Author: ramzeena nasar

ഞാൻ റംസീന എഴുതുന്നവരെ ഒരുപാട്‌ ഇഷ്ടം

*ഇനിയൊരു ജന്മമുണ്ടെങ്കിൽ* ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു മയിൽപ്പീലിയാകണം . പുസ്തകത്താളിനുള്ളിൽ മാനം കാണാതെ വിരിയാൻ കാത്തിരിക്കുന്ന കുഞ്ഞു മയിൽ‌പ്പീലി. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു നീലക്കടലാകണം വീണ്ടും വീണ്ടും കരയോട് കിന്നാരം പറയുന്ന പ്രണയക്കടൽ. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു അപ്പൂപ്പൻ താടിയാകണം ഇളം കാറ്റിനൊപ്പം പാറിപ്പറക്കുന്ന പഞ്ഞിപോലുള്ള കുഞ്ഞു അപ്പൂപ്പൻതാടികൾ. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക്‌ മഴമേഘങ്ങൾ ആകണം ഭൂമിയെ പുൽകിയുണർത്താൻ ഹൃദയം ത്രസിച്ചു നിൽക്കുന്ന മഴമേഘങ്ങൾ. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു ചിത്ര ശലഭമാകണം പൂക്കളുടെ കവിളിൽ ചുംബനം ചൊരിയുന്ന തരളിതയായ വർണ്ണശലഭം. ഇനിയൊരു ജന്മമുണ്ടെങ്കിൽ പൂക്കൾ നിറഞ്ഞ ഉദ്യാനത്തിലെ പൂമരചില്ലയിലിരുന്ന് പാടിയുണർത്തുന്ന പൂങ്കുയിലാകണം. നീലകാശത്തിനു താഴെ പച്ചവിരിച്ചു നിൽക്കുന്ന ഭൂമിയുടെ വിരിമാറിൽ തല ചായ്ച്ചുറങ്ങി ഒന്നുമറിയാതെ സുഖനിദ്രയിലാണ്ടിരിക്കുമ്പോൾ ഇല്ലാതാകണംമെൻ വരും ജന്മം. റംസീന നാസർ

Read More

ഇളം തെന്നലായ് നീ എന്നെ തഴുകിയുണർത്തി നിന്റെ തലോടലിന്റെ ആലസ്യതയിൽ ഞാൻ എന്നെ മറന്നു എന്നിലുള്ളതെല്ലാം ഞാനറിയാതെ കവർന്നെടുത്തു നീ ഇന്നു നിനക്ക് മന്ദമാരുതന്റെ സൗമ്യഭാവമില്ല പരാഗണം നടത്തുന്ന പൂക്കളുടെ സുഗന്ധമില്ല എന്റെ ഹൃദയത്തെ തകർത്തെറിഞ്ഞ നീ സംഹാരതാണ്ഡവമാടുന്ന കൊടുങ്കാറ്റിനേക്കാൾ രൗദ്ര ഭാവിയാണ് . നിന്റെ ഓർമ്മകൾക്കു പോലും വഞ്ചനയുടെ രൂക്ഷഗന്ധമാണ്. റംസീന നാസർ

Read More

തനിച്ചായപ്പോൾ നിനച്ചിരിക്കാതെ ലഭിച്ച സ്‌നേഹമായിരുന്നു ജീവിതകാലമത്രയും ജീവിക്കാൻ പ്രേരണയായതും തനിച്ചല്ലയെന്ന ബോധമുണർത്തിയതും. റംസീന നാസർ

Read More

ജനിച്ചു വളർന്ന വീട്ടിൽ എന്തിനും ഒന്നാം സ്ഥാനം നേടിയിരുന്നവൾ ഭർതൃഗൃഹത്തിൽ മകളുടെ പദവി അലങ്കരിക്കാൻ അഹോരാത്രം കഷ്‌ടപ്പെട്ടിട്ടും മരുമകളെന്ന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടവൾ. റംസീന നാസർ

Read More

സാരിയോർമ്മകൾക്ക് എന്നും മനസ്സിന്റെ പൂന്തോപ്പിൽ പച്ചവർണ്ണമാണ് . കുഞ്ഞുനാൾ മുതൽ കൗതുകം തോന്നിയിരുന്ന വസ്ത്രമായിരുന്നു സാരി. അതിനോടുള്ള അടങ്ങാത്ത പ്രണയംകാരണം ചേച്ചിയുടെ ഷാൾ സാരിയാക്കിചുറ്റി കയ്യിൽ പാവകുട്ടിയേം എടുത്തു നടന്ന സുന്ദര ബാല്യം. കൗമാരമണഞ്ഞപ്പോൾ ദാവണിയെ സാരിയാക്കിച്ചുറ്റി മോഹമടക്കി. വിവാഹപ്രായം വന്നണഞ്ഞട്ടും അഞ്ചരമീറ്റർ നീളമുള്ള ആ തുണിയോടുള്ള ഭ്രമം കൂടിവന്നേയുള്ളു. കൂട്ടുകാരിയുടെ ബ്ലൗസ് കടംവാങ്ങി അമ്മയുടെ പൊന്മനീല നിറമുള്ള കസവുസാരിയിലായിരുന്നു ആദ്യ പരീക്ഷണം. പിന്നീടങ്ങോട്ട് അമ്മയുടെ അലക്കിത്തേച്ചു വെച്ച സാരിയിൽ ഒരുപാട് പരീക്ഷണം നടത്തിയെങ്കിലും ഭംഗിയായി ഞൊറിഞ്ഞുടുക്കാനുള്ള പരിജ്ഞാനം സ്വായത്തമാക്കാൻ ഇന്നും സാധിച്ചിട്ടില്ല. വീതികുറഞ്ഞ കരയുള്ള പട്ടുസാരി ഭംഗിയിൽ ഞൊറിഞ്ഞുടുത്തു കുളിപ്പിന്നൽ കെട്ടിയ നീളൻമുടിയിൽ മുല്ലപ്പൂമാല ചൂടി മന്ദംനടന്നു പോകുന്ന ഏതൊരു പെണ്ണും കണ്ണിനിമ്പമുളള കാഴ്ചയാണ്‌. സ്ത്രീ സൗന്ദര്യത്തിനു മാറ്റുകൂട്ടാൻ സാരിയേക്കാൾ ഇണങ്ങുന്ന വസ്ത്രമില്ല എന്നുതന്നെ പറയാം. റംസീന നാസർ

Read More

സൗന്ദര്യം കുറഞ്ഞവളെ കെട്ടാൻ അവളേക്കാൾ തൂക്കത്തിൽ പൊന്ന് നൽകിയപ്പോൾ അതേ പൊന്നിനു വേണ്ടി അവളുടെ ശവമഞ്ചം ഏറ്റേണ്ടിവന്നു. കാഞ്ചന നിറമുള്ള അവളുടെ മനസ്സ് കാണാൻ ആരുമുണ്ടായില്ല. പൊന്നാണെന്നു കരുതിയ പലരും കാക്കപ്പൊന്നിന്റെ പവിത്രതപോലും ഇല്ലാത്തവരായിരുന്നു. റംസീന നാസർ

Read More

അവളുടെ അധരങ്ങളിൽ അവൻ നൽകിയ ചുടുചുംബനത്തിന്റെ മധുരിമയിൽ അവളുടെ ഇമകൾ കൂമ്പിയടഞ്ഞു. പ്രണയത്തിന്റെ ഉന്മാദലോകത്തേക്ക് ഇണക്കുരുവിപോൽ അവർ അലിഞ്ഞു ചേർന്നു. ഇമയനങ്ങാത്ത അവന്റെ തണുത്തുറഞ്ഞ നെറ്റിയിൽ അവൾ അന്ത്യചുംബനം നൽകിയപ്പോളും കടുത്ത ഏകാന്തതയുടെ ഉന്മാദ ലോകത്തേക്കു അവൾ സ്വയം ഉരുകിച്ചേരുകയായിരുന്നു. റംസീന നാസർ

Read More

ഒരു പുരുഷായുസിൽ അനുഭവിക്കേണ്ടിയിരുന്ന യാതനകളായിരുന്നു കേവലം പത്തുവർഷത്തെ പ്രവാസ ജീവിതത്തിൽ മരുക്കാറ്റിലും വെന്തെരിയുന്ന കൊടുംചൂടിലും അവൻ അനുഭവിച്ചു തീർത്തത്. ബാക്കി വന്ന അൽപ്പായുസ്സിൽ അനുഭവിക്കാൻ ഏക സമ്പാദ്യമായ് ലഭിച്ച രോഗവുംപേറി അവൻ പ്രവാസത്തോട് വിടപറയുമ്പോൾ മരുപ്പച്ചകൾ പോലും മനംനൊന്തു കരഞ്ഞിരുന്നു. റംസീന നാസർ

Read More

വിരസമായ സമയത്തെ കൊല്ലാൻ ആരെയും നോവിക്കാത്ത സരസങ്ങൾ നല്ലതാണ്. എന്നാൽ മറ്റുള്ളവരുടെ നിറത്തെയും ഉയരത്തെയും തടിയെയും തമാശേണെ കളിയാക്കിപ്പറയുന്നത് അവരുടെ ആത്മവിശ്വാസത്തെ വൃണപ്പെടുത്തിയേക്കാം. തമാശകളെ തമാശയായി മാത്രം പറയാൻ ശ്രമിക്കുക. റംസീന നാസർ

Read More

ശരീരവും മനസ്സും മാരക രോഗങ്ങൾ കീഴടക്കി കടുത്ത വേദന കൊണ്ട് പുളയുമ്പോൾ ജീവിച്ചു കൊതി തീരാതെ ജീവനുവേണ്ടി പിടയുമ്പോൾ പ്രതീക്ഷകൾ അസ്തമിച്ചു നിരാശരാകുമ്പോൾ ചുണ്ടിൽ ചെറു പുഞ്ചിരിയും കഴുത്തിൽ സെതെസ്കോപ്പുമായി മനുഷ്യരൂപം പ്രാപിച്ച് ദൈവത്തെ പോൽ ഒരാൾ കടന്നു വരും. അവരുടെ കരുണവറ്റാത്ത സേവനത്തിന്റെ വിരൽതുമ്പ് പിടിച്ച് ജീവതത്തിലേക്ക് തിരിച്ചുവന്നവർ പറയും അതെ എന്റെ ജീവൻ തിരിച്ചു നൽകിയ ദൈവദൂതൻ തന്നെയാണ് ഡോക്റ്ററെന്ന്. റംസീന നാസർ

Read More