“ഹാ, നീയെങ്ങോട്ടാ ഓടിപ്പോകുന്നത്? കുറച്ചു നേരം കൂടി, ഇവിടെ എന്റടുത്തു ഇരിക്ക്…”
വല്ല്യ പാപ്പൻ, ഭാര്യയോട് പരിഭവിച്ചു.
“എനിക്ക് അടുക്കളയിൽ പിടിപ്പതു പണിയുണ്ട്..”
“അതിന് നിന്റെ മരുമക്കൾ പെൺപിള്ളേർ ഇല്ലേ?”
“ഓ, എന്റെ കണ്ണും കൈയും എത്തണ്ടേ എല്ലായിടത്തും..”
“ഉം… വന്ന് വന്ന്… നിനക്കും മടുപ്പായി അല്ലെ?
“അങ്ങനാണോ നിങ്ങൾ നിരീച്ചത്?”
“എടീ ലക്ഷ്മിക്കുട്ടിയെ, ഞാൻ ഒരൂട്ടം ചോദിച്ചാൽ നീ സത്യം പറയുമോ?”
“എന്നതാ? നിങ്ങൾ ചോദിച്ചോ..”
“അന്ന് ഞാൻ കെട്ടുമ്പോ, നിനക്ക് എന്നെ ഇഷ്ടം ആയിരുന്നോ?”
“ഇതാപ്പോ നന്നായെ… കെട്ടു കഴിഞ്ഞു കൊല്ലം അറുപതായി… നിങ്ങൾ എന്നോട് ഒരിക്കലും ഇങ്ങനെ ചോദിച്ചിട്ടില്ലല്ലോ?”
“ഇപ്പൊ വെറുതെ ഓരോന്ന് ആലോചിച്ചപ്പോ ചോദിക്കാൻ തോന്നി.. കേൾക്കാൻ ഒരു കൊതി.”
“നീ പറ… ഇഷ്ടമായിരുന്നോ” വൃദ്ധന്റെ കണ്ണിലെ പതിനെട്ടുകാരന്റെ പ്രണയതിളക്കത്തിൽ, പോയ ഋതുക്കളുടെ മുഴുവൻ നിറങ്ങളും ലക്ഷ്മിക്കുട്ടിയുടെ കവിളിൽ തുടുത്തു.
“അയ്യോടാ, അവൾടെ ഒരു നാണം….”
“ഒന്ന് പോയെ….” ഒരുമിച്ചൊരു ചിരിയിൽ രണ്ടുപേരുമലിഞ്ഞു.