ചില ബന്ധങ്ങൾ അങ്ങനെയാണ് നമുക്കാരുമല്ലാത്തവരായി പിറവിയെടുക്കും എന്നാൽ ജന്മ ജന്മാന്തരങ്ങളുടെ അടുപ്പം സമ്മാനിച്ചു നമ്മെ വിട്ടു പോകും പക്ഷെ അവരുടെ ഓർമ്മകൾക്ക് ഒരിക്കലും മരണമുണ്ടാവില്ല.
സത്യത്തിൽ ആരായിരുന്നു ലക്ഷ്മിയേടത്തി? എത്ര വർണിച്ചാലും തീരില്ല! അമ്മ, മുത്തശ്ശി, കൂട്ടുകാരി എങ്ങിനെ കരുതിയാലും പരിഭവമില്ല. പക്ഷെ ഒരു നിർബന്ധം മാത്രം, എന്നും വീട്ടിൽ ചെല്ലണം കാര്യങ്ങൾ അന്വേഷിക്കണം. ആ കൈകളിൽ നിന്നും ഒരു കട്ടൻ ചായ വാങ്ങിക്കുടിക്കണം അത് നിർബന്ധം ആയിരുന്നു ലക്ഷ്മിയേടത്തിക്ക്.
ഓണത്തിനും വിഷുവിനും തിരുവാതിരക്കുമെല്ലാം ഒന്നും വീട്ടിൽ വെക്കാൻ സമ്മതിക്കില്ല ലക്ഷ്മിയേടത്തി .”എന്റെ ഫാത്തിമ ഇന്ന് ഞാൻ എല്ലാം ഇങ്ങു കൊണ്ട് തരും ഒന്നും ഉണ്ടാക്കാൻ നിക്കണ്ട മക്കളെ ഊണ് കഴിക്കാൻ അങ്ങോട്ട് പറഞ്ഞയക്കണം ” പെരുന്നാളും നോമ്പും വന്നാൽ തിരിച്ചു അങ്ങോട്ടും കൊടുക്കൽ പതിവായിരുന്നു. മത ചിട്ടകളും ആചാരങ്ങളുമെല്ലാം പഠിച്ചത് ലക്ഷ്മിയേടത്തിയിൽ നിന്നായിരുന്നു. അമ്പലത്തിലെ പൂരവും പള്ളിയിലെ നേർച്ചയും ഞങ്ങൾ ഒന്നിച്ചാഘോഷിച്ചു. നിവേദ്യ പായസവും നേർച്ച ചോറും ഒരുമിച്ചു കഴിച്ചു. എല്ലാം ലക്ഷ്മിയേടത്തിക്ക് നിർബന്ധമായിരുന്നു.
ആരായിരുന്നു ലക്ഷ്മിയേടത്തി എന്ന തിരിച്ചറിവും അവരുടെ നിഷ്ക്കളങ്ക സ്നേഹത്തിന്റെ വിലയും തിരിച്ചറിഞ്ഞത് ലക്ഷ്മിയേടത്തിയുടെ വിയോഗത്തിന് ശേഷമായിരുന്നു .
ജാതിമതങ്ങൾക്കും രക്തബന്ധത്തിനും അപ്പുറത്തൊരു ലോകമുണ്ട് ! അതെ സ്നേഹത്തിന്റെ മാധുര്യം കൊണ്ട് പണിത സുന്ദര ലോകം .ആ ലോകത്തായിരുന്നു ലക്ഷ്മിയേടത്തിയും .മരണം ചുണ്ടിൽ നൃത്തംവെക്കുമ്പോഴും ലക്ഷ്മിയേടത്തി ചോദിച്ചു?
“എന്റെ കുട്ടി വന്നോന്ന് “!
അബോധാവസ്ഥയിലും എന്നെ കാണാൻ കൊതിച്ച ലക്ഷ്മിയേടത്തിയെ, അവസാന യാത്രയാക്കാൻ കാലം എന്നെ അനുവദിച്ചില്ല. ഏതൊരു പ്രവാസിയുടെയും ദുരവസ്ഥ. പിന്നീടൊരിക്കൽ ഞാൻ ചെന്നു, മരിച്ചവരെല്ലാം ആത്മാക്കളായി വരുമെന്ന് ലക്ഷ്മിയേടത്തി തന്നെ പറഞ്ഞു തന്നിട്ടുണ്ട്. ഞാൻ ചെന്നമാത്രയിൽ ഒരു ബലിക്കാക്ക എന്റെ തലയിൽ തൊട്ടു പറന്നു പോയി !
ഞാൻ ഇന്നും വിശ്വസിക്കുന്നു അതെന്റെ ലക്ഷ്മിയേടത്തിയുടെ ആത്മാവാണെന്ന്. കരിഞ്ഞു ചാരമായ അവരുടെ ചിതയിൽ നിന്നും എന്നെ കാണാൻ കൊതിച്ചു എന്നെ തേടി വന്ന എന്റെ ലക്ഷ്മിയേടത്തിയുടെ ആത്മാവ്.
റംസീന നാസർ