്തു. ‘
“ഇന്ന് ഓഫീസിൽ ഇരുന്നപ്പോഴാണ് സുമിത്ര വിളിച്ചത്. തല കറങ്ങി വീണെന്നും, അവളുടെ അച്ഛനോടൊപ്പം ക്ലിനിക്കിൽ പോയി പരിശോധിച്ചപ്പോൾ, അവൾക്കു വിശേഷം. ഞാനൊരു അച്ഛനാകാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ. എനിക്ക് സന്തോഷം കൊണ്ട് കണ്ണ് കാണാതെയായി. “
“മോന്റെ രണ്ടാം പിറന്നാൾ ദിവസം, ഇന്നാദ്യമായി സുമിത്രയോടു വഴക്കിട്ടു. ഓഫീസിലെ പാർട്ടിയിൽ ഒരു സ്മാൾ അടിച്ചത് അവൾക്കിഷ്ടമായില്ല. ചില സമയത്ത് വല്ലാത്ത പിടിവാശിയാണ് പെണ്ണിന്. “
“ഇന്ന് എന്റെ സുമിത്രക്ക് അവൾ ആഗ്രഹിച്ച ജോലി കിട്ടി. “
“സുമിത്ര ഒരു സെമിനാറിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ പോയി. അവളില്ലാതെ രണ്ടു ദിവസം, എനിക്ക് വിഷമം സഹിക്കാൻ വയ്യ. “
അവസാന പേജ് വായിച്ചപ്പോൾ സുമിത്രയുടെ ഹൃദയം തകർന്നു.
“സുമിത്രയെ എനിക്ക് നഷ്ടപ്പെടുമോ എന്നൊരു ഭയം ഈയിടെ എന്റെ ഉള്ളിൽ കയറി പറ്റിയിട്ടുണ്ട്. അവൾ എൻ്റെ അടുത്തുള്ളപ്പോഴും അവളുടെ മനസ്സ് മറ്റെവിടെയോ ആണ്. അവൾ എന്നിൽ നിന്നും അകലുകയാണോ എന്നൊരു ഭയം. ഒരു പക്ഷെ എനിക്ക് നല്കാൻ കഴിയാത്ത എന്തെങ്കിലും അവൾ മറ്റൊരാളിൽ തേടുന്നുണ്ടാകും. അവൾ എല്ലാം തുറന്നു പറയട്ടെ, അതുവരെ ക്ഷമയോടെ ഞാൻ….. അവൾക്കു വേണ്ടി കാത്തിരിക്കും. “
സുമിത്രയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ, അവൾ ഡയറി അടച്ചു വച്ചു. എനിക്ക് നിരഞ്ജനെ ഇഷ്ടമാണ്. മുകുന്ദനെയും ഇഷ്ടമാണ്.
ഒരു പക്ഷെ യഥാർത്ഥ പ്രണയം ഒരാളെ സ്വന്തമാക്കുക എന്നതായിരിക്കില്ല. അവൾ ഒരു തീരുമാനമെടുത്തു. അവൾ ജനൽ തുറന്നു. പുറത്തു മഴ പെയ്ത് തുടങ്ങിയിരുന്നു.
തെരുവിലെ മാലിന്യങ്ങളെ ആ മഴവെള്ളം ഒഴുക്കി കൊണ്ട് പോകുന്നത് സുമിത്ര നോക്കി നിന്നു.
“സുമിത്രേ ഇത് എന്തൊരു ഉറക്കമാണ്. “
ഓഫീസിൽ നിന്നും നിരഞ്ജൻ വന്നപ്പോൾ സുമിത്ര നല്ല ഉറക്കത്തിലായിരുന്നു. അവൾ നേരത്തെ തയാറാക്കി വച്ചിരുന്ന പഴംപൊരിയും ചായയും നിരഞ്ജന് ചൂടാക്കി നൽകി.
“ആഹാ, ആള് നല്ല ഉഷാറായിട്ടുണ്ടല്ലോ. “
നിരഞ്ജൻ അവളെ ചേർത്ത് പിടിച്ചു അവളുടെ ചെഞ്ചുണ്ടുകളിൽ ഉമ്മ വച്ചു.
“നിനക്ക് എന്താ സുമിത്രേ പറ്റിയത്. “
“ചില ഓർമ്മകൾ എന്നിലേയ്ക്ക് മടങ്ങി വന്നു. “
“നീ എന്നെയും മോനെയും വിട്ടു പോയി കളയുമോ എന്ന് പോലും ഞാൻ പേടിച്ചു. “
സുമിത്ര കണ്ണടച്ച് കാട്ടി, അവളുടെ നുണക്കുഴികൾ തെളിഞ്ഞു. ആ ഭംഗി ആസ്വദിച്ച് നിരഞ്ജൻ അവളെ നോക്കി ഇരുന്നു.
പിറ്റേ ദിവസം ക്യാന്റീനിൽ വച്ച് അവൾ മുകുന്ദനെ കണ്ടു മുട്ടി.
“സുമീ, നിന്റെ മുഖത്തു വല്ലാത്തൊരു ഭാവം. ‘
“എന്ത് ഭാവം. “
“അല്ല ഭാവമാറ്റം. എന്റെ പതിമൂന്നുകാരി പെട്ടെന്ന് നാല്പതുകാരിയായ പോലെ. “
സുമിത്ര ചിരിച്ചു.
“മുകുന്ദാ, നിനക്ക് എന്നോട് ഇഷ്ടമല്ലേ, നീ എന്നെ പ്രണയിക്കുന്നില്ലേ. നമുക്ക് കുടുംബങ്ങൾ ഉപേക്ഷിച്ചു, എങ്ങോട്ടെങ്കിലും പോയി സമാധാനത്തോടെ ജീവിച്ചാലോ?”
“എന്റെ സുമീ… അതിപ്പോൾ. “
“നമ്മൾ ഒന്നിച്ചു ജീവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. ആ ആഗ്രഹം നിനക്കും ഉണ്ടെന്നു ഞാൻ കരുതി. “
“ആഗ്രഹം ഉണ്ട് സുമീ, പക്ഷെ ഭാര്യയെയും കുഞ്ഞിനേയും പകുതി വഴി ഉപേക്ഷിച്ചു പോകുക എന്ന് പറഞ്ഞാൽ, നമ്മൾ അദ്ധ്യാപകർ അല്ലേ, ഈ സമൂഹത്തോട് നമുക്ക് ബാധ്യതയില്ലേ. നമ്മൾ അല്ലേ കുട്ടികൾക്ക് റോൾ മോഡൽ ആകേണ്ടത്. “
“മതി മതി മുകുന്ദൻ, എനിക്ക് വാഗ്ദാനമൊന്നും വേണ്ട. സത്യം തുറന്നു പറഞ്ഞതിൽ സന്തോഷം. “
“സുമിത്രേ നീ പിണങ്ങരുത്. നിന്നെ ഞാൻ സ്നേഹിക്കുന്നു. സ്നേഹിക്കുന്നത് കൊണ്ട് മാത്രം നമ്മൾ ഒന്നിച്ചു ജീവിക്കണമെന്ന് ആഗ്രഹിക്കാൻ പറ്റില്ല. നമ്മുടെ ജീവിതത്തിൽ ഒട്ടനേകം പേര് വേറെയുണ്ട്. അവരോടൊക്കെ നമുക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. അതും പാലിക്കണ്ടേ. “
സുമിത്രയുടെ കണ്ണുകൾ നിറഞ്ഞു.
“അപ്പോൾ നമ്മുടെ പ്രണയം?”
“അതും യാഥാർത്ഥ്യമാണ് സുമിത്ര. ഞാൻ നിന്നെ ദൂരെ നിന്ന് സ്നേഹിക്കും. മരണം വരെ നിന്നെ സ്നേഹിക്കുന്നത് ഞാൻ നിർത്തില്ല സുമീ. പ്രിയപ്പെട്ടവളെ നീ സന്തോഷത്തോടെ മടങ്ങി പോകൂ, നിന്നോടൊപ്പം ഒരു സമാന്തര പാതയിൽ ഞാനുണ്ടാകും. ഒരിക്കലും കൂട്ടി മുട്ടാത്ത വഴികൾ ആണ് നമ്മുടേത്. “
അന്ന് രാത്രി സുമിത്ര നിരഞ്ജനോട് തുറന്നു സംസാരിക്കാൻ തീരുമാനിച്ചു. മുകുന്ദനുമായുള്ള സ്നേഹബന്ധം മാത്രം സംസാരത്തിൽ നിന്നും അവൾ ഒഴിവാക്കി, അതവളുടെ രഹസ്യമാണ്, അവളുടെ മാത്രം ശരി. വിവാഹ ബന്ധത്തിലെ ചില ആശയ കുഴപ്പങ്ങൾ അവർ പറഞ്ഞു പരിഹരിച്ചു.
സുമിത്രയുടെ പ്രണയം അവിടെ അവസാനിച്ചില്ല. പക്ഷെ ജീവിതത്തിൽ പ്രണയം മാത്രം പോരെന്നു അവൾക്ക് തിരിച്ചറിവ് വന്നു. സ്വന്തം കുടുംബ ജീവിതത്തിലേക്കു ധൈര്യത്തോടെ അവൾ തിരഞ്ഞു നടന്നു.
ആർദ്രവിനു പഴയതിനേക്കാൾ സ്നേഹത്തോടെ, സൗഹൃദത്തോടെ അവന്റെ അമ്മയെ മടക്കി കിട്ടി. തിരക്കിനിടയിലും നിരഞ്ജൻ കുടുംബത്തിനായി സമയം മാറ്റി വച്ചു. അവർ ഒന്നിച്ച് യാത്രകൾ ആരംഭിച്ചു. അവരുടെ ജീവിതത്തിൽ സ്നേഹം വീണ്ടും അലയടിച്ച് തുടങ്ങി.
✍️നിഷ പിള്ള

