”ഞാൻ നിങ്ങളെ അത്രമാത്രം ഇഷ്ടപ്പെടുന്നു. നിനയ്ക്കു ഞാനും എനിയ്ക്കു നീയും….”
അവൾ മന്ത്രിച്ചു
അവളുടെ വിരലുകൾ എൻ്റെ മുടിയിൽ അരിച്ചു നടന്നു.
ഞാനവളെ ചേർത്തുപിടിച്ചു. അവളുടെ കണ്ണുകളിൽ സ്വപ്നം പൂത്തുനിന്നിരുന്നു.
” ജോലിയുമായി ബന്ധപ്പെട്ട് ഒരു പരിശീലനക്യാമ്പിൽ പങ്കെടുക്കേണ്ടതുണ്ട്. ചെന്നൈയിലാണ് ക്യാമ്പ്…..അടുത്താഴ്ച പോകേണ്ടി വരും…”
” അപ്പോ…ഞാൻ…ഒറ്റയ്ക്ക്….”
”ഒറ്റയ്ക്കാണെന്നറിയാം…വേറെ വഴിയില്ല. നിനക്ക് നിൻ്റെ വീട്ടിൽ …”
”അതൊന്നും നടക്കില്ലെന്ന്..ചേട്ടനറിഞ്ഞിട്ടാണോ…”
”എന്നാ അപ്പുറത്തെ ഫ്ളാറ്റിലെ..മായേച്ചിയെ..വിളിയ്ക്ക്”
”ഉം” അവൾ താൽപര്യമില്ലാതെ മൂളി.
”കൊണ്ടുപോവാൻ പറ്റുമെങ്കിൽ ഞാൻ നിന്നെ കൂട്ടിയേനെ പിന്നെ..നിനക്കു ജോലിയുമുണ്ടല്ലോ..അതല്ലെ..”
”സാരംല്ല്യ….എത്രദിവസംണ്ട്…”
”പത്തുദിവസം അവിടെ നിൽക്കണം.”
വിട്ടുപിരിഞ്ഞു നിൽക്കാൻ പ്രയാസമുള്ള അവൾ വല്ലാതെ വിഷമിച്ചു. പക്ഷേ പോകാതെങ്ങനെ. എല്ലാമറിഞ്ഞിട്ടും കുറെയധികം സമാധാനിപ്പിച്ചശേഷമാണ് ഞാൻ യാത്രയായത്.
”പത്തുദിവസം..ദേ..കണ്ണടച്ചു തുറക്കും മുൻപേ..കഴിയും.ന്നേ.”
”എനിയ്ക്കു..കരച്ചിൽ വരണുണ്ട്ട്ടോ..”
അവൾ വിതുമ്പി
”എന്നും വിളിയ്ക്കണേ…”
”വിളിയ്ക്കാതെ..പിന്നെ…”
ഞാൻ വീണ്ടും സമാധാനിപ്പിച്ചു.
ചെന്നൈയിൽ നിന്നും എന്നും ഞാൻ അവളെ ഫോണിലൂടെ ബന്ധപ്പെട്ടു. അവൾ എന്നെ ശരിയ്ക്കും മിസ് ചെയ്യുന്നുണ്ടെന്ന് വിഷമത്തോടെ പറഞ്ഞു.
അവൾക്കൊരു സർപ്രൈസ് കൊടുക്കണം. അതുകൊണ്ട് വരുന്ന ദിവസം ഞാൻ മറച്ചുവച്ചു. പരിശീലനക്യാമ്പ് രണ്ടുദിവസം കൂടി ഉണ്ടാകും എന്നൊരു നുണയും ചേർത്തു. അവൾ എന്നെ കാണാത്തതിലുള്ള സങ്കടം കരഞ്ഞുതീർത്തു.
നാട്ടിലെത്തിയിട്ടും വിളിച്ചപ്പോൾ ഞാൻ ചെന്നൈയിലാണെന്ന് കളവു പറഞ്ഞു. ഉച്ചനേരത്ത് വീട്ടുപടിക്കലെത്തി പമ്മിപമ്മി സിറ്റൗട്ടിലെത്തി. കോണിംഗ് ബെല്ലടിച്ചു.
അകത്ത് എന്തൊതട്ടിമറിയുന്ന ശബ്ദം കേട്ടു.കുറച്ചുനേരംകാത്തതിനുശേഷമാണ് വാതിൽ തുറന്നത് എന്നെ കണ്ടതോടെ അവൾ പരിഭ്രമിച്ചു. ആ മുഖമാകെ വിറളി.
”ഈ നേരത്ത്…”
ഞാൻ ചിരിച്ചു.
”ഒരു സർപ്രൈസാവട്ടെയെന്നു കരുതി…”
അവൾ പരിഭ്രമത്തോടെ നിന്നു.
അകത്തേയ്ക്കു കടന്നു ചെന്നതും ഞാനൊന്നു ഞെട്ടി.അവിടെ പുതിയൊരാളുടെ മണം തങ്ങിനിന്നിരുന്നു.