ജയ ജയ ജയ ജയഹേ’
എന്റെ സ്വപ്നങ്ങളെ ഉണർത്തുന്നു
ആകാശം മേലാപ്പ് നീർത്തുന്ന
അതിരില്ലായ്ക ചുവരുകൾ തീർക്കുന്ന
ഒരു സമത്വസുന്ദരഭാവിഗൃഹം
എന്റെ പെൺപൂവിനായ്
ആ ഭൂമികയിൽ ഞാൻ തിരയുന്നു..
‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’
ആ സ്വച്ഛവീടിന്റെ ഭാഗമേ അല്ല!
എങ്കിലും…
‘നീരജ’യ്ക്കൊപ്പം വളരാൻ എനിക്കാവുന്നില്ല
ബാല്യവഴികളിൽ എന്നെ ചുറ്റിപ്പിണഞ്ഞു വരിഞ്ഞുമുറുക്കിയ മൂല്യപാശങ്ങൾ
കെട്ടുപൊട്ടിക്കാനാവാതെ കിതയ്ക്കുന്നു!
ഞാൻ ഏറുന്ന ടൈം ട്രാവൽ വിമാനം
പക്ഷേ,
എന്റെ കുഞ്ഞിന്റെ പുഞ്ചിരിപ്പൂനിലാവിൽ
ശോഭതൂവുന്ന മണിമുറ്റത്താണ് എപ്പോഴും എന്നെ കൊണ്ടു നിർത്തുക!
വീണ്ടും വീണ്ടും ഞാനാ വിമാനമേറുന്നത്
ആ പൂമുറ്റത്തെത്തുവാൻ വേണ്ടി മാത്രമാണ്!