ഒരു രണ്ടു വയസ്സ് കാരിയുടെ അലർച്ച കേട്ട് ഞാൻ അവിടെ തന്നെ സ്തംഭിച്ചു നിന്നുപോയി. എന്തു ചെയ്യണം എന്ന് അറിയാതെ കയ്യും കാലും വിറച്ചു പോയി. അവൾ നിർത്താതെ അലറിക്കൊണ്ടേയിരിക്കുന്നു. ഒപ്പം കരയുന്നുമുണ്ട്. പേടിച്ചിട്ടാണെങ്കിലും ഞാൻ പതിയെ പതിയെ അടുത്തേക്ക് വന്നു മോളെ എന്നു വിളിച്ചു. അവൾ ചാടി എണീറ്റ് അമ്മാ എന്ന് വിളിച്ചുകൊണ്ട് രണ്ട് കൈകളും നീട്ടി അവളെ എടുക്കണമെന്ന് ആംഗ്യം കാണിച്ചു. കേട്ടപാടെ ഞാൻ അവളെ വാരിയെടുത്തു. അവളോ പേടിച്ചു വിറച്ചു റൂമിന്റെ ഒരു കോണിലേക്ക് വിരല് ചൂണ്ടി, അവളുടെ പേടി എന്നെ അറിയിക്കുന്നു. അവിടെ അവൾക്കു മാത്രം കാണാൻ കഴിയാവുന്ന എന്തോ ഒരു രൂപം ഉണ്ടായിരുന്നിട്ടുണ്ടാവാം. ഞാൻ കുഞ്ഞിനെ വേഗം മറുവശത്തേക്ക് മാറ്റി ഉടനെ അവൾ അവിടെയും മറ്റൊരു കോണിൽ വിരൽ ചൂണ്ടി കരയുന്നു. പോകാം പോകാം എന്ന് പറഞ്ഞു കൊണ്ട് ഒക്കത്തിരുന്ന് കാലിട്ടടിക്കുന്നു. ഞാൻ എങ്ങോട്ടൊക്കെ കുഞ്ഞിനെ കൊണ്ടു ഓടിയാലും അവിടൊക്കെ ഇതുതന്നെയാണ് അവസ്ഥ. അവസാനം ഞാൻ കുഞ്ഞിനെയും എടുത്ത് റോഡിലേക്ക് ഇറങ്ങി. അവൾക്ക് കൊടുക്കാനുള്ള കഞ്ഞിയും കയ്യിലെടുത്തു. പുറത്തിറങ്ങിയപ്പോൾ ഒരല്പം ആശ്വാസം ഉണ്ടെങ്കിലും അത് തന്നെയായിരുന്നു അവസ്ഥ. കഞ്ഞി എടുത്തത് വെറുതെയായി. രണ്ടു തവണ കുടിച്ചു കാണും . വളരെ താല്പര്യത്തോടെ അവൾ കുടിക്കുന്നത് മുലപ്പാൽ ആണ്. എവിടെയെങ്കിലും സമാധാനത്തിൽ ഇരിക്കാൻ കഴിഞ്ഞാലല്ലേ അതും കൊടുക്കാൻ കഴിയൂ. ഞാനെന്റെ ഭർത്താവിനെ വിളിച്ചുപറഞ്ഞു വേഗം വരണം ഇത് നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ്. പെട്ടെന്ന് അവൾ ശാന്തമായി. ‘അമ്മേ ‘എന്നുവിളിച്ചു. അരമണിക്കൂർ ബഹളം ഉണ്ടാക്കുമ്പോൾ 5 മിനിറ്റ് അവൾ പഴയ അമ്മുക്കുട്ടിയാകും. എനിക്ക് തിരികെ വീട്ടിൽ കയറാൻ നന്നായി പേടിയാവുന്നുണ്ടെങ്കിലും ഞാൻ അവളെയും കൊണ്ട് വീട്ടിൽ കയറി. കുഞ്ഞിനെ സോഫയിൽ ഇരുത്തി. അവൾ ഇരുന്നു കളിക്കുന്നത് കണ്ട് എനിക്ക് സമാധാനമായി. ഞാൻ ടോയ്‌ലറ്റിലേക്ക് പോകാനായി രണ്ടു സ്റ്റെപ്പ് വച്ചതും കളിച്ചുകൊണ്ടിരിക്കുന്ന കുട്ടി ഉറക്കെ കരയുന്നു. വീണ്ടും പഴയപോലെ വിരൽ ചൂണ്ടി അങ്ങോട്ടുമിങ്ങോട്ടും എല്ലാം കാണിക്കുന്നു. വേഗം ഞാൻ അവളെ എടുത്ത് തറയിൽ ഇരുന്നു. അവളെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ച്. അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു നിൽക്കുന്നു. മുകളിലും താഴെയും വലതും ഇടതും എല്ലാം അവൾ വിരൽ ചൂണ്ടി കരഞ്ഞു കൊണ്ടിരിക്കുന്നു. ഞാൻ ഇനി എങ്ങോട്ട് പോകണം? എന്ത് ചെയ്യണം? എനിക്കൊരു കാര്യം ബോധ്യമായി. ശരിക്കും എന്തോ ഉണ്ട്. ഞാൻ കുഞ്ഞിന്റെ അടുത്തുനിന്ന് മാറുമ്പോൾ അത് അവളെ പേടിപ്പിക്കുന്നുണ്ട്. ഞാൻ അവളുടെ കൂടെ ഉള്ളപ്പോൾ പോലും അത് പേടിപ്പിക്കുന്നുണ്ട്. എനിക്കൊന്ന് ടോയ്‌ലറ്റിൽ പോകണമെന്നുണ്ട്. പക്ഷേ എന്റെ കുഞ്ഞിനെ ഒറ്റയ്ക്കാക്കിയിട്ട് പോയാൽ അത് ശരിയാകില്ല. പിന്നെ ഞാൻ അവളെയും എടുത്ത് കൊണ്ട് പോയി. വീടിന്റെ അകത്തും പുറത്തുമായി എങ്ങനെയൊക്കെയോ രണ്ടുമൂന്നു മണിക്കൂർ ഞാൻ തള്ളി നീക്കി. അപ്പോഴേക്കും എന്റെ ഭർത്താവ് വന്നു. കാര്യം അദ്ദേഹത്തിന് ബോധ്യമായി. ഇത് പനിയോ ചുമയോ പോലുള്ള അസുഖമോ അതിന്റെ അസ്വസ്ഥതകളോ ഒന്നുമല്ല.
വിവരം അറിഞ്ഞത് പ്രകാരം ചേട്ടന്റെ അമ്മ കുട്ടിയെ കാണാൻ വന്നു. അവൾ എന്റെ പാല് കുടിക്കുകയായിരുന്നു. അമ്മയെ കണ്ടതും അവൾ പഴയപോലെ ‘അച്ഛമ്മേ ‘ എന്ന് വിളിച്ച് അടുത്തേക്ക് ചെന്നു. അമ്മ അവളെ എടുത്ത് കൊഞ്ചിച്ചിട്ട് ഞങ്ങളോട് ചോദിച്ചു. കൊച്ചിനൊരു കുഴപ്പവുമില്ലല്ലോ. നിങ്ങൾക്കെന്താ പിള്ളേരെ കുഴപ്പം? ഈ ചോദ്യം ചോദിച്ചു നാവ് വായിലേക്കിട്ടില്ല. അമ്മയുടെ കയ്യിൽ നിന്ന് വഴുതി താഴെ നിലത്തു കിടന്ന് ഉരുളാനും കരയാനും തുടങ്ങി.
(തുടരും ….)
2 Comments
🙄🙄🙄🙄
Pingback: വിശ്വസിച്ചാലും ഇല്ലെങ്കിലും : എന്റെ അനുഭവം (ഭാഗം 1 ) - By Anju Mohanan - കൂട്ടക്ഷരങ്ങൾ