വീശിയടിച്ച കാറ്റിൽ താഴെ വീണ അടുക്കളചുമരിൽ ആണിയിൽ തൂക്കിയിട്ടിരുന്ന കലണ്ടർ തിരിച്ചു കൊളുത്താനെടുത്തപ്പോൾ അതിന് പതിവില്ലാതെ ഭാരം തോന്നി. കൊളുത്തിയ കലണ്ടറിൽ പതുക്കെ വിരലോടിച്ചപ്പോൾ ഞാൻ തന്നെ കുത്തിവച്ച സൂചി എന്നെ തിരിച്ചുകുത്തി പ്രതികാരം ചെയ്തു. വിരൽത്തുമ്പിൽ പൊടിഞ്ഞ ചോര ഉടുപ്പിൽ തുടച്ച്, സൂചിക്കിത്ര ഭാരമോ എന്നോർത്ത് വീണ്ടും കലണ്ടറിലേക്ക് തുറിച്ചു നോക്കിയപ്പോഴാണ് പാൽ,കറണ്ട്, പത്രം, കേബിൾ, ഗ്യാസ്, വാടക, സെർവന്റ്, ചിട്ടി എന്നിവയുടെ കൊടുക്കാനുള്ളതും കൊടുത്തതുമായ ബാധ്യതകൾ,സ്കൂൾ ഫീസ്, ആർത്തവദിനം , എന്തിന്! ഡയറ്റ് തുടങ്ങിയപ്പോൾ മുതലുള്ള എന്റെ ഓരോ ദിവസത്തെയും വെയിറ്റ് വരെ കലണ്ടറിൽ തൂങ്ങിക്കിടപ്പുണ്ട്.
വെറുതെയല്ല കലണ്ടറിന് ഇത്ര ഭാരം!