എന്നെ അടുത്തറിയുന്നവർക്ക് എൻ്റെ പേരു പോലെ തന്നെ സുപരിചിതമാണ് എൻ്റെ ഉറക്കവും. ഈ ഉറക്കത്തിൻ്റെ പേരിൽ ഇന്നോളം കേട്ടിട്ടുള്ള കളിയാക്കലുകളും വഴക്കുകളും മാത്രം എഴുതിയാൽ ഒരു പുസ്തകം നിറയും. അത്രയ്ക്കുണ്ട് ഉറക്കപുരാണകഥകൾ.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കിടന്നും ഇരുന്നും നിന്നും ഉറങ്ങാനുള്ള എൻ്റെ കഴിവിൽ ഞാൻ തന്നെ പലപ്പോഴും അതിശയിച്ചു പോയിട്ടുണ്ട്. കോളേജിൽ യൂണിവേഴ്സിറ്റി എക്സാം എഴുതുന്നതിനിടക്കും ഉറങ്ങിപ്പോയി എക്സാം പേപ്പറിൽ ചൈനീസും കൊറിയനും എഴുതിപ്പോയത് വെട്ടിക്കളഞ്ഞ് വീണ്ടും ആൻസർ എഴുതേണ്ടി വന്ന അനുഭവങ്ങൾ ഒന്നും രണ്ടുമല്ല, പലതാണ്.
ഒരിക്കൽ കോളേജിൽ സമരം നടക്കുന്ന സമയം ഫൈനൽ ഇയർസിന് യൂണിവേഴ്സിറ്റി പ്രാക്ടിക്കൽ എക്സാം നടക്കുകയാണ്. കോളേജിൽ വരുന്ന രോഗികൾ എല്ലാവരും തന്നെ മുൻവശത്ത് ചൊറിയും, സോറി കൊടിയും പിടിച്ചിരിക്കുന്ന ഞങ്ങൾ ഫസ്റ്റ് ഇയർസിനെ നോക്കി വഴക്കും പറഞ്ഞ് പോകുന്നുണ്ട്. ഞങ്ങൾ എന്ത് ചെയ്യാൻ? സമരത്തിന് കൊടിയും പിടിച്ച് മുന്നിലിരുന്നില്ലെങ്കിൽ പിന്നീട് കിട്ടിയേക്കാവുന്ന റാഗിംഗ് പേടിച്ചാണ് ഞങ്ങളവിടെ ഇരിക്കുന്നതെന്ന് അവർക്കറിയില്ലല്ലോ. അല്ലേലും ആരോട് പറയാൻ ആര് കേൾക്കാൻ?
അവിടെയിരുന്ന് ഉറക്കം തൂങ്ങിക്കൊണ്ടിരിക്കുമ്പോളാണ് എൻ്റെ കാതുകളിൽ ഒരശരീരി ഞാൻ കേൾക്കുന്നത് “ഇവിടെ നിന്ന് മുങ്ങാനൊരു വഴിയുണ്ട്. നേരെ മുകളിലേക്ക് വാ. സീനിയേഴ്സ്ന് എക്സാമിന് പേഷ്യൻ്റസില്ല. അങ്ങോട്ട് കുറച്ചു പേരെ വിളിക്കുന്നുണ്ട്. വേഗം വാ. അവരുടെ എക്സാം കഴിഞ്ഞാൽ നമുക്ക് നേരെ ഹോസ്റ്റലിൽ പോകാം.”
തിരിഞ്ഞ് നോക്കിയപ്പോൾ പ്രിയ സുഹൃത്ത് രാമു. പിന്നൊന്നും നോക്കിയില്ല ഈ എക്സാം കഴിഞ്ഞാൽ നേരെ ഹോസ്റ്റലിൽ പോയി കിടന്നുറങ്ങാമല്ലോ. വേഗം ചാടിക്കയറി മുകളിലോട്ട് പോയി. നോക്കുമ്പോൾ അന്ന് ഓർതോഡോണ്ടിക്സ് ആണ് എക്സാം. അതായത് പല്ല് ക്ലിപ്പ് ഇടുന്ന വിഭാഗത്തിലെ എക്സാം. അതിനു വേണ്ടി രോഗിയുടെ തലയുടെയും കണ്ണിൻ്റെയും മൂക്കിൻ്റെയും ചുണ്ടിൻ്റെയും താടിയുടെയും പല്ലിൻ്റെയും നാക്കിൻ്റെയും എന്ന് വേണ്ട കഴുത്തിന് മുകളിലുള്ള എല്ലാ അവയവത്തിൻ്റെയും അളവു കോലുകളും മറ്റും എടുത്തേ മതിയാകൂ. ഞാൻ നേരെ ഡെൻ്റൽ ചെയറിൽ കയറി ചാരി കിടന്നു. എന്നെ പരിശോധിക്കാൻ “ഭാഗ്യം” ലഭിച്ച ആ പാവം ചേട്ടൻ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. എല്ലാത്തിനും എന്നാൽ കഴിയുന്ന വിധം ഞാൻ ഉത്തരങ്ങളും നൽകി. (കേസ് ഹിസ്റ്ററി എടുക്കലാണ് സംഭവം).
അത് കഴിഞ്ഞ് മൂപ്പർ സ്കെയിലും ഡിവൈഡറും മറ്റും എടുത്ത് അളവെടുക്കൽ തുടങ്ങി. ഏറെ നേരം നോക്കിയിരുന്ന എനിക്കു പതിയെ ബോറടിക്കാൻ തുടങ്ങി. ഞാൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. പാവം ചേട്ടൻ. എന്നെ കുലുക്കി വിളിക്കും, ഞാനൊന്നു കണ്ണ് തുറന്നു നോക്കും, എവിടെ, പിന്നെയും ഉറങ്ങും. പാവം ചേട്ടൻ എൻ്റെ വായ്ക്കകത്ത് മൗത്ത് മിറർ വെക്കുമ്പോഴേക്കും ഞാൻ പിന്നെയും ഉറങ്ങിപ്പോകും. അങ്ങനെ ആ പാവം ചേട്ടൻ എന്നെയും വെച്ച് എങ്ങനെയാണ് ആ എക്സാം പാസ്സായത് എന്ന് എനിക്കിന്നും അറിയില്ല.
ഈ കഥക്കെന്താണ് പ്രസക്തി എന്നല്ലേ? അതിനുള്ള ഉത്തരമാണ് ഈ ഫോട്ടോയും തലക്കെട്ടും. ഇന്ന് പല്ലടക്കാൻ എൻ്റെ അടുത്തേക്ക് വന്ന എൻ്റെ പൊന്നു മോളാണ് ആ ചെയറിൽ കിടന്നു സുഖമായി ഉറങ്ങുന്നത്. ഇടയ്ക്ക് ഉറങ്ങിപ്പോയ അവളെ വെച്ച് പല്ലടക്കൽ പൂർത്തിയാക്കാൻ പാട് പേടവേ, ഞാനെൻ്റെ പാവം സീനിയർനെ ഓർത്തു പോയി. എൻ്റെ ചെവിയിൽ ആരോ മൂളി.
“കൊടുത്താൽ കൊല്ലത്തും കിട്ടും.”
“ഓടുന്നതിൻ്റെ കുട്ടി പറക്കും”.
സ്വസ്ഥം സുന്ദരം….